TopTop
Begin typing your search above and press return to search.

ഉമ്മകളും ഉടലും: ആളുകളേ ബാ, മ്മക്ക് കലമ്പിത്തെളിക്കാം

ഉമ്മകളും ഉടലും: ആളുകളേ ബാ, മ്മക്ക് കലമ്പിത്തെളിക്കാം

മൃദുല ഭവാനി

രാത്രിയിലെ ആകാശത്തിനു കീഴെ ആദ്യമായി ഉമ്മവെച്ച ചുണ്ടുകള്‍ക്ക് സിഗരറ്റിന്റെ കടുമ്പന്‍ രസമായിരുന്നു. പല്ലിനും സിഗരറ്റു ചുവയ്ക്കും നാവിനും ഇടയില്‍ ഇളനീര്‍ കാമ്പ് കണക്കെ വഴുതിയ ചുണ്ടുകള്‍. ചോക്ലേറ്റ് നിറമുള്ള തൊലി. തലയില്‍ ചുരുളന്‍ കാടുകള്‍. ഇരുപതിലെത്തും മുമ്പ്, അപരിചിതമായ ഒരു സ്ഥലത്ത് പെട്ടെന്ന് വന്ന പ്രണയത്തിന്റെ കൂരമ്പുമ്മയായിരുന്നു ആദ്യത്തേത്. പിന്നെ അതിന്റെ സിഗരറ്റ് ഭൂമിയില്‍ നിന്ന്, ഇളനീര്‍ക്കാമ്പിന്റെ വഴുവഴുപ്പില്‍ നിന്ന് പുറത്തുവരാന്‍ നേരമെടുത്തു.

പിന്നെ പലകാലങ്ങളിലായി പലതരം ഉമ്മകള്‍. അമ്മയ്ക്ക് കവിളില്‍ അമര്‍ത്തിക്കൊടുത്തത് അടയാളമാക്കി വൈകുന്നേരം വരെ കാത്തിരിക്കുന്ന പനിദിവസങ്ങളില്‍ പൊള്ളുന്ന കവിളില്‍ തണുക്കുക അമ്മയുമ്മയാണ്. ഇടവഴിപ്പെരുവഴിയില്‍ പഴുത്ത മാങ്ങ പെറുക്കുമ്പ വലിയ സഞ്ചിയോ മറ്റോ കൊണ്ട് സഹായിക്കാന്‍ വരുന്ന അമ്മമ്മക്ക് ചുണ്ടിലോ നെറ്റിയിലോ അടക്കിവെച്ചു കൊടുക്കുന്ന ഉമ്മ വേറൊന്നാണ്. അങ്ങനെ കൊടുത്ത ഒരുമ്മ തന്നെയാണ് ഒടുവിലത്തെ ദിവസം തണുത്ത നീലിച്ച നെറ്റിയില്‍, ആസ്പത്രി മുറിയുടെ പച്ചക്കനത്തില്‍ ഞാന്‍ കൊടുത്തതും എനിക്ക് തന്നതും.

ഉമ്മ ഒരു അടയാളമാണ്. ഒരു കാലത്ത്, ഉമ്മകള്‍ക്ക് നിറമില്ലാത്തതില്‍ ആശ്വസിച്ചതായിരുന്നു. ഇപ്പോ ആ തോന്നല്‍ ഇല്ലാതായിരിക്കുന്നു.

എന്നെ നോക്കുമ്പോള്‍ നീ കാണാത്തത്.

