TopTop
Begin typing your search above and press return to search.

ഫാസിസത്തിന്റെ ഉപദേശകസ്ഥാനത്ത് കമ്യൂണിസ്റ്റിന്റെ ആവശ്യമില്ല; തിരിച്ചും

ഫാസിസത്തിന്റെ ഉപദേശകസ്ഥാനത്ത് കമ്യൂണിസ്റ്റിന്റെ ആവശ്യമില്ല; തിരിച്ചും

നാസിര്‍ കെ.സി

മലയാളിയുടെ എല്ലാ ജീവിത വ്യാപാരങ്ങളിലും അടുത്തകാലത്തായി ഒരു പുതുമ കാണാനുണ്ടായിരുന്നു. അതിന്‍റെ നന്മതിന്മകളെ വേര്‍തിരിക്കാന്‍ ഇനിയും കാലമായിട്ടില്ല. എന്നാല്‍ പുതുമ, പുതുമ തന്നെയാണ്. അതിന് കാലത്തിന്‍റെ ആനുകൂല്യമുണ്ട്. എങ്ങനെ രൂപപ്പെട്ടു എന്നു നിശ്ചയമില്ലാത്ത ഈ പുതിയ പ്രവണതകളെ ആദ്യം തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തിയതും അതിന് നാമകരണം നടത്തിയതും നമ്മുടെ സിനിമയാണ്. ന്യൂ ജനറേഷന്‍ സിനിമകള്‍ എന്ന് അവ പ്രത്യേകം വിളിക്കപ്പെട്ടു. എന്നാല്‍ കാഴ്ച്ചയുടെ അരുചികളെ ഹ്രസ്വകാലത്തെക്കെങ്കിലും മാറ്റി മറിച്ച ഈ സിനിമകളെ മുഖ്യധാരക്കാര്‍ വളഞ്ഞു നിന്ന് ആക്രമിച്ചു. കാണാന്‍ കൊള്ളാവുന്ന ഒരു സിനിമ പോലും സംവിധാനം ചെയ്തിട്ടില്ലാത്തവര്‍, ചെടിപ്പില്ലാതെ കണ്ടു നില്‍ക്കാവുന്ന ഒരു രംഗം പോലും അഭിനയിച്ചു ഫലിപ്പിച്ചിട്ടില്ലാത്തവര്‍ ഒക്കെ കൂട്ടം ചേര്‍ന്ന് ന്യൂജന്‍ സിനിമകളെ ആക്രമിച്ചു.

തീര്‍ച്ചയായും സിനിമയെ കുറിച്ചല്ല എനിക്കു സംസാരിക്കാനുള്ളത്. പുതുമയോടുള്ള ഒരു ഭയം നാം സൂക്ഷിക്കുന്നുണ്ട് എന്നു പറയാനാണ്. പാതി നിതംബത്തില്‍ പാന്‍റ്സ് ധരിച്ചതിന്, മുടി സ്പൈക് ചെയ്തതിന്, വീട്ടിനകത്തും ക്ലാസ്സ് മുറികള്‍ക്കകത്തും ഒക്കെ അവര്‍ അപഹസിക്കപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടികള്‍ ജീന്‍സ് ധരിച്ചത് ചോദ്യം ചെയ്യാന്‍ ആസ്ഥാന ഗായകന്‍ തന്നെ നേരിട്ടെത്തിയതും നാം കണ്ടതാണ്.

