TopTop
Begin typing your search above and press return to search.

കിച്ചങ്കനിയിലേക്ക് വീണ്ടും; അടുത്ത ഘട്ടം തുടങ്ങുകയാണ്

കിച്ചങ്കനിയിലേക്ക് വീണ്ടും; അടുത്ത ഘട്ടം തുടങ്ങുകയാണ്

നമ്മുടെ ലൈബ്രറി എവിടെ വരെയായി? പുസ്തകങ്ങൾ അങ്ങെത്തിയോ? കെട്ടിടം പണി തുടങ്ങിയോ? എന്താവശ്യം ഉണ്ടെങ്കിലും സ്റ്റാറ്റസ് ഇടണം; ഫേസ്ബുക്കിലെ ഇൻബോക്സിൽ നിറയുന്ന മെസ്സേജുകളാണ്. കിച്ചങ്കനി ലൈബ്രറിക്ക് വേണ്ടി ശേഖരിച്ച പുസ്തകങ്ങൾ, കൊച്ചിയിൽ നിരക്ഷരന്റെ വീട്ടിൽ ടാൻസാനിയയിലേക്കുള്ള വിളിയും കാത്തിരിക്കുകയാണ്. ടാൻസാനിയയിൽ എത്തിക്കാനുള്ള സാങ്കേതിക തടസ്സങ്ങൾ നീങ്ങുന്ന വരെ പുസ്തകങ്ങളുടെ ഈ കാത്തിരിപ്പ് തുടരും.
കിച്ചങ്കനിയിലെ ലൈബ്രറി ഈ ഗ്രാമത്തിന്റെ മാത്രമല്ല കിച്ചങ്കനിയോടൊപ്പം കൂടിയ എല്ലാവരുടെയും കൂടി സ്വപ്നമാണ്, ദുബായിലെ മലയാളിയായ സിദ്ദിക്ക് മുഹമ്മദ് അലിയുടെ മകൾ പാടിയ സ്വാഹിലി ഗാനം കിച്ചങ്കനി എന്ന നാടും സ്വാഹിലി എന്ന ഭാഷയും അപരിചിതത്വത്തിന്റ അതിർവരമ്പുകൾ ഇല്ലാതാക്കി; നമ്മുടെ ചിന്തകളുടെ ഭാഗമാകാൻ കിച്ചങ്കനി ലൈബ്രറിക്ക് കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഈ സ്വാഹിലി പാട്ടും കിച്ചങ്കനി ലൈബ്രറിക്ക് വേണ്ടിയെത്തിയ സ്വാഹിലി പുസ്തകങ്ങളും.


കിച്ചങ്കനി ലൈബ്രറിയുടെ ജനനവും വളർച്ചയും ഫേസ് ബൂക്കിലൂടെയായിരുന്നു. സ്റ്റാറ്റസുകളിൽ നിന്നും ലൈക്കുകളിലേക്ക്. ലൈക്കുകളിൽ നിന്നും ഷെയറുകളിലേക്ക്, ഷെയറുകളിൽ നിന്നും ഫേസ്ബുക്ക്‌ കൂട്ടായ്മകളിലേക്ക്, ഫേസ്ബുക്ക്‌ കൂട്ടായ്മകളിലൂടെ പുസ്തകശേഖരണത്തിലേക്ക്.


കിച്ചങ്കനി വാർത്തകളിലും ചിത്രങ്ങളിലും നിറയുമ്പോൾ ചില ചോദ്യങ്ങളും ഉയരുന്നുണ്ട്; അതുകൊണ്ടു തന്നെ കിച്ചങ്കനി ഇപ്പോൾ എവിടെ എത്തി നില്ക്കുന്നു എന്ന ചിത്രം ആവശ്യമാണ്.ലൈബ്രറിക്കായി നിശ്ചയിച്ചിരിക്കുന്ന കെട്ടിടം


എന്തുകൊണ്ട് കിച്ചങ്കനി

ആഫ്രിക്കയെ കുറിച്ച് കേട്ട് പഴകിയ കഥകളിൽ നിന്നും വാർത്തകളിൽ നിന്നും യാഥാർത്ഥ്യം വളരെ അകലെയാണെന്ന് ടാൻസാനിയയിലെ ജീവിതം എന്നെ പഠിപ്പിച്ചു. മുൻവിധികളിൽ തളയ്ക്കപെട്ട, വാര്‍പ്പ്മാതൃകകളിൽ വിളക്കിച്ചേര്‍ത്ത ആഫ്രിക്കയുടെ മുഖവും ഞാൻ അറിഞ്ഞ, അനുഭവിച്ച, ബോധ്യപെട്ട ആഫ്രിക്കൻ രാജ്യമായ ടാൻസാനിയ എന്ന നാടും അവിടുത്തെ മണ്ണും മനുഷ്യരും വ്യത്യസ്തമായിരുന്നു.


