TopTop
Begin typing your search above and press return to search.

കിംഗ്‌ ലയർ: വീണ്ടും ചില കള്ളനാണയങ്ങള്‍

കിംഗ്‌ ലയർ: വീണ്ടും ചില കള്ളനാണയങ്ങള്‍

22 കൊല്ലത്തിനു ശേഷം വരുന്ന സിദ്ദിഖ്-ലാൽ സിനിമ എന്ന വമ്പൻ പ്രതീക്ഷ തന്നാണ് കിംഗ്‌ ലയർ ഈ അവധിക്കാലത്ത്‌ തീയറ്ററുകളിൽ എത്തിയത്. ദിലീപിന്റെ നേതൃത്വത്തിൽ ഉള്ള താരനിര ആ പ്രതീക്ഷയുടെ ആക്കം കൂട്ടി. സിദ്ദിഖും ലാലും ചേർന്നൊരുക്കിയ തിരക്കഥ സംവിധാനം ചെയ്തത് ലാൽ ആണ്. രാജ നുണയൻ എന്ന ഉപശീർഷകവുമുണ്ട് സിനിമയ്ക്ക്.

കള്ളങ്ങൾ കൊണ്ട് ജീവിക്കുന്ന സത്യനാരായണന് ചുറ്റുമാണ് സിനിമ കറങ്ങുന്നത്. ദിലീപിന്റെ സത്യനാരായണൻ കള്ള സർട്ടിഫിക്കറ്റ് അടിച്ചു കൊടുത്തും മറ്റ് അല്ലറചില്ലറ കള്ളങ്ങൾ ചെയ്തുമാണ് ജീവിക്കുന്നത്. മറ്റു പല നായകന്മാരെയും പോലെ പ്രണയത്തിൽ മാത്രം ഇയാൾ വളരെ ആത്മാർഥത ഉള്ളവനാണ്. ഈ പ്രണയം പോലും അയാൾ കെട്ടിപ്പടുക്കുന്നത് കള്ളങ്ങൾ കൊണ്ടാണ്. സ്കൂളില്‍ ഒരേ ക്ലാസ്സുകാരി ആയിരുന്ന അഞ്ജലി (മഡോണ)യുമായുള്ള പ്രണയം തിരിച്ചു കിട്ടാനും നിലനിർത്താനും വേണ്ടി ഇയാൾ പറയുകയും ചെയ്യുകയും ചെയുന്ന കള്ളങ്ങളാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. വർമ ഡിസൈൻസ് എന്ന വൻകിട ബിസിനസ്‌ സാമ്രാജ്യവും അതിന്റെ മുതലാളിമാരായ ആദിത്യ വർമ (ലാൽ)യുടെയും ദേവിക വർമ (ആശ ശരത്)യുടെയും തകർന്ന ദാമ്പത്യവും എല്ലാം ഉപകഥകളാണ്. കഥയുടെ ആദ്യ പകുതി കൊച്ചിയിലും രണ്ടാം പകുതി ഗൾഫ് നാടുകളിലുമായി നടക്കുന്നു.

