TopTop

ചുംബനസമരം: സദാചാരക്കാര്‍ നില്‍ക്കുന്നത് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകനു വേണ്ടി - സുല്‍ഫത്ത് ടീച്ചര്‍ സംസാരിക്കുന്നു

ചുംബനസമരം: സദാചാരക്കാര്‍ നില്‍ക്കുന്നത് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകനു വേണ്ടി - സുല്‍ഫത്ത് ടീച്ചര്‍ സംസാരിക്കുന്നു

ചുംബന സമരത്തില്‍ പങ്കെടുത്ത കണ്ണൂര്‍ ചെറുതാഴം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികയായ എം സുല്‍ഫത്തിനെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലെ ഒരു വിഭാഗം അധ്യാപകര്‍ രംഗത്ത് വന്നിരുന്നു. ചുംബന സമരത്തില്‍ പങ്കെടുത്ത ടീച്ചര്‍ സ്‌കൂളിന് അപമാനമാണെന്നാണ് ഈ അധ്യാപകരുടെ പക്ഷം. കൂടങ്കുളം സമരത്തിലും എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്ത സുല്‍ഫത്തിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ സ്‌കൂളിലും പരിസരത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നില്‍പ്പ് സമരം പോലുള്ള കേരളത്തിലെ ജനകീയ സമരങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന തന്നെ സ്‌കൂളില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നവര്‍ പകപോക്കലാണ് ലക്ഷ്യമിടുന്നതെന്ന് സുല്‍ഫത്ത് പറയുന്നു. സ്‌കൂളിലെ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ സംരക്ഷിക്കാന്‍ സുല്‍ഫത്ത് കൂട്ടുനിന്നിരുന്നില്ല. മാത്രമല്ല അവരുടെ ഇടപെടല്‍ കാരണം ആ അധ്യാപകന്‍ ഇപ്പോള്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. സുല്‍ഫത്ത് ടീച്ചര്‍ അഴിമുഖം പ്രതിനിധി നീതു ദാസിനോട് സംസാരിക്കുന്നു.

ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ആദ്ധ്യാപകനെതിരെ ഞാന്‍ നിലപാട് സ്വീകരിച്ചതാണ് ചുംബന സമരത്തിന്റെ പേര് പറഞ്ഞ് ഒരു വിഭാഗം അധ്യാപകര്‍ എനിക്കെതിരെ തിരിയാന്‍ കാരണം. സെപ്റ്റംബര്‍ പതിനേഴിനാണ് സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളെത്തി അധ്യാപകനായ അനില്‍കുമാറിനെതിരെ പ്രധാനാധ്യാപകനായ എം മോഹനന് പരാതി കൊടുക്കുന്നത്. അധ്യാപകന്‍ കുട്ടിയെ സ്‌കൂള്‍ വിട്ടതിന് ശേഷം സ്റ്റാഫ് റൂമില്‍ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതായിരുന്നു പരാതി. ലൈംഗികമായ അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള നിയമപ്രകാരം സ്‌കൂളിലെ അധ്യാപകനെതിരെ ഇത്തരത്തിലൊരു പരാതി കിട്ടിയാല്‍ പ്രധാനാധ്യാപകന്‍ പൊലീസില്‍ വിവരമറിയിക്കേണ്ടതാണ്. അല്ലാത്തപക്ഷം അത് ഒരു വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റവുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് ഇത് സംബന്ധിച്ച ബോധവത്കരണം വിദ്യാഭ്യാസ വകുപ്പ് കൊടുത്തിട്ടുണ്ട്. അധ്യാപകനെതിരെ നടപടിയെടുക്കാമെന്ന് പറഞ്ഞ് രക്ഷിതാക്കളെ തൃപ്തിപ്പെടുത്തി അയച്ച്, പിറ്റേന്ന് തന്നെ സ്റ്റാഫ് മീറ്റിങ് കൂടി അധ്യാപകന് മറ്റൊരു സ്‌കൂളിലേക്ക് സ്ഥലംമാറ്റം തരപ്പെടുത്താനുള്ള ശ്രമങ്ങളാരംഭിക്കുകയാണ് പ്രധാനാധ്യാപകന്‍ ചെയ്തത്.
