TopTop
Begin typing your search above and press return to search.

കടലെടുക്കാതെ തലശ്ശേരിയുടെ കപ്പിത്താന്‍മാര്‍

കടലെടുക്കാതെ തലശ്ശേരിയുടെ കപ്പിത്താന്‍മാര്‍

ജി.വി.രാകേശ്

'കപ്പല്‍ വ്യവസായം ഇന്നും തുടരുകയായിരുന്നുവെങ്കില്‍ കേയീ കുടുംബം ടാറ്റയെക്കാള്‍ മികച്ച വ്യവസായികളായിരുന്നേനെ'- പ്രശസ്ത ചരിത്ര പണ്ഡിതന്‍ ഡോ.കെ.കെ.എന്‍. കുറുപ്പ് തലശ്ശേരിയിലെ കേയി കുടുംബാംഗമായ അഡ്വ.സി.ഒ.ടി. ഉമ്മറിനോട് പറഞ്ഞതാണിത്. കേയി കുടുംബത്തിന്റെ ചരിത്രം എന്നത് ഒരുവിധത്തില്‍ തലശ്ശേരിയുടെ ചരിത്രം കൂടിയാണ്. ഏലം, കുരുമുളക്, മര ഉരുപ്പടികള്‍ എന്നിവ പത്തേമാരിയിലൂടെ വിദേശരാജ്യങ്ങളില്‍ എത്തിച്ച് തലശ്ശേരിയെ ലോകഭൂപടത്തില്‍ തുറമുഖമെന്ന സ്ഥാനം നേടിക്കൊടുത്ത തറവാട്ടുകാരാണ് കേയീ കുടുംബം. കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് കേയീ കുടുംബത്തിന് പഴയ പ്രൗഢിയൊന്നുമില്ലെങ്കിലും തറവാട്ട് മഹിമയും,മതസൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കുന്ന ഒരു പിന്‍തലമുറ ഇന്നും തലശ്ശേരിയിലുണ്ട്. നോമ്പ് തുറപോലുള്ള മഹനീയ ചടങ്ങുകളില്‍ അന്യമതസ്ഥരെ വീട്ടില്‍ ക്ഷണിച്ച് ഒപ്പമിരുത്തി നോമ്പ് തുറക്കുന്ന സമ്പ്രദായം ഇന്നും അനുവര്‍ത്തിച്ചുവരികയാണ് കേയീ കുടുംബം. 21-ആം നോമ്പ് ദിവസം അഡ്വ.സി.ഒ.ടി. ഉമ്മറിന്റെ അതിഥിയായിയെത്തിയത് കതിരൂര്‍ സൂര്യനാരായണ ക്ഷേത്രം സേവാസമിതി സെക്രട്ടറിയും, സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.വി.രജീഷായിരുന്നു.

