TopTop
Begin typing your search above and press return to search.

ഉമ്മകളുടെ പൂമരക്കാട്

ഉമ്മകളുടെ പൂമരക്കാട്

പി. സനിൽകുമാർ

ഓമനത്തം കാമനകളിലേക്ക് കാലംകൊട്ടി കയറിയത് ഉമ്മകളിലൂടെയാണ്. ചിലർ വായിക്കുമ്പോൾ മാത്രം തെളിയുന്ന മഷി കൊണ്ടുള്ള നിഗൂഢമായ എഴുത്തുപോലെ,​ ചിലർക്കായി രചിക്കപ്പെട്ട അധരകാവ്യങ്ങൾ. ഓരോ ഉമ്മയ്ക്കും പറയാനുണ്ടാകും ഒരു നൂറ് കഥകൾ. ഒരു നൂറുകൂട്ടം കഥകൾ പറ‍ഞ്ഞാണല്ലോ നമ്മളോരോ ഉമ്മകളിലേക്കും എത്തിയതും. ഓർമ്മയടരുകളിൽ വയണയില മണവും വയമ്പിൻ രുചിയും തേൻമധുരവും നിറച്ച ഉമ്മകളിലേക്ക്.

ഭൂമിയുടെ നിറം പച്ചയാണെങ്കിൽ അതിനുള്ളിലെ പ്രേമമാണ് ചുവപ്പ്,​ തണ്ണിമത്തനെപ്പോലെ. കട്ടിയുള്ളതെന്ന് തോന്നിപ്പിക്കുന്ന പുറംതോടിനുള്ളിൽ മധുരാർദ്രമായൊരു ഹൃദയമുണ്ട് തണ്ണിമത്തന്,​ നാടൻ കറിമത്തങ്ങയ്ക്കില്ലാത്തത്. വിശപ്പും വിയർപ്പുമുള്ളൊരു വേനൽക്കാലം. കിണ്ണം നിറയെ മുറിച്ചുവച്ച തണ്ണിമത്തൻ കഷണങ്ങളാണ് രാവിലത്തെ കണി. വെള്ളയും പച്ചയും അതിരിടുന്ന ചുവപ്പ് ത്രികോണ കഷണങ്ങൾ വെയിലേറ്റ് തിളങ്ങി. രാവിലത്തെ അന്നമാണ്. ഓരോ കഷണവും ആസ്വദിച്ച് തിന്നുമ്പോൾ അവളുടെ മുഖം തുടുത്തു. പ്രിയനേ നീ വിശപ്പടക്കുന്ന ആ ചുവന്ന തുണ്ടുകൾ എന്റെ ഹൃദയനുറുങ്ങുകളാണെന്ന് പറഞ്ഞ് അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. ആ കണ്ണടച്ചിലിൽ ആരംഭിക്കുകയായിരുന്നു ചരിത്രം.

