TopTop
Begin typing your search above and press return to search.

പോണ്ടിച്ചേരിയിലെ മാവോ പൂച്ചകള്‍ - ഒരു മറുപടി (മുഖമടച്ച്)

പോണ്ടിച്ചേരിയിലെ മാവോ പൂച്ചകള്‍ - ഒരു മറുപടി (മുഖമടച്ച്)

ഉണ്ണികൃഷ്ണന്‍ കാസ്റ്റ്‌ലെസ്സ്


കൊച്ചിയില്‍ നടന്ന 'കിസ്സ് ഓഫ് ലവ്' കൂട്ടായ്മയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലും പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലും ഇന്ത്യയിലെ മറ്റു യൂണിവേഴ്‌സിറ്റികളിലും നടന്ന പരിപാടികളും അതിനു പിന്നാലെ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി അരുന്ധതിക്കും മറ്റുചിലര്‍ക്കുമെതിരെ ഐ പി സി സെക്ഷന്‍ 294 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതും ചര്‍ച്ചകളില്‍ നിറയുമ്പോഴാണ് പുട്ടിന് പീരയെന്നപോലെ ആ പതിവ് പല്ലവിയും പറന്നെത്തിയത്.


'ചുംബനസമരത്തിന് മാവോയിസ്റ്റ് നേതാവിന്റെ സ്റ്റഡി ക്ലാസ്' എന്ന തലക്കെട്ടില്‍ ജന്മഭൂമി ദിനപത്രം ഒരു നെടുനീളന്‍ വാര്‍ത്തയങ്ങ് വച്ചുകാച്ചി. എന്തേ വരാത്തൂ എന്തേ വരാത്തൂ എന്ന് നോക്കിയിരിക്കുകയായിരുന്നു. ഇത്തിരി വൈകിയിട്ടാണെങ്കിലും ഒടുവില്‍ അവരതങ്ങ് കണ്ടെത്തിക്കളഞ്ഞു. ഇത്തവണ പുതിയൊരു കണ്ടുപിടുത്തം കൂടിയുണ്ട്. അതിതാണ്... 'സോഷ്യല്‍ മീഡിയ ഉപയോഗിച്ച് യുവാക്കള്‍ക്കും യുവതികള്‍ക്കും ഇടയില്‍ കടന്നുകയറുന്ന തന്ത്രമാണ് വിധ്വംസക സംഘടനകള്‍ പരീക്ഷിക്കുന്നത്. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയും കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമാണ് ഇവരുടെ പ്രധാന താവളങ്ങള്‍. കൊച്ചിയിലെ ചുംബനക്കൂട്ടായ്മ ചര്‍ച്ചാവിഷയമാക്കി യുവതലമുറയില്‍ അരാജകത്വം പടര്‍ത്തി അവരെ മാവോയിസ്റ്റ് പാളയത്തില്‍ കൊണ്ടെത്തിക്കുകയാണ് ഒരു ലക്ഷ്യം.'