വിവരം പുറത്തറിഞ്ഞാല്‍ സ്‌കൂളിന്റെ സല്‍പ്പേരിനെ അത് ബാധിക്കുമെന്നും അതിനാല്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മീറ്റിങ്ങില്‍ തീരുമാനിക്കുമ്പോള്‍ സംഭവം പൊലീസിലും ചൈല്‍ഡ് ലൈനിലും അറിയിക്കണമെന്ന് ഞാന്‍ മാത്രമെ ആവശ്യപ്പെട്ടുള്ളു. അന്ന് മീറ്റിങ്ങിലുണ്ടായിരുന്നവരെല്ലാം സ്‌കൂളിന്റെ നല്ലപേര് കളയാനാണോ ഇങ്ങനെ ചെയ്യുന്നത് എന്നാണ് ചോദിച്ചത്. സ്‌കൂളില്‍ കുട്ടികള്‍ക്ക് ഏത് സമയത്തും കാണാവുന്ന തരത്തില്‍ ചൈല്‍ഡ് ലൈന്‍ നമ്പര്‍ എഴുതിവെക്കണമെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ ചെറുതാഴം സ്‌കൂളില്‍ അങ്ങനെവിടെയും നമ്പര്‍ എഴുതിവെച്ചിട്ടില്ല. അതിനാലാണ് പ്രധാനാധ്യാപകനോട് വിവരം ചൈല്‍ഡ്‌ലൈനില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ യാതൊരുവിധ നിയമനടപടികള്‍ക്കും മുതിരാതെ രാത്രി വരെ ആരോപണവിധേയനായ അധ്യാപകന് സ്ഥലംമാറ്റം ശരിപ്പെടുത്താനാണ് ഇയാള്‍ ശ്രമിച്ചത്. കണ്ണൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്. ഡെപ്യൂട്ടി ഡയറക്ടര്‍ ദിനേശ് മഠത്തിലും വിവരം പൊലീസില്‍ അറിയിക്കാതെ അധ്യാപകന്റെ സ്ഥലംമാറ്റത്തിനായാണ് ശ്രമിച്ചത്. പിടിഎ പ്രസിഡന്റ് എ മാധവന്‍ വിവരങ്ങളെല്ലാം അറിഞ്ഞ് സ്‌കൂളില്‍ എത്തിയിരുന്നു. സ്‌കൂള്‍ അധികൃതരും പിടിഎയും ഡിഡിയും ചേര്‍ന്ന് ആസൂത്രിതമായി അധ്യാപകനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു.പരാതി കൊടുത്ത കുട്ടിയുടെ രക്ഷിതാക്കളെ രാത്രി വിളിച്ചപ്പോള്‍ അന്വേഷണത്തിനായി പൊലീസോ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരോ അവിടെ എത്തിയിട്ടില്ലെന്ന് മനസ്സിലായി. എന്റെ പരിചയക്കാരനായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗത്തിന്റെ നമ്പര്‍ കൊടുത്തത് അനുസരിച്ച് രക്ഷിതാക്കള്‍ തന്നെ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. പിറ്റേന്ന് തന്നെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. കുട്ടിയുടെ പരാതി ബോധ്യപ്പെട്ട ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ സംഭവത്തിന്റെ ഗൗരവം സ്‌കൂളിലെത്തി പ്രധാനധ്യാപകനെ ധരിപ്പിച്ചു. തുടര്‍ന്ന് ഉച്ചയോടെ പൊലീസില്‍ പരാതിയും നല്‍കി. അധ്യാപകന്‍ ഒന്നിലധികം തവണ തന്നെ ശല്യം ചെയ്തതായും പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പൊലീസിന് മൊഴി കൊടുത്തു. സ്‌കൂളില്‍ പോകാതായ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് രക്ഷിതാക്കള്‍ വിവരം അറിയുന്നത്. കുട്ടിയുടെ മൊഴിയെടുത്ത് പൊലീസ് സ്‌കൂളില്‍ എത്തുമ്പോഴേക്കും അധ്യാപകന് സ്‌കൂളില്‍ നിന്നുള്ള റിലീവിങ് ലെറ്റര്‍ ലഭിച്ചിരുന്നു. അന്ന് തന്നെ വയക്കര സ്‌കൂളില്‍ ജോയിന്‍ ചെയ്ത ശേഷം ലീവെടുത്ത് മുങ്ങിയ അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനായില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിപ്പിച്ച് കീഴടങ്ങാന്‍ കോടതി ആവശ്യപ്പെട്ടതിന് ശേഷവും ഒരാഴ്ച കഴിഞ്ഞാണ് ഇയാള്‍ പൊലീസില്‍ കീഴടങ്ങുന്നത്. സംഭവം മൂടിവെക്കാന്‍ ശ്രമിച്ചതിന് കേസില്‍ രണ്ടാം പ്രതിയായ പ്രധാനധ്യാപകന് ജാമ്യം കിട്ടിയിട്ടുണ്ട്. ഡിഡിയുടെ നേരെയും അന്വേഷണം നീളുന്നുണ്ട്.
ഈ സംഭവം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം സ്‌കൂളില്‍ പിടിഎ ജനറല്‍ ബോഡി മീറ്റിങ്ങ് കൂടിയിരുന്നു. സ്‌കൂളിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സുല്‍ഫത്ത് ടീച്ചറെ പുറത്താക്കണമെന്ന തീരുമാനമെടുക്കാനായിരുന്നു മീറ്റിങ്. അന്നത്തെ മീറ്റിങ്ങില്‍ അത്തരത്തിലൊരു തീരുമാനമെടുക്കാനാകാതെ പോയത് മറ്റ് കുട്ടികളുടെ അമ്മമാരെല്ലാം എന്റെ കൂടെ നിന്നത് കൊണ്ടാണ്. മറ്റൊരു കാരണം കാത്തിരുന്നത് പോലെയാണ് ചുംബന സമരത്തില്‍ ഞാന്‍ പങ്കെടുത്തതും അറസ്റ്റിലായതും ഇവര്‍ എനിക്കെതിരായുള്ള ആയുധമാക്കുന്നത്. സമരത്തിന് രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം എന്നെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം അധ്യാപകര്‍ സ്‌കൂളിന് മുന്നില്‍ പ്രകടനം നടത്തി. സുല്‍ഫത്ത് ടീച്ചര്‍ സ്‌കൂളിന് അപമാനമാണെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു അവരുടെ പ്രകടനമെന്നാണ് കേട്ടത്. അതിന് ശേഷം ശമ്പളം വാങ്ങിക്കാനായി സ്‌കൂളിലെത്തിയ എനിക്കെതിരെ സ്‌കൂളിലെ വിദ്യാര്‍ഥികളെ നിരത്തിയാണ് ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. അതില്‍ ഒന്നാം ക്ലാസിലുള്‍പ്പെടെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുവെന്നുള്ളതാണ് എന്നെ വേദനിപ്പിച്ചത്.