ചുവപ്പ് കാമ്പ് മാത്രമുള്ളൊരു നീളൻ തണ്ണിമത്തനെടുത്ത് അവൾ തിന്നുതുടങ്ങി. മൃദുലമായി കടിച്ച് മധുരം ഉറുഞ്ചിയെടുത്ത്. കീഴ്ചുണ്ടുകളിലൂടെ താടിയിലൂടെ കഴുത്തിലെ നീലഞരമ്പുകളിലൂടെ ഒഴുകി നീളൻമുടിയിലേക്ക് പടരുന്ന സ്നേഹധാര. എന്താ വേണോ. നോട്ടം കണ്ടിട്ടവൾ ചോദിച്ചു. അടിവച്ചടിവച്ച് അടുത്തേക്ക്. രണ്ടാളുടെയും നോട്ടത്തിലൂടെ കണ്ണുകളൊരു പാലമിട്ടു. കടിച്ചുപിടിച്ച തണ്ണിമത്തന്റെ മറ്റേയറ്റം വായിക്കുള്ളിലാക്കി അവനും നുണഞ്ഞു. മധുരക്കാമ്പ് അലിഞ്ഞില്ലാതുമ്പോൾ മുഖങ്ങൾക്കിടയിൽ,​ ചുണ്ടുകൾക്കിടയിൽ അകലം നേർത്തു. ഇത്രമേൽ മന്ദമായി തിരിയാനാവില്ലെന്ന്,​ ഒഴുകാനാവില്ലെന്ന് ഭൂമിയും പുഴയും പരിഭവപ്പെട്ടു.ഭൂമിയുടെ രണ്ടറ്റത്ത് ജനിച്ചുവളർന്നവർ ഒരേസമയം ഒരുമധുരം പങ്കിടുന്നു. ഒരു കുളത്തിൽ മുങ്ങാംകുഴിയിടുന്നു. കൺപീലികൾ കൂട്ടിമുട്ടിയപ്പോൾകണ്ണിലെ ആവി കണ്ടു. ശ്വാസത്തിന്റെ പോക്കുവരവുകൾ കേൾക്കാം. ചെമ്മണ്ണിലെ പുതുമഴ മണം പോലെ ഇരുഉടലുകളിലും തണ്ണിമത്തൻ സുഗന്ധം. പെരുവിരലിൽ നിന്ന് അടിവയറ്റിലൂടെ ഹൃദയംവഴി ചുണ്ടുകളിലേക്ക് വിദ്യുത്പ്രസരം ഇരച്ചുകയറി. വിറ കൊണ്ട് നിൽക്കാനാകാതെ കെട്ടിപ്പിടിച്ച് ചുണ്ടുകളെ ചൂണ്ടകോർത്തു. ലോകത്തിന്റെ ലഹളകളെല്ലാം ചുണ്ടുകളിലേക്ക് ചുരുണ്ടുകൂടി. തണ്ണിമത്തൻ കുരുക്കളും നാവുകളും നിശബ്ദതയുടെയും പ്രേമത്തിന്റെയും ധ്യാനത്തിന്റെയും വിത്തുകളായി. മധുരമൂറുന്ന ചുണ്ടുകളെ നുകർന്നുനുകർന്ന് നാഴികകൾ. ആ ഉമ്മയ്ക്ക് ശേഷമാണ് തണ്ണിമത്തൻ മുറിച്ചുതിന്നാൻ തുടങ്ങിയത് !

അമ്മ ഒരു ഉമ്മക്കടം
ഇതൊന്നുമല്ല ആദ്യചുംബനം. പൊക്കിൾകൊടിയോളം ആഴമുണ്ടതിന്. നാലെണ്ണത്തിനേയും വയറ്റാട്ടിയുടെ കൈകളിലേക്ക് പെറ്റിട്ട നാൽപ്പത്തിയഞ്ചുകാരി ആദ്യമായി ആശുപത്രിപ്പടി കയറുകയാണ്,​ അഞ്ചാമനോമന കുഞ്ചുവിനെ ഭൂമി കാണിക്കുവാൻ. വിഷ്ണു സഹസ്രനാമവും പ്രാർത്ഥനകളും നിറഞ്ഞൊരു വൈകുന്നേരത്ത് ദേശമംഗലം സർക്കാരാശുപത്രിയെ വിറപ്പിക്കുമാറുച്ചത്തിൽ വാവിട്ട് കരഞ്ഞുപിറന്നു ആ ചോരക്കുഞ്ഞ്.

ഫിനയിലിന്റെയും മരുന്നുകളുടെയും മിശ്രമണമുള്ള കട്ടിലിൽ പഞ്ഞിപോലുള്ള മാറത്ത് നഴ്സ് കിടത്തിയപ്പോൾ മൂർദ്ധാവിൽ കിട്ടിയ നനവാണ് ആദ്യമുത്തം. വീട്ടാനാവാത്ത ഉമ്മക്കടം. അതിലേക്കുള്ള പലിശ മാത്രമാണല്ലോ അമ്മേ ജീവിതകാലത്തെ നാനാവിധ ഉമ്മകൾ. അമ്മയുടെ പ്രാർത്ഥന കേട്ട് ഡോക്ടർ പറഞ്ഞു,​ പേടിക്കേണ്ട ഉണ്ണിക്കണ്ണൻ തന്നെയാണ് ഈ കണ്ണൻ !

