TopTop
Begin typing your search above and press return to search.

ചുംബനസമരം: അവരെന്നെ വ്യഭിചാരിയാക്കി; ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് തുറന്നുപറയുന്നു

ചുംബനസമരം: അവരെന്നെ വ്യഭിചാരിയാക്കി; ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് തുറന്നുപറയുന്നു

ചുംബന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വ്യക്തിപരമായി ആക്ഷേപം സഹിക്കേണ്ടി വന്ന ഒരു പെണ്‍കുട്ടിയാണ് ഞാന്‍. എന്റെയും എന്റെ ഉമ്മയുടെയും അഭിമാനത്തെ അധിക്ഷേപിക്കുകയാണ് സദാചാരവാദികളെന്നു വീമ്പിളക്കുന്ന മതാന്ധര്‍ ചെയ്തത്. ഒരു സ്ത്രിയൂടെ മാനം പൊതുസമൂഹത്തിനു മുന്നില്‍ കളങ്കപ്പെടുത്തിയാണോ ഇവര്‍ സദാചാരം സംരക്ഷിക്കുന്നത്? ദിയ സന എഴുതുന്നു.


ചുംബനസമരത്തില്‍ എനിക്ക് പങ്കെടുക്കണമെന്ന് തോന്നിയത് അതൊരു സാതന്ത്ര്യപ്രഖ്യാപനമാണെന്ന നിലയിലാണ്. ഒരു വിഭാഗത്തിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ ജീവിക്കുക എന്ന അടിമത്വത്തില്‍ നിന്ന് മോചിതരാകാനുള്ള പുതുതലമുറയുടെ വ്യഗ്രതയാണ് കിസ് ഓഫ് ലൗവ് മുന്നോട്ട് വച്ചത്. സ്വാഭാവികമായും, വ്യക്തിസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന ഒരാളെന്ന നിലയില്‍ ഇത്തരം സമരപരിപാടിയില്‍ പങ്കെടുത്ത് എന്റെ സാമൂഹികധര്‍മ്മം നിര്‍വഹിക്കണമെന്ന് തോന്നി. ചുംബന സമരത്തില്‍ പങ്കെടുക്കന്നവരും അതിനെ അനുകൂലിക്കുന്നവരും അരാജകവാദികളാണെന്നും ആരും ചോദിക്കാനും പറായാനുമില്ലെന്നുമുള്ള ആക്ഷേപമാണ് പ്രധാനമായും ഉയരുന്നത്. ആരാണ് ഈ കണ്ടുപിടിത്തം നടത്തിയതെന്നറിയില്ല. കുടുംബത്തില്‍ ജീവിക്കുന്നവര്‍ ഇത്തരം 'ആഭാസ'ങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കില്ലെന്നാണ് ഇവിടുത്തെ സദാചാരസംരക്ഷകരുടെ അനുമാനം. കുടുംബം എന്ന എസ്റ്റാബ്ലിഷ്‌മെന്റിനെ പവിത്രതയോടെ കാണുന്ന ഇവര്‍ക്ക് തങ്ങളുടെ എതിരാളികളെ തകര്‍ക്കാന്‍ ഇതേ കുടുംബത്തെ അധിക്ഷേപിക്കാനും മടിയില്ല എന്നതാണ് സത്യം.