തലശേരിയിലെ പാണ്ടികശാലകളും അല്‍സയും
കേയീ എന്നാല്‍ പാര്‍സി ഭാഷയില്‍ 'നാഥന്‍' എന്നാണര്‍ത്ഥം. ബഹുമാനാര്‍ത്ഥം വിളിച്ചുവന്ന പേര്‍ പിന്നീട് കുടുംബത്തിന്റെ പേരായി മാറുകയാണ് ചെയതത്. ബ്രിട്ടീഷുകാരുമായി മലഞ്ചരക്ക് കച്ചവടം ചെയ്യാനായി 1750-കളില്‍ കണ്ണൂരിലെ ചൊവ്വയില്‍ നിന്നും ആലീപ്പ് തലശ്ശേരിയില്‍ എത്തിയതോടെയാണ് കേയീ കുടുംബത്തിന്റെ തുടക്കം. അദ്ദേഹത്തിന്റെ തുടര്‍ച്ചക്കാരനായി മരുമകന്‍ മൂസകാക്ക എത്തി. ഡച്ചുകാര്‍, പോര്‍ച്ചുഗീസുകാര്‍, ഇംഗ്ലീഷുകാര്‍ എന്നിവര്‍ തമ്മില്‍ തല്ലുന്ന കാലം. മൂസ ഈസ്റ്റിന്ത്യാ കമ്പനിയുമായി കച്ചവടക്കരാര്‍ ഉറപ്പിച്ചു. അതോടെ കച്ചവടം അഭിവൃദ്ധിപ്പെടുകയും ചെയ്തു. തലശ്ശേരിയില്‍ പാണ്ടികശാലകളും സ്ഥാപിച്ചു. ഈസ്റ്റിന്ത്യാ കമ്പനിയുമായുള്ള ബന്ധവും, കച്ചവടത്തിലെ പുരോഗതിയും മനസ്സിലാക്കി നാട്ടുരാജാക്കന്മാര്‍ മൂസയുമായി നല്ല സൗഹൃദം പങ്കുവെച്ചു. അവരുമായും കച്ചവടത്തിലും ഏര്‍പ്പെട്ടു. തലശ്ശേരിക്ക് പുറമെ കോഴിക്കേട്, ആലപ്പുഴ, കണ്ണുര്‍,മംഗലാപുരം, കാര്‍വ്വ, ബോംബൈ എന്നിവിടങ്ങളില്‍ കച്ചവടം വ്യാപിപ്പിക്കുകയും, വസ്തുവകകള്‍ സമ്പാദിക്കുകയും ചെയ്തു.


അഡ്വ.സി.ഒ.ടി.ഉമ്മറും, കെ.വി.രജീഷും

അറബികളുടെ ഇഷ്ട ഭക്ഷണമായ അല്‍സ കേയീ തറവാട്ടുകാര്‍ വഴിയാണ് കേരളത്തിലെത്തിയത്. ഇത് തയ്യാറാക്കാന്‍ പ്രത്യേക പാചകക്കാരെയും കേയി കുടുംബാംഗങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നു. വെളുത്ത ഗോതമ്പും നെയ്യും ഉള്ളിയും ചേര്‍ത്താണ് അല്‍സ എന്ന ഗോതമ്പുകഞ്ഞി തയ്യാറാക്കുക.

1806 ല്‍ 60-ആം വയസില്‍ തലശ്ശേരിയില്‍ വെച്ച് മൂസ മരണമടഞ്ഞു. മൂസ 'ഓര്‍ക്കാട്ടേരി ഭവനം' എന്ന പേരില്‍ വീട് നിര്‍മ്മിച്ച് അവിടെയായിരുന്നു താമസിച്ചിരുന്നത്.1885ല്‍ ഓര്‍ക്കാട്ടേരി തറവാട് ഭാഗിച്ച് നാല് തറവാടുകളായി മാറി. (തലശ്ശേരി റെയില്‍വെ മേല്പാത്തിനു സമീപത്തെ 'ഓര്‍ക്കാട്ടേരി വീട് ' അടുത്തിടെയാണ് പൊളിച്ചു നീക്കിയത്.) ഓര്‍ക്കാട്ടേരി, ചെറിയ ഓര്‍ക്കാട്ടേരി, പറക്കാട്ട്, താഴത്ത് വീട്.

മൂസക്ക് നാല് സഹോദരികളാണുണ്ടായിരുന്നത്. കേളോത്ത്, വലിയപുര, പുതിയപുര എന്നിങ്ങനെയാണ് സഹോദരിമാരുടെ തറവാടുകള്‍.ഓര്‍ക്കാട്ടേരി ഒരു സഹോദരിക്കും നല്കി. വടക്കേ മലബാറിലെ മുസ്ലീങ്ങള്‍ മരുമക്കത്തായ സമ്പ്രദായമാണ് അനുവര്‍ത്തിച്ചുവന്നത്.

