TopTop
Begin typing your search above and press return to search.

ചുംബനസമരം: സംഘികളും ടെക്കികളും വായിച്ചറിയാന്‍

ചുംബനസമരം: സംഘികളും ടെക്കികളും വായിച്ചറിയാന്‍

വി കെ അജിത്‌ കുമാര്‍


സമരങ്ങള്‍ രൂപപ്പെടുന്നത് സമൂഹത്തിലെ അസന്തുലിതാവസ്ഥയില്‍ നിന്നുമാണ്. ആശയപരവും വ്യക്ത്യധിഷ്ടിതവുമായ പ്രതിഷേധങ്ങള്‍ ഒരേപോലെ സമരത്തിന്‍റെ രേഖകളില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

സമരമാര്‍ഗ്ഗങ്ങളുടെയും സമരത്തിന്‍റെയും ചരിത്രത്തില്‍ മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുള്ളതിലേറെപ്പറയാനുണ്ട് ഏതാണ്ട് 500 കിലോമീറ്റര്‍ നിളം മാത്രമവകാശപ്പെടാനുള്ള കേരളത്തിന്. സമരങ്ങളും ലഹളകളുമായി അവയെ വായിക്കുമ്പോള്‍ പലതും സമുഹികമായ പരിഗണനയ്ക്ക് വേണ്ടി നടന്ന ആശയസമരങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുന്നത്. മാറുമറയ്ക്കാന്‍ വേണ്ടിയും അരങ്ങത്തേക്ക് എത്താന്‍ വേണ്ടിയും ആരാധനാലയങ്ങളില്‍ കയറി ദൈവസാന്നിധ്യമറിയാന്‍ വേണ്ടിയും ജന്മിത്ത്വത്തിനെതിരെയും പിന്നെ തെരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനത്തിനെതിരെയും സമരം ചെയ്തവരാണ് മലയാളികള്‍. സമരങ്ങളുടെ ഈ പഴയതലമുറ കടന്നെത്തുമ്പോള്‍ ഇന്ന് ലിപ് ലോക്ക് സമരത്തിന്‍റെ പുതു രുചിയിലാണ് കേരളമെത്തുന്നത്. ഇവിടെ പ്രതിഷേധത്തിനുപരി സമരമെന്ന ആശയത്തിന്‍റെ പുതുവ്യാഖ്യാനമാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത്.