വിദ്യാര്‍ഥികള്‍ എനിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത് അധ്യാപകര്‍ നോക്കിനിന്നു. വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ എനിക്കെതിരെ മുദ്രാവാക്യം വിളിച്ചവരുടെ കൂട്ടത്തില്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളാരും ഉണ്ടായിരുന്നില്ല. സ്‌കൂളിലെ ഏക വിദ്യാര്‍ഥി സംഘടനയായ എസ് എഫ് ഐയോ മഹിളാ അസോസിയേഷനോ അധ്യാപകന്‍ പീഡിപ്പിച്ച കുട്ടിയുടെ വീട്ടില്‍ ചെല്ലുകയോ കുട്ടിയെ കണ്ട് സംസാരിക്കുകയോ ചെയ്തിട്ടില്ല. പഞ്ചായത്ത് പ്രസിഡന്റ് സി എം വേണുഗോപാല്‍ കുട്ടിയെ നേരിട്ട് കാണാനും പിന്തുണക്കാനും വ്യക്തിപരമായി ഇടപെട്ടിരുന്നു. എനിക്കെതിരെ നടക്കുന്ന ആസൂത്രിത നീക്കത്തെ പരസ്യമായി അപലപിക്കാനോ പ്രതികളെ പിന്തുണക്കുകയില്ലെന്ന് പ്രഖ്യാപിക്കാനോ സിപിഎം പ്രാദേശിക നേതൃത്വം മുന്നോട്ട് വന്നിട്ടില്ല. സ്‌കൂളിന്റെ പിടിഎ എക്‌സിക്യൂട്ടീവില്‍ സിപിഎം അനുഭാവികളാണ് ഭൂരിപക്ഷവും. അധ്യാപകരില്‍ ഭൂരിപക്ഷവും ഇടതുപക്ഷ സംഘടനയിലെ അംഗങ്ങളാണ്. ചുംബന സമരത്തെ മറയാക്കി എനിക്കെതിരായ നീക്കം ശക്തിപ്പെടുത്താനാണ് ഇവര്‍ ശ്രമിക്കുന്നത്.
നടന്ന സംഭവം വളച്ചൊടിച്ച്, കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും മര്‍ദിക്കുക മാത്രമാണ് ചെയ്തതെന്നും പ്രചാരണം നടത്തുകയാണ് ഇവര്‍. സുല്‍ഫത്ത് ടീച്ചര്‍ സംഭവം മറ്റൊരു തരത്തില്‍ കൊണ്ടെത്തിച്ചതാണെന്നും പെണ്‍കുട്ടി കള്ളമൊഴി കൊടുത്തതാണെന്നും പ്രചരിപ്പിച്ച് നാട്ടുകാരെ ഞങ്ങള്‍ക്കെതിരാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. പുരോഗമന പ്രസ്ഥാനത്തിന് വേരോട്ടമുള്ള മണ്ണില്‍ പീഡനത്തിനിരയായ കുട്ടിയെ വീണ്ടും അപമാനിക്കുന്ന തരത്തിലുളള പ്രചാരണമാണ് നാട്ടില്‍ ഇപ്പോള്‍ നടക്കുന്നത്. വിദ്യാര്‍ഥിനിയെ അധ്യാപകന്‍ തന്നെ പീഡിപ്പിച്ചതും, സ്ത്രീശരീരത്തിന് മേല്‍ നടന്ന അതിക്രമം മറച്ച് വെക്കണമെന്നതുമാണ് ഇവരുടെ സദാചാര ബോധം. ചുംബനസമരത്തില്‍ പങ്കെടുത്ത ഞാന്‍ സ്‌കൂളിന് അപമാനമാണെന്നു പറയുന്നതും ഇവരുടെ സദാചാര ബോധമാണ്. സദാചാരത്തിലെ കാപട്യമാണ് ഇവിടെ തെളിയുന്നത്.
കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്ഒരു മാസത്തെ ലീവ് കഴിഞ്ഞ് പതിനേഴാം തിയതി സ്‌കൂളില്‍ പ്രവേശിക്കാനിരിക്കുകയാണ് ഞാന്‍. എന്ത് നടന്നാലും നേരിടാന്‍ ഉറച്ച് തന്നെയാണ് നില്‍ക്കുന്നത്. കുട്ടിയുടെ നീതിക്ക് വേണ്ടിയാണ് നിലനിന്നതെന്നതു കൊണ്ടും സ്‌കൂള്‍ അധികൃതരാണ് തെറ്റ് ചെയ്തതെന്ന് ഉറപ്പുള്ളത് കൊണ്ടും ആരൊക്കെ എതിര്‍ത്താലും മുന്നോട്ട് തന്നെ...Next Story

Related Stories