TopTop
Begin typing your search above and press return to search.

തസ്റാക്കിലൂടെ ഞങ്ങള്‍; രണ്ട് ജീവബിന്ദുക്കള്‍

തസ്റാക്കിലൂടെ ഞങ്ങള്‍; രണ്ട് ജീവബിന്ദുക്കള്‍

‘പണ്ടു പണ്ട്, ഓന്തുകള്‍ക്കും മുമ്പ്, ദിനോസറുകള്‍ക്കും മുമ്പ് ഒരു സായാഹ്നത്തില്‍ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി. അസ്തമയത്തിലാറാടിനിന്ന ഒരു താഴ്‌വരയിലെത്തി.

ഇതിന്‍റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോട് ചോദിച്ചു. പച്ചപിടിച്ച താഴ്‌വര, ഏട്ടത്തി പറഞ്ഞു. ഞാനിവിടെത്തന്നെ നില്‍ക്കട്ടെ.

എനിക്കു പോകണം. അനുജത്തി പറഞ്ഞു.

അവളുടെ മുന്നില്‍ കിടന്ന അനന്തപഥങ്ങളിലേക്ക് അനുജത്തി നോക്കി.

നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു.

മറക്കില്ല, അനുജത്തി പറഞ്ഞു.

മറക്കും, ഏട്ടത്തി പറഞ്ഞു. ഇത് കര്‍മപരമ്പരയുടെ സ്‌നേഹരഹിതമായ കഥയാണ്. ഇതില്‍ അകല്‍ച്ചയും ദുഃഖവും മാത്രമേയുള്ളൂ.

അനുജത്തി നടന്നകന്നു. അസ്തമയത്തിന്‍റെ താഴ്‌വരയില്‍ ഏട്ടത്തി തനിച്ചു നിന്നു. പായല്‍കുരുന്നില്‍ നിന്ന് വീണ്ടുമവള്‍ വളര്‍ന്നു. അവള്‍ വലുതായി. വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി. മൃതിയുടെ മുലപ്പാല്‍ കുടിച്ച് ചില്ലകള്‍ പടര്‍ന്നു തിടംവെച്ചു. കണ്ണില്‍ സുറുമയും കാലില്‍ തണ്ടയുമിട്ട ഒരു പെണ്‍കുട്ടി ചെതലിയുടെ താഴ്‌വരയില്‍ പൂവിറുക്കാനെത്തി. അവിടെ തനിച്ചു നിന്ന് ചെമ്പകത്തിന്റെ ചില്ലയൊടിച്ചു പൂ നുള്ളിയെടുത്തപ്പോള്‍ ചെമ്പകം പറഞ്ഞു: അനുജത്തീ, നീയെന്നെ മറന്നുവല്ലോ…’ (ഖസാക്കിന്റെ ഇതിഹാസം)

തസ്റാക്ക് മലയാളികളുടെ മക്കൊണ്ടയാണ്. ഖസാക്കിന്‍റെ ഇതിഹാസം വായിച്ചവരാരും ആ ദേശം മറക്കില്ല. ദേശവും ദേശ ചരിത്രവും നിരവധി മലയാള നോവലുകളില്‍ ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും നോവല്‍ പ്രതിനിധാനം ചെയ്യുന്ന ദേശം വായനക്കാരുടെ കൂടി ദേശമായി മാറിയ പ്രദേശങ്ങള്‍ മലയാള നോവലില്‍ അപൂര്‍വ്വമാണ്. എംടിയുടെ കൂടല്ലൂരും മുകുന്ദന്‍റെ മയ്യഴിയും ഒവി വിജയന്‍റെ തസ്റാക്കുമാണ് നോവല്‍ വായനക്ക് ശേഷം മലയാളികള്‍ ഏറ്റവും കൂടുതല്‍ തേടിപ്പോയ ദേശങ്ങള്‍.

