TopTop
Begin typing your search above and press return to search.

കിന്‍ഫ്രയില്‍ മലബാര്‍ ഗോള്‍ഡിന്റെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണശാല; കാത്തിരിക്കുന്നത് മറ്റൊരു പാരിസ്ഥിക ദുരന്തമോ?

കിന്‍ഫ്രയില്‍ മലബാര്‍ ഗോള്‍ഡിന്റെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണശാല; കാത്തിരിക്കുന്നത് മറ്റൊരു പാരിസ്ഥിക ദുരന്തമോ?

സുഫാദ് ഇ മുണ്ടക്കൈ

പിറന്ന മണ്ണിനും ശുദ്ധമായ വായുവിനും വെള്ളത്തിനും സമാധാനപരമായി ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി നടന്ന നിരവധി സമരപോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന നാടാണ് കേരളം. പ്ലാച്ചിമടയും മുതലമടയും കാസര്‍ക്കോടുമെല്ലാം പങ്കുവച്ച ദുരന്തചിത്രങ്ങള്‍ മലയാളിയുടെ കണ്മുന്നില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. അധികാര-രാഷ്ട്രീയ കേന്ദ്രങ്ങളെല്ലാം കുത്തകമുതലാളിമാര്‍ക്ക് വേണ്ടി വിടുപണി ചെയ്യാന്‍ മത്സരിച്ചപ്പോള്‍ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി തെരുവിലിറങ്ങേണ്ട ഗതികേടുണ്ടായവരാണ് ഇവരെല്ലാം. മയിലമ്മയും ലീലാകുമാരിയുമെല്ലാം തുടക്കം കുറിച്ച ചെറിയ ചെറിയ ചെറുത്തുനില്‍പ്പുകളാണ് പിന്നീട് വലിയ സമരങ്ങളായി പരിണമിച്ചത്. എന്നാല്‍ ഒന്നും അവസാനിച്ചിട്ടില്ല എന്നും ഒന്നിനു പിറകെ മറ്റൊന്നായി ഇത്തരം സാമൂഹികവിപത്തുകള്‍ ഉടലെടുക്കുമെന്നതിനുമുള്ള പുത്തനുദാഹരണമാണ് കാക്കഞ്ചേരി. മത-രാഷ്ട്രീയ ഭേദമന്യേ ഒരു ഗ്രാമീണ ജനത മുഴുവന്‍ പോരാടുന്നത് ആഭരണ നിര്‍മ്മാണ ഭീമനായ മലബാര്‍ ഗോള്‍ഡിന്റെ കിന്‍ഫ്രയില്‍ തുടങ്ങാന്‍ പോകുന്ന ആഭരണ നിര്‍മ്മാണശാലക്കെതിരെയാണ്.

ഇന്ത്യയിലെ ആദ്യത്തെ ഫുഡ്പാര്‍ക്കായി മുന്‍രാഷ്ട്രപതി ഡോ: എ. പി. ജെ. അബ്ദുല്‍ കലാം പ്രഖ്യാപിച്ച കാക്കഞ്ചേരി കിന്‍ഫ്രയില്‍ മലബാര്‍ ഗോള്‍ഡിന് സ്ഥലം അനുവദിച്ചതില്‍ തന്നെ ക്രമക്കേടുള്ളതായി സമരസമിതി പ്രസിഡന്റ് ബാലകൃഷ്ണന്‍ പറയുന്നു. 'ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആക്ട് പ്രകാരം സ്ഥലം ഏതെങ്കിലും ആവശ്യത്തിനായി നീക്കി വച്ചിട്ടുണ്ടെങ്കില്‍ അത് ആ പ്രത്യേക ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ'. എന്നാല്‍ കിന്‍ഫ്രയുടെ ഏറ്റവും കണ്ണായ ഈ സ്ഥലം ഉപാധികളോടെ വ്യാവസായികാവശ്യത്തിനായി നല്‍കാന്‍ ടെന്‍ഡര്‍ ക്ഷണിക്കുകയായിരുന്നു. മലബാര്‍ ഗോള്‍ഡ് മാത്രമാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. 'മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയോ ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെയോ പഞ്ചായത്തിന്റെയോ അംഗീകാരം വാങ്ങിയാവണം കെട്ടിടനിര്‍മ്മാണം എന്ന വ്യവസ്ഥയിരിക്കെ ഈ നിബന്ധനകളൊന്നും പാലിക്കാതെയാണ് ഫുഡ്/അനുബന്ധ വ്യവസായങ്ങള്‍ക്കും ഐ ടിക്കും വേണ്ടി മാത്രമായി നിര്‍മ്മിച്ച കിന്‍ഫ്രയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.'സമുദ്രനിരപ്പില്‍ നിന്നും 155 അടി ഉയരത്തിലാണ് കാക്കഞ്ചേരി. ഈ ഗ്രാമത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ ചേലേമ്പ്ര, തേഞ്ഞിപ്പലം, പള്ളിക്കല്‍ എന്നീ മൂന്ന് പഞ്ചായത്തുകളുടെ ഭാഗമാണ്. മാത്രവുമല്ല ഈ പ്രദേശങ്ങളെല്ലാം കാക്കഞ്ചേരിയേക്കാള്‍ എത്രയോ താഴ്ന്ന നിരപ്പിലുമാണ്. ഇവിടെ തുടങ്ങാന്‍ പോകുന്നത് 'റെഡ്' വിഭാഗത്തില്‍ പെടുന്ന 'ലാര്‍ജ് സ്‌കെയില്‍' സ്ഥപനമാണ്. ഇത്തരത്തില്‍ ഒരു വ്യവസായ സ്ഥാപനം തുടങ്ങണമെങ്കില്‍ അതിന്റെ നൂറു മീറ്റര്‍ ചുറ്റളവിനുള്ളില്‍ വീടുകളോ ആള്‍ത്താമസമോ പാടില്ല എന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നത്. എന്നാല്‍ ഈ സ്ഥാപനത്തിന്റെ നൂറു മീറ്റര്‍ ചുറ്റളവിനുള്ളില്‍ നിരവധി വീടുകളും, ക്വാര്‍ട്ടേര്‍സും, രണ്ട് ആരാധനാലയങ്ങളും, ഇരുപത്തിയാറ് ഐ ടി കമ്പനികളുമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