നിന്റെ മുന്നില്‍ ഞാന്‍ പൂര്‍ണ നഗ്നയായി ഇരിക്കുകയാണ്. നിറയെ പുസ്തകങ്ങളുള്ള നിന്റെ മുറിയില്‍ നിന്ന് ഞാന്‍ ഓരോന്നെടുത്ത് താളുകള്‍ മറിച്ചു നോക്കുന്നുണ്ട്. ഇഷ്ടപ്പെട്ട കവിതകള്‍ മുഴുവനായോ അല്ലാതെയോ ഉറക്കെ വായിക്കുന്നുണ്ട്. മേലെ കെട്ടിവെച്ച മുടി അഴിയുമ്പോള്‍ പുസ്തകം താഴെ വെച്ച് പൊക്കിക്കെട്ടുന്നുണ്ട്. പുലര്‍ച്ചെ, മുറിയിലേക്ക് വരുന്ന വെട്ടം കാണാന്‍ ജനാല തുറന്നിട്ടുണ്ട്. നിനക്കിപ്പോള്‍ എന്റെ പിന്‍ഭാഗം കാണാം. മാംസം നിറഞ്ഞു തൂങ്ങാത്ത ഒരു എസെന്‍ഷ്യല്‍ ബോഡി. നിനക്ക് എന്റെ പിന്‍ഭാഗത്തെ ഇരുണ്ട തഴമ്പിലെക്കു നോക്കി, ഞാനിരുന്ന പല പല ഇരിപ്പിടങ്ങളെ സങ്കല്‍പ്പിക്കാം. ചില തെറ്റകള്‍ക്ക് കിട്ടിയ ശിക്ഷയടികള്‍ വാങ്ങിക്കൂട്ടുമ്പോള്‍ ഞാന്‍ നിലവിളിച്ച നിലവിളിയുടെ കൂര്‍മ്പന്‍ പായലുകളെ സങ്കല്‍പ്പിക്കാം. ഏതൊക്കെയോ തിരക്കുള്ള ബസ്സുകളില്‍ അതില്‍ നുള്ളിയ വയസ്സന്‍ വിരലുകളുടെ അസ്വസ്ഥമായ ചലനങ്ങള്‍ സങ്കല്‍പ്പിക്കാം. പക്ഷെ നീ അതിന്റെ മുഴപ്പുകളിലെക്കും നോക്കും. അതിന്റെ തവിട്ടു നിറം, നിന്നെ നിന്റെ കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിക്കണം. അതിന്റെ പാടുകളും പരുപരുപ്പും നിന്റേതു തൊട്ടു നോക്കാന്‍ നിന്നെ തോന്നിപ്പിക്കണം. എല്ലാത്തിനുമൊടുക്കം അതിന്റെ ഇടുക്കില്‍, ഇപ്പോഴും ഒരു ഇത്തിരിവാല്‍ ബാക്കി നില്ക്കുന്ന ആ ഇടുക്കില്‍ നീ സ്‌നേഹത്തോടെ ഒരുമ്മ തന്നാലും മതി, ആ ബാക്കി വാല് നിന്റെ ഉമ്മയില്‍ സന്തോഷിക്കട്ടെ!

ഇത്ര നിഷ്‌കളങ്കമായി, നീ എന്നെ നോക്കുക.

പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും, ഇവ രണ്ടിന്റെയും ഇടയിലുമായി ഞാന്‍ പലരുമായി കലമ്പിത്തീര്‍ക്കുകയാണ്.

ഞാനും നീയും സ്‌നേഹത്തിലാണെങ്കിലും നീ എന്റെ വര്‍ഗ ശത്രു ആണെന്ന് എനിക്കിടക്കിടെ പറയാന്‍ തോന്നാറുണ്ട്. നീ എന്റെ മുന്നില്‍ നഗ്നനായാലും നിന്റെ പീരങ്കി തൊടാന്‍ എനിക്ക് വലുതായി തോന്നാത്തതും അതുകൊണ്ടാണ്. അത്തരം ഫെമിനിസ്റ്റ് തോന്നല്‍ ഉണ്ടാകുന്നത് നല്ലതാണെന്ന് നീ.