പ്രകൃതിവിഭങ്ങൾ കൊണ്ട് അനുഗ്രഹിക്കപെട്ട ഫലഫൂയിഷ്ടമായ മണ്ണുള്ള, അധ്വാനിക്കുന്ന മനുഷ്യരുള്ള, സംഗീതവും നൃത്തവും സന്തോഷവും നിറഞ്ഞ മണ്ണും മനുഷ്യരും ഉള്ള നാട്. സ്വയംപര്യാപ്തമായ ഗ്രാമങ്ങളിൽ നിന്നും ദാരിദ്ര്യത്തിലേക്കുള്ള ചരിത്രം ചൂഷണത്തിന്റെ ചരിത്രമാണ്‌.


മത്സ്യതൊഴിലാളികളും കർഷകരും നിറഞ്ഞ കിച്ചങ്കനി ഗ്രാമത്തിൽ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയങ്ങളായും വില്ലകളായും ഉയർന്നുവരുന്ന വികസനം ഗ്രാമവാസികളുടെ കുടിവെള്ളം, വിദ്യാഭ്യാസം, ആശുപത്രികൾ തുടങ്ങിയ അടിസ്ഥാന പ്രശനങ്ങൾ ചര്‍ച്ച ചെയ്യുകയോ പരിഹരിക്കുകയോ ചെയ്യുന്നില്ല.


സാമ്പത്തികമായി വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന ടാൻസാനിയയിൽ തൊഴിലവസരങ്ങളും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ അവസരങ്ങൾ ഉപയോഗപ്പെടുത്താനുള്ള മനുഷ്യവിഭവശേഷി ഉയർത്തിക്കൊണ്ടുവരാൻ കഴിയാത്തത് മൂലം വിദേശികളാണ് ഭൂരിപക്ഷം മേഖലയും കൈകാര്യം ചെയ്യുന്നത്.


കിച്ചങ്കനി ഗ്രാമവാസികൾ പങ്കിട്ട് നിർമിച്ച ഗ്രാമസഭാ കാര്യാലയത്തിന്റെ പാതി പണിഞ്ഞ രണ്ടുമുറികളിലായി പടുത്തുയർത്താൻ ശ്രമിക്കുന്ന ലൈബ്രറി ജനങ്ങളുടെ അവസരങ്ങളിലേക്കും അവകാശങ്ങളിലേക്കുമുള്ള ആദ്യത്തെ ചുവടുവെയ്പ്പാണ്.


കിച്ചങ്കനി ലൈബ്രറി വെറുമൊരു ലൈബ്രറി മാത്രമായിരിക്കില്ല. പുതിയ തൊഴിലിടങ്ങൾ കണ്ടെത്താനും ചൂഷണത്തെ നേരിടാനും ചൂഷകരുടെ ഭാഷ മനസിലാക്കേണ്ടത് ആവശ്യമാണ്‌. അതിജീവനത്തിന്റെ ഭാഗമായി, സാമൂഹ്യ വളര്‍ച്ചയ്ക്കുള്ള ഉപകരണമായി ഇംഗ്ലീഷ് ഭാഷാ പരിശീലനം കിച്ചങ്കനി ലൈബ്രറിയിൽ ഉണ്ടാകും. ലോകം വിരൽത്തുമ്പിൽ തിരിയുന്ന ഈ കാലത്ത് കമ്പ്യൂട്ടർ സാക്ഷരത സ്വയം ശാക്തീകരണത്തിന്റെ ഭാഗമാണ്. കമ്പ്യൂട്ടർ പരിശീലനവും കിച്ചങ്കനി ലൈബ്രറിയുടെ ഭാഗമായിരിക്കും.