ഒരു വശത്ത് മോറല്‍ പോലീസിംഗ്- സദാചാര വാദികളും മറുവശത്ത് ഇതിനെ വെല്ലുവിളിക്കുന്നവരും അണിനിരന്നപ്പോഴാണ് ഈ സമരം പ്രസക്തമാകുന്നത്. കുറേ കൂടി വ്യക്തമാക്കിയാല്‍ സംഘി എന്ന പുതിയ ടെക്കി പേരില്‍ അറിയപ്പെടുന്ന ആര്‍ഷഭാരത വക്താക്കളും യഥാര്‍ത്ഥ ടെക്കികളുമാണ് ഇതിലെ യഥാര്‍ത്ഥ കളിക്കാര്‍. ഒരു കാര്യം കുടി സൂചിപ്പിക്കാം അന്തര്‍ദേശിയവും ദേശീയവുമായ രാഷ്ട്ര വ്യവഹാരങ്ങളില്‍ ഈയടുത്ത കാലത്തായി ടെക്കികളുടെ സ്വാധീനത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വാള്‍ സ്ട്രീറ്റിലും ഈജിപ്റ്റിലും നടത്തി വിജയിച്ച പുതുമാധ്യമ സമരമുറ വല്ലാത്തൊരൂര്‍ജ്ജം നല്‍കിയതിന്‍റെ പ്രത്യാഘാതമാണ് ഇന്ത്യയില്‍ ഹസാരെയുടെ സമരത്തിലും രൂപപ്പെട്ടത്. ഗാന്ധിയെ അറിയാതെ ഗാന്ധിയനെ മനസിലാക്കിയവര്‍ എന്നാരെങ്കിലും ഇവരെപ്പറ്റി പറഞ്ഞാല്‍ അത് തൊണ്ണൂറ്റിയൊന്‍പതു ശതമാനവും ശരിയുമാണ്. ഡല്‍ഹിയില്‍ തന്നെ ഇവര്‍ക്ക് വളരാന്‍ ഉള്ള സാഹചര്യം ലഭിച്ചത് ഡല്‍ഹി കൂട്ട ബലാല്‍സംഗവും അതിനോടുള്ള അന്നത്തെ ഭരണക്കാരുടെ നിസംഗതയുമായിരുന്നു. എന്തായാലും ഡല്‍ഹിയിലൊതുങ്ങേണ്ട ഒരു സംഭവം ലോകമെമ്പാടും ചര്‍ച്ചയ്ക്ക് വിധേയമാകാന്‍ ടെക്കികള്‍ക്ക് കഴിഞ്ഞുവെന്നത് അഭിമാനാര്‍ഹം തന്നെ. പിന്നിടുണ്ടായ ഈ ടെക്കി-ചുംബനവാദികളുടെ വളര്‍ച്ചയാണ് കേജ്രിവാള്‍ എന്ന പുതുതലമുറ നേതാവിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. എന്നാല്‍ ഇതര പരീക്ഷണഫലങ്ങള്‍ പോലെ കേജ്രിവാള്‍ എന്ന പ്രൊഡക്ടിനു പ്രതീക്ഷിച്ച ഗുണനിലവാരം പോരായിരുന്നു എന്ന സത്യം തിരിച്ചറിയാന്‍ കഴിയാതെപോയി.കാര്യങ്ങളുടെ ദേശീയത ഇങ്ങനെ എങ്ങുമെത്താതെ കാലഗതി പ്രാപിക്കുമ്പോഴാണ് ഇന്ത്യന്‍ പൊതു സമൂഹത്തിനു മുന്‍പില്‍ ഒരു പുതുസമരമുറയുമായി –സുഖദായക സമരമുറയുമായി- ഒരു സംഘം നിരത്തിലേക്കിറങ്ങിയത്. ആര്‍ഷഭാരത സംസ്കാരം എന്ന വിചാരധാരയെ വെല്ലുവിളിച്ചുകൊണ്ട് പരസ്പരം ചുണ്ട് കോര്‍ക്കുവാന്‍. ശാരീരികമായ തിരിച്ചറിവുകളും മനസിലാക്കലുകളുമുള്ള ഒരു ലോകത്ത് ഇതത്ര വലിയ ഒരു കാര്യമൊന്നുമല്ലെങ്കിലും സംഘികളും സമാനമനസുള്ളവരും ചുംബനവാദികളെ എതിര്‍ക്കാന്‍ തുനിഞ്ഞതും കഥയുടെ എഴുതപ്പെട്ട കാഴ്ച. ആര്‍ഷഭാരതവാദികള്‍ക്ക് ചുംബനവാദികളെ ഏത് അര്‍ത്ഥത്തിലാണ് എതിര്‍ക്കാന്‍ സാധിക്കുക. പുരാതന ഇന്ത്യയെ അവര്‍ ആര്‍ഷഭാരതമെന്ന് വിളിക്കുമ്പോള്‍ രമണനും ചര്‍വകനും ആര്യഭടനും ഭരതനും പ്രതിനിധീകരിച്ച ഋഷികുലത്തില്‍ തന്നെ വാത്സ്യായനനും ഉണ്ടായിരുന്നു എന്ന ചിന്തയാണ് മറച്ചുവയ്ക്കപ്പെടുന്നത്. അയോദ്ധ്യയും മഥുരയും കാശിയും ശൃംഗേരിയും പോലെ ഖജുരാഹോയും ഹൈന്ദവ ക്ഷേത്രമാണെന്ന വസ്തുതയും തിരസ്കരിക്കപ്പെടുന്നു. ഇങ്ങനെ വസ്തുനിഷ്ടമായി സമീപിക്കുമ്പോള്‍ ആയുര്‍വേദം പോലെയും നാട്യശാസ്ത്രം പോലെയും കാമശാസ്ത്രം കാണുന്നില്ല. അത് ലോകത്തിന്‍റെ മുന്‍പിലേക്ക് ഗണിതസിദ്ധാന്തം പോലെ ഇന്ത്യയിലെ ജീനിയസുകള്‍ വച്ചുനീട്ടിയ ഒരമൂല്യനിധിയാണെന്നുള്ളത് മറക്കപ്പെടുന്നു.