എന്റെ തൊലിക്കുപ്പായം തൊട്ട് എല്ലുകള്‍ എണ്ണിക്കഴിഞ്ഞ് നീ തിരിഞ്ഞു കിടന്നുറങ്ങുമ്പോള്‍, എനിക്കുറക്കം വരാതെയിരിക്കുമ്പോള്‍ ഞാന്‍ പകലിനെ സ്വപ്നം കാണുന്നു. പകലില്‍ നമ്മള്‍ പോകുന്ന ഇടങ്ങളില്‍ അടുത്ത പകലില്‍ നഗ്നരാകുന്നതിനെപ്പറ്റി. ഞാന്‍ കുന്തിച്ചിരുന്ന് നിലത്തുനോക്കി പണ്ടത്തെപ്പോലെ മുള്ളുന്നതിനെപ്പറ്റി. മൃഗങ്ങളും പക്ഷികളുമല്ലാത്തവര്‍ വന്നു നമ്മളോട് ചെയ്യാന്‍ പോകുന്നത് എന്താകും എന്നാലോചിക്കും. ആലോചിച്ചു തീരാതാകുമ്പോള്‍ ഞാന്‍ ചെരിഞ്ഞു കിടന്നുറങ്ങുന്ന നിന്നെ വരക്കും. നിന്റെ ഉടലിലെ പെണ്‍വളവുകള്‍ കണ്ടെടുക്കും. അങ്ങനെ ഇരിക്കുമ്പോള്‍, പെണ്ണുങ്ങളെഴുതുന്ന കവിതകളെല്ലാം ആത്മരതിത്തുണ്ടുകളാണെന്ന് വിചാരിക്കുന്ന ആ ആണ്‍കവിയെ ഓര്‍മ്മ വരും. അയാളെ നേരില്‍ കാണുന്ന ദിവസം മുഖത്തോടു മുഖം നിന്ന് നരച്ച താടി പടര്‍ന്ന കവിളില്‍ ഒരൊറ്റ അടിവെച്ചു കൊടുക്കുന്നത് തീരുമാനിക്കും. ആരുമില്ലാത്തൊരു സ്ഥലത്തിരുന്ന് ആലോചിക്കുമ്പോ ഉള്ള ധൈര്യം അന്നേരവും ഉണ്ടാകണം എന്ന് വിചാരിക്കും. അയാളുടെ സദാചാര ലിംഗം, അയാളുടെ പഴഞ്ചന്‍ തല, അയാളുടെ ഭീകര കവിത എല്ലാം ഒരു വര്‍ഗത്തോടൊട്ടാകെ മാപ്പ് ചോദിക്കട്ടെ. പറഞ്ഞത് പിന്‍വലിക്കണ്ട, പറഞ്ഞത് പറഞ്ഞതായിത്തന്നെ ഇരുന്നോട്ടെ എന്ന് പറയണം. പുറമേ പിന്‍വലിച്ചാലും അകമേ പിന്‍വലിക്കണമെന്ന് യാതൊരുറപ്പുമില്ലല്ലോ.

ഉമ്മ അങ്ങനെയൊക്കെക്കൂടിയാണ്

എന്തിനാണ് ഉമ്മയെപ്പറ്റിത്തന്നെ പറയുന്നത്? ഉമ്മയല്ലാത്ത എന്തിനെക്കുറിച്ചെങ്കിലും എഴുതിക്കൂടെ എന്ന് ചോദിച്ച കൂട്ടുകാരാ, ഉമ്മയാണ് സകലതും. രണ്ടുടലുകളുടെ തൊട്ടുകൂടായ്മകളും തീണ്ടിക്കൂടായ്മയും തേച്ചുമായ്ച്ചു കളയുന്നത് ചുണ്ടുകള്‍ മേല്‌പോട്ടും കീഴ്‌പോട്ടും നീക്കിയും കുരുക്കിയും നമ്മള്‍ കളിക്കുന്ന ഈ കളി തന്നെയാണെന്ന് നീ തന്നെ പറഞ്ഞിട്ടുണ്ട്.

