TopTop
Begin typing your search above and press return to search.

കേരള പോലീസ് സേന ഹനുമാന്‍ സേനയോ?-ടി ടി ശ്രീകുമാര്‍

കേരള പോലീസ് സേന ഹനുമാന്‍ സേനയോ?-ടി ടി ശ്രീകുമാര്‍

ടി ടി ശ്രീകുമാര്‍

കേരളത്തിലെ പോലീസ് സേന മതമൌലികവാദത്തിന്റെയും അനധികൃത സദാചാരത്തിന്റെയും ഹനുമാന്‍ സേന ആയി മാറുന്ന കാഴ്ചയാണ് ഇന്നലെ കോഴിക്കോട് കണ്ടത്. ജനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട പോലീസ് അതിനു തയാറായില്ലെന്നു മാത്രമല്ല, ജനാധിപത്യപരമായ തങ്ങളുടെ അവകാശം വിനിയോഗിക്കാന്‍ ശ്രമിച്ചവരെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ക്രൂരമായ മര്‍ദ്ദനമാണ്‌ ഇന്ന് കിസ് ഓഫ് ലവ് സമര പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തിയത്. ഇതു നിയമം അനുസരിച്ചാണ് ചുംബിക്കുന്നത് കുറ്റമാവുന്നത് എന്ന് പറയാന്‍ കഴിയാത്ത പോലീസ്, ഏതു നിയമം അനുസരിച്ചാണ് ചുംബിക്കുന്നവരെ ആക്രമിക്കുന്നത് എന്ന് പറയുക തന്നെ വേണം. സ്ത്രീകളെയും പുരുഷന്മാരെയും ചവിട്ടുകയും അസഭ്യം പറയുകയും മുടി പിടിച്ചു വലിക്കുകയും ഒക്കെ ചെയ്യുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ കാണുവാന്‍ കഴിയും. ഏതു സാഹചര്യമാണ് ഇത്തരം കൊടിയ മര്‍ദ്ദനം അഴിച്ചു വിടുന്നതിനു കാരണമായത്?

ഈ സമരം തല്ലി ഒതുക്കാം എന്ന് കരുതുന്നത് മൌഡ്യമാണ്. ഇത് തീര്‍ച്ചയായും കാലത്തിന്റെ ഒരു കണ്ണാടി കൂടിയാണ്. സമൂഹത്തില്‍ പൊതുവേ നിലനില്‍ക്കുന്ന ലൈംഗിക ദമനം (അടക്കല്‍, sexual repression) വിവിധ കോണുകളില്‍ നിന്നായി ഇന്ന് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അതിന്റെ അധീശത്വത്തെ തകര്‍ക്കുന്ന തരത്തില്‍ ഉള്ള മാറ്റമൊന്നും ഉണ്ടായിട്ടില്ലെങ്കിലും പരസ്യമായി തന്നെ ഇതിനെ എതിര്‍ക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. മുന്‍പെന്നത്തേക്കാളും സ്ത്രീകള്‍ തൊഴില്‍വിപണിയില്‍ പ്രത്യക്ഷരാവുകയും പുതിയ അണുകുടുംബങ്ങളിലെ ശ്വാസംമുട്ടലുകള്‍ അവിടെ ഒതുങ്ങാതെ പുറത്തേക്കൊഴുകുകയും അത് കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും അങ്ങനെ വിവാഹം എന്ന സ്ഥാപനം തന്നെ വര്‍ധിച്ചു വരുന്ന വിവാഹ മോചനങ്ങളിലൂടെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. രാഷ്ട്രീയമായി തിരിച്ചറിയപ്പെടാതെ പോകുമ്പോള്‍ പോലും പല തലങ്ങളില്‍ ലൈംഗിക ദമനത്തെ നിഷേധിക്കുന്ന സന്ദേഹങ്ങള്‍ ഉയരുകയും പടരുകയും ചെയ്യുന്നു.ഈ അടുത്ത കാലത്താണ് സര്‍ക്കാര്‍ ട്രാന്‍സ് ജെന്റര്‍ സമൂഹത്തെ ഉദ്ദേശിച്ച് അപേക്ഷ ഫോറങ്ങളില്‍ സ്ത്രീ/പുരുഷന്‍ എന്നിവയോടൊപ്പം മറ്റുള്ളവര്‍ എന്നുകൂടി ചേര്‍ക്കണം എന്ന് നിര്‍ദ്ദേശിച്ചത്. ഇത് ലൈംഗിക ദമനത്തിനെതിരെയുള്ള എല്‍ ജി ബി ടി സമൂഹങ്ങളുടെ നിരന്തരമായ സമരത്തിന്റെ ഭാഗമായിക്കൂടി ഉണ്ടായ നിര്‍ദ്ദേശമാണ്. ഗേ-ലെസ്ബിയന്‍ ബന്ധങ്ങളിലും ഒട്ടേറെ നിയമക്കുരുക്കുകള്‍ ഉണ്ടായിട്ടു പോലും സ്വന്തം രാഷ്ട്രീയ അജണ്ടയുമായി മുന്നോട്ടു പോകാനുള്ള ധീരമായ തീരുമാനം ഉണ്ട്. അണുകുടുംബങ്ങളിലെ സ്ത്രീ പുരുഷ ബന്ധങ്ങളില്‍ മാറ്റം ഉണ്ടാകുന്നുണ്ട്. മുന്‍പൊരിക്കലും ഉണ്ടാകാത്തത്ര വിധം ആഴത്തില്‍ കുടുംബ ജീവിതത്തെ സ്പര്‍ശിക്കുന്ന ജനാധിപത്യപരമായ തീരുമാനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതെല്ലാം മുഖ്യധാരയാണ്, ഇതാണ് പൊതു പ്രവണത എന്നല്ല. കെട്ടി നിറുത്താന്‍ കഴിയാതെ ദുര്‍ബ്ബലപ്പെട്ട ഒരു ചരടുകളല്ല ഇപ്പോഴും പിതൃ ആധിപത്യ സമൂഹമോ അതിലെ സ്ഥാപനങ്ങളായ വിവാഹമോ കുടുംബമോ ഒന്നും. ഇതെല്ലാം ഒറ്റയടിക്ക് തകരുന്ന വിപ്ലവങ്ങളുമില്ല.

എന്നാല്‍ ഈ സാഹചര്യത്തെ മുന്നോട്ടു കൊണ്ട് പോകുന്ന വിപ്ലവാത്മകത ചുംബന സമരത്തിനുണ്ട്. ഇതിനെ തല്ലിയും ആക്രമിച്ചും അവസാനിപ്പിക്കാം എന്ന് കരുതുന്നത് നിങ്ങള്‍ക്ക് ചരിത്രം അറിയാത്തതുകൊണ്ടാണ്.

* ടി ടി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്

(പ്രശസ്ത എഴുത്തുകാരനും സാമൂഹ്യ വിമര്‍ശകനുമാണ് ലേഖകന്‍)


Next Story

Related Stories