ശൃംഗാരകലയുടെ എല്ലാ മേഖലകളിലും കയറിയിറങ്ങിയ മുനി വാത്സ്യായനന്‍ സമ്പ്രയോഗിക സൂത്രത്തിലാണ് ചുംബനത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നഖച്ഛേദം, ഭശനച്ഛേദം, സംവേശനം എന്നി ആധികാരിക പ്രയോഗങ്ങളുടെ ആദ്യ ദശയാണ്‌ ചുംബനം. തനി പ്രായോഗിക വാദിയായ മുനി രൂപപ്പെടുത്തിയ താന്ത്രിക് ലൈംഗികത ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ മാത്രം കണ്ടെത്തലാണ്. നൊമാഡിക് സംസ്കാരം നിലനില്‍ക്കുന്ന ബാവുലുകള്‍ മുതല്‍ കടല്‍ കടന്നുപോയ ഓഷോ വരെ ഇതിന്‍റെ ഉപാസകരായിരുന്നുവെന്നതും ചരിത്ര സത്യങ്ങളാണ്. ഇതിന്‍റെ ഭൌതികമായ രൂപനിര്‍മ്മിതിയായ (physical manifestation) ഖജുരാഹോയിലെ കലാശില്‍പ്പങ്ങള്‍ അപ്പോള്‍ ഇപ്പറയുന്ന ആര്‍ഷഭാരത സംസ്കൃതിയുടെ ഭാഗമല്ലേ? ശിവ ചൈതന്യത്തിന്റെ ഒരായിരം കഥകള്‍ പറയുന്ന ഖജുരാഹോയിലെ ക്ഷേത്ര സമുച്ഛയത്തില്‍ സ്ത്രീയും പുരുഷനും ആലിംഗന ബദ്ധരാകുമ്പോള്‍ പ്രകൃതി പുരുഷ സംയോഗത്തിന്റെ മോക്ഷപ്രാപ്തിയിലാണ് എത്തിച്ചെരുന്നതെന്നതും പൌരാണികവ്യാഖ്യാനമാണ്. എന്തുകൊണ്ട് ഇവയെ സൗകര്യപ്രദമായി മാറ്റിനിര്‍ത്തുന്നു. ഇതൊക്കെ നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമായി നിന്നിരുന്നത് പെണ്ണിനെ പെണ്ണായി തന്നെ തിരിച്ചറിഞ്ഞിരുന്നപ്പോഴാണ്- (ബൈബിള്‍ വ്യാഖ്യാനത്തിലെ കനിതിന്നും വരെയുള്ള കാലം) സ്ത്രീയെ ഭോഗ വസ്തുവായി മാത്രം കാണപ്പെടുന്ന പിഴവ് പറ്റിയ പുതിയ ലോകത്തല്ല.മുനി വാത്സ്യായനന്‍റെ സിദ്ധാന്തത്തിന് ബദല്‍ ചമച്ചത് ഭരതനാണ്; ഭരതമുനിയുടെ രസ വ്യാഖ്യാനത്തിലാണ് നാം ഇപ്പോള്‍ കാണുന്ന രീതിയിലുള്ള ലൈംഗിക ആസ്വാദനം രൂപപ്പെട്ടത്. യഥാര്‍ത്ഥ ജിവിതത്തില്‍ നടനും നടിയും രതിയിലേര്‍പ്പെടുമ്പോള്‍ അസഹിഷ്ണുതയും അരങ്ങത്ത് അവര്‍ ദുഷ്യന്തനും ശകുന്തളയുമാകുമ്പോള്‍ ആസ്വാദനവുമാണ് ഉണ്ടാകുന്നത് എന്ന വ്യാഖ്യാനം. ഇത് തന്നെയാണ് ചുംബന സമരത്തിനും സംഭവിച്ചത്. സതീഷും നീലിമയും(പേരുകള്‍ സാങ്കല്‍പ്പികം) തമ്മില്‍ മറൈന്‍ഡ്രൈവില്‍ ചുണ്ട് കോര്‍ക്കുമ്പോള്‍ അത് അസഹിഷ്ണുത മാത്രമേ സൃഷ്ടിക്കുകയുള്ളൂ.

