ന്യൂസ് അപ്ഡേറ്റ്സ്

മാഡം ബേദി… ഒരു ഡിലിറ്റ് ബട്ടണില്‍ മായുന്നതല്ല ഈ ട്വീറ്റുകള്‍!

കോമു

‘എന്റെ ജീവിതം മുഴുവന്‍ സാമൂഹ്യപ്രവര്‍ത്തനത്തിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചതായിരുന്നു ഞാന്‍. പക്ഷെ, അദ്ദേഹത്തിന്റെ പ്രചോദിതമായ നേതൃത്വം എന്നെ രാഷ്ട്രീയത്തില്‍ പ്രവേശിപ്പിച്ചു.’ വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് അശോക റോഡിലെ ബി.ജെ.പി ഓഫീസില്‍ ഇങ്ങനെ പ്രഖ്യാപിക്കുമ്പോള്‍ കിരണ്‍ ബേദിയുടെ മുഖത്ത് ഒരു ഉളുപ്പും ആരും വായിച്ചെടുത്തില്ല. പറഞ്ഞതു മാറ്റിപ്പറയുന്ന രാഷ്ട്രീയക്കളികളൊക്കെ അവര്‍ പഠിച്ചിരിക്കുന്നുവെന്നര്‍ഥം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രചോദിത നേതൃത്വമെന്ന് കിരണ്‍ ബേദി വിശേഷിപ്പിക്കുന്ന അദ്ദേഹം. പണ്ട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാറിനു ചലാനിട്ടും തീഹാര്‍ ജയില്‍ പരിഷ്‌കരിച്ചും ഏറ്റവുമൊടുവില്‍ ഡല്‍ഹി പോലീസ് കമ്മിഷണറാവാത്തതിന്റെ മോഹഭംഗത്തില്‍ സ്വയം വിരമിച്ചപ്പോഴുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞ കിരണ്‍ ബേദിക്ക് അത്തരം കൊതികളൊന്നും ഇനിയും അടങ്ങിയിട്ടില്ല എന്നു വേണം കരുതാന്‍. പ്രചോദിതമായ നേതൃത്വമെന്ന് അവര്‍ വിശേഷിപ്പിച്ച അദ്ദേഹത്തെ പരസ്യമായി കണക്കിനു ചീത്ത വിളിച്ച കാലം കിരണ്‍ ബേദി ഓര്‍ക്കുന്നുണ്ടോ എന്തോ! ഇപ്പോ ഈ എഴുത്ത് എന്തായാലും അവരെ ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാനൊന്നുമല്ല. ബേദിയുടെ ധീരതയില്‍ വീര്യം കൊള്ളുന്ന അല്‍പ്പം ചിലരെങ്കിലും നമ്മുടെ കൂട്ടത്തിലുണ്ടല്ലോ. അവരെയൊക്കെ ഒന്നോര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രം.

പറഞ്ഞു വരുന്നത് ഇതാണ്. 2015 ജനവരി 15നാണ് ഉള്‍പ്പുളകം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതെയുള്ള ബേദിയുടെ പ്രസ്താവന. 2012 പത്തിന് രാത്രി 9.29ന് ഇതേ ബേദി ട്വിറ്ററില്‍ കുറിച്ചതൊന്നു വായിക്കാം. ‘മിസ്റ്റര്‍ മോദി എസ്.ഐ.ടിയുടെ നിയമപരീക്ഷ പാസ്സായിരിക്കാം. എന്നാല്‍, അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന ഗുരുതരമായ സംഭവങ്ങളെക്കുറിച്ചുള്ള പൊതുധാരണയില്‍ നിന്ന് ഇനിയും മുക്തനാവേണ്ടിയിരിക്കുന്നു.’ ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അന്വേഷിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയപ്പോഴായിരുന്നു ബേദിയുടെ ഈ രോഷപ്രകടനം. അതായത്, ഗുജറാത്ത് വംശഹത്യ മോദിയുടെ അറിവോടെ തന്നെയാണെന്ന് താന്‍ വിശ്വസിക്കുന്നതായി അവര്‍ പൊതുജനത്തെ ബോധ്യപ്പെടുത്തി എന്നര്‍ഥം. ഇതു ട്വീറ്റു ചെയ്ത ഉടന്‍ 103 പേര്‍ അതിഷ്ടപ്പെടുകയും 424 പേര്‍ അതു തുടര്‍ട്വീറ്റു നടത്തുകയും ചെയ്തു. മാഡം ബേദി, നിങ്ങള്‍ മതേതരവാദിയാണെന്നും നീതിക്കു വേണ്ടി നിലകൊള്ളുന്നുവെന്നുമൊക്കെ അക്ഷരാര്‍ഥത്തില്‍ വിശ്വസിച്ചു പോയവരാണ് നിങ്ങളുടെ ട്വീറ്റില്‍ ആകൃഷ്ടരായവരും അതു കേട്ട് ആവേശം കൊണ്ടവരും.

