Top

അവയവദാനത്തിന്റെ മഹത്തായ മാതൃക; കേരളത്തിലെ ബസ് ക്ലീനര്‍ക്ക് വൃക്ക നല്‍കി ഡല്‍ഹി കോളേജ് പ്രൊഫസര്‍

അവയവദാനത്തിന്റെ മഹത്തായ മാതൃക; കേരളത്തിലെ ബസ് ക്ലീനര്‍ക്ക് വൃക്ക നല്‍കി ഡല്‍ഹി കോളേജ് പ്രൊഫസര്‍

അഴിമുഖം പ്രതിനിധി

അതിന് മുമ്പ് അവര്‍ കണ്ടുമുട്ടിയിരുന്നില്ല. എന്നാല്‍ രണ്ടു പേരുടെയും ഭാവിയെ ബാധിക്കുന്ന നിര്‍ണായകമായ ഒരു തീരുമാനം അവര്‍ കൈക്കൊണ്ടിരുന്നു. 'ഇരുട്ട് നിറഞ്ഞ എന്റെ ജീവിതത്തിലെ വെളിച്ചമാണ് നിങ്ങള്‍,' ഒരാള്‍ പറഞ്ഞു. 'മാനവികതയുടെ മതമാണ് നമ്മെ ഭരിക്കുന്നത്, നമ്മള്‍ സഹോദരങ്ങളാണ്,' അപരന്‍ മറുപടി പറഞ്ഞു. ഇത് അതുവരെ അപരിചിതരായിരുന്ന ഡല്‍ഹി ജാമിയ ഹംദര്‍ദ് സര്‍വലാശാല പ്രൊഫസര്‍ സാക്കി ജോണിന്റെയും പീച്ചിയിലെ ബസ് ക്ലീനര്‍ ഷാജു പോളിന്റെയും കഥ. ഒടുങ്ങാത്ത മനുഷ്യ സ്‌നേഹത്തിന്റെയും.

രണ്ട് വൃക്കകളും തകരാറായെന്ന ഡോക്ടര്‍മാരുടെ കണ്ടെത്തലോടെ ജീവിതം തകര്‍ന്ന അവസ്ഥയിലായിരുന്നു സ്വകാര്യ ബസിലെ ക്ലീനറായിരുന്ന 44-കാരന്‍ ഷാജു പോളിന്റെ ജീവിതം. എന്നാല്‍ നല്ലവരായ നാട്ടുകാര്‍ സഹായിക്കാന്‍ തയ്യാറായി. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നാട്ടുകാര്‍ രൂപീകരിച്ച സമിതി പണം പിരിക്കാന്‍ തുടങ്ങുമ്പോള്‍ ഷാജുവിന്റെ കൈയിലുണ്ടായിരുന്ന മിച്ചമൂല്യം വെറും 5000 രൂപ. നാട്ടുകാരുടെ സമിതിയും ഷാജുവിന്റെ സുഹൃത്തുക്കളും ചേര്‍ന്ന് 22 ലക്ഷം രൂപ പിരിച്ചെടുത്തു. വൃക്ക ദാനം ചെയ്യാന്‍ തയ്യാറായ മൂന്നു പേരെ കണ്ടുപിടിക്കുകയും ചെയ്തു. എന്നാല്‍ നിയമപരമായി ചെയ്തു തീര്‍ക്കാനുള്ള കടലാസ് ജോലികളുടെ വ്യാപ്തി കണ്ട് പേടിച്ച് മൂവരും പിന്മാറി. അങ്ങനെ ഭാര്യ ഷിബിയും മക്കളായ ആല്‍വിനും എയ്ഞ്ചലും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ ഷാജുവിന്റെ ജീവിതം വീണ്ടും ഇരുട്ടിലായി.

ഇതിനിടയില്‍ സമാന്തരമായി മറ്റൊരു കഥ ഡല്‍ഹിയില്‍ അരങ്ങേറുന്നുണ്ടായിരുന്നു. സാക്കി ജോണിന്റെ പിതാവിന്റെ രണ്ടു കണ്ണുകളും ദാനം ചെയ്തിരുന്നു. അദ്ദേഹം 2011ല്‍ അന്തരിച്ചപ്പോള്‍ അവ നീക്കം ചെയ്ത നേതൃരോഗ വിദഗ്ധനെ പിന്നീട് ജോണ്‍ സന്ദര്‍ശിച്ചു. തന്റെ പിതാവിന്റെ കണ്ണുകള്‍ ഉപയോഗിച്ച് എങ്ങനെയാണ് രണ്ടു മനുഷ്യര്‍ ലോകം കാണുന്നതെന്ന് വിവരിച്ചപ്പോള്‍ തിരുവല്ലയില്‍ നിന്നും ഡല്‍ഹിയിലേക്ക് 1992-ല്‍ കുടിയേറിയ സാക്കി ജോണിന്റെ ജീവിതം തന്നെ മാറിമറിഞ്ഞു. അങ്ങനെയാണ് തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് ജോണ്‍ തീരുമാനിക്കുന്നത്.

