TopTop
Begin typing your search above and press return to search.

കിസ് ഓഫ് ലൗവ്; പ്രമുഖര്‍ പ്രതികരിക്കുന്നു

കിസ് ഓഫ് ലൗവ്; പ്രമുഖര്‍ പ്രതികരിക്കുന്നു

ടി എന്‍ സീമ, എം പി
സിപിഐ എം

കപട സദാചാരത്തിന്റെ പേരില്‍ ജനാധിപത്യാവകാശത്തിനുമേലുള്ള ഗുണ്ടായിസമാണ് കോഴിക്കോട് നടന്നത്. അതിനെതിരെ നടക്കുന്ന പ്രതിഷേധത്തെ ഒരു സമരരൂപം എന്ന നിലയില്‍ സപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം തന്നെ ഈ സമരം പ്രതിലോമ കക്ഷികള്‍ തങ്ങള്‍ക്കനുകൂലമായ അവസരമാക്കിയും ഉപയോഗിച്ചേക്കാം.


അഡ്വ.ബിന്ദു കൃഷ്ണ
മഹിള കോണ്‍ഗ്രസ്

പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും പേരില്‍ സ്ത്രീ ഇരയാക്കപ്പെടുന്ന മറ്റൊരു സാഹചര്യമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. അതിനാല്‍ നാളെ നടക്കുന്ന ചുംബനസമരത്തോട് ഞാന്‍ തീര്‍ത്തും വിയോജിക്കുന്നു. സദാചാര ഗുണ്ടായിസത്തെ അങ്ങേയറ്റം എതിര്‍ക്കുന്നു. എങ്കില്‍ തന്നെയും അതിനെതിരെ സംഘടിപ്പിക്കുന്ന ഈ പ്രതിഷേധം പ്രതിലോമാത്മകമായി സ്ത്രീകളെ വീണ്ടും ഇരകളാക്കുമെന്ന് സംശയിക്കുന്നു. ഈ സമരത്തിന്റെ വക്താക്കളായതിന്റെ പേരില്‍ സ്ത്രീകള്‍ക്കുനേരെ നാളെ തെരുവില്‍ നിന്ന് അക്രമങ്ങളുണ്ടായേക്കാമെന്നും ഭയക്കുന്നു.

ടി വി രാജേഷ് എം എല്‍ എ
ഡിവൈഎഫ്‌ഐ

എല്ലാവര്‍ക്കും കൂടിച്ചേരാന്‍ കഴിയുന്ന പ്രതിഷേധങ്ങളാണ് അഭികാമ്യം. അതേസമയം തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയിലുള്ള പ്രതിഷേധങ്ങളെ പാടുള്ളൂ, അല്ലാത്തവയെ എതിര്‍ക്കുമെന്നു പറയുന്നത് ഫാഷിസമാണ്. ആ ഫാഷിസ്റ്റ് നിലപാടിനെ ഒരു തരത്തിലും അംഗീകരിച്ചുകൊടുക്കാന്‍ സാധിക്കില്ല. ഈ നിലപാടുമായി രംഗത്തുവരുന്നവരെ ഡിവൈഎഫ്‌ഐ ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യും. മോറല്‍ പോലീസിംഗിനെതിരെ സമയോചിതമായി ഇടപ്പെടാന്‍ ഡിവൈഎഫ്‌ഐക്ക് കഴിയുന്നുണ്ട്. വര്‍ഗീയശക്തികള്‍ മതത്തിന്റെ മറവില്‍ അഴിച്ചുവിടുന്ന അക്രമണം അടിച്ചമര്‍ത്തപ്പെടുന്നത് ഇടതുപക്ഷയുവജനപ്രസ്ഥാനങ്ങളാലാണ്.