ജനജീവിതത്തിനും പരിസ്ഥിതിക്കും ഏറ്റവും കൂടുതല്‍ ദോഷകരമായേക്കാവുന്ന ഒന്നാണ് സ്വര്‍ണ്ണാഭരണ നിര്‍മ്മാണം. പൊട്ടാസ്യം സയനൈഡ്, മെര്‍ക്ക്യൂറി, കാഡ്മിയം, സിങ്ക്, സെലീനിയം, ടെലൂറിയം, പലേഡിയം തുടങ്ങിയ മാരകമായ ലോഹങ്ങള്‍ക്കൊപ്പം മായം ചേര്‍ക്കാനുപയോഗിക്കുന്ന ഇറിഡിയവും, റുഥീനിയവും കൂടെയാവുമ്പോള്‍ കാഠിന്യമേറും. ഇത് മുഴുവന്‍ മലിനജലമായും പുകയായും പുറത്ത് വരുമ്പോള്‍ അത് സമീപവാസികളെ മാത്രമല്ല, താഴ്ന്ന നിരപ്പിലുള്ള മൂന്ന് പഞ്ചായത്തുകളെയും ഗുരുതരമായി ബാധിക്കും. ഈ മാലിന്യങ്ങള്‍ സകല ജീവജാലങ്ങളുടെയും ഹൃദയം, കരള്‍, ത്വക്ക്, നാഡീവ്യവസ്ഥ തുടങ്ങിയവയെ തകര്‍ക്കുന്നതിനു പുറമേ പ്രത്യുല്‍പ്പാദനശേഷി നശിപ്പിക്കുന്നതിനും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കും കാരണമാകുന്നുവെന്ന് ഇവിടത്തെ പരിസ്ഥിതിസംരക്ഷണ-ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. 'ഒരു ദിവസം മൂന്ന്‍ ലക്ഷം ലിറ്റര്‍ വെള്ളത്തിന് പുറമെ ആസിഡ് വേസ്റ്റും, പൊട്ടാസ്യം സയനൈഡ് വേസ്റ്റും, ചെമ്പും സ്വര്‍ണ്ണവും ചേര്‍ത്ത് ചൂടാക്കുമ്പോള്‍ ഉണ്ടാവുന്ന കോപ്പര്‍ ഓക്‌സൈഡും ഇത് സൃഷ്ടിക്കുന്ന മെറ്റല്‍ ഫ്യും ഫീവര്‍ എന്ന രോഗവും, മെര്‍ക്ക്യൂറി കലര്‍ന്ന വായു ശ്വസിച്ചാല്‍ ഉണ്ടാവുന്നമാരകമായ രോഗങ്ങളും ഈ സ്ഥാപനം സമ്മാനിക്കാന്‍ പോകുന്ന വിപത്തുകളാണ്.' ബാലകൃഷ്ണന്‍ പറയുന്നു. 'മുന്‍പ് കോഴിക്കോട്ടെ തിരുവണ്ണൂരില്‍ മലബാര്‍ ഗോള്‍ഡ് തന്നെ പ്രതിദിനം മൂന്ന് കിലോ സ്വര്‍ണ്ണാഭരണം നിര്‍മ്മിക്കാന്‍ തക്ക ശേഷിയുള്ള ഒരു ആഭരണനിര്‍മ്മാണ പ്ലാന്റ് സ്ഥാപിച്ചിരുന്നു. അന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് 'റെഡ്' ക്യാറ്റഗറി പെര്‍മ്മിഷനാണ് കൊടുത്തത്. പിന്നീട് അത് 'ഗ്രീന്‍' ആക്കി മാറ്റി. എന്നാല്‍ മലിനീകരണത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. പ്രവര്‍ത്തനം തുടങ്ങി ആറ് മാസത്തിനുള്ളില്‍ തന്നെ ആ പ്രദേശത്തെ കിണറുകളും മറ്റു ജലസ്രോതസ്സുകളുമെല്ലാം മലിനമായി. ശക്തമായ ബഹുജനപ്രതിഷേധത്തെ തുടര്‍ന്ന് പ്ലാന്റ് അടച്ചുപൂട്ടേണ്ടി വന്നു. മൂന്ന് കിലോ നിര്‍മ്മാണശേഷിയുള്ള ആഭരണ നിര്‍മ്മാണശാല ചരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിനാശകാരിയായിത്തീര്‍ന്നുവെങ്കില്‍ നൂറ്റിയിരുപത് കിലോ ഉല്‍പ്പാദനശേഷിയുള്ള ഒരു പ്ലാന്റ് എത്രത്തോളം മാരകമാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.'