ചില ന്യൂ ജന്‍ ആക്റ്റിവിസങ്ങള്‍

ജീവിതത്തില്‍ നിന്ന് സമരങ്ങള്‍ ഇറങ്ങിപ്പോയ അരാഷ്ട്രീയ യൗവനം എന്ന പഴി പുതിയ തലമുറയ്ക്ക് പകുതിയെങ്കിലും പാകമായിരുന്നു. അപ്പോഴും അവര്‍ക്ക് രാഷ്ട്രീയം നിഷേധിച്ചത് മുതിര്‍ന്നവരാണെന്ന്‍ നാം സൗകര്യപൂര്‍വ്വം മറന്നു. എന്നാല്‍ രാഷ്ട്രീയം ജീവിതത്തെ പിന്തുടരുന്നത് തടയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ന്യൂജനറേഷന്‍ ഭാവുകത്വത്തിന്‌ ഇണങ്ങിയ നവമാധ്യമങ്ങളില്‍ അവര്‍ രാഷ്ട്രീയം അറിഞ്ഞു. അവര്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയും വഴക്ക് കൂടുകയും ചെയ്തു. സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളിലും അവര്‍ സജീവമായ താല്‍പ്പര്യം കാണിച്ചു. ആദിവാസികള്‍, ദളിതുകള്‍, സ്ത്രീകള്‍, കുട്ടികള്‍ അങ്ങനെ ഒരു പ്രശനവും അവര്‍ക്ക് അന്യമല്ലാതായി. ഒരായുസ്സ് മുഴുവന്‍ നിരാഹാരസമരം നടത്തിയ ഇറോം ഷര്‍മ്മിളയെ മുഖ്യധാരാ മാധ്യമങ്ങള്‍ മറന്നു കളഞ്ഞപ്പോള്‍ നവ മാധ്യമങ്ങള്‍ വഴി അവരെ സമൂഹത്തിന്‍റെ ഓര്‍മ്മയില്‍ നില നിര്‍ത്തിയത് ഈ ന്യൂജനറെഷനായിരുന്നു. പുതിയ അറിവുകളും അവബോധങ്ങളുമായി അവര്‍ ജീവിതത്തെ ജാഗ്രത്താക്കി. ആസന്ന മരണയായ മാതൃഭാഷയെ സജീവവും സചേതനവും ആക്കി നിലനിര്‍ത്തിയത് പോലും ഈ ന്യൂജനറേഷന്‍ ആക്ടിവിസമാണ് എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.

ഒരു പുതിയ സമരം

കോഴിക്കോട്ടെ ഒരു ഹോട്ടല്‍ ആക്രമണത്തില്‍ നിന്നാണ് ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സമരത്തിന് കുറച്ചു ചെറുപ്പക്കാര്‍ തുടക്കം കുറിക്കുന്നത്. അനാശാസ്യം ആരോപിച്ച് ഒരു ഹോട്ടല്‍ ആക്രമിച്ചു എന്നതായിരുന്നില്ല സമരത്തിന്‍റെ ഒരേയൊരു കാരണം. വ്യക്തി സ്വാതന്ത്ര്യം നിരന്തരമായി ചോദ്യം ചെയ്യപ്പെടുകയും സദാചാരപ്പോലീസ് ആക്രമണങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയതിന്‍റെ അന്ത്യത്തിലെ മറ്റൊരു നിര്‍ണ്ണായകമായ സംഭവമായിരുന്നു അത്. ആലിംഗനബദ്ധരായ പ്രണയ ജോഡികള്‍ ഹോട്ടലുകളില്‍ മാത്രമല്ല, വീടുകളിലും തെരുവുകളിലും സ്കൂളുകളിലും ഒക്കെയുണ്ട്. സമൂഹത്തിന്‍റെ സദാചാരക്കണ്ണുകളെ നിരന്തരം കബളിപ്പിച്ചുകൊണ്ട് ഈ ആലിംഗനങ്ങള്‍ നിരന്തരം നടക്കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ സമൂഹം അതിന്‍റെ ആരോഗ്യം വീണ്ടെടുക്കുന്നത് ഈ ഒളിലൈംഗികതയില്‍ നിന്നാണ്. അതിന്‍റെ പേരില്‍ ആക്രമണം തുടങ്ങിയാല്‍ ഹോട്ടലുകള്‍ മാത്രമല്ല കലാശാലകളും നിയമസഭകളും പോലും തകര്‍ക്കേണ്ടി വരും. അപ്പോള്‍ ഹോട്ടല്‍ ആക്രമണത്തിനു പിന്നില്‍ ഒളിഞ്ഞു കിടക്കുന്ന വര്‍ഗ്ഗീയദാഹങ്ങള്‍ കൂടിയുണ്ട് എന്നു കണ്ടെത്താന്‍ കഴിയും. അതുകൊണ്ടാണ് ചുംബന സമരത്തിന് വ്യക്തിസ്വാതന്ത്ര്യം, ലൈംഗികസ്വാതന്ത്ര്യം എന്നിവയ്ക്ക് വേണ്ടിയുള്ള സമരം എന്നതിനേക്കാള്‍ അതൊരു ഫാസിസ്റ്റ് വിരുദ്ധ സമരം കൂടിയായി തീരുന്നത്.