മൂസ തലശ്ശേരിയില്‍ വന്ന കാലത്ത് തലശ്ശേരിയിലെ അക്കാലത്തെ മുസ്ലീം പ്രമാണിമാര്‍ അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല എന്നു മാത്രമല്ല വിവാഹ ബന്ധം പോലും നിഷേധിച്ചിരുന്നു. മൂസക്കാക്ക അറക്കല്‍ രാജാക്കന്മാരുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. വലിയ പുരയിലെ കാരണവര്‍ മായന്‍കുട്ടി അറക്കലില്‍ നിന്നാണ് വിവാഹം ചെയ്തത്.അറക്കലില്‍ നിന്ന് വിവാഹം ചെയ്താല്‍ പിന്നീട് പേരിനോടൊപ്പം 'എളയ' എന്ന് ചേര്‍ത്താണ് വിളിക്കുക.

"തൊഴിലാളികള്‍ മുതല്‍ രാജാക്കന്മാര്‍ വരെ അടുത്ത ബന്ധം സ്ഥാപിച്ച മൂസക്കാക്ക കാണിച്ചുതന്ന വഴി തന്നെയാണ് ഇന്നും ഞങ്ങള്‍ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ മനുഷ്യ ബന്ധങ്ങളുടെ വില നമുക്കറിയാം. ഞങ്ങള്‍ കടുത്ത മതവിശ്വാസികളാണ്. അതിനാല്‍ അന്യമതസ്ഥരെ മറ്റൊരാളായി കാണാനാവില്ല. അവരെ സ്വന്തക്കാരായി മാത്രമേ നമുക്ക് കാണാനാവൂ. സ്‌നേഹിക്കാനും, ബഹുമാനിക്കാനുമാണ് പഴയ തലമുറ പഠിപ്പിച്ചുതന്നത്. ഞങ്ങള്‍ അത് പുതിയ തലമുറക്ക് കൈമാറ്റം ചെയ്യുന്നതിനാല്‍ കോയീ കുടുംബാംഗങ്ങള്‍ക്ക് എവിടെ എത്തിയാലും സ്വീകാര്യതയും, ബഹുമാനവും മാത്രമേ ലഭിക്കാറുള്ളൂ", അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ വേദി (IPSO) ജില്ലാ പ്രസിഡന്റും, ദേശീയ നിര്‍വ്വാഹക സമിതിയംഗവും കൂടിയായ 'ചൊവ്വക്കാരന്‍ ഓര്‍ക്കാട്ടേരി താഴത്ത് ഉമ്മര്‍' എന്ന അഡ്വ.സി.ഒ.ടി. ഉമ്മര്‍ പറയുന്നു.ഓര്‍ത്ത എന്ന ഡച്ച് പദവും ഓടത്തില്‍ പള്ളിയും
ഡച്ച് പദമായ 'ഓര്‍ത്ത'യുടെ (പിന്നീട് ഓടത്തില്‍ എന്നായി) അര്‍ത്ഥം പൂന്തോട്ടമെന്നാണ്. ഈ വാക്കില്‍ നിന്നാണ് ഓടത്തില്‍പള്ളി എന്ന പേരുണ്ടായത്. 1792ല്‍ പണികഴിപ്പിച്ച ഈ പള്ളി തലശ്ശേരിയിലെ മുസ്ലിം സാംസ്‌കാരിക തനിമയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള അടയാളമാണ്. പള്ളി നിലനില്‍ക്കുന്ന സ്ഥലവും പരിസരപ്രദേശവും ആദ്യകാലത്ത് കരിമ്പിന്‍പാടങ്ങളായിരുന്നു.

