TopTop
Begin typing your search above and press return to search.

ഒപ്പം ഞങ്ങളും; ചുംബനസമരം അഴിമുഖത്തിലൂടെ

ഒപ്പം ഞങ്ങളും; ചുംബനസമരം അഴിമുഖത്തിലൂടെ

ചുംബന സമരം അതിന്‍റെ ചരിത്രപരമായ കടമ നിര്‍വ്വഹിച്ചിരിക്കുന്നു. കേരളത്തിലെ മത-വര്‍ഗീയ ഫാസിസ്റ്റ് സംഘടനകള്‍ ഒരേ നാണയത്തിന്റെ രണ്ടു പുറങ്ങളാണ് എന്ന് കേരള സമൂഹത്തിന് കാണിച്ചുകൊടുത്തു എന്നത് മാത്രമല്ല ഈ സമരത്തിന്‍റെ പ്രസക്തി. ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുന്ന ഒരു യുവത്വം ഇവിടെയുണ്ട് എന്ന വിളിച്ചുപറയല്‍ കൂടിയാവുകയായിരുന്നു ഈ സമരം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ യുവാക്കളെ അവഗണിച്ചുകൊണ്ട് ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല എന്നത് തീര്‍ച്ച. ചുംബനസമരത്തിനൊപ്പം നടന്നും ചില എതിര്‍ വിചാരങ്ങള്‍ പങ്ക് വച്ചും അഴിമുഖവും ഈ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടെയും ചിന്തകളിലൂടെയും ചിത്രങ്ങളിലൂടെയും വീണ്ടുമൊരു യാത്ര...ചുംബന സമരമല്ലായിരുന്നു നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്‌

അഭിജിത്ത് ഡി കുമാര്‍

കഴിഞ്ഞ മൂന്നര മാസക്കാലമായി തലസ്ഥാനത്ത് ആദിവാസികള്‍ തങ്ങളുടെ നിലനില്‍പ്പിനായി, അനുവദിക്കപ്പെട്ട അവകാശങ്ങള്‍ക്കായി നടത്തുന്ന നില്‍പ്പ് സമരത്തിന് നല്‍കാത്ത പ്രസക്തിയും പ്രാധാന്യവുമാണ് ഒരാഴ്ച മുമ്പു മാത്രം സോഷ്യല്‍ നെറ്റ്‌വര്‍കിംഗ് സൈറ്റുകളിലൂടെ പ്രചാരം നേടിയ 'കിസ് ഓഫ് ലവ് ' അഥവാ ചുംബന സമരത്തിന് നമ്മുടെ മാധ്യമങ്ങളും പൊതു സമൂഹവും നല്‍കിയത്.

ചുംബന വിമുക്ത കേരളം

അന്ന

ഇത്തരം സമരങ്ങളും പ്രതിഷേധങ്ങളും പലപ്പോഴും ലക്ഷ്യം വെക്കപ്പെടുന്നത് സ്ത്രീകളെയാണ്. ചുംബന സമരത്തിലും സ്ത്രീകളെ വസ്തുവല്‍ക്കരിക്കുന്ന കാഴ്ചയാണ് കാണാനായത്. അമ്മയായും പെങ്ങളായും ഭാര്യയായും കൊണ്ട് വരേണ്ട ചരക്കുകളായി സ്ത്രീകള്‍ മുദ്ര കുത്തപ്പെട്ടു. സ്ത്രീകള്‍ക്ക് സ്വന്തം താല്പര്യവും തിരഞ്ഞെടുക്കാനുള്ള അവകാശവും ഇഷ്ടാനിഷ്ടങ്ങളും ഇല്ലേ?
ചുംബനസമരത്തെ എതിർത്ത കെ.എസ്.യുവിന് വി.ടി ബൽറാം എംഎൽഎയുടെ തുറന്ന കത്ത്‌