പക്ഷെ നമ്മള്‍ നാല്‍ക്കവലയില്‍ ഉമ്മ വെച്ചവരാണ്: ഉമ്മ സമരത്തിനും വളരെ വളരെ മുമ്പ്. നിന്റെ നേര്‍ത്ത കാശ്മീരി ചുണ്ടുകളിലൂടെ ഞാന്‍ തൊട്ടത് നിന്റെ നാടിനെ കൂടിയാണ്. അതിന്റെ തൊണ്ടയില്‍ക്കുരുങ്ങലാണ്; മുറിവുകളാണ്. തടാകത്തിലേക്ക് തെറിച്ചു വീഴുന്ന, ചോരുന്ന ഉടലുകളും നിശ്ശബ്ദതയുമാണ്. പിന്നെയും പിന്നെയും മുറിവുകളുണ്ടാക്കുന്ന ഒരു മാറ്റം നിന്റെ നാട്ടിലേക്ക് വരാതിരിക്കട്ടെ. ആയുധമുറികളായ സിനിമാ തിയേറ്ററില്‍ ഇനി നീ ഒരു സിനിമ കൂടി കാണുമോ? എന്റെ നാട്ടിലെ നിരായുധ സമരങ്ങളിലേക്കും, നില്പ്പ് സമരക്കാരുടെ പഴുത്ത കാലുകളിലേക്കും സ്വസ്ഥമല്ലാത്ത ബോധത്തെ അടക്കി വെക്കണമെന്ന് പറയരുത്. എല്ലാ സമരങ്ങളും അതിന്റേതായ രീതിയില്‍ വലുതാണ്. മഞ്ഞില്‍ പടരുന്ന ചോര എന്നെ എല്ലാക്കാലത്തും ഓര്‍മ്മിപ്പിക്കുക ആര്‍ത്തവ വേദന തന്നെയാണ്. എനിക്കേറ്റവും അസ്വസ്ഥമായ വേദന. വെള്ളയില്‍ നിമിഷത്തോട് നിമിഷം നിറഞ്ഞു പരക്കുന്ന അതിരില്ലാത്ത ഭൂപടങ്ങള്‍ തന്നെയാണ്. വാട്ടര്‍ ടാങ്കിന്റെ തണുത്ത സിമന്റ് തറയില്‍ കിടന്നു വായിച്ച് ഉറങ്ങിപ്പോയി മയിലുകളുടെ കരച്ചില്‍ കേട്ട എണീറ്റ അന്ന് രാവിലെ ഞാന്‍ പിന്നെയും അവസാന താളില്‍ നിന്ന് മുന്നോട്ടു നടന്നു. Curfewed Night. നിന്റെ നാടിനെക്കുറിച്ചുള്ള പുസ്തകം. നിന്നെ പ്രണയിച്ചില്ലെങ്കിലും നിന്റെ ദേശവുമായി ഞാന്‍ പ്രണയത്തിലാണ്.


ഉമ്മയിലെ നാടോടിത്തം

പല പല ചുണ്ടുകളിലേക്ക് പോകുമ്പോള്‍ ഇമകള്‍ കൂട്ടിയടക്കുന്നതിന്റെയും, തുറക്കുന്നതിന്റെയും, ശ്വാസത്തിന്റെയും വേഗങ്ങള്‍ പലതാണ്. എത്ര നേരം ഉമ്മ വെക്കണമെന്നൊന്നും ആരും തീരുമാനിക്കാറില്ല. എനിക്ക് നിന്റെ ഉമ്മയില്‍ നിന്ന് എപ്പോ വേണമെങ്കിലും ഇല്ലാതാകാം. ഞാന്‍ എപ്പോ വേണമെങ്കിലും നിന്റെ ഉമ്മയിലെക്ക് കയറി വന്നേക്കാം, എന്നാണ് എനിക്ക് നിന്നോട് പ്രേമം തോന്നുന്നത് എന്ന പറയാന്‍ പറ്റില്ല. Kiss is nomadic.