അഞ്ഞാഴി അരിക്കും ഇരുനാഴി ഉപ്പിനും വയനാടന്‍ ആദിവാസി ഊരുകളില്‍ 'മാവോയിസ്റ്റുകള്‍' ഇറങ്ങുന്ന നാട്ടില്‍, ജനകീയ സമരത്തിന്റെ മുന്നില്‍ അണിനിരക്കുന്നവരെല്ലാം മാവോയിസ്റ്റുകള്‍ ആയി മാറുന്ന നാട്ടില്‍, കേരളത്തില്‍ യുവാക്കളായ യുവാക്കളെല്ലാം താടി വളര്‍ത്തരുതെന്നും വളര്‍ത്തിയാല്‍ത്തന്നെ വരയും കുറിയുമിട്ട് ഫ്രീക്കന്‍മാരായി നടന്നുകൊള്ളണമെന്നും അതല്ലെങ്കില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കുറുക്കന്‍കണ്ണുകള്‍ നിങ്ങളുടെ പുറകെ ഉണ്ടാകുമെന്നും പറയാതെ പറയുന്ന നാട്ടില്‍ ഇതൊന്നും അതിശയിക്കാനോ മൂക്കത്ത് വിരല്‍ വയ്ക്കാനോ ഉള്ള കാര്യമല്ല. ദാസനും വിജയനും പോള്‍ ബാര്‍ബറെ പിടിക്കാന്‍ അമേരിക്കയില്‍ പോയപോലെ മാവോയിസ്റ്റുകളെ പിടികൂടാനിറങ്ങിയ തണ്ടര്‍ബോള്‍ട്ട് കഞ്ഞിയും കപ്പയും മത്തിക്കറിയും കഴിച്ച വകയില്‍ കോടികള്‍ മാഞ്ഞുപോയതും ആ കണക്കുകണ്ട് പാവം ജനങ്ങള്‍ ബ്ലിങ്ങസ്യാ ആയതും എല്ലാറ്റിനും ഒടുവില്‍ മാവോയിസ്‌റ്റെന്ന പേരില്‍ വയനാട്ടിലെ പാവം യുവകര്‍ഷകനെയും കോളേജു വിദ്യാര്‍ത്ഥിയെയും വഴിയാത്രക്കാരനെയും അറസ്റ്റ് ചെയ്യുന്നതും കണ്ട് മനം നിറഞ്ഞവരാണ് മലയാളികള്‍. ഓരോ തവണ ഇത്തരം മണ്ടത്തരങ്ങള്‍ കേരളത്തിലെ പോലീസും ഭരണകൂടവും കാണിച്ചുകൂട്ടിയപ്പോഴും മാധ്യമങ്ങള്‍ അതിനു കുടപിടിക്കുകയും ചെയ്തു.


സവര്‍ണ്ണ ഫാസിസ്റ്റ് പുരുഷാധിപത്യം ഇത്രയേറെ വേരോടിയിട്ടുള്ള കേരളം പോലെയുള്ള ഒരു നാട്ടില്‍ സദാചാര പോലീസും അതിന്റെ പ്രവാചകരും ഉണ്ടാകുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ചരിത്രം അറിയാതിരിക്കുകയോ അറിയുമെങ്കില്‍തന്നെ അറിയില്ലയെന്നു ഭാവിക്കുകയോ ചെയ്യുകയെന്നത് ഫാസിസ്റ്റുകളുടെ പ്രഖ്യാപിത കാഴ്ചപ്പാടാണല്ലോ. വര്‍ഗീയഫാസിസ്റ്റ് സംഘടനകള്‍ ജാതിമത വ്യത്യാസമില്ലാതെ ഈ സമരരീതിയെ എതിര്‍ക്കുന്നതിന് കാരണവും മറ്റൊന്നല്ല. നിലനില്‍പ്പ് തന്നെയാണ് പ്രശ്‌നം. കപട സദാചാരത്തിന്റെ കാടന്‍ സങ്കല്‍പ്പങ്ങളില്‍ കെട്ടിയുയര്‍ത്തിയ അവരുടെ സംഘടനാനിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഈ സമരം നടന്നാല്‍ ഉണ്ടായേക്കാം എന്നവര്‍ ഭയന്നുകാണണം. അതുകൊണ്ടാണല്ലോ സമരത്തെ എതിര്‍ക്കാന്‍ ഉപയോഗിച്ച വാക്കുകളില്‍പോലും സംഘപരിവാര്‍- ആര്‍ എസ് എസ് സംഘടനകളുടെയും എസ് ഡി പി ഐ, എന്‍ ഡി എഫ് സംഘടനകളുടെയും ഐക്യം തെളിഞ്ഞുകണ്ടത്. കേരളത്തിലെ സദാചാര പോലീസിങ്ങും അതിന്റെ പുറകിലുള്ള രാഷ്ട്രീയവും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, കൂടുതല്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ എന്ന സ്വപ്നം എന്നെങ്കിലും നടക്കട്ടെ എന്നാശിച്ചു അതിവിടെ വിടാം.