കൊച്ചിയില്‍ നടന്ന കിസ് ഓഫ് ലൗവില്‍ പങ്കെടുക്കുന്നതോടെയാണ് ഞാന്‍ പലരുടെയും ശത്രുവും നോട്ടപ്പുള്ളിയുമാകുന്നത്. അവരില്‍ എനിക്ക് പരിചയമുള്ളവരും അല്ലാത്തവരുമുണ്ടായിരുന്നു. ആദ്യം ഉപദേശവും, പിന്നെ മുന്നറിയിപ്പും ഒടുവില്‍ ഭീഷണിയുമായിരുന്നു എനിക്കുനേരെ വന്നത്. തെറ്റു ചെയ്തിട്ടില്ലെന്ന് മനഃസാക്ഷിക്ക് ബോധ്യമുള്ളിടത്തോളംകാലം ആരെയും ഭയക്കേണ്ടതില്ല. ഞാന്‍ മതത്തെ അപമാനിച്ചു എന്നതാണ് പ്രധാന ആരോപണം! ഒരു മുസ്ലിം പെണ്‍കുട്ടി ഇങ്ങനെയൊക്കെ ചെയ്തതാണ് അവര്‍ക്ക് സഹിക്കാന്‍ പറ്റാഞ്ഞത്? കിയാമത്ത് നാളിന്റെ അടയാളമാണത്രെ ഞാന്‍! എന്താണ് എന്റെ അപരാധം? ഇസ്ലാമിന് നിരക്കാത്ത എന്ത് തെറ്റാണ് ഞാന്‍ ചെയ്തതെന്ന് മനസ്സിലാകുന്നില്ല. അടിച്ചമര്‍ത്തലിനെതിരെയുള്ള പ്രതികരണ കൂട്ടായ്മയില്‍ പങ്കെടുത്തതാണോ എന്റെ തെറ്റ്. ഏതു മതമാണ് ഫാസിസം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്നത്? ഏതുമതമാണ് സ്ത്രീയെ എക്കാലവും പുരുഷന്റെ അടിമയായി നിലനിര്‍ത്തിക്കോളണമെന്ന് നിര്‍ബന്ധം പറയുന്നത്? ഇതൊന്നും മതഗ്രന്ഥങ്ങളില്‍ ഉദ്ഘോഷിക്കുന്നതല്ല, അവയെവച്ച് ഉപജീവനം കഴിക്കുന്ന കുറെ ആള്‍ക്കാര്‍ ഇറക്കുന്ന തിട്ടൂരങ്ങളെ ചോദ്യം ചെയ്യുമ്പോഴാണ് നമ്മള്‍ മതവിരോധികളും സദാചാരലംഘകരുമാകുന്നത്.മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച കിസ് ഓഫ് ലൗവില്‍ പങ്കെടുക്കുന്നത് എന്റെ ഉമ്മയില്‍ നിന്ന് അനുവാദം വാങ്ങിച്ചുകൊണ്ടാണ്. ഉമ്മ എനിക്ക് എല്ലാവിധ സ്വാതന്ത്ര്യങ്ങളും അുവദിച്ചിരുന്നു, ഉമ്മയ്ക്ക് എന്നെ വിശ്വാസമായിരുന്നു. ആ വിശ്വാസം തെറ്റിക്കാന്‍ ഞാന്‍ ഇടവരുത്തിയിട്ടുമില്ല. കൊച്ചിയിലെ സമരപരിപാടിയിലേക്ക് പോകുമ്പോള്‍ ആകെ ആവശ്യപ്പെട്ടൊരുകാര്യം, നീ ഉമ്മ വയ്ക്കാന്‍ ഒരു പെണ്‍കുട്ടിയെ തെരഞ്ഞെടുക്കണം എന്നായിരുന്നു. ഇതൊരു സമരപ്രഖ്യാപനമാണ്, ചുംബിക്കുക്ക എന്നതുമാത്രമാണ് വിഷയം, ആരെയെന്നതല്ല- ഉമ്മ പറഞ്ഞു. ആ വാക്കുകള്‍ ഞാന്‍ ധിക്കരിച്ചില്ല. കിസ് ഓഫ് ലൗവില്‍ ഞാനൊരു പെണ്‍കുട്ടിയെയാണ് ചുംബിച്ചത്. അതുതന്നെ വലിയ അപരാധമായി മാറി.

ഇത്തരമൊരു പരിപാടിയില്‍ പങ്കെടുത്തത് ആദ്യത്തെ തെറ്റ്, ഞാനൊരു മുസ്ലീം ആണെന്നത് അടുത്ത തെറ്റ്, ഞാന്‍ ആവേശത്തോടെ ഉമ്മ വയ്ക്കുന്നതു കണ്ടാല്‍ ഒരു ലെസ്ബിയന്‍ ആണെന്നു തോന്നുമെന്നത് മൂന്നാമതത്തെ തെറ്റ്. എനിക്കെതിരെ ആക്ഷേപങ്ങളും ഭീഷണികളുമുയരാന്‍ ഒട്ടും കാലതാമസമുണ്ടായില്ല. കൂട്ടുകാരെന്ന് വിശ്വസിച്ചവര്‍പോലും കല്ലെറിയാന്‍ ഉണ്ടായിരുന്നു. എങ്കിലും ആര്‍ക്കുമുന്നിലും പതറിയില്ല. എനിക്ക് ശരിയെന്നു തോന്നിയതാണ് ചെയ്തത്. എന്റെ ഉമ്മ എന്നെ മനസ്സിലാക്കി, അതുമതി.

കോഴിക്കോട് നടന്ന ചുംബനസമരകൂട്ടായ്മയിലും ഞാന്‍ പങ്കെടുത്തു. അവിടെയാണ് എനിക്കെതിരെയുള്ള അക്രമണത്തിന് മറ്റൊരു മുഖം അവര്‍ സൃഷ്ടിച്ചത്; കിരാതമായൊരു മുഖം.

ഞാനൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ്. അതോടൊപ്പം സ്റ്റേജ് ഷോകളിലും ചാനല്‍ പ്രോഗ്രാമുകളിലുമൊക്കെ പങ്കെടുക്കും. ഉമ്മയും എന്റെ മോനുമടങ്ങുന്ന കുടുംബത്തെ അന്തസ്സോടെ പോറ്റാന്‍ സാധിക്കുന്നത് ഇതുവഴിയാണ്. ആരുടെ മുന്നിലും കൈനിട്ടാതെ മാന്യമായി ജോലി ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ അഭിമാനം കൊണ്ടുനടക്കുന്നവളാണ് ഞാന്‍. വിപുലമായൊരു സൗഹൃദകൂട്ടായ്മ എനിക്കുണ്ട്. എവിടെയും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള ചങ്കൂറ്റവും കാണിക്കാറുണ്ട്. അതുകൊണ്ട് നഷ്ടപ്പെടുന്ന ബന്ധങ്ങളക്കുറിച്ച് ഒട്ടും ബേജാറാവില്ലായിരുന്നു. ചുംബന സമരത്തില്‍ പങ്കെടുത്തതോടെ ഈ സൗഹൃദക്കൂട്ടായ്മയിലുള്ള പലര്‍ക്കും ഞാന്‍ ശത്രുവായി. പ്രത്യേകിച്ച് എന്റെ മതത്തില്‍പ്പെട്ടവര്‍ക്ക്. മ്യൂസിക് ഗുലുമാല്‍ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗമായിരുന്നു ഞാന്‍. ഈ ഗ്രൂപ്പിലൂടെയാണ് ഒട്ടേറെ ആക്ഷേപം കേള്‍ക്കേണ്ടിവന്നത്. സഹിക്കവയ്യാതെ വന്നപ്പോള്‍ ഞാനതില്‍ നിന്ന് പിന്മാറിയെങ്കില്‍, ചിലര്‍ വീണ്ടും എന്നെ അതില്‍ അംഗമാക്കിയതോടെ ആക്ഷേപങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ അത് അതിരുവിട്ട് എന്റെയും എന്റെ ഉമ്മയുടെയും മാനത്തിന് വിലപറയുന്നതില്‍ വരെയെത്തി.

ഈ മാസം എട്ടിനായിരുന്നു കോഴിക്കോട് ചുംബനസമരം നടന്നത്. ഇതിനു പിന്നാലെ കോഴിക്കോട്, കണ്ണൂര്‍ മലപ്പുറം ഭാഗങ്ങളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ലോഡ്ജില്‍ വച്ച് അനാശാസ്യത്തിന് അറസ്റ്റില്‍ എന്നൊരു വാട്‌സ് ആപ്പ് മെസേജ് പരന്നു. എന്റെ ഫോട്ടോവച്ചായിരുന്നു ഈ മെസേജ്. എന്റെ അമ്മയും ഇതുപോലെ പിടിക്കപ്പെട്ടിട്ടുണ്ടെന്നും എന്റെ ജീവിതമാര്‍ഗം വ്യഭിചാരമാണെന്നുമായിരുന്നു ആ മെസേജില്‍ അടിച്ചു ചേര്‍ത്തിരുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോവച്ചായിരുന്നു ഈ മെസേജ് സൃഷ്ടിച്ചിരിക്കുന്നത്!ഞാനല്ലേ അവരുടെ ശത്രു. പാവം എന്റെ ഉമ്മയോട് എന്താനായിരുന്നു ക്രൂരത കാട്ടിയത്? ജീവിതത്തില്‍ ഇന്നുവരെ ഒരാളോടുപോലും മുഖം കറുത്ത് ഉമ്മ സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ആരെയും ഉപദ്രവിക്കാത്തൊരു പാവം സ്ത്രീയെ ഇത്തരത്തില്‍ അപമാനിക്കുന്നവര്‍ക്കും കാണില്ലേ അമ്മമാര്‍! നിങ്ങളുടെ അമ്മയുടെ അഭിമാനത്തിനുനേരെ ഒരാള്‍ വിരല്‍ ചൂണ്ടിയാല്‍ എത്രത്തോളം നിങ്ങള്‍ക്ക് വേദനിക്കും. ഈ മെസേജ് ഞാന്‍ തന്നെയാണ് ഉമ്മയെ കാണിച്ചത്. കുറെ നാളുകളായി എനിക്കെതിരെ പലതരത്തിലുള്ള ആക്ഷേപങ്ങളും ഉയരുന്നതുകൊണ്ട് വളരെ കൂളായിട്ടാണ് ഇതും ഉമ്മയുടെ മുന്നില്‍ കാണിച്ചത്. പക്ഷേ ആ പാവം നെഞ്ചില്‍ കൈവച്ച് ഇരുന്നുപോയി. വേറെ ആരെങ്കിലും വഴിയാണ് ഇതു കണ്ടിരുന്നെങ്കില്‍ എന്റെ ഉമ്മ നെഞ്ചുപൊട്ടി മരിച്ചുപോയേനെ. ജീവിതത്തില്‍ ആദ്യമായിട്ടാണ് അവര്‍ക്ക് ഇങ്ങനെയൊരു അപമാനം സഹിക്കേണ്ടി വരുന്നത്. എന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ, സഹിക്കാനും നേരിടാനും ചങ്കൂറ്റമുണ്ട്. എന്റെ ഉമ്മ തളര്‍ന്നുപോയാല്‍ സഹിക്കാന്‍ പറ്റില്ല. ജീവിതം പഠിപ്പിച്ചു തന്ന കരുത്ത് ഒന്നുമാത്രമാണ്, ഇപ്പോഴും ഞാന്‍ ജീവിച്ചിരിക്കാന്‍ കാരണം, വേറൊരു പെണ്‍കുട്ടിയാണെങ്കില്‍ ഒരുപക്ഷേ ആത്മഹത്യ ചെയ്യുമായിരുന്നു.