ശോഭ സുരേന്ദ്രന്‍
ബിജെപി

കോഴിക്കോട് നടന്നൊരു സംഭവത്തെ കൂട്ടുപിടിച്ചുകൊണ്ട് നമ്മുടെ നാടിന്റെ സംസ്‌കാരത്തെ തകര്‍ക്കാന്‍ കിട്ടിയിരിക്കുന്ന ഒരവസരമായിട്ടാണ് ഇതിന്റെ സംഘാടകര്‍ ചുംബനസമരത്തെ ഉപയോഗിക്കുന്നത്. ആദിമകാലത്തിലെ ഗോത്രസംസ്‌കാരം വരുന്നതിനു മുമ്പ് സ്ത്രീപുരുഷന്മാര്‍ പൊതുവിടങ്ങളില്‍ ലൈംഗിക വേഴ്ചകള്‍ നടത്തിയിരുന്നു. ഗോത്രസംസ്‌കാരം ഉടലെടുത്തതോടെയാണ് ഒരു പ്രത്യേക സംസ്‌കൃതിയിലേക്ക് മനുഷ്യര്‍ മാറുന്നത്. ഗോത്ര സംസ്‌കാരത്തില്‍ നിന്ന് കൂട്ടുകുടംബ വ്യവസ്ഥയിലേക്ക് വന്നപ്പോള്‍ കുറെക്കൂടി ആഴത്തിലും പരപ്പിലുമുള്ള സംസ്കാരത്തിന്റെ കേന്ദ്രീയതയില്‍ കുടുംബബന്ധങ്ങള്‍ ദൃഢമാവുകയാണുണ്ടായത്. അവിടെ നിന്ന് അണുകുടംബത്തിലേക്ക് മാറിയപ്പോഴും സ്വന്തം സംസ്‌കാരത്തെ കൈവിടാന്‍ നമ്മള്‍ തയ്യാറായിട്ടില്ല. നമ്മുടെ സാംസ്‌കാരിക പുരോഗതി ഈ കുടുംബബന്ധങ്ങളുടെ ദൃഢതയിലാണ് മുന്നോട്ടുപോകുന്നത്. ഇന്ന് പൊതുസ്ഥലത്ത് ചുംബനം നടത്തുമെന്ന് പറയുന്നതവര്‍ നാളെ തങ്ങളുടെ ലൈംഗികവേഴ്ചയ്ക്കും പൊതുവിടങ്ങള്‍ വിട്ടുതരണമെന്ന് പറയും. ഇത് ആധുനികതയോ വിവേകപരമായ മുന്നേറ്റമോ അല്ല, മറിച്ച് ഇവര്‍ സമൂഹത്തെ നയിക്കാന്‍ ആഗ്രഹിക്കുന്നത് പ്രാകൃത യുഗത്തിലേക്കാണ്.

കല്‍പ്പന
സിനിമ താരം

അടുക്കളയില്‍ ചെയ്യേണ്ടത് അടുക്കളയിലാണ് ചെയ്യേണ്ടത്, കിടപ്പറയില്‍ ചെയ്യേണ്ടത് കിടപ്പറയിലും. രണ്ടുപേര്‍ തമ്മില്‍ ഉമ്മ വയ്ക്കുന്നതില്‍ ഒരു തെറ്റുമില്ല, അതു മനുഷ്യാവകാശമാണ്. പക്ഷെ പൊതുുജനങ്ങളെ ഭയക്കണം എന്നൊരു കാര്യമുണ്ടല്ലോ. നാളെ ഉമ്മ വയ്ക്കാന്‍ വരുന്ന ചെറുപ്പാക്കരൊക്കെ അവരവരുടെ വീട്ടിലുള്ള അമ്മയെയും പെങ്ങളെയും അച്ഛനെയും സഹോദരനെയുമൊക്കെ കൊണ്ടുവരണം. എന്നിട്ട് ഇവരെയെല്ലാം മറ്റുള്ളവര്‍ക്ക് ഉമ്മ വയ്ക്കാന്‍ വിട്ടുകൊടുക്കണം പകരം അവരുടെ അമ്മ പെങ്ങന്മാരെ ഇവരും ഉമ്മ വയ്ക്കണം. എല്ലാം സമമായിരിക്കണമല്ലോ. അതിനുള്ള ധൈര്യം ഈ ചെറുപ്പക്കാര്‍ക്കുണ്ടോ? എന്തു വൃത്തികേടും നടുറോഡില്‍ കാണിക്കുന്നതല്ല വ്യക്തി സ്വാതന്ത്ര്യം. നാളെ രണ്ടുപേര്‍ വന്ന് ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് നടുറോഡിലാണ് ഒരാളും സദാചാരം പറഞ്ഞോണ്ടു വന്നേക്കരുതെന്ന് പറഞ്ഞാല്‍ എന്താണ് അവസ്ഥ? ഇത് അമേരിക്കയല്ല. ഇന്ത്യ ഇന്നും ലോകരാജ്യങ്ങളുടെ ബഹുമാനം ഏറ്റുവാങ്ങി നിലകൊള്ളുന്നത് നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ്. സ്വന്തം കാര്യം നോക്കുന്ന ഒരു തലമുറയുടെ പ്രകടനങ്ങളാണ് ഈ നടക്കുന്നത്. മറ്റുള്ളവന്റെ നന്മയ്ക്കുവേണ്ടി ത്യാഗം ചെയ്യാന്‍ ഇവര്‍ പഠിച്ചിട്ടില്ല. ലോകോപകാരപ്രദമായ ഒരു സമ്മേളനം അല്ല നാളെ നടക്കുന്നതെന്ന് ഉറപ്പാണ്.

ഡീന്‍ കുര്യാക്കോസ്
യൂത്ത് കോണ്‍ഗ്രസ്

സദാചാര പോലീസിംഗിനെതിരെയുള്ള പ്രതികാത്മാകമ സമരമാണെന്നാണ് അതിന്റെ വക്താക്കള്‍ പറയുന്നത്. ജനാധിപത്യവ്യവസ്ഥിതിയില്‍ അവരുടെ നീക്കത്തെ തടയാന്‍ ആര്‍ക്കും അവകാശമില്ല.ഈ സമരം സമൂഹത്തിന്റെ സംസ്‌കര സമ്പന്നതയെ തകര്‍ക്കുമെന്നൊക്കെയുള്ള വാദത്തിനോട് ഇപ്പോള്‍ പ്രതികരിക്കാനാവില്ല. ഈ പ്രതിഷേധം കഴിയുന്നവരെ കാത്തിരിക്കുക. ബാക്കി ചര്‍ച്ചകളൊക്കെ അതിനുശേഷം.