അമ്മച്ചൂടിലെ അമ്മിഞ്ഞത്തണുപ്പിൽ മയങ്ങാൻ തുടങ്ങിയ കുഞ്ഞിനെയുണർത്തിയത് മറ്റൊരുമ്മയാണ്. കറുത്ത നീളൻ മുക്കുരസി കവിളത്തുമ്മ തന്നത് അച്ഛൻ. അച്ഛന്റെ ഉമ്മകൾക്ക് മൂക്കുപൊടിയുടെയും ബീഡിയുടെയും മണമായിരുന്നു. സഖാവായിട്ടും അച്ഛനെന്തോ ജയ് ഹിന്ദ് ബീഡിയായിരുന്നു ഇഷ്ടം. അടുക്കളയിൽ നിന്ന് ഉമ്മറത്തേക്ക് കൊളുത്തികൊണ്ടുവന്ന് കൊടുക്കുമ്പോൾ അകത്തേക്കെടുത്ത ബീഡിപ്പുകയുടെ ചുമ കുട്ടിക്കാല കള്ളത്തരത്തിന് സാക്ഷ്യം പറയും.

ഏറ്റവും കൂടുതലുമ്മ തന്നത് അമ്മയാകും. എണ്ണ തേച്ച് കുളിപ്പിക്കുമ്പോൾ, കണ്ണെഴുതുമ്പോൾ,​ മുലപ്പാൽ തരുമ്പോൾ,​ കുറുക്ക് തരുമ്പോൾ,​ കരിവളയും തളയും ഇടുമ്പോൾ,​ താരാട്ടുപാടി ഉറക്കുമ്പോൾ.. കുട്ടിക്കാലത്തെ അമ്മയുമ്മകൾക്ക് വയമ്പിന്റെയും രാസ്നാദിയുടെയും രുചിമണമാണ്. കൂടപ്പിറപ്പുകളുടെ ഉമ്മയ്ക്ക് കാരോലപ്പത്തിന്റെയും ചക്കയടയുടെയും ഹൽവയുടെയും രുചിയായിരുന്നു. നാലുംകൂട്ടി മുറുക്കിച്ചോപ്പിച്ച ചുണ്ടുകളോടെ കെട്ടിപ്പിടിച്ചാണ് അമ്മയുടെ ഇപ്പോഴത്തെ ഉമ്മകൾ. പുകയിലനീരു പോലുള്ള ആ ഉമ്മകളാണ് ഏകാന്തയാത്രകളെ പേടിയും വിരസതയും മാറ്റി ലഹരി പിടിപ്പിക്കുന്നത്.

നെഞ്ചിലെ കഥയുമ്മ
കേരളവർമ്മയിലെ കലാലയ കാലത്തെ അവസാന ഋതുക്കളിലാണ് ഉമ്മമരക്കാടുകൾ പൂവിട്ടത്. കുട്ടികൾ കുറവുള്ള ക്ളാസില്ലാത്ത ഒരു സമരദിവസം. സയൻസ് ബ്ളോക്കിലെ വരാന്തയിൽ ലാങ്കിലാങ്കിപ്പൂക്കളെ താലോലിച്ച് വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. ചാറ്റൽ മഴയുമായെത്തിയ കാറ്റിന് തണുപ്പ്. മുത്തുമാല പോലെ മഴത്തുള്ളികൾ മുടികളെ മുല്ലപ്പൂ ചൂടിച്ചപ്പോൾ അവളെ കാണാൻ നല്ല ചന്തം. വലതുകവിളിലെ കാക്കപ്പുള്ളിയിൽ ആരും കാണാതെ പെട്ടെന്നൊരുമ്മ നൽകി കൃതാർത്ഥനായി. സെക്കന്റിന്റെ നൂറിലൊരംശത്തിന് ഒളിമ്പിക് മെഡൽ നഷ്ടമായ പി.ടി.ഉഷയുടെ ഓട്ടം പോലെ വേഗത്തിലവസാനിച്ച ആ ഉമ്മയെ ഓർക്കുമ്പോഴൊക്കെ അവൾ പിച്ചി പൊന്നാക്കിയ കാതുകളുടെ കരച്ചിലും കൂട്ടുവരും.