ഒരാണിനെ പ്രണയിക്കുക എന്നാല്‍
ഒരു ഭൂഖണ്ഡത്തെ പ്രണയിക്കും പോലെയാണ്
ഓരോന്നിനും കൃത്യമായ അതിരുകള്‍.
ഒരു പെണ്ണിനെ പ്രണയിക്കുക എന്നാല്‍
ലോകത്തെത്തന്നെ പ്രണയിക്കുംപോലെയാണ്.
ഇത് രണ്ടുമായോരാളെ പ്രണയിക്കുക എന്നാല്‍
ഈ പ്രപഞ്ചത്തെയാകെ പ്രണയിക്കലാകുന്നു
എനിക്ക്.


എന്റെ ഉമ്മകള്‍ ആരും സ്‌നേഹിച്ചിട്ടില്ലാത്ത ഏതോ ഒരു തെണ്ടിക്കുള്ളതാണെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളതിനെ അതികാല്‍പ്പനികത എന്നോ മറ്റോ കളിയാക്കുമായിരിക്കും. അവള്‍ക്ക് അവള്‍ നടന്ന നാടുകളോ, താമസിക്കുന്ന തെരുവ്, നിരത്തിലൂടെ ഓടുന്ന വണ്ടികള്‍ എന്നിവ ഏതു രാജ്യത്തിന്റെതാണെന്ന് പോലും അറിയില്ലായിരിക്കും. (ഒരു wall flowerനെ ,ജെ എം കൂറ്റ്‌സിയുടെ
Life and Times of Michael K- യിലെ മൈക്കെല്‍ കെയെ ഒടുവില്‍ അപരിചിതയായ ഒരുവള്‍, അവനനുഭവിച്ചിട്ടില്ലാത്ത പെണ്മ അനുഭവിപ്പിച്ച കണക്കെ... ലോകത്തിലെ എല്ലാ പെണ്ണുങ്ങള്‍ക്കും മനസ്സിലാകുന്ന ഒരു ഭാഷയില്‍ ഞങ്ങള്‍ സംസാരിച്ചെക്കും). ചില മുക്കിലും മൂലകളിലും ഇന്നത്തെ പ്രധാനമന്ത്രി സംസാരിക്കുന്ന ഭാഷ-ഹിന്ദി-കേട്ടിട്ട് പോലും ഇല്ലായിരിക്കും. In Which Annie Gives It Those Ones എന്ന 1989 സിനിമയില്‍ (തിരക്കഥ, അഭിനയം- അരുന്ധതി റോയ് ) രാധ പറയുന്നു. ഇതൊക്കെ പറയുമ്പോള്‍ നിങ്ങള്‍ പറഞ്ഞേക്കും ഞാനൊരു സ്യൂഡാണെന്ന്... പറയുമ്പോള്‍ എനിക്ക് തന്നെ അങ്ങനെ തോന്നുന്നു എന്ന്.

ഇത്രയും പറഞ്ഞു തീരുമ്പോഴേക്കും ഞാന്‍ ഏതോ പ്രേത കഥയില്‍ നിന്ന് ഇറങ്ങി വന്നു, ഭൂമിയിലമ്പരന്നുനില്ക്കുന്ന ഒരു കുട്ടിപ്രേതമാകുന്നു. എനിക്ക് ചുറ്റുമുള്ള പുഴുവരിച്ച ജീവിതങ്ങളിലേക്ക് ആണൊരുത്തന്‍ വിപ്ലവത്തിന്റെ ചൂട്ടു മിന്നിക്കുന്നു. ഞാന്‍ പ്രബുദ്ധയാകുന്നു, ചുവന്ന ഒരു കൊടി പിടിക്കുന്നു.


'...you eat and you know guys are starving...
you speak a language that nintey per cent of your coutnry doesn't understand,
talk about it, you feel like a pseud
at least I feel like a pseud.
I don't want to talk about it,
I don't want to write about it,
I don't want to go to seminars about it.
And I definitely don't want to be with it.
So what the hell do I do yaar?'