മലയാള ജനപ്രിയ സിനിമാ ചരിത്രത്തിൽ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന് വലിയ പ്രാധാന്യമുണ്ട്. നാടോടിക്കാറ്റ് വിവാദം മുതൽ നമ്മൾ കേട്ട് കൊണ്ടിരുന്ന പേരുകളാണവരുടെത്. ഗോഡ്ഫാദറും റാംജിറാവ് സ്പീക്കിംഗും ഇൻ ഹരിഹർ നഗറും വിയറ്റ്നാം കോളനിയും എല്ലാം ഭൂരിഭാഗം പ്രേക്ഷകരും സന്തോഷത്തോടെ അംഗീകരിച്ച ഹിറ്റുകളാണ്. മലയാള ജനപ്രിയ സിനിമ ഉള്ളിടത്തോളം ആ സിനിമകൾ തന്ന ചിരികളെ സിദ്ധാന്തഭാരം ഇല്ലാതെ ഉൾക്കൊള്ളാൻ പറ്റും എന്നുമുറപ്പാണ്. പക്ഷെ കിംഗ്‌ ലയർ പോലൊരു സിനിമയുടെ അണിയറ ശില്‍പ്പികളായി സിദ്ദിഖ് ലാലുമാരെ കാണേണ്ടി വന്നതിനെ ഒറ്റ വാക്കിൽ ദുരന്തം എന്ന് വിശേഷിപ്പിക്കേണ്ടി വരും. ദുബായിലെ നഗരത്തിലെ കണ്ണ് മഞ്ഞളിക്കുന്ന നിറങ്ങൾ യാതൊരന്തവുമില്ലാതെ മാറി മാറി വന്നവസാനിക്കുന്നത് കണ്ട് ഒന്നും മനസിലാവാതെ ഇറങ്ങി വരേണ്ടി വരുന്നു പ്രേക്ഷകർക്ക്.സിദ്ദിഖ്-ലാൽ ടീം ഒരു പ്രത്യേക രീതിയിൽ സിനിമ എടുക്കണം എന്നോ അവരുടെ സിനിമയിൽ മുഖ്യ കഥാപാത്രങ്ങൾ ഇവിടത്തെ മധ്യവർത്തി ജീവിതത്തെയും തമാശകളെയും കൊണ്ട് ഇന്നും വെള്ളിത്തിര നിറയ്ക്കണം എന്നൊന്നുമുള്ള അതിവാദങ്ങളില്ല. പക്ഷെ സ്വന്തം സിനിമകളുടെയും ഇവരുടെ സിനിമകൾ അനുകരിച്ചു പരാജയപ്പെട്ടവരുടെയും കുറെ രംഗങ്ങളുടെ വികലാനുകരണം മാത്രമായിപ്പോയി കിംഗ്‌ ലയർ. ലാൽ ഹരിഹർ നഗർ സീരിസും എടുത്തപ്പോഴും സിദ്ദിഖ് ലേഡീസ് ആൻഡ്‌ ജെന്റിൽമാൻ പോലുള്ള വിചിത്ര സിനിമകൾ എടുത്തപ്പോഴും ഒരു വലിയ വിഭാഗം പ്രേക്ഷകർ ഇവരിൽ നിന്നും അകന്നിരുന്നു. പക്ഷെ ആ സിനിമകൾ ഇതിനേക്കാൾ എത്രയോ ഭേദം എന്ന് തോന്നും കിംഗ്‌ ലയർ കണ്ടാൽ. ദിലീപ് തന്നെത്തന്നെ അനുകരിക്കുന്ന പോലെ തോന്നും ഭൂരിഭാഗം രംഗങ്ങളിലും. ഒരുപാട് ആരാധകർ ഉള്ള തന്റെ ചിരിയെ വാരി വിതറുകയാണ്‌, അത് മാത്രമാണ് മഡോണ ചെയുന്നത്. ലാൽ നന്മ നിറഞ്ഞ വില്ലൻ, ആശ ശരത് പതിവ് പോലെ തന്നെ പരുക്കൻ സ്വഭാവമുള്ള മൃദുഹൃദയ ആവുന്നു. സിനിമ മൊത്തത്തിൽ എങ്ങോട്ടാണ് പോകുന്നതെന്ന് മനസിലാക്കാൻ കഴിയാത്തത് കൊണ്ട് എഡിറ്റിംഗ്, ക്യാമറ, പാട്ട്, പശ്ചാത്തല സംഗീതം ഇതിന്റെയൊക്കെ ഇടപെടലുകളെ പറ്റി പറയാനാവുന്നില്ല.

ഈയടുത്തിറങ്ങിയ മുഖ്യധാരാ ദിലീപ് സിനിമകളിലെ ദ്വയാർത്ഥ പ്രയോഗങ്ങളെ പറ്റിയും മനുഷ്യവിരുദ്ധതയെ പറ്റിയും പരാമർശിക്കുക എന്നത് സാഹസമാണ്. ഹിറ്റ്‌ ചാർട്ടുകളിലെ കണക്കുകൾ നല്‍കി അത്തരം ആരോപണങ്ങളെ തൊണ്ട തൊടാതെ വിഴുങ്ങാൻ ഉത്തരവിട്ടു ഭീഷണിപ്പെടുത്തുന്ന ആള്‍ക്കൂട്ടങ്ങളെ കാണാം. എന്തായാലും പതിവ് പോലെ അശ്ലീല സാഹിത്യം കൊണ്ടും മനുഷ്യ വിരുദ്ധത കൊണ്ടും സമ്പന്നമായിരുന്നു കിംഗ്‌ ലയറും.

പഴയ സിദ്ദിഖ്-ലാൽ സിനിമകളുടെ ആരാധകരാണെങ്കിൽ ഈ സിനിമക്ക് കയറാതിരിക്കുന്നതാണ് നല്ലത്. അഥവാ കയറിയാൽ നിങ്ങൾക്ക് തീയറ്ററിൽ നിന്നും ഒരു പാട്ട് കേള്‍ക്കാം- 'അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ'

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories