TopTop
Begin typing your search above and press return to search.

ഇത് ഷോക് ട്രീറ്റ്മെന്‍റ്- യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെറിന്‍ വര്‍ഗീസ് എഴുതുന്നു

ഇത് ഷോക് ട്രീറ്റ്മെന്‍റ്- യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെറിന്‍ വര്‍ഗീസ് എഴുതുന്നു

ഷെറിന്‍ വര്‍ഗീസ്


രണ്ടുപേര്‍ തമ്മില്‍ ചുംബിക്കുമ്പോള്‍ സമൂഹം അരാജകത്വത്തിലേക്കു പോകുമെന്നു പറയുന്നതെങ്ങനെയാണ്? ചുംബനം സ്‌നേഹത്തിന്റെ പ്രത്യക്ഷമായ പ്രകടനമാണ്; ഇപ്പോഴത് പ്രതിഷേധത്തിന്റെതുമായിരിക്കുന്നു. പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും രൂപം നിശ്ചയിക്കുന്നത്, അത് നടത്തുന്നവരാണ്. ഒരു ജനാധിപത്യസംവിധാനത്തില്‍ ഒരുവന്റെ/ഒരുവളുടെ/ഒരു കൂട്ടത്തിന്റെ സമരം എങ്ങിനെയാവണമെന്ന് ഭരണകൂടത്തിന് നിഷ്‌കര്‍ഷിക്കാന്‍ അവകാശമില്ല. മറിച്ച് എന്താണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചുവെന്നാണ് ഭരണകൂടം അന്വേഷിക്കേണ്ടത്. ആ നിലയില്‍ കാര്യങ്ങളെ ഗൗരവതരമായി സമീപിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. നിര്‍ഭാഗ്യമെന്നു പറയട്ടെ മൂലകാരണത്തെ അവഗണിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നതും.

ഒരു സംഘം യുവാക്കള്‍ സംഘടിപ്പിക്കുന്ന ഈ പ്രതിഷേധ മുറയ്‌ക്കെതിരെ വ്യാപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരിക്കുന്നു. അതില്‍ നിന്ന വ്യക്തമാകുന്നത്; എന്താണോ ആ യുവാക്കള്‍ പറയാന്‍ ഉദ്ദേശിച്ചത്, അത് പൊതുജനം ചര്‍ച്ച ചെയ്യ്തു തുടങ്ങിയിരിക്കുന്നു എന്നാണ്. ഒരു സമരം തുടങ്ങും മുമ്പേ വിജയിച്ചതാണ് ഇപ്പോള്‍ കാണാവുന്നത്. കേരളത്തിലെ സദാചാര പോലീസിംഗിനും സ്യൂഡോ മൊറാലിറ്റിക്കുമെതിരെയുള്ള പ്രതിഷേധം, അത് നടപ്പാക്കുന്നതിനു മുന്നേ പൊതുസമൂഹത്തെക്കൊണ്ട് ചര്‍ച്ച ചെയ്യിപ്പിക്കാന്‍ ഈ സമരത്തിന്റെ വക്താക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍-ആ ചെറുപ്പക്കാര്‍ക്ക് കൈയടി കൊടുക്കേണ്ടിയിരിക്കുന്നു.

സമൂഹത്തില്‍ മാനിക്കപ്പെടുന്ന വ്യക്തികള്‍പോലും ഈ പ്രതിഷേധത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. മലയാളിയുടെ സ്യൂഡോ മൊറാലിറ്റിയുടെ വേലിക്കെട്ടിനകത്തു നിന്നുകൊണ്ട് ആ സിസ്റ്റത്തിനെതിരെ ശബ്ദിക്കാനുള്ള അവരുടെ ഭയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇതൊരു ആഭാസ സമരമാണെന്ന് വിചാരിക്കുന്നവര്‍, കണ്ണുതുറക്കേണ്ടത് ഇതേസമൂഹത്തില്‍ നടക്കുന്ന അടിച്ചമര്‍ത്തലുകളിലേക്കാണ്. ആ കൈയൂക്കിനെ ചൂണ്ടിക്കാണിക്കുന്നുവെന്ന നിലയില്‍ ഈ പ്രതിഷേധത്തെ അവര്‍ പരിഗണിക്കുകയാണ് വേണ്ടത്. കുറച്ചുനാള്‍മുമ്പ് എറണാകുളം ലോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധസൂചകമായി നഗ്നയോട്ടം നടത്തിയത് ഓര്‍ക്കുന്നുണ്ടാകും, അന്ന് കീഴ്‌മേല്‍ മറിയാത്ത ഭൂമി ഇപ്പോള്‍ രണ്ടായി പിളരുമെന്നു പറയുന്നതിലെ യുക്തിയെന്താണ്? ചുംബനം അശ്ലീലമെന്ന് പറയുന്നവരുടെ മനസ്സാണ് അശ്ലീലമായിട്ടുള്ളത്.ഇങ്ങിനെയൊരു പ്രതിഷേധവും ചര്‍ച്ചകളുമൊക്കെ എന്തിനാണെന്നാണ് ഒരുപക്ഷത്തിന്റെ ചോദ്യം. അവര്‍ അര്‍ത്ഥമാക്കുന്നത് കോഴിക്കോട് നടന്ന അക്രമത്തെ അവഗണിക്കണമെന്നാണോ? എങ്കില്‍ ഈ അവഗണനകളാണ് കേരളത്തെ വലിയൊരു അരാജകത്വത്തിലേക്ക് തള്ളിയിടാന്‍ പോകുന്നതെന്ന് മനസ്സിലാക്കുക.

എന്നിട്ട് നിങ്ങള്‍ ചെയ്യണ്ടത്- സ്‌നേഹപ്രകടത്തിന്റെ ഭാഗമായ ചുംബനത്തെ അതിന്റെ പവിത്രതയോടെ ഒരു സമരായുധമാക്കുന്ന യുവസംഘങ്ങളെ ബഹുമാനിക്കുകയാണ്.

ലൈംഗികത പാപമണെന്ന് വിശ്വസിക്കുന്നവരാണ് ഈ സമൂഹത്തിലേറെയും. ആ പാപത്തിന്റെ ഒരു ഉപോദ്പ്പന്നമായി ചുംബനത്തെയും അവര്‍ കാണുന്നു. എന്നിരിക്കെ, ഇതേ പാപങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ചെയ്ത് സ്വന്തം ഹിപ്പോക്രസി വെളിവാക്കാറുമുണ്ട് മലയാളി. ഒരു സ്ത്രീയുടെ നഗ്നത വാട്‌സ് ആപ്പിലൂടെ ആഘോഷിച്ചതിന്റെ ആലസ്യം ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. അതേ നേരത്താണ്, സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഫാഷിസത്തിനെതിരെ സര്‍ഗാത്മകസമരം നടത്തുന്നതിലെ സദാചാരവിരുദ്ധതയ്ക്കെതിരെ നാവിട്ടടിക്കുന്നതും.

ബെസ്റ്റ് ഓഫ് അഴിമുഖം

സംഘികളുടെ സദാചാര പാലനം - കേരള മോഡല്‍
നിങ്ങളാരെയാണ് മാറ്റിനിര്‍ത്തുന്നത്- ഒരു ഡൌണ്‍ ടൌണ്‍ ആരാധികയുടെ കുറിപ്പ്
ചുംബനം ഒരു സമരം കൂടിയാണ്
നിങ്ങള്‍ക്ക് മനസിലാവാത്ത കാര്യങ്ങളാണ്; അവര്‍ ചുംബിക്കട്ടെ
സദാചാരത്തിന്റെ രാഷ്ട്രീയവും ചുംബനത്തിന്റെ (അ)രാഷ്ട്രീയതയും

വിദേശരാജ്യങ്ങളില്‍ പരിപൂര്‍ണനഗ്നരായി പൊതുയിടങ്ങളില്‍ പ്രതിഷേധം നടത്തുന്നവരെക്കുറിച്ച് കേട്ടിട്ടില്ലേ. നമ്മുടെ ശരീരത്തിനും ഒരുരാഷ്ട്രീയമുണ്ട്. അത് തിരിച്ചറിയണം. വഴിവക്കില്‍ കുത്തിയിരുന്ന മുദ്രാവാക്യം വിളിക്കുന്നതും, ഏതെങ്കിലും സ്ഥാപനങ്ങളുടെ മുന്നില്‍ ഉപരോധം നടത്തുന്നതും ഹര്‍ത്താല്‍ നടത്തി ജനജീവിതം സ്തംഭിപ്പിക്കുന്നതും മാത്രമാണ് സമരമെന്ന് ആരാണ് പറഞ്ഞിട്ടുള്ളത്? പ്രതിഷേധങ്ങള്‍ക്ക് പല രൂപങ്ങളുണ്ട്. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ചുംബനസമരത്തിന്റെ വക്താക്കളെ ചോദ്യം ചെയ്യാന്‍ എന്റെ പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരുമുണ്ടായിരുന്നു. എനിക്കവരെയോര്‍ത്ത് കുറ്റബോധം തോന്നുന്നു. അവരുടെ അറിവില്ലായ്മയോര്‍ത്ത് ലജ്ജിക്കുന്നു.


സദാചാരത്തിന് പോറലേല്‍പ്പിക്കുന്ന സമരമാണ് നടക്കാന്‍ പോകുന്നതെന്ന് ഭയപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഭയക്കേണ്ടത്, ഈ സമരത്തിന്റെ കാരണത്തെയാണ്. അസഹിഷ്ണുത തിളയ്ക്കുന്ന ഒരു സാമൂഹികസാഹചര്യം കേരളത്തില്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നവര്‍ അറിയണം. അതറിഞ്ഞാല്‍ ഈ ഭയം ഇപ്പോഴുള്ളതില്‍ നിന്ന് വ്യതിചലിക്കപ്പെടും.ശ്രദ്ധിച്ചാല്‍ മനസ്സിലാകും; ഈ സദാചാരവാദികളെല്ലാം അവരവരുടെയുള്ളില്‍ ഫ്രസ്‌ട്രേഷന്‍ അനുഭവിക്കുന്നവരാണ്. സ്വന്തം ജീവിതത്തില്‍ പുരോഗമനാത്മകവും ക്രിയാത്മകവുമായ യാതൊന്നും ചെയ്യാതെയും മറ്റൊരുവന്റെ ജീവിത്തിലേക്ക് മാത്രം നോക്കിയിരിക്കുന്നവരാണ് മോറല്‍ പോലീസിംഗ്, വേട്ടയ്ക്കിറങ്ങുന്നത്. അവര്‍ക്ക് രാത്രിയില്‍ ഒരാണും പെണ്ണും ഒരുമിച്ച് യാത്ര ചെയ്യുന്നതും, കാപ്പി കുടിക്കുന്നതും, സംസാരിക്കുന്നതുമെല്ലാം കാണുന്നത് മാനസിക വിഭ്രാന്തി ഉണ്ടാക്കും. അപ്പോഴവന്‍ കുറുവടിയെടുക്കും, ഒന്നുകില്‍ ജിവനെടുക്കും അല്ലെങ്കില്‍ ജീവിതസാഹചര്യങ്ങള്‍ അടിച്ചുതകര്‍ക്കും; കോഴിക്കോട്ടെ കോഫിഷോപ്പ് തകര്‍ത്തതുപോലെ. മൂന്നോനാലോ ചെറുപ്പക്കാരുടെ ജീവിതവഴിയാണ് ആ കഫെ എന്നതുകൂടി നമ്മള്‍ ഓര്‍മ്മിക്കേണ്ടതാണ്.

പരിഷ്‌കൃതമായൊരു ജനസമൂഹത്തിലാണ് ഇതൊക്കെ നടക്കുന്നതെന്നതാണ് വിരോധാഭാസം. മറ്റുള്ളവന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന മലയാളിയുടെ മനോവൈകൃതത്തിനുള്ളൊരു ഷോക്ക് ട്രീറ്റ്‌മെന്റു കൂടിയാവണം ഈ ചുംബനസമരം.ഒരു സംഘടനയുടെയും ബന്ധമില്ലാതെ, പിന്തുണയില്ലാതെയാണ് ഒരു കൂട്ടം യുവാക്കള്‍ ഇത്രവലിയൊരു പ്രതിഷേധം സംഘടിപ്പിച്ചതെന്നതിനാല്‍, അവരെ തീര്‍ച്ചയായും ഭരണകൂടം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.അവരുയര്‍ത്തുന്ന പ്രതിഷേധം അടിസ്ഥാന സാമൂഹികപ്രശ്‌നമായി കാണാന്‍ തയ്യാറാകണം, ഒപ്പം പോലീസും. ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്കാണ് ഭരണകൂടമാണെങ്കിലും നിമയപാലകരാണെങ്കിലും സംരക്ഷണം നല്‍കേണ്ടത്. അല്ലാതെ സദാചാര തീവ്രവാദിയുടെ കൈയിലെ ആയുധമാകാനല്ല ശ്രമിക്കേണ്ടത്. പലപ്പോഴും കണ്ടുവരുന്നത് നമ്മമുടെ പോലീസ് ഇത്തരക്കാരുടെ കൂടെ നില്‍ക്കുന്നതാണ്. ചെറിയൊരു ജനക്കൂട്ടത്തെ ഭയപ്പെട്ട് അവര്‍ ചൂണ്ടിക്കാണിക്കുന്നവരെ കുറ്റവാളികളാക്കുകയാണ പോലീസ്. ആ നിലപാട് മാറ്റിയേ പറ്റൂ.

ഈ പ്രതിഷേധസമരം ഒറ്റപ്പെട്ടൊരു സംഭവമായും കാണരുത്. ഇതൊരു താക്കീതാണ്. കേരളത്തിലെ കപടസദാചാരത്തിനെതിരെയുള്ള യുവാക്കളുടെ താക്കീത്. മോറല്‍ പോലീസിംഗിന്റെ മുഖത്ത് കിട്ടിയ ശക്തമായൊരു പ്രഹരമാണ് ഈ പ്രതിഷേധം. ഇവിടുത്തെ രാഷ്ട്രീയപാര്‍ട്ടികളോ യുവജനസംഘടനകളോ ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യം തന്നെയാണ് ഈ സമരത്തിന്റെ വക്താക്കള്‍ ചെയ്തിരിക്കുന്നതെന്നതും അവരുടെ മഹത്വം വര്‍ദ്ധിപ്പിക്കുന്നു.

(യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

*Views are personal


Next Story

Related Stories