ഷെഹറസാദിന്റെ ആയിരത്തൊന്ന് രാവുകൾ ആവേശത്തോടെ വായിച്ചുതീർത്ത പ്രണയകാലം. കോളേജ് ലൈബ്രറിയിൽ പുസ്തകം തിരയുകയായിരുന്നു രണ്ടാളും. മുഖത്തോടുമുഖം വന്നപ്പോൾ നെഞ്ചിലൊരുമ്മ തന്ന് അറിയാത്തഭാവത്തിൽ അവൾ വീണ്ടും പുസ്തകങ്ങളെ നോക്കിനടന്നു. ചൂളിയ ഭാവത്തിൽ ചുറ്റുംനോക്കി. എം.ടിയും കോവിലനും തകഴിയും ബഷീറും മാങ്കോസ്റ്റിനെ കുറിച്ച് സംസാരിക്കുന്നു. എന്റെ കഥയിലെ ആമി കള്ളച്ചിരി പാസാക്കി,​ നെഞ്ചിലെ മുത്തമുദ്ര കണ്ടിട്ട്.

പഞ്ചാരമരച്ചോട്ടിൽ,​ ആലിൻതറയിൽ,​ ഗ്രാംഷി തറയിൽ,​ ഊട്ടിത്തണുപ്പിൽ,​ വള്ളിപ്പടർപ്പുകളിൽ,​ മെറിലോഡ്ജ് പാലസിലെ പിരിയൻ ഗോവണിയിൽ,​ ലാബുകളിൽ തലചൊറിഞ്ഞോടുന്ന ഇടവഴികളിൽ,​ അരമതിലുകളിൽ,​ ഡിസോൺ ഇന്റർസോൺ മത്സരങ്ങൾക്കായി രാത്രിയിൽ നടക്കുന്ന നാടക റിഹേഴ്സൽ ക്യാമ്പിലെ ഇടനേരങ്ങളിൽ,​ വാതിലില്ലാത്ത ജനാലകളിൽ... ഉമ്മസമരങ്ങൾക്ക് കൊടിനാട്ടാനും കൊതിതീർക്കാനും കേരളവർമ്മയിൽ ഇനിയുമെത്രയോ ഇടങ്ങൾ ബാക്കി.ജമൈക്കൻ പെപ്പറുമ്മ
ശരീരഗന്ധം കൊണ്ട് പ്രേമമുണ്ടാക്കിയ ഈ കൂട്ടുകാരിക്ക് ബോബ് മാർലിയും കഥകളിപ്പദവും ബാബുക്കയും ഒരുപോലിഷ്ടമാണ്. നന്നായി പാടും. പാടുമ്പോൾ വിയർക്കുന്ന ശരീരത്തിൽ നിന്നുപൊങ്ങുന്ന ഗന്ധമാണെന്നിൽ പ്രേമം നിറച്ചത്. ജാതിയും ഗ്രാമ്പൂവും കറുവപ്പട്ടയും കരയാമ്പൂവും മാറിമാറി തോന്നിപ്പിക്കുന്ന മണമുള്ളൊരാളെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക. എന്നാലുമിതേതോ ഇലയുടെ മണമാണെന്ന തോന്നലിന്റെ ഉത്തരമാണ് ജമൈക്കന്‍ പെപ്പർ അഥവാ സർവസുഗന്ധി. സർവസുഗന്ധിയുടെ മണമുള്ളവളുടെ ഉമ്മയ്ക്ക് കുരുമുളകിന്റെ എരിവുമുണ്ടായിരുന്നു.

ഒറ്റക്കുടക്കീഴിലെ മഴ നടത്തത്തിൽ,​ നിലാവൊഴുകുന്ന ഭാരതപ്പുഴയിൽ,​ ചുരം കയറുന്ന കെ.എസ്.ആർ.ടി.സി ബസിൽ,​ കുതിച്ചുപായുന്ന തീവണ്ടിയുടെ വാതിലിനരികെ,​ തീയറ്ററിൽ സിനിമയ്ക്കിടയിലെ ഫേയ്ഡൌട്ട് നേരങ്ങളിൽ.. ജമൈക്കൻ പെപ്പറിന്റെ മാസ്മരികതയിൽ മയങ്ങി എത്രയുമ്മ വച്ചെന്ന് ഓർക്കുന്നുവോ നീ. നമ്മൾ ഉമ്മ പങ്കുവയ്ക്കാൻ മാത്രമായി പ്രേമിച്ചവർ.