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന കിസ്സ് ഓഫ് ലവ് അനുകൂല ചര്‍ച്ചകളും പരിപാടികളും അതിനുപിന്നാലെ ഫാസിസ്റ്റുകള്‍ നടത്തിയ കടന്നുകയറ്റവും കഴിഞ്ഞതിന്റെ പിറ്റേദിവസമാണ് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ സദാചാര പോലീസിങ്ങിന് എതിരായി പരിപാടി നടത്താന്‍ തീരുമാനിച്ചത്. സമാന ചിന്താഗതിക്കാരായ ഒരുകൂട്ടം യുവാക്കള്‍ തന്നെയായിരുന്നു പരിപാടിയുടെ സംഘാടകര്‍. അതിനു പുറകില്‍ രാഷ്ട്രീയ,ദേശ ഭാഷാ വ്യത്യാസങ്ങള്‍ ഒന്നും വിഷയമായിരുന്നില്ല. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളും തെലങ്കാന, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍, ഒറീസ്സ, ബീഹാര്‍, ഛത്തീസ്ഗട് സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളും ഒരുപോലെ കേരള വിദ്യാര്‍ത്ഥികളുടെ കൂടെ അണിനിരക്കുകയും കൂട്ടായ്മ അത് മുന്നോട്ടുവച്ച സന്ദേശം തികഞ്ഞ ഗൗരവത്തില്‍ ഏറ്റെടുക്കയും ചെയ്തു. ദക്ഷിണേന്ത്യയിലെ ഏറ്റവും കൊണ്ടാടപ്പെടുന്ന യാഥാസ്ഥിതിക യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയില്‍ ഇത്തരമൊരു പരിപാടിയുടെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കികൊണ്ട് കൂടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതും നടത്തിയതും. അല്ലാതെ ചുംബനകൂട്ടായ്മ ചര്‍ച്ചയാക്കി യുവാക്കളില്‍ അരാജകത്വം വളര്‍ത്തി മലമറിച്ചുകളയാം എന്ന വ്യാമോഹം കൊണ്ടൊന്നുമല്ല.

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ ഇടനാഴികളില്‍ മാവോ പൂച്ചകള്‍ ഇരപിടിക്കാന്‍ ഇറങ്ങിയിട്ടുണ്ടെന്ന അസംബന്ധ പൊള്ള വാക്കുകള്‍ക്ക് ചെവി കൊടുക്കാന്‍ ഞങ്ങള്‍ക്ക് നേരമില്ല.

പുരുഷകേന്ദ്രീകൃത കുടുംബസങ്കല്‍പ്പത്തില്‍ പൂണ്ടുവിളയാടുന്ന ഹൈന്ദവ, വലതുപക്ഷതീവ്രവാദ സംഘടനകള്‍ക്ക് ഇതില്‍ അസഹ്യമായ ചൊറിച്ചിലുണ്ടാകുമെന്ന് അറിയാതെയല്ല. അത് എന്നത്തേയും പോലെ ഉണ്ടാകട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുകയും ചെയ്യുന്നു.


സ്ത്രീ സ്വാതന്ത്ര്യമെന്ന് കേട്ടാല്‍ പരിപ്പുവടയെക്കാള്‍ രണ്ടുരൂപ കൂടുതലുള്ള ചായക്കടി വല്ലതുമാണോയെന്ന് ചോദിക്കുന്ന സാമൂഹിക ബോധം മാത്രം കൈമുതലായിട്ടുള്ളവരോട് കൂടുതലൊന്നും പറയാനുമില്ല. ആണധികാര സദാചാര പോലീസിങ്ങിന്റെ അപ്പൊസ്തലന്മാരെ കല്ലെറിയാന്‍ കിട്ടുന്ന ഓരോ അവസരവും ഞങ്ങള്‍ വെറുതെ വിടുകയുമില്ല. അങ്ങനെ പറയുന്നതില്‍ ഞങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ രാഷ്ട്രീയമുണ്ട്. അതാകട്ടെ ഫാസിസ്റ്റുകള്‍ക്ക് മനസ്സിലാകുന്ന രാഷ്ട്രീയമല്ല. അതൊരുപക്ഷെ കുട്ടന്‍പിള്ള പോലീസിന്റെ പഴയ ഇടിവണ്ടിപോലെ ദ്രവിച്ചുപോയിട്ടും ഓടിക്കൊണ്ടിരിക്കുന്ന കപട സദാചാര ബോധമുള്ള ഒട്ടുമിക്ക മലയാളികള്‍ക്കും മനസ്സിലാകണമെന്നും ഇല്ല. യുവജനങ്ങള്‍ തെരുവിലിറങ്ങുന്നതിലും സമരം ചെയ്യുന്നതിലും വ്യക്തമായ രാഷ്ട്രീയമുണ്ട്. അതിനു ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ സംഘടനയുടെയോ പിന്‍ബലമൊ ഒത്താശയോ ആവശ്യമില്ലായെന്നും വരാം. പകരം നിലപാടുകളില്‍ രാഷ്ട്രീയബോധമുള്ള യുവജനങ്ങള്‍ കയ്യിലെ നഖം വെട്ടിയാല്‍പ്പോലും നിങ്ങള്‍ പേടിക്കുന്നുണ്ടെങ്കില്‍ അത് ഞങ്ങളുടെ കുറ്റമല്ല.