കിച്ചങ്കനി ഗ്രാമവാസികൾ തിരഞ്ഞെടുത്ത ലൈബ്രറി കമ്മറ്റിയാകും ലൈബ്രറിയുടെ നടത്തിപ്പുകാർ. പൂര്‍ണമായും ഗ്രാമവാസികളുടെ നേതൃത്വത്തിലുള്ള ഗ്രാമീണ പഠനകേന്ദ്രം.ലൈബ്രറി കമ്മിറ്റി അംഗങ്ങള്‍


ഫേസ് ബുക്കിലൂടെയുള്ള യാത്രാവഴികള്‍

ടാൻസാനിയയിലെ കാഴ്ചകളേയും കാഴ്ചപ്പാടുകളേയും ഇടപെടലുകളേയും കുറിച്ചുള്ള സ്റ്റാറ്റസുകൾ ലൈബ്രറി എന്നാശയത്തിലെക്കെതിയപ്പോൾ ഒപ്പം നിന്നത് ഫേസ് ബുക്ക്‌ സുഹൃത്തുക്കളായിരുന്നു. ഓരോ ചുവടിലും ഒപ്പം നിന്നവർ. ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നവർ.


ലൈബ്രറിയുടെ കെട്ടിടം പണി പൂർത്തിയാക്കാനും കുഴൽക്കിണർ നിർമ്മിക്കുവാനുമായിരുന്നു ആദ്യത്തെ ശ്രമം. എന്നാൽ സാമ്പത്തിക ഇടപാടുകൾക്ക് ടാൻസാനിയയിലെ നിയമപരമായ നടപടികൾ പൂർത്തിയാക്കാൻ സമയമെടുക്കുന്നതിനാല്‍ ആദ്യ ചുവട് എന്ന നിലയില്‍ കിച്ചങ്കനിക്ക് വേണ്ടി പുസ്തകങ്ങൾ ശേഖരിക്കാന്‍ ശ്രമം തുടങ്ങി.


ദാറിൽ നിന്നും പുസ്തകങ്ങൾ സംഘടിപ്പിക്കുക ശ്രമകരമായിരുന്നു. എങ്കിലും പുസ്തകങ്ങൾ അഭ്യർഥിച്ചുള്ള സ്റ്റാറ്റസിന് ആദ്യ മറുപടി നല്കിയത് കിഗംബോണി കമ്മ്യൂണിറ്റി സെന്ററും അവർ നല്കിയ കുട്ടികളുടെ അവകാശങ്ങളെ കുറിച്ചുള്ള സ്വാഹിലി പുസ്തകങ്ങളുമാണ്. പുസ്തകശേഖരണത്തിന്റെയും ശേഖരിച്ച പുസ്തകങ്ങൾ ടാൻസാനിയയിൽ എത്തിക്കുന്നതിന്റെയും ഉത്തരവാദിത്തം മനോജ്‌ നിരക്ഷരൻ ഏറ്റെടുത്തു; കേരളത്തിന്റെ എല്ലാ ഭാഗത്ത്‌ നിന്നും ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിൽ നിന്നും പുസ്തകങ്ങൾ നല്കാൻ തയ്യാറായും ശേഖരിക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തും വ്യക്തികൾ മുന്നോട്ട് വന്നു. പുസ്തകങ്ങൾ മനോജ്‌ നിരക്ഷരന്റെയും ചിത്തിര കുസുമത്തിന്റെയും അരികിലേക്ക് എത്തിത്തുടങ്ങി.


ഗൾഫ്‌ രാജ്യങ്ങളിലെ പ്രവാസി മലയാളികൾ പുസ്തക ശേഖരണത്തെ നെഞ്ചോട്‌ ചേർത്തു. ദുബായിൽ ഇരാസ്മസ് അലോഷ്യസ് പുസ്തക ശേഖരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അമേരിക്കക്കാര്‍ സ്കൂളിൽ നിന്നും മറ്റു വ്യക്തികളിൽ നിന്നും പ്രവാസി സംഘടനകളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ചു. മലയാളനാടും മലർവാടിയും വാരിക്കുഴി.കോം തുടങ്ങിയ ഫേസ്ബുക്ക്‌ കൂട്ടായ്മകൾ കിച്ചങ്കനി ലൈബ്രറിക്കൊപ്പം നിന്നു.
പുസ്തകങ്ങള്‍ക്കൊപ്പം

യാതൊരു വിധ പ്രതിഫലമോ പ്രശസ്തിയോ ആഗ്രഹിക്കാതെ നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കാൻ മനുഷ്യർ ഇന്നും പ്രവർത്തിക്കും എന്നതിന് തെളിവാണ് കിച്ചങ്കനിക്ക് വേണ്ടി ലഭിച്ച ഓരോ പുസ്തകവും.