ചുംബനസമരം ഒരു പ്രതീകാത്മകമായ സമരം മാത്രമാണെന്ന് ദയവായി മനസ്സിലാക്കുക. അതിന്റെ എല്ലാ പരിമിതികൾക്കകത്തും യഥാർത്ഥത്തിൽ ഇതൊരു ഫാഷിസ്റ്റ്‌ വിരുദ്ധ സമരം തന്നെയാണു. ഒരുപക്ഷേ "സദാചാരപ്പോലീസിംഗ്‌ വിരുദ്ധ സമര"മെന്നോ മറ്റോ പേരിട്ടിരുന്നെങ്കിൽ ഇതിത്രകണ്ട്‌ എതിർപ്പുകൾ സൃഷ്ടിക്കില്ലായിരുന്നു എന്ന് തോന്നുന്നു. ഏതായാലും സമരത്തെ എതിർക്കുന്നവരേക്കൊണ്ട്‌ പോലും "ഞങ്ങളും സദാചാരപ്പോലീസിനു എതിരാണു" എന്ന് വാചികമായെങ്കിലും പറയിപ്പിക്കാൻ സാധിച്ചു എന്നത്‌ തന്നെയാണീ സമരത്തിന്റെ ഏറ്റവും വലിയ നേട്ടം.

മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടകളും പറ്റിയ പോലീസും

ആര്‍.സുഭാഷ്

കൊച്ചിയിലെ ചുംബനസമരത്തിന്റെ ഫലശ്രുതി എന്താണ്?. അതെന്തായാലും സമരക്കാര്‍ ലക്ഷ്യമിട്ട സാമൂഹ്യ അവബോധമുയരലാവുമോ?.ഒരു സാധ്യതയും ഇല്ല. ഇതുവരെ പേടിച്ചും സംശയിച്ചും നിന്നിരുന്ന സദാചാരഗുണ്ടകള്‍ കൂടി മുണ്ടും മാടിക്കെട്ടി തുടയ്ക്കടിച്ച് രംഗത്തിറങ്ങും എന്നുറപ്പ്. ഇനി മുതല്‍ മലയാളി ആണിന്റെയും പെണ്ണിന്റെയും ഗതി ഇതുവരെ ഉണ്ടായിരുന്നതിനെക്കാള്‍ കഷ്ടത്തിലാവും. ഇനി റോഡിലൂടെ പട്ടാപ്പകലും ഒന്നിച്ചുനടക്കാന്‍ വരെ അവര്‍ ഇക്കൂട്ടര്‍ക്കു ചുങ്കം കൊടുക്കേണ്ടിവരും.

എല്ലാ പരിധിയും വിട്ട് സൈബര്‍ ആക്രമണവും: കിസ് ഓഫ് ലൌ സംഘാടകര്‍ പ്രതികരിക്കുന്നു

ടീം അഴിമുഖം

ശാരീരികാക്രമണത്തിനു പിന്നാലെ കിസ് ഓഫ് ലൗവ് പ്രവര്‍ത്തകര്‍ക്കതിരെ സൈബര്‍ ആക്രമണവും. ഫെയ്‌സ്ബുക്കിലെ കിസ് ഓഫ് ലൗവ് പേജും രാഹുല്‍ പശുപാലന്‍, ഭാര്യ രശ്മി എന്നിവരുള്‍പ്പടെയുള്ള കിസ് ഓഫ് ലൗവ് സംഘടാകരില്‍ പ്രമുഖരുടെ അകൗണ്ടുകളുമാണ് ഇന്ന് രാവിലെ തൊട്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. കിസ് ഓഫ് ലൌ സംഘാടകന്‍ രാഹുല്‍ പശുപാലന്‍ അഴിമുഖവുമായി സംസാരിക്കുന്നു.

കൊച്ചി ചുംബനസമര ചിത്രങ്ങള്‍
ടീം
അഴിമുഖം

കൊച്ചിയില്‍ നടന്ന ചുംബനസമരം ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്നത് വിവിധ കാരണങ്ങള്‍ കൊണ്ടാകും. എത്രമാത്രം അടഞ്ഞ സമൂഹമാണ് നമ്മുടേത് എന്നും മതത്തിന്റെയും മതസംഘടനകളുടെയും തീട്ടൂരങ്ങള്‍ക്ക് ഇന്നും അനുസരണക്കാരുണ്ടെന്നും ജനാധിപത്യവിരുദ്ധ നടപടികള്‍ക്ക് ഭരണകൂടവും കൂട്ടുനില്‍ക്കുമ്പോള്‍ സ്വാഭാവികമായിത്തന്നെ ചെറുത്തുനില്‍പ്പുകള്‍ ഉണ്ടാകുമെന്നും നമ്മെ ബോധ്യപ്പെടുത്തുക കൂടി ചെയ്യുന്നു ഈ സമരം. കൊച്ചിയിലെ ചുംബനസമരത്തില്‍ നിന്ന്‍ അഴിമുഖം പ്രതിനിധി പകര്‍ത്തിയ ചിത്രങ്ങള്‍