പ്രണയങ്ങള്‍ പ്രത്യേകിച്ച് മതേതരമായ മാനങ്ങളുള്ള പ്രണയങ്ങള്‍ അനുവദിക്കില്ല എന്ന നിശ്ചയങ്ങള്‍ ആണ് എല്ലാ വര്‍ഗ്ഗീയവാദികളെയും ഒറ്റച്ചരടില്‍ കോര്‍ത്തുകെട്ടിയത്. കൊച്ചിയിലും കോഴിക്കോട്ടും ഈ അവിശുദ്ധ മത സൌഹാര്‍ദ്ധ കൂട്ടുകെട്ടു പ്രത്യക്ഷമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുംബനസമര പരാമര്‍ശം നാം വിലയിരുത്തേണ്ടത്. പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ ഇടപെടാന്‍ വിധിക്കപ്പെട്ടത് കാരണം ഇടതുവിരുദ്ധ പൊതുബോധത്തെ താങ്ങി നിര്‍ത്താനുള്ള ഉത്തരവാദിത്തം ചിലപ്പോള്‍ പാര്‍ട്ടിയുടെ തലയില്‍ വന്നു വീഴാറുണ്ട്‌. കമ്മ്യൂണിസ്റ്റ് വിരുദ്ധത, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ കൊണ്ട് തന്നെ ചെയ്യിക്കാവുന്ന അന്യൂനമായ സംവിധാനമാണ് ഇന്ത്യന്‍ പാര്‍ലമെന്‍ററി രീതിക്കുള്ളത്.

കമ്മ്യൂണിസ്റ്റ് ഐഡന്‍റിറ്റി

ലോകത്ത് എല്ലായിടത്തും കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒറ്റ മുഖവും ഒറ്റ ഐഡന്‍റിറ്റിയുമാണ്‌. അത് സാത്മ്യപ്പെട്ടിരിക്കുന്നത് മാര്‍ദ്ധിതരോടും പീഡിതരോടുമാണ്. ചൂഷണാധിഷ്ഠിത വ്യവസ്ഥയെ തകര്‍ക്കുക എന്നു പറയുന്നതിന്‍റെ അര്‍ത്ഥം അതിന്‍റെ മൂല്യവ്യവസ്ഥയെ തകര്‍ക്കുക എന്നാണ്. പുതിയ ആരോഗ്യകരമായ ഒരു മൂല്യവ്യവസ്ഥയെ പകരം വെക്കാതെ കമ്മ്യൂണിസത്തിന് അതിന്‍റെ പ്രസക്തി വീണ്ടെടുക്കാനാവുകയില്ല. പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ സൌകര്യത്തിനനുസരിച്ച് പൊതുബോധത്തിന്‍റെ സൂക്ഷിപ്പുകാരായി തുടര്‍ന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ നഷ്ടപ്പെടുത്തുന്നത് അവരുടെ ഐഡന്‍റിറ്റിയാണ്. ഈ ഐഡന്‍റിറ്റി ക്രൈസിസ് ആണ് യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ന് അനുഭവിക്കുന്നത്. അതുകൊണ്ടാണ് സംഘപരിവാരത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഭാഷയ്ക്ക് ചിലപ്പോള്‍ സാദൃശ്യം ഉണ്ടാകുന്നത്.

സദാചാരവും ലൈംഗികതയും ഫാസിസത്തിന്‍റെ ഉപകരണങ്ങളാണ്. സദാചാരലൈംഗികത കണിശമാക്കുന്നതിലൂടെയാണ് പിതൃ ആധിപത്യവ്യവസ്ഥകള്‍ നിലനില്‍ക്കുന്നത്. ഫാസിസവും പിതൃ ആധിപത്യവും രക്തബന്ധുക്കളാണ്. ഒന്നു നിലനില്‍ക്കുമ്പോള്‍ മറ്റേതും നിലനില്‍ക്കും. സദാചാരത്തിനും ലൈംഗിക ശുദ്ധിക്കും വേണ്ടി വാദിക്കുമ്പോള്‍ തന്‍റെ ശത്രുവിന് വേണ്ടിയാണ് കമ്മ്യൂണിസ്റ്റുകാര്‍ വാദിക്കുന്നത്. അതുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന പകുതി ശരിയും പകുതി തെറ്റുമാണ് എന്ന വാദം അസംബന്ധമായിത്തീരുന്നത്. സമരം ചെയ്യാനുള്ള അവകാശം ഉണ്ട് എന്നതിനേക്കാള്‍ ആ സമരരീതി തന്നെയാണ് മാര്‍ക്സിസ്റ്റുകള്‍ ശരിവെക്കേണ്ടത്. ലൈംഗികതയുടെ ഇരുണ്ട കോട്ടകള്‍ തകരേണ്ടത് കമ്മ്യൂണിസ്റ്റുകാരുടെ ആവശ്യമാണ്‌ എന്നത് നാം മറക്കരുത്.

