TopTop
Begin typing your search above and press return to search.

ചുംബന സമരം വിജയം തന്നെയാണ്; ഒരു ചൂണ്ടുപലകയും.

ചുംബന സമരം വിജയം തന്നെയാണ്; ഒരു ചൂണ്ടുപലകയും.

രാകേഷ് നായര്‍

സദാചാര പൊലീസിങ്ങിനെതിരെയുള്ള ചുംബനക്കൂട്ടായ്മ തടഞ്ഞത് കൊച്ചിയില്‍ ക്രമസമാധാനപ്രശ്‌നമായി. ചുംബനസമരത്തിനെത്തിയവരെ പോലീസ് മുന്‍കരുതല്‍ നടപടിയായി അറസ്റ്റ് ചെയ്തു നീക്കുകയും മറൈന്‍ ഡ്രൈവില്‍ പ്രതിഷേധത്തിനെത്തിയ വിവിധ സംഘടനകളിലെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ്ജ് നടത്തുകയും കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും ചെയ്തതോടെ കൊച്ചി അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായി.

ചുംബനസമരം നടക്കുമെന്ന് പ്രഖ്യാപിച്ച സമയത്തിനു മുമ്പ് തന്നെ യുവമോര്‍ച്ച, ശിവസേന, എസ്ഡിപി ഐ അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി മറൈന്‍ ഡ്രൈവില്‍ തടിച്ചുകൂടിയിരുന്നു.ഇതോടെ കിസ് ഓഫ് ലൗവിന്റെ പ്രവര്‍ത്തകര്‍ക്ക് ഇങ്ങോട്ട് വരാന്‍ കഴിയാത്ത സാഹചര്യമായി. ഇതോടെ ഇവരില്‍ ഒരു സംഘം ലോ കോളേജ് പരിസരത്ത് ഒത്തുചേര്‍ന്ന് തങ്ങളുടെ പ്രതിഷേധം നടത്താനാണ് പദ്ധതിയിട്ടത്. എന്നാല്‍ പൊലീസ് ഇവരെ അറസ്റ്റ്‌ചെയ്ത് കൊണ്ടുപോവുകയായിരുന്നു.ഈ സമയത്ത് ചുംബനക്കൂട്ടായ്മക്കെതിരെ പ്രതിഷേധവുമായി എത്തിയവരുടെ നീക്കം അക്രമത്തിലേക്ക് കടക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ പൊലീസ് ഇവരെ തടയാന്‍ ആരംഭിച്ചിരുന്നു. ഈ സമയം ചുംബനസമരക്കാര്‍ക്ക് പിന്തുണയുമായി ബാനറുകളും മുദ്രാവാക്യങ്ങളുമായി ഒരു സംഘം മറൈന്‍ ഡ്രൈവിലേക്ക് എത്തി. ഇതോടെ കാര്യങ്ങള്‍ കൈവിട്ടു. പിന്നീട് പൊലീസിന്റെ ലാത്തിവീശലായിരുന്നു. പ്രതിഷേധക്കാരും ചുംബനക്കൂട്ടായ്മക്കാരും കാഴ്ചക്കാരായി എത്തിയവരുമുള്‍പ്പെടെ വലിയൊരു ജനക്കൂട്ടമായിരുന്നു ഈ സമയം മറൈന്‍ ഡ്രൈവിലും ഹൈക്കോടതി പരസരത്തുമൊക്കെയായി ഉണ്ടായിരുന്നത്. പൊലീസ് ലാത്തിവീശിയതോടെ ആള്‍ക്കാര്‍ നാലുപാടും ചിതറിയോടി. നിരവധിപ്പേര്‍ക്ക് ലാത്തി ചാര്‍ജില്‍ പരുക്കേറ്റിട്ടുണ്ട്.