അഴികള്‍ തകര്‍ക്കട്ടെയീ ചുംബനങ്ങള്‍
കാല്‍വിന്‍
അറസ്റ്റും പിന്നീടുണ്ടായ സംഭവവികാസങ്ങളും മറ്റു മാനങ്ങളിലൂടെ ചുംബനസമരത്തെ കൂടുതല്‍ ജനകീയമാക്കുകയാണ് ചെയ്യുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട സമരക്കാര്‍ പൊലീസ് വാനിലിരുന്ന് ചുംബനം കൈമാറുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ നെറ്റ്‌‌വര്‍ക്കുകളിലൂടെ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിന്റെ സംവേദനക്ഷമതയെപ്പറ്റി ഏറെപ്പറയേണ്ടതുണ്ട്. ഫോട്ടോഗ്രാഫിയുടെയും മാസ് മീഡിയയുടേയും വരവോടെ മിക്ക പ്രതിഷേധങ്ങളും ജനപ്രീതിയാര്‍ക്കുന്ന ഇമേയ്ജുകളിലൂടെയാണ്. കാണുന്ന ഏതൊരാളിന്റെയും മനസില്‍ പതിയുന്ന ഏതാനും ചില ചിത്രങ്ങള്‍ മനുഷ്യചരിത്രത്തിന്റെ ഓരോ ചെറുസംഭവങ്ങളില്‍ പോലും കാണാന്‍ സാധിക്കും. അത്തരമൊരു സംവേദനസാധ്യതയുള്ള ഇമേയ്ജ് പൊതുസമൂഹത്തിന്റെ മുന്നിലേയ്ക്കിട്ടു കൊടുക്കാന്‍ സാധിച്ചു എന്നതാണ് സമരത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന്. ഇത് ഭരണകൂടമോ സമൂഹത്തിലെ പിന്തിരിപ്പന്‍ ശക്തികളോ ഒരിക്കലും പ്രതീക്ഷിക്കാത്ത ചലനമാണ് സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്നത് എന്നുറപ്പാണ്.ചുംബന സമരം വിജയം തന്നെയാണ്; ഒരു ചൂണ്ടുപലകയും
രാകേഷ് നായര്‍
സദാചാര പൊലീസിംഗിനെതിരെയുള്ള സമരം വലിയ ചര്‍ച്ചാ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് കിസ് ഓഫ് ലവ് സമരത്തിന്റെ പ്രസക്തി. കേരളം ഇതില്‍ നിന്ന് എന്തു പഠിക്കും എന്നതായിരിക്കും ഇന്ന് കണ്ട ആള്‍ക്കൂട്ടം നിശ്ചയിക്കാന്‍ പോകുന്നത്.

അവര്‍ ചുംബിച്ച് കലാപങ്ങള്‍ സൃഷ്ടിക്കട്ടെ
അമല്‍ പുലര്‍ക്കാട്ട്
നവോത്ഥാന വിപ്ലവങ്ങള്‍ പലതു കഴിഞ്ഞെങ്കിലും സാംസ്‌കാരികമായി നമ്മുടെ സമൂഹം ഇന്നും വലതുപക്ഷത്തുതന്നെയാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. സ്മാര്‍ത്ത വിചാരവും, പടിയടച്ചു പിണ്ഡം വയ്ക്കലും, തീണ്ടിക്കൂടായ്മയും തുടങ്ങിയ മേല്‍ക്കോയ്മ ചരിത്രങ്ങളെ മാറുമറയ്ക്കല്‍ സമരം ഉള്‍പ്പെടെയുള്ള പോരാട്ടങ്ങളിലൂടെ ചെറുത്തതോല്‍പ്പിച്ചു നിര്‍ത്തിയ നമ്മള്‍ ഇന്ന് കോര്‍പ്പറേറ്റ് ആള്‍ദൈവഭക്തിയില്‍ ചെന്നെത്തി നില്‍ക്കുന്നു. അതായത് പൈതൃകത്തിനേയും സംസ്‌കാരത്തിനേയും പറ്റിയുള്ള നമ്മുടെ അവബോധവും വ്യവഹാരങ്ങളും കൂടുതല്‍ സങ്കീര്‍ണ്ണവും പ്രതിലോമകരവുമായി തീര്‍ന്നിരിക്കുന്നു എന്നര്‍ത്ഥം.

