TopTop
Begin typing your search above and press return to search.

മൂന്നാം ചുംബനസമരം: ഫാസിസത്തിനെതിരെ ഇന്ന് ചുംബനകൂട്ടായ്മ

മൂന്നാം ചുംബനസമരം: ഫാസിസത്തിനെതിരെ ഇന്ന് ചുംബനകൂട്ടായ്മ

13 ഡിസംബർ 2014 ഉച്ചയ്ക്ക് 1 മണി, കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയായ കൈരളി-ശ്രീ-നിള തിയേറ്റർ കോമ്പ്ലെക്സിൽ സംഘടിപ്പിക്കുന്ന 'ഫാസിസത്തിനെതിരെ സമര ചുംബന' കൂട്ടായ്മയുടെ പ്രസ്താവന.

ഫാസിസം പെരുമ്പറ കൊട്ടി സംഹാര ഭാവത്തോടെ കടന്നു വരികയാണ്. ജനാധിപത്യത്തിന്റെ സർവ മുഖംമൂടിയും അഴിച്ചു വെച്ച് അടിസ്ഥാന മനുഷ്യാവകാശങ്ങൾക്ക് വിലയിട്ടു കൊണ്ട് അത് നമ്മുടെ ഉമ്മറത്തെത്തിക്കഴിഞ്ഞു.സ്നേഹമാണ് ഫാസിസത്തിന്റെ ശത്രു. അത് കൊണ്ടാണ് സ്നേഹത്തിന്റെ ആവിഷ്കാരം ഫാസിസ്റ്റ് ശക്തികളെ വിറളിപിടിപ്പിക്കുന്നത്.

ഡൌണ്‍ ടൌണ്‍ സംഭവം കേരളത്തിന്റെ സദാചാര പോലീസിങ്ങിന്റെ ചരിത്രത്തിലെ ആദ്യത്തേതല്ല. അവസാനത്തേതുമാകാൻ വഴിയില്ല. പക്ഷെ വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ ഡൌണ്‍ ടൌണ്‍ റസ്റ്റോറന്‍റിന് നേരെ നടന്ന ആക്രമണം അതുവരെ നടന്നിട്ടുള്ള മോറൽ പോലീസിംഗ് സംഭവങ്ങളിൽ നിന്നും സവിശേഷമായി തന്നെ കാണേണ്ടതുണ്ടെന്നുള്ള തിരിച്ചറിവാണ് ഒന്നാംചുംബന സമരത്തിലേക്ക്നയിച്ചത്.

കേരളത്തിൽ ടെലിവിഷൻ ചർച്ചകളിലൂടെ മാത്രം സാന്നിധ്യമറിയിച്ചുകൊണ്ടിരുന്ന യുവമോർച്ച എന്ന സംഘടന അവരുടെവർഗീയ പരീക്ഷണ ശാലകളായ സംസ്ഥാനങ്ങളിൽ മാത്രം പ്രയോഗിച്ചിരുന്ന പ്രാകൃതമായ സാംസ്കാരിക പോലീസിംഗ് കേരളത്തിലേക്ക് കൊണ്ടുവന്നത് ഇന്ത്യയിലെ രാഷ്ട്രീയ മാറ്റം നൽകിയ ഊർജത്തിൽ നിന്നാണ് എന്നതിൽ സംശയമില്ല. ബാലറ്റ്പെട്ടിയിലൂടെ നമ്മൾ കടത്തി വിട്ടത് ഫാസിസത്തെയാണ് എന്ന എല്ലാ ഭയാശങ്കകളെയും അടിവരയിട്ടു ശരിവെക്കുന്നുണ്ട് സമീപകാല സംഭവങ്ങൾ. ഭരണകൂടത്തിന്റെ പോലീസ് മതയാഥാസ്ഥിതിക ശക്തികളോട് ചേർന്ന് സമരക്കാരെ മർദ്ദിച്ചൊതുക്കാൻ ശ്രമിക്കുന്നത് വരാനിരിക്കുന്ന ഇരുണ്ട കാലത്തിന്റെ സൂചനയാണ്.