ടിപ്പുവുമായുള്ള യുദ്ധത്തില്‍ ബ്രട്ടീഷുകാരെ സഹായിച്ചതിന്റെ പ്രത്യുപകാരം എന്ന നിലയില്‍ അഞ്ച് ഏക്കര്‍ സ്ഥലം മൂസക്കാക്ക് സൗജന്യമായി ബ്രട്ടീഷുകാര്‍ കൊടുക്കാന്‍ തീരുമാനിച്ചു.പള്ളി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചതിനാല്‍ പണം കൊടുത്താണ് സ്ഥലം വാങ്ങിയത്. പൂര്‍ണ്ണമായും വാസ്തുവും, തച്ചുശാസ്ത്രവും സമന്വയിപ്പിച്ചുകൊണ്ട് കേരളീയ ശില്പഭംഗിയില്‍ മേലാശാരിമാര്‍ നിര്‍മ്മിച്ചതാണീ കെട്ടിടം. പളളിയുടെ നിര്‍മ്മാണത്തിനാവശ്യമായ തേക്കിന്‍ തടികള്‍ മുഴുവന്‍ തിരുവിതാംകൂര്‍ മഹാരാജാവാണ് നല്കിയത്. പളളിയുടെ മേല്‍ക്കൂര പാകിയത് ചെമ്പുതകിട് ഉപയോഗിച്ചാണ്. അമ്പലത്തിന്റെ മാതൃകയാണെങ്കിലും ഇന്ന് കാണുന്ന താഴികകുടങ്ങള്‍ പള്ളിക്കു മുകളില്‍ സ്ഥാപിക്കാന്‍ അന്നത്തെ ഭരണാധികാരികള്‍ അനുവാദം നല്കിയിരുന്നില്ല. മൂസയുടെ കാലശേഷം 1825ല്‍ മുഹമ്മദ് കേയിയുടെ കാലത്താണ് സ്വര്‍ണ്ണത്തില്‍ പൂശിയ താഴികക്കുടം സ്ഥാപിച്ചത്. ഉത്സവാന്തരീക്ഷത്തിലാണ് താഴികക്കുടം സ്ഥാപിച്ചത്.

മുംബൈയിലടക്കം 100ലധികം പള്ളികള്‍ കേയി കുടുംബം നിര്‍മ്മിച്ചിട്ടുണ്ട്.ഇപ്പോള്‍ പലതും മഹല്ല് കമ്മിറ്റിക്ക് കൈമാറി. ഓടത്തില്‍പള്ളി ഖബര്‍സ്ഥാനില്‍ കേയീ കുടുംബാംഗങ്ങളുടെ ഖബറടക്കല്‍ മാത്രമേ നടക്കൂ എന്ന പ്രത്യകതയുമുണ്ട്.നിലവില്‍ ഓടത്തില്‍പള്ളി സെക്രട്ടറി സി.ഒ.ടി. ഉമ്മറാണ്.

കേയീ കുടുംബത്തെയും കാത്ത് 5000 കോടി രൂപ
കേയീ കുടുംബത്തെ കാത്ത് സൗദി സര്‍ക്കാറിന്റെ ഖജനാവിലിരിക്കുന്നത് 5000 കോടി ഇന്ത്യന്‍ പണം! 200 വര്‍ഷങ്ങള്‍ക്കുമുമ്പ് കേയീ കുടുംബത്തിലെ മായീന്‍കുട്ടി എളയ മക്കത്തെ ഹറം പളളിക്കരികില്‍ മലബാറുകാര്‍ക്കായി തുടങ്ങിയ 'കേയി റുബാത്ത്' (സത്രം)ത്തിന്റെ വിലയാണിത്. 1950ല്‍ വലിയ പള്ളിക്ക് ചുറ്റുമുള്ള സ്ഥലത്തിന്റെ വികസനത്തിനായി സൗദി ഭരണകൂടം സമീപ പ്രദേശങ്ങളിലെ വസ്തുവകകള്‍ ഏറ്റെടുത്തു. 1971ല്‍ കേയീ കുടുംബത്തിന്റെ വസ്തുവിന്റെ വിലയായി 1.4 മില്യണ്‍ റിയാല്‍ നല്‍കാമെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ അന്ന് ആ തുക കൈപ്പറ്റാനായി കുടുംബാംഗങ്ങളാരും തന്നെ എത്തിയില്ല. തുടര്‍ന്ന് ഈ തുക സൗദി സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിച്ചു.