നിലനില്പ്പ് പ്രശ്‌നം എന്നോ, മധ്യവര്‍ഗ ജീവിയുടെ സുഖിയന്‍ അസ്വസ്ഥത എന്നോ, സ്വയം പ്രഖ്യാപിത ബുദ്ധിജീവിതങ്ങള്‍ തീര്‍പ്പു കല്‍പ്പിക്കട്ടെ. കടുപ്പത്തില്‍ തന്നെ പറയട്ടെ, കലിപ്പാണ്.
ഈ ലോകത്തെ നൂറായിരം കലിപ്പുകളോട് ചേര്‍ന്ന് നില്ക്കാവുന്നത്രയും കലിപ്പ്. എന്തിനോടാണെന്നു ചോദ്യങ്ങള്‍ വേണ്ട, പക്ഷെ ഇതിനൊന്നും ഉത്തരമായി ഒന്നും എടുത്ത് കാണിക്കാന്‍ ഒന്നും ഇല്ലാതായിപ്പോയി. രാധ ചോദിക്കുന്നതും അതാണ്

'I definitely don't want to be with it.
So what the hell do I do ??'

ഉമ്മ രണ്ട് ജോഡി ചുണ്ടുകളുടെയോ, ഉമിനീരിന്റെയൊ, പല്ല് തമ്മിലടിച്ചുണ്ടായെക്കാവുന്ന പാത്രം വീണുടയുമ്പോലത്തെ ഒച്ചയുമല്ല. രണ്ടു ശരീരങ്ങളുടെ വേരുകളാണ് പിണയുന്നത്. ഉമ്മകള്‍ ഉടയപ്പെടാതിരിക്കട്ടെ. ഒരാങ്കുട്ടി എന്റെ കവിളില്‍ ഉമ്മ വെക്കുന്ന ഒരു ഫോട്ടോ ഉണ്ട് കയ്യില്‍. യൂണിവെഴ്‌സിറ്റിയില്‍ ചുംബന സമരം നടക്കുന്നതിനു മുമ്പ് ഒരു ദിവസം ആ ഫോട്ടോ ഞാന്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. കുടുംബത്തിലൊരുത്തന്‍ അവനറിയാവുന്ന തെറികളെല്ലാം എടുത്തു പെരുമാറുകയും, അവനെ ജീവിതത്തില്‍ നിന്ന് തന്നെ എഴുതിത്തള്ളുകയും ചെയ്തു. അതിനു കൊടുത്ത ക്യാപ്ഷനോ, എന്തുകൊണ്ടാണ് ഈ നേരത്ത് ഒരു ഉമ്മ ഫോട്ടോ എന്നോ ആലോചിക്കാതെ ചില സദാചാരികള്‍, ഞാന്‍ ചെയ്ത കുറ്റം അലങ്കാരങ്ങളോടെ വീട്ടിലറിയിച്ചു, വലിയ ഒച്ചപ്പാടുകളും പരിക്കുകളും ഇല്ലാതെ കാര്യം ഒതുങ്ങിത്തീര്‍ന്നു. സദാചാരികള്‍ ഈ അടുത്തും ഇന്‍ബോക്‌സില്‍ ഉപദേശങ്ങളുമായി വരികയുണ്ടായി. എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഇനി മുതല്‍ എന്റെ സ്‌കെച്ചുകളെക്കുറിച്ചും, എന്റെ കവിതകളെക്കുറിച്ചും, കലമ്പലുകളെക്കുറിച്ചും ഇങ്ങനെ എന്തെങ്കിലുമൊക്കെ പറഞ്ഞു നടക്കണേ.


അവരെപ്പറ്റി ഞാന്‍ കഥകള്‍ കേട്ടിട്ടുണ്ട്....