ഡല്‍ഹിയില്‍ എത്തിയ ജോണ്‍ തുടക്കും മുതല്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സഹയാത്രികനായിരുന്നു. റയില്‍വേ കോളനി തൊഴിലാളികള്‍ക്കിടയിലും പിന്നീട് ഒരു എന്‍ജിഒയുടെ കീഴില്‍ തെരുവ് കുട്ടികള്‍ക്കിടയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. രാജസ്ഥാനിലെയും ഉത്തര്‍പ്രദേശിലെയും ഗ്രാമങ്ങളിലെത്തി എയിഡ്‌സ് രോഗികള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ജോണ്‍ ഒരു തികഞ്ഞ സാമൂഹ്യപ്രവര്‍ത്തകനായി മാറി. ഇതിനിടയില്‍ അദ്ധ്യാപനത്തിലേക്ക് തിരിയുകയും ചെയ്തു.

അങ്ങനെയിരിക്കെ സ്വന്തം വൃക്ക ദാനം ചെയ്യുകയും കേരളത്തില്‍ അവയവദാന ബോധവല്‍ക്കരണത്തിന് മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന ഫാദര്‍ ചിറമേലിനെ ജോണ്‍ പരിചയപ്പെടുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരാള്‍ക്ക് തന്റെ വൃക്ക ദാനം ചെയ്യാന്‍ തയ്യാറാണെന്ന് ജോണ്‍ ഫാദറിനെ അറിയിക്കുന്നു. പക്ഷെ അത് പരസ്യപ്പെടുത്താന്‍ പാടില്ല എന്നൊരു നിബന്ധനയും മുന്നോട്ട് വച്ചു.

ഷാജുവും നാട്ടുകാരും നേരത്തെ തന്നെ ഫാദര്‍ ചിറമേലിനെ വിവരം അറിയിച്ചിരുന്നു. അങ്ങനെയാണ് ഇരുവരും കണ്ടു മുട്ടുന്നത്. പിന്നീട് ടെസ്റ്റുകളുടെയും ഔദ്യോഗിക അനുമതിക്കായി കടലാസുകള്‍ പൂരിപ്പിക്കുന്നതിന്റെയും തിരക്കുകളായിരുന്നു. മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് ശേഷം ജോണിന്റെ വൃക്ക 95 ശതമാനവും ഷാജുവിന് ചേരുമെന്ന് ഉറപ്പാക്കി. പിന്നീട് നിയമനടപടികളുടെ പിന്നാലെ.

ജീവിച്ചിരിക്കുന്ന ദാതാക്കള്‍ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനുള്ള നിയമത്തില്‍ മൂന്ന് വിഭാഗങ്ങളാണുള്ളത്. മാതാപിതാക്കള്‍, സഹോദരങ്ങള്‍, പേരക്കുട്ടികള്‍, ഭര്‍ത്താവ്, ഭാര്യ തുടങ്ങിയ അടുത്ത ബന്ധുക്കളാണ് ഒന്നാമത്തേത്. സാമ്പത്തികമല്ലാത്ത പ്രത്യേക കാരണങ്ങള്‍ക്കൊണ്ടോ അല്ലെങ്കില്‍ 'സ്‌നേഹവും അടുപ്പവും' മൂലം ദാനം ചെയ്യുന്നവര്‍. അല്ലെങ്കില്‍ കുടുംബാങ്ങളുടെ അവയവങ്ങള്‍ ചേരാത്ത പക്ഷം രണ്ട് രോഗികളുടെ ബന്ധുക്കള്‍ പരസ്പരം ദാനം ചെയ്യുന്ന അവസ്ഥ. ബന്ധുക്കളല്ലാത്തവരുടെ അവയവങ്ങള്‍ ദാനം ചെയ്യുന്ന നിയമത്തില്‍ ഏറ്റവും ഉദാരത വരുത്തിയിട്ടുള്ളത് കേരളമാണ്. പക്ഷെ ഇതിനുവേണ്ടി നടത്തേണ്ട കടലാസ് ജോലികള്‍ കടുത്തതാണ്. 59 വിവിധ ഫോമുകളാണ് പൂരിപ്പിച്ച് നല്‍കേണ്ടത്. ഇതിനായി 32 രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യണം. എവിടെയെങ്കിലും ഒന്നു പിഴച്ചാല്‍ ദാനം നടക്കില്ല.

വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ഷാജുവിനെ സഹായിക്കാന്‍ അവിടെയും സാക്കി ജോണ്‍ തയ്യാറായി. ഷാജുവിന് വേണ്ടി കടലാസുപണികളെല്ലാം ജോണ്‍ തന്നെ പൂര്‍ത്തിയാക്കി. "ഏതെങ്കിലും രേഖകള്‍ സമര്‍പ്പിക്കുന്നത് പിഴച്ചാല്‍ അവയവദാനം നടക്കില്ലായിരുന്നു. അതായിരുന്നു എന്റെ ഏറ്റവും വലിയ ആശങ്ക"- ജോണ്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.ഇനി ഈ മാസം 21ന് സാക്കി ജോണ്‍ വീണ്ടും കേരളത്തിലേക്ക് വരും. തന്റെ വൃക്ക ദാനം ചെയ്യാന്‍. അതിനായി ഷാജു പോളും കുടുംബവും പീച്ചി ഗ്രാമവും ആകാംഷയോടെ കാത്തിരിക്കുന്നു.Next Story

Related Stories