കേയീ കുടുംബത്തിലെ 65 ആളുകള്‍ക്കാണ് ഇതിനവകാശമുള്ളത്. കേയീ കുടുംബത്തില്‍ മരുമക്കത്തായവും, സൗദിയില്‍ മക്കത്തായവുമാണ്. സൗദി നിയമപ്രകാരം സ്വത്തിന്റെ അവകാശം മക്കള്‍ക്ക് മാത്രമേ നല്കൂ. മായീന്‍കുട്ടി എളയയുടെ മക്കളെക്കുറിച്ചോ, അതിന്റെ താവഴിയെക്കുറിച്ചോ അര്‍ക്കും അറിവില്ല ഇസ്ലാം നിയമപ്രകാരം ഫക്കത്ത് (ദാനം) നല്കിയത് തിരിച്ചെടുക്കാന്‍ പാടില്ലെന്നുമുണ്ട്.കേയീ കുടുംബത്തില്‍ ഒരു നോമ്പ് തുറ
നോമ്പ് തുറക്കാനുള്ള ബാങ്ക് കൊടുത്തതോടെ ഉമ്മര്‍ വക്കീല്‍ ഞങ്ങളെയും കൂട്ടി തീന്‍ മേശക്കരികിലേയ്ക്ക് കൊണ്ടുപോയി. പലഹാരത്തെക്കാള്‍ ഞങ്ങളെ ആകര്‍ഷിച്ചത് കലാചാരുതയോടെ അത് ഒരുക്കിവെച്ചതാണ്. പിസ്ത, മുന്തിരി, ലൈം, മാങ്ങ എന്നിവയുടെ ജ്യൂസ്,ചായ, കാരക്ക, മാങ്ങ, തണ്ണിമത്തന്‍, ചട്ടിപ്പത്തല്‍, കോഴിയട, റൊട്ടി നിറച്ചത്, മുട്ടപ്പോള, ഉന്നക്കായ, ലക്കോട്ടട, ഇറച്ചിപ്പത്തല്‍ എന്നിവയാണ് വിഭവങ്ങള്‍.

സ്ത്രീ പുരുഷ ഭേദമന്യേ വീട്ടിലെ മുഴുവന്‍ അംഗങ്ങളും അതിഥികളോടൊപ്പം മേശക്ക് ചുറ്റുമിരുന്നു. എല്ലാവരും ആദ്യം എടുത്തത് ജ്യൂസും, കാരക്കയും. പിന്നെ ഒരോന്നും ആസ്വദിച്ച് കഴിച്ചു. ഏതാണ് ഏറ്റവും നല്ലതെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധം രുചികരം. എല്ലാ പലഹാരങ്ങളും ഇവിടുന്നുതന്നെ ഞങ്ങള്‍ ഉണ്ടാക്കിയതാണെന്ന് കൂട്ടത്തില്‍ നിന്നും വക്കീലിന്റെ മകള്‍ റുഫൈദ ഹാരീസ് പറഞ്ഞു.

രാവിലെ മുതല്‍ നോമ്പ് നോറ്റ അവര്‍ കഴിക്കുന്നതിനു പകരം അതിഥികളെ കഴിപ്പിക്കുന്നതിനാണ് കൂടുതലും സമയം ചെലവഴിച്ചത്.

കേയീ വീട്ടില്‍ കണ്ട ചട്ടിപ്പത്തല്‍ എങ്ങനെ ഉണ്ടാക്കാം?