ആദ്യം സംഘപരിവാറിനോട്‌ ചേര്‍ന്നു ആക്രമാസക്തമായി ചുംബനസമരത്തെ നേരിട്ട മുസ്ലിം മത സംഘടനകളും ഇസ്ലാമിസ്ററ്‌ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സമരം പടരുന്നത്‌ കണ്ടു പിന്നോട്ടടിച്ചിരിക്കുന്നു എന്നത്‌ ശ്ലാഘനീയമാണ്. സംഘടനാ തലത്തില്‍ അവര്‍ കായികമായി സമരത്തെ നേരിടാന്‍ നേരിട്ടോ അല്ലാതെയോ ഇറങ്ങുന്നുമില്ല. ചുംബന സമരം എന്ന ആശയത്തെജനാധിപത്യപരമായി എതിർക്കാനുള്ള അവരുടെ അവകാശത്തെ സർവാത്മനാ ഞങ്ങൾ അംഗീകരിക്കുന്നു. എന്നാല്‍ ഇതല്ല ഹനുമാന്‍ സേനയെന്ന പേരിലിറങ്ങിയ ഹിന്ദുത്വക്കാരുടെ കാര്യം.

ഒരു സമരമെന്ന നിലയിൽ ചുംബന സമരത്തെ തള്ളിക്കളയുന്ന ഇടതുപക്ഷ സംഘടനകളോട് ഞങ്ങൾ സ്നേഹത്തോടെ വിയോജിക്കുന്നു. ഞങ്ങൾക്കും നിങ്ങൾക്കും സ്വതന്ത്രമായും നിർഭയമായും വിയോജിക്കാൻ കൂടിയുള്ള അവകാശത്തിനുവേണ്ടിയാണ് ഈ സമരം എന്ന് ഞങ്ങൾ സ്നേഹത്തോടെ,വിനയത്തോടെ ഓർമപ്പെടുത്തുന്നു.ആണിനും പെണ്ണിനും ഭരണഘടന ഉറപ്പു നൽകുന്ന മൌലികാവകാശങ്ങൾ സംരക്ഷിക്കാനായുള്ള പോരാട്ടമാണ് ഇത്.നിർഭയമായി വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം, ബലാൽസംഗ ഭീതിയില്ലാതെ സ്ത്രീകൾക്ക് ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരം.

ഫാസിസം നിങ്ങളിൽ നിന്നും എന്താണോ തട്ടി പ്പറിക്കാൻ ശ്രമിക്കുന്നത് അത് തന്നെയാണ് നിങ്ങളുടെ ആയുധം.വരാനിരിക്കുന്ന ഇരുണ്ട കാലത്തെ നമുക്ക് സ്നേഹ ചുംബനങ്ങൾ കൊണ്ട് നേരിടാം.

ഐക്യപ്പെട്ടുകൊണ്ട്: സാറ ജോസഫ്‌, സക്കറിയ, കവിത കൃഷ്ണൻ, എൻ എസ്സ് മാധവൻ, കെ സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഈ പി ഉണ്ണി, എം എൻ കാരശ്ശേരി, സിവിക് ചന്ദ്രൻ, ബ്രിന്ദ ബോസ്, ജയൻ ചെറിയാൻ, സീ ആർ നീലകണ്ഠൻ, സജിത മഠത്തിൽ, സാംകുട്ടി പട്ടംകരി, കെ. ആർ. മീര.

സംഘാടകർ: ജെ ദേവിക, ഷാഹിന കെ കെ, അശ്വതി സേനൻ, ഹരീഷ് വാസുദേവൻ‌, അനില തറയത്ത് വർഗീസ്സ്.


Next Story

Related Stories