എന്നു മുതലാണ് കിരണ്‍ ബേദിക്കു മനസ്സു മാറിത്തുടങ്ങിയത്? ഗുജറാത്ത് കലാപത്തില്‍ മോദി മനസ്സു മാറ്റിയതായി പൊതുജനത്തിന് അറിവില്ല. അപ്പോള്‍ മാറിയത് ബേദിയാണെന്ന് ഉറപ്പല്ലേ? തൊട്ടടുത്ത വര്‍ഷം അവരുടെ ട്വീറ്റുകള്‍ തന്നെ ഉള്ളിലിരുപ്പിലെ മാറ്റങ്ങള്‍ തെളിയിക്കുന്നു. മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവുമെന്ന രാഷ്ട്രീയഘട്ടം ഉറപ്പായതോടെ, 2013 മാര്‍ച്ച് പതിനാറിന് ബേദിയുടെ വക ഇങ്ങനെയൊരു ട്വീറ്റ്. ‘കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ച് വ്യക്തതയോടെ പ്രതികരിക്കാന്‍ നരേന്ദ്ര മോദി തയ്യാറാവണം.’ അതായത്, പ്രതിഷേധത്തിന്റെ രോഷപ്രകടനത്തില്‍ നിന്നൊക്കെ മാറി ബേദിയുടേത് അഭ്യര്‍ഥനയായി മാറുന്നു. ഒരു സഹോദരസ്‌നേഹത്തിന്റെ തലോടല്‍  പോലെ വീണ്ടും മോദിയെ പുകഴ്ത്തി ഉടന്‍ വന്നു മറ്റൊരു ട്വിറ്റര്‍ സന്ദേശം. ‘ജനങ്ങള്‍ക്കൊപ്പമുള്ള ഒരു മുഖ്യമന്ത്രിയാണ് മോദി. വികസനത്തില്‍ അദ്ദേഹം താഴെത്തട്ടു വരെയെത്തുന്നു. അതിന്റെ മികച്ച ഫലവുമുണ്ടാവുന്നു.’ വിട്ടില്ല, വീണ്ടും വന്നു മോദിക്കു വേണ്ടിയുള്ള മുറവിളി. ‘ദേശീയ വികസനത്തിന് യഥാര്‍ഥത്തിലുള്ള ആശയം അദ്ദേഹം പങ്കുവെയ്ക്കുന്നു. സാധാരണനിലയില്‍ കവിഞ്ഞ ചിന്താഗതി. ഗുജറാത്തില്‍ ഇപ്പോള്‍ തന്നെ നിലവിലുള്ള വികസനത്തില്‍ നിന്നും ഉയര്‍ന്നു വരുന്നതാണ് ഈ ചിന്ത.!’ അന്നേ ദിവസം ഹിന്ദുസ്ഥാന്‍ ടൈംസ് സമ്മേളനത്തില്‍ മോദി പങ്കെടുക്കുന്ന പരിപാടിയിലേക്ക് മാലോകരെ മുഴുവന്‍ ക്ഷണിച്ച് ഒരു പബ്ലിക് റിലേഷന്‍ പണിയെടുക്കാനും കിരണ്‍ ബേദി മടിച്ചില്ല. ‘പ്രവര്‍ത്തിയേക്കാള്‍ നിമയങ്ങളാണ് നമുക്കുള്ളത്. എച്ച്.ടി കോണ്‍ക്ലേവിലെത്തി അദ്ദേഹത്തെ കേള്‍ക്കൂ. അതു പാഴാക്കരുത്. നിങ്ങളതു പാഴാക്കുകയാണെങ്കില്‍, മൂല്യവത്തായ ഒന്നാണ് അതെന്നോര്‍ക്കണം. ഭരണവുമായി ബന്ധപ്പെട്ട ആശയങ്ങളുടെ കലവറ.’  ഇങ്ങനെയൊക്കെയായിരുന്നു മോദിവിരുദ്ധതയില്‍ നിന്നും മോദി ഭക്തിയിലേക്കു വഴി മാറിയ ബേദിയുടെ വികാരപ്രകടനങ്ങള്‍.