ഏകദേശം ഇരുപത്തിമൂന്നു വര്‍ഷം മുമ്പാണ് ഖസാക്കിന്‍റെ ഇതിഹാസം വായിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍. അന്ന് നോവലിനെ കുറിച്ചും വായനയെ കുറിച്ചുമൊന്നും വല്യ ധാരണയൊന്നും ഉണ്ടായിരുന്നില്ല. നോവലിലെ കഥയൊന്നും കൃത്യമായി മനസ്സിലായില്ലെങ്കിലും രണ്ടു തവണ വായിച്ചപ്പോള്‍ ഖസാക്കിലെ രവിയും മൈമൂനയും അള്ളാപ്പിച്ചമൊല്ലാക്കയും അപ്പുക്കിളിയുമൊക്കെ മനസ്സില്‍ എങ്ങനെയോ കയറിപ്പറ്റി.

ഡിഗ്രിക്കാലത്താണ് വീണ്ടും ഖസാക്ക് വായിക്കുന്നത്. വായനയെ ഗൌരവമായി കണ്ടു തുടങ്ങിയ ഒരു കാലമായിരുന്നു അത്. ഖസാക്കിന്‍റെ ഇതിഹാസത്തിലെ ദേശമായിരുന്നു അന്നേരം എന്‍റെയുള്ളില്‍ വല്ലാതെ കയറിക്കൂടിയത്. പാലക്കാട് ജില്ലയില്‍ തസ്റാക്ക് എന്ന ദേശം ഉണ്ടെന്ന് മനസ്സിലാക്കുന്നതും അന്നേരമാണ്. പിന്നീട് എത്രയോ രാത്രികളില്‍ ഖസാക്കിലെ കാറ്റിലുലയുന്ന കരിമ്പനകളും വാവര് പള്ളിയും അറബിക്കുളവും മീസാന്‍ കല്ലുകളും ഞാന്‍ സ്വപനം കണ്ടു. രണ്ട് ജീവ ബിന്ദുക്കള്‍ നടക്കാനിറങ്ങിയ ചെതലിമലയുടെ താഴ്വരയിലെ കരിമ്പനകള്‍ നിറഞ്ഞ തസ്റാക്ക് എന്ന ഗ്രാമത്തില്‍ എന്നെങ്കിലും എത്തിച്ചേരണം എന്നു ഞാന്‍ ആഗ്രഹിച്ചു. ഓരോ തവണ ഖസാക്ക് വായിക്കുമ്പോഴും അതെനിക്ക് പുതിയ അനുഭവമായി. തസ്റാക്ക് എന്‍റെ ദിവാസ്വപനങ്ങളില്‍ ഒന്നായി മാറി.

Also Read: തസ്റാക്കിലെ ആദ്യത്തെ മാഷ് ആ ‘ഷ്കോളി’നെ കുറിച്ച് പറയുന്നു

എംഎ പഠനകാലത്ത് ഡി വിനയചന്ദ്രന്‍ സാറുമൊത്ത് കോട്ടയത്തു വെച്ച് ഒവി വിജയന്‍ എന്ന എഴുത്തുകാരനെ നേരില്‍ കണ്ടപ്പോള്‍ ഖസാക്കിനോടുള്ള എന്‍റെ പ്രണയം വീണ്ടും കൂടിക്കൊണ്ടേയിരുന്നു. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ആഴ്ചകള്‍ക്ക് മുന്‍പ് തസ്റാക് എന്ന സ്വപ്നത്തിലേക്ക് നടന്നടുത്തത്.

വേനല്‍ക്കാലം തുടങ്ങിയതേയുള്ളൂവെങ്കിലും ട്രയിന്‍ പാലക്കാട് അടുക്കുമ്പോള്‍ തന്നെ അന്തരീക്ഷത്തിലെ ചൂട് കൂടുന്നത് അറിയാന്‍ കഴിയുന്നുണ്ടായിരുന്നു. കൊടിയ ചൂടിനെ അതിജീവിക്കാന്‍ കഴിയുന്ന കരിമ്പനകള്‍ പോലും കരിഞ്ഞു നില്‍ക്കുന്ന കാഴ്ച ദുസ്സഹമായിരുന്നു. പാലക്കാട് നിന്നും ഏകദേശം എട്ടൊമ്പത് കിലോമീറ്റര്‍ ദൂരമുണ്ട് തണ്ണീര്‍ പന്തലിലേക്ക്. പാലക്കാട് ടൌണില്‍ നിന്നും പെരുവെമ്പ് റൂട്ടില്‍ പോകുന്ന ബസ്സില്‍ കയറിയാല്‍ തണ്ണീര്‍ പന്തല്‍ സ്റ്റോപ്പില്‍ ഇറങ്ങാം. അവിടെ നിന്നും മൂന്നാല് കിലോമീറ്റര്‍ പോയാലെ തസ്റാക്കിലേക്ക് എത്താന്‍ കഴിയൂ.

പാലക്കാട് നിന്നു ഓട്ടോയിലാണ് ഞാനും രാഖി സാവിത്രിയും തസ്റാക്കിലേക്ക് പോയത്. തണ്ണീര്‍ പന്തലില്‍ നിന്നു തസ്റാക്കിലേക്ക് തിരിയുന്നിടത്ത് ഒരു ബോര്‍ഡോ അടയാളമോ ഇല്ലായിരുന്നു. തസ്റാക്കിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ ബോര്‍ഡ് നോക്കിയായിരുന്നു മുന്നോട്ടുള്ള യാത്ര. അകവും പുറവും പൊള്ളിക്കുന്ന വെയില്‍. വെന്തു നില്‍ക്കുന്ന മരങ്ങള്‍. വളഞ്ഞു പുളഞ്ഞു കിടക്കുന്ന വിജനമായ നാട്ടുപാത. പലരോടും വഴിചോദിച്ച് ചോദിച്ച് ഞങ്ങള്‍ മുന്നോട്ട് പോയി. തസ്റാക്കിലെ പഴയ തലമുറയിലെ ആളുകളില്‍ പലരും എഴുത്തും വായനയും അറിയാത്തവരാണ്. തങ്ങളുടെ നാടിനെയും നാട്ടുകാരെയും കുറിച്ച് എഴുതപ്പെട്ട നോവലിനെ കുറിച്ചൊന്നും അവര്‍ക്ക് കൃത്യമായ ധാരണയൊന്നും ഇല്ല. അതുകൊണ്ട് തന്നെ തസ്റാക്കിനെ കുറിച്ചും ഒവി വിജയനെ കുറിച്ചും ഒക്കെ ചോദിക്കുമ്പോള്‍ അവരുടെ മുഖത്ത് നിസ്സംഗതയായിരുന്നു.

Also Read: ഖസാക്ക് വായിക്കാത്ത ഒവി വിജയന്‍ ആരാധകന്‍; തസ്രാക്കിന്റെ സ്വന്തം ഗൈഡ് മജീദിന്റെ കഥ

പുതുതായി പണിത ഒരു കവാടത്തിന് മുന്നിലാണ് ഒടുവില്‍ ഞങ്ങള്‍ ചെന്നിറങ്ങിയത്. തിരിച്ചു പോകാന്‍ വാഹനങ്ങള്‍ കിട്ടാന്‍ സാധ്യത ഇല്ലാത്തത് കൊണ്ടും പൊള്ളുന്ന വെയിലില്‍ ഒന്നുരണ്ട് കിലോമീറ്റര്‍ നടക്കാനുള്ള ബുദ്ധിമുട്ട് ഓര്‍ത്തും ഞങ്ങള്‍ ഓട്ടോ പറഞ്ഞു വിട്ടില്ല.

കവാട മതിലില്‍ ഒവി വിജയന്‍ സ്മാരകം എന്നെഴുതി വെച്ച ബോര്‍ഡ് ഉണ്ടായിരുന്നു. റോഡിനപ്പുറത്ത് ഒന്നുരണ്ട് വീടുകള്‍ കണ്ടു. കുറച്ചുദൂരെ ഒരു പള്ളിയും. എന്റെ കണ്ണുകള്‍ പരതിയത് ഖസാക്കിലെ കരിമ്പനകളാണ്. കാഴ്ചയുടെ പരിധിയിലൊന്നും ഒരു കരിമ്പന പോലും ഉണ്ടായിരുന്നില്ല. കരിമ്പനകളില്ലാത്ത തസ്റാക്ക് ആലോചിക്കാനെ പറ്റുമായിരുന്നില്ല. വര്‍ഷങ്ങളായി ഞാന്‍ മനസ്സുകൊണ്ട് പല തവണ യാത്ര ചെയ്ത തസ്റാക്കിലാണോ ഞാന്‍ നില്‍ക്കുന്നതെന്ന് ഒരു നിമിഷം അത്ഭുതപ്പെട്ടു.