വി എസ് ജോയ്
കെഎസ്‌യു

നാളത്തെ സമരത്തെ കെ എസ് യു അനുകൂലിക്കുന്നില്ല. അതേസമയം പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ ചോദ്യം ചെയ്യുന്നുമില്ല. എറണാകുളം ജില്ലാ കമ്മിറ്റിയിലെ ചില പ്രവര്‍ത്തകര്‍ സമരത്തിന്റെ വക്താക്കളെ തടഞ്ഞത് വൈകാരികമായൊരു എടുത്തുചാട്ടമായിരുന്നു. അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. കെഎസ് യു നാളത്തെ സമരത്തെ യാതൊരുവിധത്തിലും എതിര്‍ക്കില്ല.

പി സുധീര്‍
യുവമോര്‍ച്ച

കേരളത്തിന്റെ സദാചാര സംസ്‌കാരത്തിനുനേരെയുള്ള വെല്ലുവിളിയാണ് നാളെ നടക്കുന്ന ചുംബനസമരം. ഇതിനെതിരെ നടപടിയെടുക്കേണ്ടത് ഇവിടുത്തെ ഭരണ സംവിധാനങ്ങളാണ്. യുവമോര്‍ച്ച ഏതെങ്കിലും തരത്തില്‍ ഈ സമരത്തെ തടയാന്‍ ഉദ്ദേശിച്ചിട്ടില്ല. പ്രതികരിക്കേണ്ടത് സമൂഹവും ഭരണകൂടവും തന്നെയാണ്.

രാഹുല്‍ ശിശുപാലന്‍
കിസ് ഓഫ് ലൗവ് സംഘാടകന്‍

നാളെ സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ ബാഹ്യശക്തികളുടെ ഇടപെടലുകളുണ്ടാകാനുള്ള സാധ്യത കാണുന്നു. നാട്ടുകാര്‍ എന്ന ലേബലില്‍ സദാചാരവാദി സംഘടനകളുടെ പ്രതിനിധികള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. ഇന്നലെ മാതൃഭമി ചനലിലെ ഒരു പ്രോഗ്രാം ഷൂട്ട് ചെയ്യുന്നതിനിടയിലുണ്ടായ അതിക്രമം അതിന്റെ മുന്നോടിയായി കാണാം. പൊതുസ്ഥലത്ത് ചുംബിക്കാന്‍ ധൈര്യമുള്ളവന്‍ ഈ സ്വകാര്യതയില്‍ അതിനു തയ്യാറാകുമോയെന്ന് യുവമമോര്‍ച്ചാക്കാര്‍ ചോദിച്ചപ്പോഴാണ് ഞാന്‍ ഭാര്യയുടെ കവളില്‍ ചുംബിച്ചത്. അതിനെതിരെ വലിയ കോലാഹലമാണ് ചാനലിന്റെ സ്റ്റുഡിയോ ഫ്‌ളോറില്‍ നടന്നത്. നാളെ സംഘടിപ്പിക്കുന്ന പ്രതിഷേധസമരത്തില്‍ പങ്കെടുക്കാന്‍ വരുന്നവരെല്ലാം ഒരേ ഉദ്ദേശശുദ്ധിയോടെ വരുന്നവരാണെന്ന് ഉറപ്പില്ല. അമ്പതുപേരെങ്കിലും യഥാര്‍ത്ഥ്യലക്ഷത്തോടെ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

അന്‍സിബ ഹസന്‍
ചലച്ചിത്ര താരം

എനിക്ക് വ്യക്തിപരമായി അറിയാവുന്നതും ഞാനും കുടുംബവും പോകാറുള്ളതുമായ ഇടമാണ് കോഴിക്കോട് ഡൗണ്‍ ടൗണ്‍ കഫെ. ആരോപിക്കപ്പെടുന്നതുപോലെ അവിടെ മോശമായകാര്യങ്ങളൊന്നും നടക്കുന്നതായി ഇതുവരെ കണ്ടിട്ടില്ല. കഫെ അടിച്ചു തകര്‍ത്തെന്നു കേട്ടപ്പോള്‍ വലിയ വിഷമം തോന്നി. മോറല്‍ പോലിസിംഗ് എതിര്‍ക്കപ്പെടേണ്ടതാണ്. നാളത്തെ പ്രതിഷേധ സമരം മാന്യമായൊരു രീതിയിലാണ് നടക്കുന്നതെങ്കില്‍ അതിനെ സപ്പോര്‍ട്ട് ചെയ്യുന്നു.


Next Story

Related Stories