ആദിവാസി ഗോത്രമഹാസഭ നേതാവ് സി കെ ജാനു സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു

ഇതിനിടെ ജനങ്ങളുടെ ആശങ്ക അകറ്റാനെന്ന പേരില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ സമരസമിതി നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചിരുന്നത്രെ. മലബാര്‍ ഗോള്‍ഡ് കൊടുത്ത അപേക്ഷയില്‍ പറഞ്ഞ കാര്യങ്ങള്‍ വച്ച് 'റെഡ്' വിഭാഗത്തില്‍ നിന്നും മാറ്റി 'ഗ്രീന്‍' വിഭാഗത്തില്‍ പെടുത്തി അനുമതി നല്‍കാനാണ് ചെയര്‍മാന്‍ ശ്രമിച്ചത്. തിരുവണ്ണൂരിലും ഇങ്ങനെയൊക്കെയായിരുന്നു സംഭവിച്ചത്. അത് കൊണ്ട് തന്നെ മറ്റൊരു ദുരന്തത്തിന്റെ ഇരകളാകാന്‍ ഇവരൊരുക്കമല്ല. 'റെഡ്' ക്യാറ്റഗറിയില്‍ പെട്ട അപകടസാധ്യതകളേറെയുള്ള ഇത്തരത്തിലുള്ള ഒരു വ്യവസായം ജനവാസമേഘലയില്‍ എത്തിയതിനു പിന്നില്‍ തന്നെ ദുരൂഹതയുണ്ടെന്ന് ഇവര്‍ പറയുന്നു. മാത്രവുമല്ല, ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു സ്ഥലത്ത് രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനത്തിന് പ്രവര്‍ത്തനാനുമതി ലഭിച്ചതിനു പിന്നില്‍ തന്നെ അധികാരകേന്ദ്രങ്ങളിലെ വഴിവിട്ട ഇടപാടുകള്‍ നടന്നിട്ടുണ്ടായിരിക്കാം എന്നും ഇവര്‍ സംശയിക്കുന്നു.

ജനജീവിതത്തിനും ആരോഗ്യത്തിനും മുന്‍തൂക്കം നല്‍കുന്നതിനേക്കാള്‍ കുത്തക മുതലാളിമാരുടെ ലാഭക്കൊതിക്ക് മുന്‍പില്‍ നിയമങ്ങളും നീതിയുമെല്ലാം വളച്ചൊടിക്കപ്പെട്ടപ്പോള്‍ സംഭവിച്ച ദുരന്തത്തിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് കാസര്‍ക്കോട്. അതിനി ആവര്‍ത്തിക്കാതിരിക്കാന്‍ പൗരസമൂഹം ജാഗരൂകരാവേണ്ടതുണ്ട്. ബ്രഡ്ഡും ഐസ്‌ക്രീമും വെളിച്ചെണ്ണയുമെല്ലാം ഉല്‍പ്പാദിപ്പിക്കുന്നതിനടുത്താണ് മെര്‍ക്ക്യൂറിയും സള്‍ഫ്യുറിക്ക് ആസിഡുമൊക്കെ ഉപയോഗിക്കുന്ന ഒരു പ്ലാന്റ് സ്ഥാപിക്കുന്നത്. ദുരന്തം ദൂരവ്യാപകമായേക്കാം. തടയിടേണ്ടത് പൗരധര്‍മ്മമാണ്. പിഞ്ചു കുട്ടികളും സ്ത്രീകളുമടക്കം നീട്ടിപ്പിടിച്ച പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി നില്‍ക്കാന്‍ തുടങ്ങിയിട്ട് പതിനെട്ട് ദിവസം പിന്നിടുന്നു. സമരം കൂടുതല്‍ ശക്തമാക്കാന്‍ പൗരസമിതി തീരുമാനിക്കുമ്പോള്‍ അത് കേരളത്തിലെ മറ്റൊരു പാരിസ്ഥിതിക സമരമായി രൂപാന്തരപ്പെടുകയാണ്.

*Views are Personal


Next Story

Related Stories