ഭിന്നശേഷിയുള്ള തന്റെ കുട്ടിയുടെ പരിശീലനത്തിന് വേണ്ടി വാങ്ങിവെച്ച പുസ്തകങ്ങൾ, അകാലത്തിൽ വിടപറഞ്ഞ മകളുടെ ഓർമ്മകൾ ഉറങ്ങുന്ന കഥ പുസ്തകങ്ങൾ, കളർ പെൻസിലുകൾ അങ്ങനെ ജീവിതത്തിൽ നിന്നും പലരും പറിച്ചു നല്കിയവയാണ് എല്ലാം.


ഹൈദ്രാബാദിൽ നിന്നും മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും എല്ലാം പുസ്തകങ്ങൾ കൊച്ചിയിലെത്തിക്കാന്‍ വിമാനച്ചിലവുല്പ്പെടെ മനുഷ്യര്‍ എടുക്കുമ്പോൾ, ഓണ്‍ലൈനില്‍ അയയ്ക്കുന്ന പുസ്തകങ്ങളിൽ അടയാളങ്ങൾ പോലും ഉണ്ടാകില്ല എന്നറിഞ്ഞിട്ടും ഒപ്പം കൂടിയവർ...


പാലക്കാട്ടെ കാവശ്ശേരി എന്ന ഗ്രാമത്തിൽ നിന്നും കിച്ചങ്കനിക്കൊപ്പം ഇറങ്ങിത്തിരിച്ച അഭിജിത് എന്ന അഭി; വീടുകൾ കയറിയിറങ്ങി പല സ്കൂളുകളിലെ അസംബ്ലികളിൽ സംസാരിച്ച്‌ അഭി കിച്ചങ്കനിക്ക് വേണ്ടി ആയിരത്തിലധികം പുസ്തകങ്ങൾ ശേഖരിച്ചു. അഭിയെപ്പോലെ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും, ഇന്ത്യയിലെ എല്ലാ നഗരങ്ങളിൽ നിന്നും പുസ്തകങ്ങൾ ശേഖരിക്കാൻ നേതൃത്വം നൽകിയവർ, പണവും സമയവും ചിലവഴിച്ച് പുസ്തകങ്ങൾ ശേഖരിച്ച് കൊച്ചിയിൽ എത്തിച്ചവർ, കിച്ചങ്കനി ലൈബ്രറിയുടെ അടിസ്ഥാന ശിലകളാണവർ.