പണ്ട്, തറവാട്ടിലെ വരാന്തയില്‍ നടന്ന ഒരു ബലാത്സംഗത്തെക്കുറിച്ച് അമ്മമ്മ പറഞ്ഞത് ഓര്‍മ്മയുണ്ട്. അവള്‍ മന്ദബുദ്ധിയായിരുന്നു, അവള്‍ക്ക് പിന്നീട് ഗര്‍ഭമുണ്ടായോ അവളതിനെ പ്രസവിച്ചോ അവര്‍ പറയുമ്പോലെ അവള്‍ അസുഖം വന്നു മരിച്ചതാണോ അതോ സ്വയം കൊന്നതാണോ, അല്ല വേറെ വല്ലവരും കൊന്നതാണോ എന്നൊന്നും എനിക്കാരും പറഞ്ഞു തന്നില്ല. ചോദിക്കുമ്പോള്‍ മറ്റു ചിലതിലേക്ക് അവരെന്നെ തള്ളിവിട്ടു. അങ്ങനെ ഈ ഭൂമിയാകെ അവസാനം കുറിക്കപ്പെടാത്ത എത്രയെത്ര പെണ്ണുങ്ങളുണ്ട്. അവള്‍ ഒരു ദിവസം രാവിലെ ഉമ്മറത്തിണ്ണയില്‍നിന്നു വീണു തലയിടിച്ച് മരിച്ചു എന്ന് പറഞ്ഞു. അവള്‍ അങ്ങനെയാണ് മരിച്ചതെങ്കില്‍ അന്നത്തെ വീഴ്ചയില്‍ അവള്‍ വരാന്തയില്‍ നടന്നതിനെക്കുറിച്ച് ആലോചിച്ച് കാണുമോ? തിണ്ണയില്‍ നിന്ന് നിലത്തെത്തുന്ന ചെറിയ നേരത്ത് ആരുടെ മുഖമായിരിക്കും അവളുടെ ഓര്‍മയില്‍ നിന്നിട്ടുണ്ടാവുക? ഒരു മേല്‍ക്കൂരയ്ക്ക് കീഴെ നടന്നതാണ്. മേലെ കൂരയില്ലാത്ത ചില ഇടങ്ങളില്‍ ആരൊക്കെയോ ചോര വാര്‍ന്നും ശ്വാസം മുട്ടിയും ഇല്ലാതായിട്ടുണ്ട്. ജീവിക്കാന്‍ ഓട്ടോ ഓടിക്കുന്ന സ്ഥിരം പീഡിതയായ, നാട്ടുകാരിയായ ചിത്രലേഖയെ ഓര്‍ക്കുന്നു. പലയിടങ്ങളില്‍, ഒരു ഉടലിന്റെ പേരില്‍ പലയിടങ്ങളിലായി ഇല്ലാതാകുകയാണ് പെണ്ണുങ്ങള്‍. ഉടലിന്റെ പേരില്‍ തന്നെയാണ് ആണോ പെണ്ണോ പൂര്‍ണ്ണമായല്ലാത്ത ചിലരും ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നത്. അവളും പിന്നെ ബദൗനില്‍ വെറുതെ ഒരു രസത്തിന് പോയി മരക്കൊമ്പില്‍ കെട്ടിത്തൂങ്ങിയ പെണ്‍കുട്ടികളും ആദ്യത്തെയും അവസാനത്തെയും ഞെട്ടലായി ഇപ്പോഴുണ്ട്.