വെയില്‍ വീണ് നരച്ച കിടക്കുന്ന നാട്ടു പാതയില്‍ അങ്ങിങ്ങായി കാണുന്ന കുറെ വീടുകളും പള്ളിയും ഞാറ്റു പുരയും. ഞാറ്റുപുരയ്ക്ക് പുതുതായി പണിത കോണ്‍ഗ്രീറ്റ് കവാടം ഞാറ്റുപുരയുടെ സൌന്ദര്യം നഷ്ടപ്പെടുത്തുന്നതായിരുന്നു. ഞാറ്റുപുരയ്ക്ക് ഒരു തരത്തിലും ചേരാത്ത ഒന്ന്. ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല എന്ന തോന്നലാണ് ആദ്യത്തെ കാഴ്ചയില്‍ തന്നെ അത് നമ്മുടെ മനസ്സില്‍ ഉണ്ടാക്കുക.

ഞാറ്റു പുരയുടെ മുറ്റത്തു കരിങ്കല്ലില്‍ പണിത കുറെ ശില്‍പ്പങ്ങള്‍. അപ്പുക്കിളിയും അള്ളാപ്പിച്ചയും ഓന്തുമൊക്കെ കല്ലില്‍ പുനര്‍ജ്ജനിച്ചിക്കുന്നു. ഒവി വിജയന്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലാണ് ശില്‍പ്പങ്ങള്‍ ഒരുക്കുന്നത്. പ്രശസ്ത ശില്‍പ്പി വികെ രാജന്‍റെ നേതൃത്വത്തില്‍ ജോണ്‍സ് മാത്യു, ഹോചിമിന്‍, ജോസഫ് എം വര്‍ഗ്ഗീസ് എന്നിവരാണ് നോവലിലെ നൂറ്റിയെട്ട് കഥാപാത്രങ്ങളെ ശിപ്പങ്ങളായി പുനര്‍ജ്ജനിപ്പിക്കുന്നത്. രാമായണത്തിനും മഹാഭാരതത്തിനും ശേഷം ഒരു കലാസൃഷ്ടിയിലെ കഥാപാത്രങ്ങളെ ശില്‍പ്പങ്ങളാക്കുന്നത് ഖസാക്കിന്‍റെ ഇതിഹാസത്തിലേതാണ്.

ഞങ്ങള്‍ കവാടം കടന്ന് ഞാറ്റു പുരയുടെ അടുത്തെത്തുമ്പോഴേക്കും മെലിഞ്ഞ ഒരു വൃദ്ധന്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടിരുന്നു. മജീദ് എന്നായിരുന്നു അയാളുടെ പേര്. തസ്റാക്കിലെ ഏകാധ്യാപക വിദ്യാലയം തുടങ്ങുന്ന സമയത്തു നാലുവയസ്സുകാരനായിരുന്നു താനെന്ന് പിന്നീട് മജീദ് ഞങ്ങളോടു പറഞ്ഞു. അവിടെ നിന്നു നോക്കിയാല്‍ കാണുന്ന അകലത്തിലാണ് പുള്ളിയുടെ വീട്. ഖസാക്കിന്‍റെ ഇതിഹാസം ഇറങ്ങിയപ്പോള്‍ ഒ വി വിജയനെ പരിചയപ്പെട്ടതും മറ്റും പുള്ളി നിര്‍ത്താതെ പറഞ്ഞു കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ പഠിച്ചു വെച്ചു പറയുന്ന ഒരു ഗൈഡിന്‍റെ വിവരണം പോലെ തോന്നിച്ചു മജീദിന്‍റെ സംസാരം.