ഈ സാഹചര്യത്തില്‍ പഴയ മൂല്യങ്ങളെ തിരികെ പുല്‍കാന്‍ ശ്രമിക്കുന്ന നമ്മുടെ സമൂഹത്തിന് എങ്ങിനെയാണ് ഒരു പ്രണയ ചുംബന കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ സാധിക്കുക?

ഫേസ്ബുക്ക് വിപ്ലവകാരികളുടെ ചുംബന വിപ്ലവം; ഒരു എതിര്‍ക്കുറിപ്പ്
ജെ.രാജശേഖരന്‍ നായര്‍
ഏതു കാപ്പിക്കടയും ഒരു പൊതുസ്ഥലമാണ്. സ്വകാര്യവ്യക്തികള്‍ പൊതുസ്ഥലത്ത് കൂടുമ്പോള്‍ പൊതുവായി പ്രദര്‍ശിപ്പിച്ചുകൂടാത്ത അവരുടെ സ്വകാര്യത അവര്‍ സ്വകാര്യമായിത്തന്നെ സൂക്ഷിക്കും.അല്ലെങ്കില്‍ അതിനുള്ള നിയമാനുസൃതമായ ഇടം തേടണം. ഇതൊരു നാട്ടുനടപ്പാണ്. ആഹാരം കഴിച്ചശേഷം കുലുക്കുകുഴിയുമ്പോള്‍ അത് ശബ്ദമുണ്ടാക്കാതെ ചെയ്യാനും, കാര്‍ക്കിച്ചു തുപ്പി മറ്റുള്ളവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കാതിരിക്കാനും സാമാന്യബോധമുള്ളവര്‍ ശ്രദ്ധിക്കാറുണ്ട്.കിസ് ഓഫ് ലൗവ്; പ്രമുഖര്‍ പ്രതികരിക്കുന്നു
ശോഭ സുരേന്ദ്രന്‍, ബിജെപി
കോഴിക്കോട് നടന്നൊരു സംഭവത്തെ കൂട്ടുപിടിച്ചുകൊണ്ട് നമ്മുടെ നാടിന്റെ സംസ്‌കാരത്തെ തകര്‍ക്കാന്‍ കിട്ടിയിരിക്കുന്ന ഒരവസരമായിട്ടാണ് ഇതിന്റെ സംഘാടകര്‍ ചുംബനസമരത്തെ ഉപയോഗിക്കുന്നത്. ആദിമകാലത്തിലെ ഗോത്രസംസ്‌കാരം വരുന്നതിനു മുമ്പ് സ്ത്രീപുരുഷന്മാര്‍ പൊതുവിടങ്ങളില്‍ ലൈംഗിക വേഴ്ചകള്‍ നടത്തിയിരുന്നു. ഗോത്രസംസ്‌കാരം ഉടലെടുത്തതോടെയാണ് ഒരു പ്രത്യേക സംസ്‌കൃതിയിലേക്ക് മനുഷ്യര്‍ മാറുന്നത്. ഗോത്ര സംസ്‌കാരത്തില്‍ നിന്ന് കൂട്ടുകുടംബ വ്യവസ്ഥയിലേക്ക് വന്നപ്പോള്‍ കുറെക്കൂടി ആഴത്തിലും പരപ്പിലുമുള്ള സംസ്കാരത്തിന്റെ കേന്ദ്രീയതയില്‍ കുടുംബബന്ധങ്ങള്‍ ദൃഢമാവുകയാണുണ്ടായത്. അവിടെ നിന്ന് അണുകുടംബത്തിലേക്ക് മാറിയപ്പോഴും സ്വന്തം സംസ്‌കാരത്തെ കൈവിടാന്‍ നമ്മള്‍ തയ്യാറായിട്ടില്ല. നമ്മുടെ സാംസ്‌കാരിക പുരോഗതി ഈ കുടുംബബന്ധങ്ങളുടെ ദൃഢതയിലാണ് മുന്നോട്ടുപോകുന്നത്. ഇന്ന് പൊതുസ്ഥലത്ത് ചുംബനം നടത്തുമെന്ന് പറയുന്നതവര്‍ നാളെ തങ്ങളുടെ ലൈംഗികവേഴ്ചയ്ക്കും പൊതുവിടങ്ങള്‍ വിട്ടുതരണമെന്ന് പറയും. ഇത് ആധുനികതയോ വിവേകപരമായ മുന്നേറ്റമോ അല്ല, മറിച്ച് ഇവര്‍ സമൂഹത്തെ നയിക്കാന്‍ ആഗ്രഹിക്കുന്നത് പ്രാകൃത യുഗത്തിലേക്കാണ്.