ചുംബനക്കൂട്ടായ്മക്കെതിരെ വലിയപ്രതിഷേധം ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പൊലീസ് വേണ്ട സന്നാഹം ഒരുക്കുകയോ ആവശ്യമായ മുന്‍കരുതല്‍ എടുക്കുകയോ ചെയ്യാത്തതാണ് പ്രശ്‌നം ഇത്ര വഷളായതിന് കാരണം. സര്‍ക്കാരിന്റെ അയഞ്ഞ നിലപാട് സദാചാരസംഘങ്ങളെ സഹായിക്കുന്നതായിരുന്നുവെന്നാണ് കിസ് ഓഫ് ലൗവ് പ്രവര്‍ത്തകരുടെ ആക്ഷേപം. ഹൈക്കോടതി ചുംബനക്കൂട്ടയ്മയ്ക്ക് അനുവാദം നിഷേധിച്ചിരുന്നില്ലെങ്കിലും സാഹചര്യം യുക്തിപൂര്‍വ്വം കൈകാര്യം ചെയ്യണമെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പരിധിവിട്ടാല്‍ കേസ് എടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അവര്‍ വിചാരിച്ചതിലും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. അത് പൊലീസിന്റെ കണക്കുക്കൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു.അതേസമയം ചുംബനസമരക്കാര്‍ക്ക് തങ്ങളുന്നയിച്ച വിഷയം വലിയ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതുകൊണ്ട് തന്നെ ഈ സമരം വിജയമാണ് എന്നു പറയാം. രാഷ്ട്രീയ/മത സംഘടനകളുടെ പ്രതിഷേധത്തെക്കാള്‍ ചുംബനക്കൂട്ടായ്മക്കാര്‍ക്ക് തടസമായത് പൊലീസ് തന്നെയാണ്. കോടതിയും വിവിധ രാഷ്ട്രീയപാര്‍ട്ടികളുമടക്കം പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ഇന്ന് ഉച്ചവരെ കിസ് ഓഫ് ലൗവ് പ്രവര്‍ത്തകര്‍. എന്നാല്‍ നിയമത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ യാതൊരുവിധ സഹായവും ഇവര്‍ക്ക് ലഭിച്ചില്ല എന്നതാണ് ഇന്നു നടന്ന സംഭവങ്ങളെ ഒറ്റനോട്ടത്തില്‍ വിലയിരുത്തിയാല്‍ വ്യക്തമാകുന്നത്. സര്‍ഗാത്മകപ്രതിഷേധം നടത്തുന്നവരെ കൈക്കരുത്തുകൊണ്ട് തടയാന്‍ ശ്രമിച്ചാല്‍ അതിനെതിരെ ശക്തമായ നിലപാട് എടുക്കുമെന്ന് പ്രഖ്യാപിച്ച ഇടതുപക്ഷ സംഘടനകളെയോ, സമരരീതിയെ അനുകൂലിക്കുന്നില്ലെങ്കിലും സമരം ചെയ്യാനുള്ള അവകാശത്തെ സംരക്ഷിക്കുമെന്നു പറഞ്ഞ വലതുപക്ഷ സംഘടനകളെയോ ഈ പ്രദേശത്ത് കണ്ടില്ലെന്നതാണ് സത്യം. പ്രഖ്യാപനങ്ങളും പിന്തുണകളും വാക്കുകളാല്‍ നടത്തി വിദഗ്ദമായി ഒഴിഞ്ഞുമാറി നില്‍ക്കുകയായിരുന്നു ഈ സംഘടനകളെല്ലാം, ഒറ്റപ്പെട്ട പിന്തുണക്കാര്‍ ഇല്ലായിരുന്നു എന്നല്ല.

എന്തായാലും സദാചാര പൊലീസിംഗിനെതിരെയുള്ള സമരം വലിയ ചര്‍ച്ചാ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് കിസ് ഓഫ് ലവ് സമരത്തിന്റെ പ്രസക്തി. കേരളം ഇതില്‍ നിന്ന് എന്തു പഠിക്കും എന്നതായിരിക്കും ഇന്ന് കണ്ട ആള്‍ക്കൂട്ടം നിശ്ചയിക്കാന്‍ പോകുന്നത്.


Next Story

Related Stories