മനോജ്‌ നിരക്ഷരന്റെയും ചിത്തിര കുസുമത്തിന്റെയും പക്കലയിരുന്നു ശേഖരിച്ച പുസ്തകങ്ങൾ സൂക്ഷിച്ചിരുന്നത്. പുസ്തകങ്ങൾ എല്ല്ലാം ഒരിടത്ത് കൂട്ടി തരം തിരിച്ച്, കാറ്റലോഗ് ഉണ്ടാക്കി പെട്ടികളിൽ ആക്കണമായിരുന്നു. പുസ്തകങ്ങൾ സൂക്ഷിക്കാനും ലൈബ്രറിയുടെ കാര്യങ്ങൾ ചര്‍ച്ച ചെയ്യാനും കൊച്ചിയിൽ ഒരു ഇടം അന്വേഷിച്ചുള്ള സ്റ്റാറ്റസിന് വീടുകള്‍ വിട്ടുതരാൻ തയ്യാറായി വന്ന മറുപടികളെ എല്ലാം നന്ദിയോടെ ഓര്‍ക്കുന്നു. അയ്യായിരത്തിലധികം വരുന്ന പുസ്തകങ്ങൾ മാർച്ച്‌ 14, 15 തീയതികളിൽ ഒരിടത്ത് എത്തിച്ചു തരംതിരിച്ചു, വിവരങ്ങളെല്ലാം കമ്പ്യൂട്ടറിൽ കയറ്റാൻ ഒരു ഇടവും ലാപ്ടോപ്പുകളും അന്വേഷിച്ചുള്ള സ്റ്റാറ്റസിന്, പ്രിന്‍സിപ്പാളിനോട് സംസാരിച്ച് S.H. School of communication ഡിപ്പാര്‍ട്ട്മെന്‍റ് കിച്ചങ്കനിക് വേണ്ടി വിട്ടു തന്ന തേവര എസ്.എച്ചിലെ അധ്യാപകൻ രൂപേഷ് കുമാർ; പുസ്തകശേഖരണത്തിന്റെ ആദ്യ ഘട്ടം മുതലേ വിവര ശേഖരണത്തിനും സാങ്കേതിക സഹായങ്ങള്‍ക്കും ഒപ്പം കൂടിയ വിശ്വപ്രഭ, മനോജ്‌ കരിങ്ങാമഠത്തിൽ, ചിത്തിര കുസുമൻ; കിച്ചങ്കനിക്ക് വേണ്ടി വികി പീഡിയ ഒരുക്കിയ വിനയരാജ്; രണ്ടാം നിലയിലിരുന്ന പുസ്തകപ്പെട്ടികൾ ഇറക്കുന്നത്‌ മുതൽ ഒപ്പം കൂടിയ കുസാറ്റ് ടീം; S.H കമ്മ്യൂണിക്കേഷൻ ടീം; അവിചാരിതമായി എത്തിയ ഹർത്താലിൽ പുസ്തകങ്ങളുടെ പണി മുടങ്ങുമോ എന്ന് ഭയന്ന് തലേ ദിവസം തന്നെ കൊല്ലത്ത് നിന്നും ഒന്നിലധികം ലാപ്ടോപ്പുകളുമായി കൊച്ചിയിൽ എത്തിയ വിനീത് വിജയൻ; തിരുവന്തപുരത്ത് നിന്നും എത്തിയ മനോജ്‌ സോമൻ; ബംഗ്ലൂർ നിന്നും എത്തിയ സാന്തിനി; 7pm സ്റ്റ്സിലൂടെ കിച്ചങ്കനികൊപ്പം കൂടിയ ആഷിൻ തമ്പി; കോട്ടയത്ത് നിന്നും എത്തിയ റിഷിക് ഭരത്; ഗോപാലകൃഷ്ണൻ, മനോജ്‌ ഉപാസന... പേരുകള്‍ നീളുകയാണ്.
ഹർത്താൽ ദിനത്തിൽ യാത്രാസൗകര്യം ചെയ്തുതന്ന, പോതിച്ചോറുകൾ തന്ന സേ നോ ഹർത്താൽ ടീം... പിന്തുണയുമായി എത്തിയ ജിക്കു വർഗീസ്‌, ശ്രീരാഗ്, ബിനോയ്‌, ജോർജ് മാത്യു, സജീവ്‌ ബാലകൃഷ്ണൻ, മാർ ഇവാനിയോസ് അലുംനി അംഗങ്ങൾ. പാലക്കാട്ട് നിന്നും എത്തിയ അഭിയും അച്ഛനും, കിച്ചങ്കനിക് വേണ്ടി പോസ്റ്റർ ചെയ്തു തന്ന യാരാ കമ്മ്യൂണിക്കേഷന്‍സിലെ ഫേവർ കൊല്ലന്നൂർ ഫ്രാൻസിസ്, പ്രകാശ്‌, സംവിദാനന്ദ്. എല്ലാവരും ഒരു മനസും ശരീരവുമായി പ്രവര്‍ത്തിച്ച്, തരംതിരിച്ച പുസ്തകങ്ങൾ പിറ്റേന്ന് നമ്പരുകൾ ഒട്ടിച്ചു സീൽ ചെയ്യുമ്പോൾ ലൈബ്രറിയുടെ ആദ്യ ഘട്ടം പൂർ ത്തിയാകുകയായിരുന്നു.