കേള്‍ക്കൂ, സദാചാര മലയാളിയോട് ഒരമ്മ പറയുന്നത്: എന്‍റെ മകള്‍ ചുംബിക്കട്ടെ
മോന്‍സി മാത്യു
വ്യക്തിപരമായി പരസ്യ സ്നേഹപ്രകടനത്തിനെ ഇഷ്ടപ്പെടാത്ത ഞാന്‍, ഒരു മലയാളിയുടെ എല്ലാ വികാരങ്ങളോടും കൂടി പറയട്ടെ, എന്റെ മകള്‍ പരസ്യമായി ചുംബിക്കുന്നത് എനിക്ക് പ്രശ്നമല്ല; അതവളുടെ സമ്മതത്തോടെ ആയിരിക്കുന്നിടത്തോളം കാലം. പക്ഷെ, എന്റെ മകളുടെ സമ്മതം ഇല്ലാതെ ഒരു ഞരമ്പ് രോഗി അവളുടെ രോമത്തില്‍ പോലും തൊടുന്നത് എനിക്ക് സഹിക്കില്ല.

ഉത്തരം പറയേണ്ടുന്ന നേരം
കെ ജെ ജേക്കബ്
എന്നാൽ കാലം മാറി.ചില കാര്യങ്ങൾ വേലിയും കടന്നു നിങ്ങളുടെ ഉമ്മറവാതിലിൽ എത്തിത്തുടങ്ങിയിരിക്കുന്നു. നിങ്ങൾ എങ്ങിനെ ജീവിക്കണം, മറ്റൊരാളുമായുള്ള നിങ്ങളുടെ ബന്ധം ഏതു വിധത്തിലായിരിക്കണം എന്ന് നിയമം മൂലം വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ള നമ്മുടെ നാട്ടിൽ കുറച്ചുപേർ തങ്ങളുടെ സ്വന്തം മീറ്ററുമായി ഇറങ്ങി മറ്റുള്ളവരുടെ പ്രവൃത്തിയെ അളക്കാൻ തുടങ്ങിയിരിക്കുന്നു. കുറച്ചു കാലമായി ഇവർ പ്രത്യക്ഷപ്പെട്ടിട്ട്. അത് പക്ഷെ മിക്കവാറും ഒറ്റപ്പെട്ട, താൽക്കാലികമായ പ്രതിഭാസങ്ങളായിരുന്നു. നിയമം കണ്ണുരുട്ടുമ്പോൾ ചുരുണ്ടുപോകുന്ന ടൈപ്പുകൾ.