തൊണ്ണൂറുകളില്‍ നടന്ന പെണ്‍സമ്മേളനങ്ങളില്‍ ഇംഗ്ലീഷ് അറിയാത്ത സ്ത്രീകള്‍, അവിടെ നടന്ന പ്രസംഗത്തിന്റെ വിവര്‍ത്തനം ആവശ്യപ്പെട്ടിട്ടുണ്ട് (Tejaswini Niranjana, Feminism and Translation in India) ഇങ്ങനെ പലയിടങ്ങളില്‍, മറ്റുപലരും തല കുലുക്കുകയും കയ്യടിക്കുകയും ചെയ്യുമ്പോള്‍, ഒന്നും മനസിലാകാതെ കുറെപ്പേര്‍ക്ക് ഇരിക്കേണ്ടി വന്നിട്ടുണ്ട്. നിങ്ങള്‍ സംസാരിക്കുന്നത് ആര്‍ക്ക് മനസ്സിലാകാനാണ് എന്ന് അന്നേരം ആരെങ്കിലുമൊക്കെ എഴുന്നേറ്റു നിന്ന് ചോദിച്ചിട്ടുണ്ടാകണം. യൂറോപ്യന്‍ മുഖ്യധാരാ ഫെമിനിസത്തിന്റെ കൊടിയും പിടിച്ച് അഴുക്കില്ലാതെ ഉടല്‍ സൂക്ഷിച്ച് വേഷം കെട്ടുന്ന സ്ത്രീവാദികള്‍ക്ക് അവരന്നേരം കൈത്തലത്തിലെ വരകള്‍ നോക്കിയിരിക്കുകയോ, മുടിയില്‍ വിരലോടിക്കുകയോ തമ്മില്‍ നോക്കിയിരിക്കുകയോ ഇറങ്ങിപ്പോകുകയോ ചെയ്തിട്ടുണ്ടായെക്കാവുന്ന അവരെപ്പറ്റി അറിയാനും വഴിയില്ല. ഒന്ന് തേച്ചു മിനുക്കിയെടുത്താല്‍, രണ്ടു മൂന്ന് ദിവസം അടുപ്പിച്ച് സംസാരിച്ചാല്‍ എന്റെ ഹോസ്‌റ്റെലിലെ മുറി വൃത്തിയാക്കുന്ന വല്യമ്മക്കും മനസ്സിലാകും കാര്യങ്ങള്‍.
ഉമ്മയിലൂടെ പോയാല്‍, ഉടലിലെ കോളനിയതിരുകളും അതുവഴി അതിര് വരച്ചിട്ട മഷിയുടെ രാഷ്ട്രീയവും അറിയാം.

ആരാണ് വരച്ചത്?
ആരൊക്കെയോ.
ആണുങ്ങളോ പെണ്ണുങ്ങളോ?
അതിലെന്തിരിക്കുന്നു?
അല്ലല്ല,
അതിലാണെല്ലാമിരിക്കുന്നത്.

അതുകൊണ്ട്, എനിക്കും നിനക്കുമൊക്കെയുള്ള പെണ്ണത്തം അതിനു പറ്റാവുന്ന മലകളെല്ലാം കേറട്ടെ. ആണ്‍ചുവരുകളില്‍ തോന്നിയതെല്ലാം വരച്ച് വെക്കാം. മരങ്ങളില്‍, ഇലകളില്‍, മതിലില്‍, പൊതുകക്കൂസിലെ ചുവരുകളില്‍, പിന്നെ തെരുവില്‍, പീടികച്ചുവരുകളില്‍, ബീഡിയും കടലമിട്ടായിയും മണക്കുന്ന വരാന്തയില്‍, ആളിരുന്നു കറുത്തുപോയ ബെഞ്ചുകളില്‍, നരച്ച താടികളില്‍ നമുക്ക് ചായമടിക്കാം. നമ്മളെത്തന്നെ വില്ക്കുന്ന മാളുകളുടെ ചില്ല് ചുവരില്‍, കള്ള് വില്‍ക്കുന്ന കടകളില്‍നിന്ന് വരിനില്‍ക്കാതെ വാങ്ങിവരുമ്പോ സദാചാരികളോട് കലപിലക്കാം, എന്നിട്ട് മതിയാവോളം നടക്കാം. വിളറിയ ലോകത്തെക്കുറിച്ച് കഥകളെഴുതാം.


പിന്‍കുറിപ്പ്: പലയിടങ്ങളിലായി ആവര്‍ത്തിക്കുന്ന 'നീ' ഒന്നും ഒരാളല്ല

(ഹൈദരബാദ് യൂണിവേഴ്സിറ്റിയില്‍ എം.എ വിദ്യാര്‍ഥിയാണ് മൃദുല)

*Views are personal


Next Story

Related Stories