അടുത്ത പടി

ഭർത്താവിന്റെ വിസയിൽ "ഡിപ്പന്‍റന്‍റ് " ആയിരുന്ന എനിക്ക് ടാൻസാനിയയുടെ സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടായിരുന്നു. ഭർത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും "NOC" ലഭിച്ചതോടുകൂടി ആദ്യത്തെ പടി കടക്കാനായി.


കിച്ചങ്കനിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ, ബാങ്ക് അക്കൗണ്ട്‌ എടുക്കാൻ ടാൻസാനിയയിലെ നിയമം അനുസരിച്ച് രജിസ്ട്രേഷൻ ആവശ്യമായിരുന്നു. ദാർ-എസ്-സലാമിലെ മലയാളിയായ ശ്രീകുമാറിന്റെ സ്ഥാപനമായ "യുണിക്ക്‌ " ആണ് രജിസ്ട്രേഷൻ നടപടികൾ മുന്നോട്ടു കൊണ്ട് പോകുന്നത്. കൊച്ചിയിൽ ഒരുങ്ങിയിരിക്കുന്ന പുസ്തകങ്ങൾ ടാൻസാനിയയിൽ എത്തണമെങ്കിൽ TIN നമ്പര്‍ ആവശ്യമാണ്. അതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നു. അത് ലഭിച്ചാൽ മാത്രമേ ബാക്കി നടപടികളുമായി മുന്നോട്ടു പോകാൻ കഴിയുള്ളൂ.


മാധ്യമ പിന്തുണ

കിച്ചങ്കനിയുടെ ഒപ്പം നടക്കുന്ന മാധ്യമങ്ങൾക്ക് കിച്ചങ്കനിയുടെ വളര്‍ച്ചയിൽ വ്യക്തമായ പങ്കുണ്ട്. കിച്ചങ്കനിയോടൊപ്പം കൂടിയതിന്, ഓരോ ഘട്ടത്തിലും ഒപ്പം നില്ക്കുന്നതിനും സന്തോഷവും നന്ദിയും പങ്കുവയ്ക്കുന്നു.


കിച്ചങ്കനി മുന്നോട്ട് വയ്ക്കുന്നത്

കിച്ചങ്കനി ഒരു ടീം വർക്കാണ്. കിച്ചങ്കനി ഗ്രാമവാസികൾ പങ്കിട്ടു നിര്‍മിച്ച കെട്ടിടത്തിൽ അവര്‍ക്കൊപ്പം കൂടി കിച്ചങ്കനി ലൈബ്രറി എന്ന നമ്മുടെ എല്ലാവരുടെയും സ്വപ്നം യാഥാര്‍ഥ്യമാക്കാൻ നമ്മൾ എല്ലാവരും ഒരുമിച്ചു ശ്രമിക്കുന്നു. ഇവിടെ പേരുകളില്ല, വ്യക്തികളില്ല, മതങ്ങളില്ല, രാജ്യങ്ങളില്ല്ല, അതിർത്തികളില്ല; മനുഷ്യർ, മനുഷ്യര്‍ക്കൊപ്പം നിന്ന് മനുഷ്യർക്ക്‌ വേണ്ടി; സഹായമല്ല സഹകരണമാണ് കിച്ചങ്കനി മുന്നോട്ട് വെയ്ക്കുന്നത് .


പുസ്തകങ്ങൾ ടാൻസാനിയയിൽ എത്തിക്കണം; കെട്ടിടം പണി പൂര്‍ത്തിയാക്കണം, കിണർ കുഴിക്കണം, സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാൻ കാത്തിരിക്കുന്നു.


ഇനിയും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിൽ ലൈബ്രറിയുമായി മുന്നോട്ടു പോകുന്നു...


കിച്ചങ്കനിക്ക് വേണ്ടി ഒരുമിച്ച് കൂടിയ എല്ലാവര്‍ക്കും അഴിമുഖത്തിന്‍റെ ആശംസകളും പിന്തുണയും. - കിച്ചങ്കനി ഗ്രാമം സ്വപ്നം കാണാന്‍ തുടങ്ങുകയാണ്; നമുക്കും സഹായിച്ചുകൂടേ?


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


സോമി സോളമന്‍

സോമി സോളമന്‍

വിദ്യാഭ്യാസ പ്രവർത്തക

Next Story

Related Stories