ഞങ്ങളുടെ പ്രതിരോധവും പ്രതിഷേധവും അത് പ്രകടിപ്പിക്കുവാനുള്ള അവകാശം ഭരണഘടനയാല്‍ ഉറപ്പാക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യ ജനാധിപത്യ രാജ്യമായിരിക്കുന്നിടത്തോളം കാലം അതങ്ങനെതന്നെ തുടരുകയും ചെയ്യും. പുറംമേനികളില്‍ ജനാധിപത്യം നടിക്കുകയും ഉള്ളിന്റെയുള്ളില്‍ ഫാസിസവും കപടമൊറാലിറ്റിയും കൊണ്ടുനടക്കുകയും ചെയ്യുന്ന പൊതുസമൂഹത്തിനും അതിനുമുകളില്‍ ഒറ്റക്കാലില്‍ നില്ക്കുന്ന ഭരണകൂടത്തിനും ഇതൊക്കെ കാണുമ്പോള്‍ ചൊറിച്ചിലുണ്ടായേക്കാം. അതാകട്ടെ എളുപ്പമൊന്നും തീരുന്നതല്ല. അതിനു അയ്യപ്പപ്പണിക്കര്‍ പറഞ്ഞതുപോലെ പരസ്പരം ചൊറിഞ്ഞു കൊടുക്കുകയേ മാര്‍ഗമുള്ളൂ. നിലനില്‍ക്കുന്ന പൊള്ളയായ രാഷ്ട്രീയ സമീപനങ്ങളിലും കാഴ്ചപ്പാടുകളിലും ആശിക്കാനൊന്നുമില്ലാതെ യുവജനങ്ങള്‍ അവരുടെ അതേ തൂവല്‍പക്ഷികളോടുകൂടി വ്യവസ്ഥിതിയോടും ഭരണകൂടത്തോടും സമൂഹത്തോട് തന്നെയും പ്രതികരിക്കുമ്പോള്‍ അതില്‍ രാജ്യദ്രോഹവും മാവോ ബന്ധവും സമാസമം അരച്ചുകലക്കി കടുപ്പം കൂട്ടാന്‍ യു എ പി എ നിയമങ്ങളും ചാര്‍ത്തികൊടുക്കുന്നത് ഭീകരത തന്നെയാണ്. മാവോയിസ്‌റ്റെന്നു കേട്ടാല്‍ കേരളത്തിലെ തലതൊട്ട പൊതുപ്രവര്‍ത്തകര്‍ പോലും പ്രതികരിക്കുകയോ ഇത്തരം മണ്ടന്‍ സമീപനങ്ങളെ ചോദ്യം ചെയ്യുകയോ ചെയ്യാറില്ല. അതുകൊണ്ടുതന്നെ കാതുള്ളവനും കണ്ണുള്ളവനും നാവുള്ളവനും ഇന്നാട്ടില്‍ മാവോയിസ്റ്റാകാന്‍ അധിക ദൂരമൊന്നും പോകേണ്ടതില്ല. അതുകൊണ്ടുതന്നെ പതിവ് ചൊല്ലുരീതിയായി മാറിയ മാവോയിസ്റ്റ് ജല്‍പനങ്ങളില്‍ ഭയപ്പാടൊന്നുമില്ല. ഇനിയും നീയല്ലേടാ മാവോയിസ്‌റ്റെന്നും ചോദിച്ചു വന്നാല്‍ പഴയ ശ്രീനിവാസന്‍ ഡയലോഗ് കടംകൊണ്ട് 'നിന്‍റച്ഛനാടാ മാവോയിസ്‌റ്റെ'ന്നു പറയേണ്ടി വരും.


(പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ മാസ്സ് കമ്യൂണിക്കേഷന്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയും മാധ്യമ പ്രവര്‍ത്തകനുമാണ് ലേഖകന്‍.)

*Views are personal


Next Story

Related Stories