Also Read: ജീവിതം കൊണ്ട് വെന്ത് മൈമുന അല്ല തസ്റാക്കിലെ ഫാത്തിമ

കയ്യിലുള്ള താക്കോല്‍ കൊണ്ട് മജീദ് ഞാറ്റു പുരയുടെ വാതില്‍ തുറന്നു. ഞാറ്റു പുരയിലേക്ക് കയറുമ്പോള്‍ ഖസാക്കിലെ കഥാപാത്രങ്ങളുടെ അദൃശ്യ സാന്നിധ്യം അവിടെയുണ്ടാകുമോ എന്നാണ് ഞാന്‍ ആലോചിച്ചത്. ചാന്തുമ്മയും കുഞ്ഞ് നൂറുവും അപ്പുക്കിളിയും മൈമൂനയും രവിയും ശിവരാമന്‍ നായരും കുപ്പുവച്ചനും അള്ളാപ്പിച്ചയും ഓര്‍മ്മകളുടെ തുരുത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. ആ ഞാറ്റു പുരയുടെ തിണ്ണയില്‍ ഇരുന്നാണ് ഒ വി വിജയന്‍ ഖസാക്കിലെ ഇതിഹാസത്തിലെ കഥാപാത്രങ്ങളെ വരച്ചു കൊണ്ടുപോയതെന്ന് മജീദ് പറഞ്ഞു.

ഞാറ്റു പുരയുടെ തൊട്ടടുത്തായിരുന്നു അള്ളാപ്പിച്ച മൊല്ലാക്കയുടെ പള്ളി. പള്ളിയില്‍ അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. പള്ളിയിലേക്ക് നോക്കുമ്പോള്‍ അള്ളാപ്പിച്ചയുടെ ബാങ്ക് വിളി അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ടോ എന്ന് അറിയാതെ ശ്രദ്ധിച്ചു പോകും.

അള്ളാപ്പിച്ച മൊല്ലാക്കയുടെ മകളും നോവലിലെ മറ്റൊരു കഥാപാത്രവുമായ മൈമുന ജീവിച്ചിരിപ്പുണ്ടെന്നും ഞങ്ങള്‍ വന്ന വഴിയില്‍ തന്നെയാണ് മൈമുനയുടെ വീടെന്നും പറഞ്ഞു തന്നത് മജീദാണ്. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ മൈമൂന വീട്ടിലുണ്ടായിരുന്നില്ല. മകളുടെ വീട്ടിലായിരുന്നു. മൈമുനയുടെ വീടിന് കുറച്ചപ്പുറത്ത് നോവലില്‍ പരാമര്‍ശിക്കുന്ന ആല്‍മരം കണ്ടു. എന്തു വന്നാലും മൈമുനയെ കണ്ടിട്ടേ പോകുന്നുള്ളൂ എന്ന് തീരുമാനിച്ച് ഞങ്ങള്‍ തസ്റാക്ക് വിട്ടു.

തസ്റാക്കില്‍ എത്തുന്നതുവരെ തസ്റാക്ക് എനിക്കു കരിമ്പനകളുടെ നാടായിരുന്നു. ഒരു വശത്ത് ചെതലി മലയും മറുവശത്ത് കരിമ്പനകളും നിറഞ്ഞ, ദിനോസറുകളുടെ വലിപ്പമുള്ള ഓന്തുകളും അപ്പുക്കിളി പിറകെ നടക്കുന്ന, പാറിപ്പറക്കുന്ന തുമ്പികളും ചവറ്റിലക്കിളികളും മണിപ്രാവുകളും വണ്ണാത്തിപ്പുള്ളുകളുമുള്ള സ്ഫടിക വെയില്‍ വീണു കിടക്കുന്ന ഒരു പച്ചത്തുരുത്ത്. മൈമുന കുളിച്ചിരുന്ന അറബിക്കുളവും മൈമുനയും നൈസാമലിയും സന്ധിച്ചിരുന്ന രാജാവിന്‍റെ പള്ളിയും ശൈഖ് തങ്ങളുടെ കബറും ഒക്കെയായിരുന്നു. എന്നാല്‍ ഇന്ന് തസ്റാക്കില്‍ കരിമ്പനകളില്ല. മൈലാഞ്ചി പൊന്തകളില്ല. കിളികളില്ല. വെയില്‍ വീണ് നരച്ചു കിടക്കുന്ന നാട്ടു പാതയില്‍ അങ്ങിങ്ങായി കാണുന്ന കുറെ വീടുകളും പള്ളിയും. പഴമയുടെ ഗന്ധം ചോര്‍ന്ന് പോകാതെ ഞാറ്റുപുരമാത്രം ബാക്കിയുണ്ടെന്നത് മാത്രമായിരുന്നു ഒരാശ്വാസം.

ചിത്രങ്ങള്‍: രാഖി സാവിത്രി


Next Story

Related Stories