തേൻനിലാവുമ്മ
പഞ്ചസാരപ്പാവിന്റെ പരുപരുത്ത തോടിനുള്ളിൽ പനനൊങ്കുപോലെ ഇളപ്പമുള്ള മധുരലാവ. സ്കൂളിലെ ചൂരൽവേദനകളെ അലിയിപ്പിച്ചത് മറ്റൊരുപാട് പേർക്കൊപ്പം തേൻനിലാവെന്ന മിഠായിയായിരുന്നു. പലയിടങ്ങളിൽ നിന്നായി കുറേയധികം സുഹൃത്തുക്കൾ ഒത്തുചേർന്ന സായംസന്ധ്യ. സിഡി പ്ളെയറിലെ ചൗരസ്യയുടെ വേണുഗാനത്തിന്റെ പശ്ചാത്തലത്തിൽ ഗസൽ പാടിയും സൊറ പറഞ്ഞുമുള്ള മദ്യസദിര്. ചെറുനാരങ്ങാ കഷണവും പച്ചമുളക് കീറിയിട്ടതും ലയിച്ചുചേർന്ന വോഡ്കയുടെ കഥക് നൃത്തം.

മദ്യം നിഷ്കളങ്കമാക്കിയ മൂന്നാംയാമത്തിലെ മനസിന് അവളുടെ ചുണ്ടുകൾ ഓറഞ്ചല്ലികളായി തോന്നി. വോഡ്കയുടെ ചവർപ്പും ഓറഞ്ചിന്റെ പുളിയും തീർന്നപ്പോൾ ചുണ്ടുകൾ ച്യൂയിംഗമായി. ഡോപ്പമിന്റെ പെരുക്കത്തിൽ ബോധം വഴിമാറി പോയപ്പോൾ തെളിഞ്ഞത് കൊണ്ടയൂരിലെ സുധേട്ടന്റെ കടയിലെ ചില്ലുഭരണിയിൽ ഉറുമ്പരിക്കുന്ന ചെമന്ന തേൻനിലാവുകൾ. സ്കൂളിലേക്കും തിരിച്ചും ബസിന് പോകാതെ നടന്ന് മിച്ചംപിടിച്ച ഇരുപത് പൈസയ്ക്ക് വാങ്ങിയ തേൻനിലാവ് നുണയുന്ന യുവാവ്. യൗവനത്തെ സ്കൂളിലിരുത്തിയ പ്രേമലഹരിയാകുന്നു നീ.

ഓർമ്മപ്പുകകൾ
ഉമ്മത്തുടക്കം അമ്മയാണെങ്കിൽ ഉമ്മയൊടുക്കത്തിന്റെ ഓർമ്മകൾ അച്ഛനിലാണ്. കൂടിച്ചേരലിന്റെ മുദ്രയായ ഉമ്മകൾ വിടപറച്ചിലിന്റേതു കൂടിയാക്കിയത് അച്ഛനാണ്. ശ്വാസകോശത്തിലെ ബീഡിക്കറ കാൻസറായപ്പോൾ വേദനകളുടെ ലോകത്ത് പിടിച്ചുനിൽക്കാനായില്ല. ചുറ്റും ഒരുപാടാളുണ്ടെങ്കിലും ഇളയവൻ കാലുഴിഞ്ഞ് കൊടുക്കണം. ഉറക്കംതൂങ്ങിയ ആ സ്കൂൾകുട്ടി പെട്ടെന്ന് ഞെട്ടിയുണർന്നു. അച്ഛൻ വിളിച്ചുവോ. തുളസിയില മുക്കി ചെറിയ ചെമ്പുകുടത്തിലെ ഗംഗാതീർത്ഥം വായിൽ നനച്ചപ്പോൾ കണ്ണുകളൊന്ന് തുറന്നടഞ്ഞു. കെട്ടിപ്പിടിച്ചുള്ള ഉമ്മയിൽ ശ്വാസം മുഖത്തേക്ക് തട്ടിയപ്പോൾ ഇപ്പോൾ ജനിച്ചതേയുള്ളെന്ന് തോന്നി. പുകവലി നിറുത്തി കാലം കുറെയായിട്ടും ജയ് ഹിന്ദ് ബീഡിയുടെ മണം മകനായി കാത്തുവച്ചു,​അച്ഛൻ !മേഘസന്ദേശങ്ങൾ
റേഡിയേഷൻ അസുഖം വരുത്തുമെന്ന് പറഞ്ഞ് നാട്ടുകാർ നിർമ്മാണം തടഞ്ഞ മൊബൈൽ ടവറുകളുടെ അപകടഭീഷണി കുറഞ്ഞതെങ്ങനെയെന്നോ. നമ്മുടെ ഉമ്മകൾ കൈമാറി കൈമാറിയാണത്രേ മുള്ളില്ലാ മുരിക്കുപോലെ മൊബൈൽ ടവറുകൾ സൗമര്യായത്. സദാചാരക്കാരെയും 'മറ്റുള്ളവരെയും" പേടിക്കാതെ നേരവുംകാലവുമില്ലാതെ ഇഷ്ടങ്ങൾ മൊബൈലിലൂടെ ഉമ്മകളായൊഴുകി. ആകാശത്ത് കൂട്ടിമുട്ടി വഴിതെറ്റി വന്നിട്ടും ഉമ്മകളെല്ലാവരെയും സ്നേഹിപ്പിച്ചു. ഉമ്മകളെയിത്രമേൽ കാൽപ്പനികവും ഉദാരവും ജനാധിപത്യപരവുമാക്കിയ മൊബൈലുകളേ ഫുൾറേഞ്ചിലുമ്മ. നൂറുകണക്കിന് സ്മൈലികളുമായി എന്നും ഉമ്മകളുടെ തൃശൂർപൂരമൊരുക്കുന്ന സൈബറിടങ്ങളേ നന്ദി.