അവരിപ്പോൾ സംഘടിത രൂപം പൂണ്ടിരിക്കുന്നു. നാട് ഭരിക്കുന്ന രാഷ്ട്രീയപ്പാർട്ടിയുടെ പോഷകപ്പടയാണ് എന്നവർ നമ്മെ ഭീഷണിപ്പെടുത്തുന്നു. നിയമം മൂലം നിരോധിക്കാത്ത കാര്യങ്ങൾ തങ്ങൾക്കിഷ്ടമില്ലെങ്കിൽ തങ്ങൾ നിരോധിക്കുമെന്നും, ഇഷ്ടപ്പെടാത്തവരെ തച്ചു തകർക്കുമെന്നും അവർ കാണിച്ചു തന്നിരിക്കുന്നു. അവരെ പ്രതിരോധിക്കുന്നവരെ വളഞ്ഞിട്ടാക്രമിക്കുമെന്നു അവർ ഭീഷണിപ്പെടുത്തുന്നു. അവർക്ക് ഭരണകൂടത്തിന്റെ പോലും നിശ്ശബ്ദ പിന്തുണയുണ്ടെന്നു സംശയം ഉണ്ടാകുന്നു. നിങ്ങളുടെ കൊക്കൂണിൽ വിതറാൻ അവർ വിഷപ്പൊടി ശേഖരിക്കുന്നു.ഇത് ഷോക് ട്രീറ്റ്മെന്‍റ്- യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെറിന്‍ വര്‍ഗീസ് എഴുതുന്നു
ഷെറിന്‍ വര്‍ഗീസ്
രണ്ടുപേര്‍ തമ്മില്‍ ചുംബിക്കുമ്പോള്‍ സമൂഹം അരാജകത്വത്തിലേക്കു പോകുമെന്നു പറയുന്നതെങ്ങനെയാണ്? ചുംബനം സ്‌നേഹത്തിന്റെ പ്രത്യക്ഷമായ പ്രകടനമാണ്; ഇപ്പോഴത് പ്രതിഷേധത്തിന്റെതുമായിരിക്കുന്നു. പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും രൂപം നിശ്ചയിക്കുന്നത്, അത് നടത്തുന്നവരാണ്. ഒരു ജനാധിപത്യസംവിധാനത്തില്‍ ഒരുവന്റെ/ഒരുവളുടെ/ഒരു കൂട്ടത്തിന്റെ സമരം എങ്ങിനെയാവണമെന്ന് ഭരണകൂടത്തിന് നിഷ്‌കര്‍ഷിക്കാന്‍ അവകാശമില്ല. മറിച്ച് എന്താണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചുവെന്നാണ് ഭരണകൂടം അന്വേഷിക്കേണ്ടത്. ആ നിലയില്‍ കാര്യങ്ങളെ ഗൗരവതരമായി സമീപിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. നിര്‍ഭാഗ്യമെന്നു പറയട്ടെ മൂലകാരണത്തെ അവഗണിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നതും.

സദാചാരത്തിന്റെ രാഷ്ട്രീയവും ചുംബനത്തിന്റെ (അ)രാഷ്ട്രീയതയും
ദീപക് ശങ്കരനാരായണന്‍
കേരളത്തില്‍ മോറല്‍ പൊലീസിങ്ങിന് ഓര്‍ഗനൈസ്ഡ് സംഘടനാസംവിധാനം നല്‍കിയത് യുവമോര്‍ച്ചയല്ല, എന്‍ ഡി എഫും സോളിഡാരിറ്റിയും മുസ്ലീം ലീഗുമാണ്. മലബാറിലെ ഗ്രാമങ്ങളില്‍ സംഘടിതമായി വീടുകളെ സര്‍വൈലന്‍സില്‍ നിര്‍ത്തുകയും അവിടേക്ക് രാത്രി വരുന്നവരെ തല്ലിക്കൊല്ലുകയും പൊതുസ്ഥലത്ത് കാണുന്ന മുസ്ലീം പെണ്‍കുട്ടികളുടെ കൂടെയുള്ളവന്റെ മതം പരിശോധിക്കുകയും ചെയ്യുന്നത് ആദ്യമായി സംഘടനാപരമായ ഒരു അജന്‍ഡയായി എടുക്കുകയും നടപ്പിലാക്കുകയും ചെയ്തത് ഇസ്ലാമിക് ശ്രീരാമസേനകളാണ്. കര്‍ണ്ണാടകയില്‍ ശ്രീരാമസേനയുടെ വന്‍ വിജയം കേരളത്തിലേക്ക് വ്യാപിപ്പിക്കാന്‍ യുവമോര്‍ച്ചക്കാര്‍ക്ക് ഇവിടെത്തന്നെ മണ്ണൊരുക്കിക്കൊടുത്തത് ലൌ ജിഹാദ് ടൈപ് അപരവൈരം മാത്രമല്ല, കാമുകന്‍മാരെ തല്ലിക്കൊന്ന് ഇസ്ലാമിക് ഫണ്‍ഡമെന്റലിസം നടപ്പാക്കിക്കാണിച്ച അതിന്റെ തന്നെ ചരിത്രപരതയുടെ ആവര്‍ത്തനം കൂടിയാണ്.