കാരണം വളരെ ലളിതമാണ് അതൊരു സമര മാര്‍ഗ്ഗമല്ല എന്നത് തന്നെ. ആവശ്യം വേണ്ടത് ഉപേക്ഷിച്ചും സഹനത്തിന്റെ മാര്‍ഗ്ഗത്തില്‍ ചരിച്ചും ലക്ഷ്യബോധത്തോടെ നടന്ന സമരങ്ങള്‍ കണ്ടവരാണ് ഈ തലമുറയിലെ ടെക്കികള്‍ അല്ലാത്ത പലരും. സമരങ്ങള്‍ നല്‍കിയ പുത്തന്‍ ഉണര്‍വ് അനുഭവിച്ചവരാണ് അവര്‍. അതുകൊണ്ട് പ്രിയ സുഹൃത്തെ, നിങ്ങളുടെ സമരങ്ങള്‍ കാണാന്‍ ഞങ്ങള്‍ എത്തുന്നില്ല. അത് കാണാന്‍ എത്തിയവര്‍ സമരം നല്‍കാവുന്ന ആശയങ്ങള്‍ക്ക് ഷട്ടറിട്ടുകൊണ്ട് ഒരവയവത്തിന്റെ ഉത്തേജനം മാത്രമായി മാറ്റാന്‍ വന്നവരാണ് എന്ന കാര്യം ഇത്തരം സമരക്കാര്‍ മനസിലാക്കണം. കാരണം സെക്സ് എന്നത് മനുഷ്യ ജിവിതത്തിലെ അത്യാവശ്യ ഘടകമല്ല. കൊച്ചിയില്‍ നടന്ന ലിപ് ലോക്കിന്റെ വിഷ്വല്‍സ് ഒളിച്ചിരുന്നു കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇന്ന് കേരളത്തിലധികവും. അല്ലെങ്കില്‍ അവ വരുമ്പോള്‍ ചാനല്‍ മാറ്റാന്‍ പെരുവിരല്‍ റിമോട്ടില്‍ എപ്പോഴും സുക്ഷിക്കുന്നവരാണ് കേരളത്തിലെ ഗ്രാമങ്ങളിലധികവും. ഇവിടെയാണ് മെട്രോ സമരമാര്‍ഗ്ഗം ഔട്ട്‌ കാസ്റ്റ് ചെയ്യപ്പെടുന്നത്.

ഇനി ആരാണ് ശരി, പുതിയ ആര്‍ഷഭാരത വക്താക്കളോ അതോ ചുംബനവാദികളോ? സ്വതന്ത്ര ജിവിതത്തിനുവേണ്ടിയും മണ്ണിനു വേണ്ടിയും സൈനിക അധിനിവേശത്തിനെതിരെയും നിന്നും ഇരുന്നും കിടന്നും ജിവിതം കൊണ്ട് സമരം സ്വികരിക്കുന്നവരെ കാണുമ്പോള്‍ ചുണ്ടുകള്‍ ചൂളം വിളിക്കാനുള്ളതല്ല അത് ഇത്തരക്കാര്‍ക്ക് വേണ്ടി സംസാരിക്കുവാനുള്ളതാണ് എന്ന തിരിച്ചറിവാണുണ്ടാകേണ്ടത്.

(ഐ എച്ച് ആര്‍ ഡിയിലെ ഉദ്യോഗസ്ഥനാണ് ലേഖകന്‍)

* Views ar Personal


Next Story

Related Stories