എന്തിനാണ് കിരണ്‍ ബേദിയെന്നു ചിന്തിക്കുമ്പോള്‍ ആ കാലഘട്ടത്തിലെ രാഷ്ട്രീയസന്ദര്‍ഭങ്ങളും ഓര്‍ക്കുന്നതു നന്നാവും. അണ്ണ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തില്‍ ജനക്കൂട്ടത്തിന് ആവേശവും തീ പാറുന്ന വാക്കുകളുമായി ഇടതും വലതും നിന്നവരായിരുന്നു അരവിന്ദ് കെജരിവാളും കിരണ്‍ ബേദിയും. 2012ലാണ് ആം ആദ്മി എന്ന പാര്‍ട്ടിയിലേക്ക് കെജരിവാള്‍ വഴി തിരിയുന്നത്. കിരണ്‍ ബേദി പക്ഷെ, അവര്‍ക്കൊപ്പം നിന്നില്ല. ഇതിനിടയില്‍ തന്നെ, അവര്‍ക്കെതിരെ വിവാദവുമുയര്‍ന്നു. ഏതെങ്കിലും പരിപാടിക്കു ക്ഷണിച്ചാല്‍ സംഘാടകരെക്കൊണ്ടു ബിസിനസ് ക്ലാസ് ടിക്കറ്റെടുപ്പിച്ച്, പിന്നീടതു റദ്ദാക്കി പണം വസൂലാക്കുന്നത് അവരുടെ പതിവായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. തനിക്കെടുക്കാനല്ല, സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള തന്റെ സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനത്തിനാണെന്ന് അവര്‍ സമ്മതിക്കുകയും ചെയ്തു. ഈ വിവാദത്തില്‍ കെജരിവാളും സംഘവും സഹായിച്ചതില്‍ ബേദിക്കു പരിഭവമുണ്ടോയെന്ന് പുറംലോകത്തിനറിയില്ല. എന്തായാലും അരവിന്ദ് കെജരിവാളിന്റെ രാഷ്ട്രീയ രംഗപ്രവേശത്തോട് അവര്‍ക്കു താല്‍പര്യമുണ്ടായിരുന്നില്ല. രാഷ്ട്രീയത്തോട് അയിത്തം കല്‍പ്പിച്ച മനസ്സായിരുന്നു അവരുടേത്. അതു പല രീതിയില്‍ അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥജീവിതത്തില്‍ താന്‍ നേരിട്ട രാഷ്ട്രീയക്കാരോട് അടങ്ങാത്ത പകയും അവരുടെ മനസ്സിലുണ്ടായിരുന്നിരിക്കണം. പക്ഷെ, കെജരിവാള്‍ നായകനാവുകയും അണ്ണ ഹസാരെ അസ്വസ്ഥനാവുകയും ചെയ്തതോടെ ബേദിക്കു മോഹഭംഗമുണ്ടായത് സ്വാഭാവികം. അതില്‍ നിന്നാവണം, 2013ല്‍ മോദിയെ പുകഴ്ത്തിയുള്ള ട്വിറ്ററുകള്‍. ഇനിയുള്ള നാളുകള്‍ മോദിയുടേതാണെന്ന് രാജ്യത്തെ മറ്റാരേക്കാള്‍ തിരിച്ചറിഞ്ഞത് കിരണ്‍ ബേദിയാണെന്നര്‍ഥം. മോദി അധികാരമേറ്റപ്പോള്‍ ഡല്‍ഹിയെ സേവിക്കാന്‍ തന്റെ ഉള്ളം തുടിക്കുകയാണെന്ന് അവര്‍ പരസ്യമായി തന്നെ പറഞ്ഞു. നിര്‍ബന്ധിച്ചാല്‍ മുഖ്യമന്ത്രിയാവുമാവാമത്രേ. എന്തായാലും ഇപ്പോള്‍ അവര്‍ക്ക് അരങ്ങൊരുക്കിയിരിക്കുന്നു. പക്ഷെ, മാഡം ബി.ജെ.പി നിങ്ങളെയെടുത്തത്, സാമൂഹ്യസേവനത്തോടുള്ള വെമ്പല്‍ കണ്ടിട്ടൊന്നുമല്ല. കെജരിവാളിനെ പേടിക്കുകയാണ് പ്രധാനമന്ത്രി. നിങ്ങളുടെ പഴയ സതീര്‍ഥ്യനെ നേരിടാന്‍ അവര്‍ തൊടുത്തു വിടുന്ന ഒരായുധം മാത്രമാണ് നിങ്ങള്‍. അതൊരു കെണിയാവാതിരിക്കട്ടെ.!

*Views are Personal

(മാധ്യമ  പ്രവര്‍ത്തകനാണ്  ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