നിങ്ങള്‍ക്ക് മനസിലാവാത്ത കാര്യങ്ങളാണ്; അവര്‍ ചുംബിക്കട്ടെ
ശ്രീചിത്രന്‍ എം.ജെ
പ്രശ്നം നാലു പിള്ളേരുമ്മവെച്ചതിൽ ഒതുങ്ങുന്നില്ല എന്നും, സംസ്കാരം/സദാചാരം/പാരമ്പര്യം തുടങ്ങിയ സംഘപരിവാർ തന്നിഷ്ടത്തിനു തിരുത്താനുദ്ദേശിയ്ക്കുന്ന സംജ്ഞകളുടെയും അവയുടെ പ്രത്യയശാസ്ത്രത്തിന്റെയും 'അഖിലഭാരതീയ' അജണ്ടയുമായാണ് ഡൗണ്‍ ടൗണ്‍ സംഭവം കണ്ണിചേരുന്നത് എന്നും മുൻപേ വ്യക്തമായിരുന്നു. ഇപ്പോൾ മറൈൻഡ്രൈവിൽ ചുംബിക്കാനെത്തുന്നവരെ (ചുംബിക്കാനെത്തുക എന്നത് സംഘികളുടെ ഭാഷ്യമാണ്, അവരങ്ങനെ എവിടെയും പറഞ്ഞുകണ്ടില്ല. 'കമിതാക്കൾ അവർക്കു തോന്നിയാൽ ചുംബിച്ചോട്ടെ' എന്ന നിലപാടേ കണ്ടുള്ളൂ.) തടയുമെന്നും 'കുടുംബത്തിൽ പിറന്ന', 'അമ്മപെങ്ങന്മാരെക്കുറിച്ചോർക്കുന്ന', 'സംസ്കാരസമ്പന്നരായ' 'ആങ്ങള'മാർ ആണ് തടയാൻ പോവുന്നതെന്നും കേൾക്കുന്നു. അതും കടന്ന്, ഒരു പത്രപ്രവർത്തക ഗീതാഗോവിന്ദത്തിലെ കൃഷ്ണന്റെ കലാപ്രകടനങ്ങളെപ്പറ്റി സ്റ്റാറ്റസിട്ടപ്പോഴേയ്ക്കും അവർക്കെതിരെ ഫീഷണിയെന്നും കൂടി ആവുമ്പോൾ സംഘപരിവാറിന്റെ കാവിക്കാൻവാസ് വ്യക്തമായി തെളിഞ്ഞുവരുന്നുണ്ട്. ഇനിയും കണ്ണുകാണാത്ത പുരോഗമനവാദികൾക്ക് കണ്ണിൽദീനമുണ്ടെന്നേ മനസ്സിലാക്കാനുള്ളൂ.ചുംബനം ഒരു സമരം കൂടിയാണ്
വിശാഖ് മധുസൂദനന്‍
സംസ്കാര വ്യവസ്ഥിതികളുടെ ഉള്ളില്‍ അന്തര്‍ലീനമായ മത-ജാതി-ലിംഗ വിവേചനങ്ങള്‍ പലപ്പോഴും ഇത്തരം സംസ്കാര പ്രധിരോധത്തിന്‍റെ മറവിൽ സുഖനിദ്രയിലാഴുന്നു! ചുംബനസമരം എന്ന യാഥാർതഥ്യത്തെ ഉള്‍കൊള്ളുവാൻ കഴിയാത്തിടത്ത് ഇത്തരക്കാരുടെ ഇരട്ടത്താപ്പ് പുറത്തുവരികയും ചെയ്യുന്നുണ്ട്. ചുംബന സമരത്തോടുള്ള വൈമുഖ്യത തങ്ങള്‍ക്കു സുഖമായ ഒരു ഇരിപ്പിടം കല്‍പ്പിച്ചുനല്‍കിയ religious-patriarchal വ്യവസ്ഥിതിയുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്യുന്നതിലുള്ള ഭീതിയാണ്. സ്വന്തം ഇരിപ്പിടങ്ങളെ പറ്റിയുള്ള വ്യാകുലതകളാണ്. ഇത് മത-രാഷ്ട്രീയ ഭേതമന്യേ ‘സംസ്കരസമ്പന്നരായ’ ‘ചേട്ടന്മാരിലും’, ‘ചേച്ചിമാരിലും’ കാണപ്പെടുന്നു; കേരളത്തിലെ കാമ്പുസുകളിൽ പ്രത്യേകിച്ച്!