ആവശ്യമുള്ള സാധനങ്ങള്‍

1.മൈദ -3കപ്പ്
2.മുട്ട - 8എണ്ണം
3.ഉപ്പ് - ആവശ്യത്തിന്
4.ഇറച്ചി - കോഴി /ആട് - 1 കിലോ
5.സവാള - 6 എണ്ണം പൊടിയായി അരിഞ്ഞത്
6.ഇഞ്ചി , വെളുത്തുള്ളി ചതച്ചത് - ഒന്നര ടേബിള്‍ സ്പൂണ്‍ വീതം
7.പച്ചമുളക് - 4 എണ്ണം പൊടിയായി അരിഞ്ഞത്
8.കറിവേപ്പില - അരക്കപ്പ് നുറുക്കിയത്
9.മല്ലിയില - അരക്കപ്പ് നുറുക്കിയത്
10.ഗരം മസാല - അര ടീസ്പൂണ്‍
11.മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
12.വെളിച്ചെണ്ണ - 2 സ്പൂണ്‍
13.നെയ്യ് - ആവശ്യത്തിന്
14.ഉപ്പ് - ആവശ്യത്തിന്
15.കുരുമുളക് പൊടി - 1 ടീസ്പൂണ്‍പാചകം ചെയ്യുന്ന വിധം
ഇറച്ചി മഞ്ഞള്‍പ്പൊടിയും, ഉപ്പും ചേര്‍ത്ത് വേവിച്ച് മിക്‌സിയില്‍ ഒന്ന് കറക്കിയെടുക്കുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് വെളിച്ചെണ്ണയൊഴിച്ച് അഞ്ച് മുതല്‍ എട്ട് വരെയുള്ള ചേരുവകളും, അല്പം മഞ്ഞളും,15. ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് വേവിച്ച ഇറച്ചിയും, ഗരം മസാലപ്പൊടിയും, മല്ലിയിലയും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ഒരു പാത്രത്തില്‍ മാറ്റിവെയ്ക്കുക.

മൈദയും രണ്ട് മുട്ടയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. പാന്‍ ചൂടാക്കി ഒരു തവി മാവ് വീതം അതില്‍ ഒഴിച്ച് ദോശ രൂപത്തില്‍ പാന്‍ കേയ്ക്ക് ഉണ്ടാക്കുക. മീതെ കുറച്ച് നെയ്യ് പുരട്ടി അടിവശം വേവുമ്പോള്‍ മറച്ചിട്ട് വേവിക്കുക. ഇങ്ങനെ മാവ് തീരുന്നതുവരെ പാന്‍ കേയ്ക്കുകളുണ്ടാക്കുക.

ആറ് മുട്ടയും, ഒരു ടീസ്പൂണ്‍ കുരുമുളക് പൊടിയും, മല്ലിയിലയും ചേര്‍ത്ത് മിക്‌സിയില്‍ ഒന്നടിച്ച് ഒരു ബൗളില്‍ ഒഴിച്ചു വെയ്ക്കുക. പാന്‍കേയ്ക്കിന് പാകമായ ഒരു നോണ്‍സ്റ്റിക്ക് പാത്രം ചെറുതീയ്യില്‍ വെയ്ക്കുക. അതില്‍ രണ്ട് സ്പൂണ്‍ നെയ്യ് ഒഴിക്കുക. ഒരു പാന്‍കേയ്ക്ക് ബൗളില്‍ഒഴിച്ചു വെച്ചിട്ടുള്ള മുട്ട ലായനിയില്‍ മുക്കി നോണ്‍സ്റ്റിക്കില്‍ വെയ്ക്കുക. ഇതിന്റെ മുകളില്‍ കുറച്ച് ഇറച്ചി മസാല നിരത്തുക. രണ്ടാമത്തെ പാന്‍കേയ്ക്കും മുട്ട ലായനിയില്‍ മുക്കി ഇറച്ചി മസാലയ്ക്ക് മുകളില്‍ വെയ്ക്കുക. അതിനു മുകളില്‍ കുറച്ച് ഇറച്ചി മസാല നിരത്തുക. പാന്‍കേയ്ക്ക് തീരുന്നതുവരെ ഇതുപോലെ അട്ടിവെയ്ക്കുന്നത് തുടരുക. ഏറ്റവും മുകളിലായി ബാക്കിയുള്ള മുട്ടക്കൂട്ട് മുകളിലും, ചുറ്റുമായി ഒഴിച്ച് പാത്രം മൂടി വെച്ച് അര മണിക്കൂര്‍ നേരം വളരെ ചെറുതീയ്യില്‍ വേവിക്കുക. ചട്ടിപ്പത്തല്‍ റെഡി.


കേയീ കുടുംബത്തെക്കുറിച്ച് അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ലേഖനം


ലോകത്തിലെ ഏറ്റവും വില പിടിച്ച മണ്ണില്‍ നിന്ന്‍ കേരളത്തെ ഇറക്കി വിടുമോ?

Next Story

Related Stories