കിടപ്പുമുറിയില്‍ അടച്ചു സൂക്ഷിച്ച ലൈംഗികതയെ നിഗൂഡമാക്കിയാണ് മതവും അനുബന്ധ സ്ഥാപനങ്ങളായ മുതലാളിത്തവും ഫാസിസവുമെല്ലാം നിലനില്‍ക്കുന്നത്. അവരുടെ ഉപദേശക സ്ഥാനത്ത് ഒരു കമ്യൂണിസ്റ്റുകാരനെ ആവശ്യമില്ല.

ഒരു എഫ് ബി കുറിപ്പ്

ഇന്ന് തെരുവില്‍ വച്ച് പരസ്യമായി ചുംബിക്കാനുള്ള അവകാശത്തിനു വേണ്ടി വാദിക്കുന്നവര്‍ നാളെ അതില്‍ കൂടുതല്‍ ആവശ്യപ്പെടില്ലേ?

സഖാവേ, ചോദ്യം വ്യക്തമല്ല

വ്യക്തമാക്കാം : ഭാര്യാഭര്‍ത്താക്കന്മാര്‍ ബെഡ്റൂമില്‍ ചെയ്യുന്നത് തെരുവില്‍ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടില്ലേ?

സംശയം ന്യായമാണ്. ഇതേ സംശയം നേരത്തെ മലയാള സിനിമയ്ക്ക് പറ്റിയ നായികയായ ഷീലാമ്മയ്ക്കും ഉണ്ടായിരുന്നു. പക്ഷെ സഖാവിന്‍റെ ചോദ്യത്തില്‍ ചില പിശകുകളും ദുസ്സൂചനകളും ഉണ്ട്.

ഒന്ന്‍: ലൈംഗികബന്ധം ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലെ പാടുള്ളൂ എന്നത്. രണ്ട്: കിടപ്പുമുറിയില്‍ ഒളിപ്പിച്ചുവെക്കേണ്ട ഒരു രഹസ്യവസ്തുവാണ് ലൈംഗികത എന്നത്. അത് വലിച്ചു പുറത്തേക്ക് കൊണ്ടുവന്നേക്കരുത് എന്ന താക്കീത്.

ഉത്തരം

ബാലിശമാണ് ഈ ശങ്കകള്‍. ഒരു മാര്‍ക്സിസ്റ്റിന് ഇത്തരം സംശയങ്ങളും ആശങ്കകളും ഭൂഷണമല്ല. കാരണം മാര്‍ക്സിസ്റ്റുകള്‍ക്ക് സ്നേഹമാണ് പ്രധാനം, ബന്ധമല്ല. ഇഷ്ടമുള്ള രണ്ടാളുകള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു തടസ്സങ്ങളില്ല. വിവാഹം ഒരു മാര്‍ക്സിയന്‍ ആചാരമല്ല. പരസ്പരം ഇഷ്ടമുള്ളവര്‍ ഒരുമിച്ചു ജീവിക്കുന്നതിനെയാണ് മാര്‍ക്സിസ്റ്റുകള്‍ കുടുംബം എന്നു വിളിക്കുന്നത്‌. അത് സാമൂഹികമായ അടിച്ചെല്‍പ്പിക്കലല്ല. യാഥാസ്ഥിതിക കുടുംബഘടനയെ മാര്‍ക്സിസ്റ്റുകള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. മാര്‍ക്സിസ്റ്റുകളെ അവരും.

ചുംബന സമരത്തില്‍ പങ്കെടുക്കുന്ന എല്ലാ ആളുകളും മാര്‍ക്സിസ്റ്റുകള്‍ അല്ല. പക്ഷെ അവര്‍ മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ മാര്‍ക്സിയന്‍ ആണ്. സമൂഹത്തെ യാഥാസ്ഥിതികതയില്‍ നിന്ന് മോചിപ്പിക്കുകയാണ് അതിന്‍റെ ലക്ഷ്യം. മാര്‍ക്സിസ്റ്റ്‌ അടിത്തറയില്‍ നില്‍ക്കുന്ന പാര്‍ട്ടികളും സംഘടനകളും അവരെ പിന്തുണയ്ക്കേണ്ടതന്‍റെ ആവശ്യം അതാണ്‌.

അത് ചെയ്യുന്നില്ലെങ്കില്‍ ചരിത്രപരമായ വിഡ്ഢിത്തത്തിന് മറ്റൊരവസരം കൂടി നിങ്ങള്‍ക്ക് ലഭിക്കും. അത്രമാത്രം.

(കണ്ണൂരില്‍ അദ്ധ്യാപകനാണ് ലേഖകന്‍)

*Views are personal


Next Story

Related Stories