നിങ്ങളാരെയാണ് മാറ്റിനിര്‍ത്തുന്നത്- ഒരു ഡൌണ്‍ ടൌണ്‍ ആരാധികയുടെ കുറിപ്പ്
സുധ കെ.എഫ്
സദാചാരം എന്നത് കേരളത്തില്‍ സുവര്‍ണ്ണലിപികളിലാണ് എഴുതിവെച്ചിരിക്കുന്നത്. കൗമാരക്കാരുടെ പ്രേമമാണ് കേരളം ചങ്ങലയ്ക്കിടാന്‍ ശ്രമിക്കുന്ന ഭീകരസത്വങ്ങളില്‍ പ്രധാനപ്പെട്ടത്. ലിംഗം, ജാതി സമവാക്യങ്ങളുടെ സാമ്പ്രദായികചട്ടക്കൂടുകള്‍ക്ക് വെളിയില്‍ ‘ഇടപഴകാനുള്ള’ അവസരങ്ങള്‍ (ലവ് ജിഹാദ് ഓര്‍ക്കുക) കേരളസമൂഹത്തിന് പേടിസ്വപ്നമാണ്. അക്രമത്തെ തെരഞ്ഞെടുത്ത് മാത്രം എതിര്‍ക്കുന്നത് എത്ര കണ്ടതാണ്. അക്രമത്തെ സാധൂകരിക്കാന്‍ യുവമോര്‍ച്ചാ നേതാക്കള്‍ ഓരോ വാചകത്തിലും “അശ്ലീല”ദൃശ്യങ്ങള്‍ കുത്തിനിറയ്ക്കുമ്പോള്‍ നിശബ്ദത പടരും. നടത്തിപ്പുകാരില്‍ ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ നിന്നാകുന്ന ഈ സംരംഭം അടിച്ചുതകര്‍ത്തതിനുപിന്നിലെ ഭൂരിപക്ഷ ആശങ്കകളും കാണാതെ വിട്ടുകൂടാ.

സംഘികളുടെ സദാചാര പാലനം - കേരള മോഡല്‍
കെ പി എസ് കല്ലേരി
ചാനലുകാരന്‍ അവന്റെ രഹസ്യകാമറയില്‍ ചിത്രീകരിച്ച് പുറത്തെത്തിച്ചത് ഒരു ചുംബന സീനും കെട്ടിപ്പിടുത്തവുമാണ്. അതു സത്യമാണെങ്കില്‍ തന്നെ ഹോട്ടലിനുള്ളിലെ ഏതെങ്കിലും രഹസ്യ അറയില്‍ വെച്ചുള്ള ദൃശ്യമല്ല. മറിച്ച് ഹോട്ടലിനുപുറത്ത് പരസ്യമായി ആളുകള്ക്ക് ഇരിക്കാനായി തയ്യാറാക്കിയ സ്ഥലത്തുള്ളത്. അതു തന്നെ മാധ്യമ പ്രവര്ത്തകനത്തിന്റെ സദാചാര വരമ്പില്‍ നിന്നുകൊണ്ടുള്ള അവ്യക്തമായ ചിത്രങ്ങള്‍. റോഡരികിലൂടെ നടന്നുപോകുന്നവര്‍ ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും നിയമം മൂലം നിരോധിക്കാത്തൊരു നാട്ടില്‍ ഒരു ചാനല്‍ മാധ്യമപ്രവര്ത്രുകന്‍ അവന്റെ ചാനലിന്റേയോ സ്വകാര്യതാല്പ്ര്യത്തിന്റേയോ പുറത്ത് നടത്തിയ മാധ്യമസദാചാര പ്രവര്ത്ത്നത്തിന്റെ പേരിലാണ് അതിക്രമങ്ങള്‍ അരങ്ങേറിയിരിക്കുന്നത്.


Next Story

Related Stories