ഉമ്മകളനവധി
തിരമാലകൾ കാലുകളെ കെട്ടിയിട്ട ദിവസങ്ങളിലെ കടലുമ്മകൾ,​ കാടകങ്ങളിലേക്കുള്ള യാത്രയിലെ പൂവുമ്മകൾ,​ പിറന്നാളുമ്മകൾ,​ വിശപ്പുമ്മകൾ,​ ആശ്വാസ ഉമ്മകൾ,​ പൂമ്പാറ്റയുമ്മകൾ,​ വാവകളുടെ ഉമ്മകൾ.

പുല്ലും വൈക്കോലും ഇട്ടുകൊടുക്കുമ്പോൾ നന്ദിനിപ്പശുവും കണ്ണൻ മൂരിയും തന്നയുമ്മകൾ. എങ്ങുനിന്നോ വന്ന് വീടിന് കാവലായിട്ടെങ്ങോ പോയി മറഞ്ഞ അപ്പുനായയുടെ സ്നേഹം. കൂടു നിറയെ പെറ്റുപെരുകാറുള്ള മുയലുകളുടെ ചങ്ങാത്തം.

എന്നും രാവിലെ വയറുനിറയ്ക്കാൻ മാമ്പഴങ്ങൾ വീഴ്ത്തിയിടുന്ന തെക്കേപ്പറമ്പിലെ പുളിമാവേ,​ മുറ്റത്തെ മൂവാണ്ടാ,​ വേരിലും കായ്ച്ച വരിക്കപ്ളാവേ,​ എത്രയെറി‌ഞ്ഞാലും വീഴാതെ കിളികൾക്ക് ആഹാരമാകുന്ന സീതപ്പഴമേ,​ സ്വയം നശിച്ചപ്പോഴും വീടിനുമേൽ കണ്ണിടാതിരുന്ന നാരകമേ.. ഉമ്മ. മനുഷ്യരേക്കാൾ അഗാധമായെത്രയെത്രയുമ്മകൾ.

ഉമ്മകൾ ഇങ്ങനെയൊക്കെയാണ്. മനസിനെയും ശരീരത്തെയും നീറ്റിയൂറ്റി വലിച്ചെടുത്ത് പുകയാക്കും. മട്ടുള്ള ബീഡിപ്പുക. ഹൃദയത്തിന്റെ മച്ചിൻപുറത്ത് നഖ-ദന്ത ക്ഷതങ്ങളേറ്റ എത്രയെത്ര ഓർമ്മപ്പുകകൾ,​ പാപക്കറകൾ. ഭൂമിയിൽ ഉമ്മമഴ പെയ്യട്ടെ. ഉമ്മമരക്കാടുകൾ പൂവിടട്ടെ !

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

*Views are personal


Next Story

Related Stories