എന്റെ ഉമ്മയ്ക്ക് എന്നെ മനസിലാകും. ഉമ്മയെപ്പോലെ എന്നെ സ്‌നേഹിക്കുന്ന വേറെയും ചിലരുണ്ട്. അവരിത് കാണുമ്പോള്‍ എങ്ങനെയാകും പ്രതികരിക്കുക? ഞാന്‍ കാരണം എന്റെ ഉമ്മയ്ക്കും കൂടി പേരുദോഷം കേള്‍ക്കേണ്ടി വന്നതിന്റെ കുറ്റപ്പെടുത്തല്‍ ഒരുവശത്തുനിന്നുണ്ടാകും. അതിലുപരി ഒരാളെങ്കിലും ഈ പറയുന്നത് സത്യമാണോയെന്ന സംശയിച്ചാല്‍? നമ്മളെ സ്‌നേഹിക്കുന്നവരുടെ മുന്നില്‍ വിശ്വാസം തെളിയിക്കേണ്ടി വരുന്നതിന്റെ ധര്‍മ്മസങ്കടം വളരെ കടുത്തതാണ്. ഒരുപക്ഷേ ഇതൊക്കെ എന്റെ അനാവശ്യഭയമായിരിക്കാം, എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് എന്നെ മനസ്സിലാക്കാനും കഴിയും; എന്റെ ഉമ്മയെപ്പോലെ.

ഈ മെസേജ് എനിക്ക് കിട്ടിയശേഷം ആദ്യം ബന്ധപ്പെടുന്നത് ഏഷ്യാനെറ്റുമായാണ്. അവരും അപ്പോഴാണ് തങ്ങളുടെ ലോഗോ ഇത്തരമൊരു കാര്യത്തിന് ദുരുപയോഗം ചെയ്തതായി മനസ്സിലാക്കുന്നത്. നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ് ചാനല്‍ അധികൃതര്‍. ആരാണ് ഇതു ചെയ്തതെന്ന് കണ്ടെത്തി തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ക്കും റൂറല്‍ എസ് പിക്കും ഞാന്‍ പരാതി കൊടുത്തിട്ടുണ്ട്. ഇന്ന് നാലുദിവസം കഴിയും പരാതി കൊടുത്തിട്ട്. എത്രയും വേഗം കുറ്റക്കാരെ കണ്ടെത്തുമെന്നാണ് പൊലീസ് പറയുന്നത്. താമസം നേരിട്ടാല്‍ മനുഷ്യാവകാശ കമ്മീഷനിലും പരാതി കൊടുക്കും. ആരാണ് ഇതിനു പിന്നിലെന്ന് എനിക്ക് വ്യക്തമാണ്. അവരെന്നോട് ഫോണിലൂടെ വെല്ലുവിളി നടത്തിയതാണ്. ഞാനാണ് ഇതു ചെയ്തത്, നിനക്ക് ധൈര്യമുണ്ടെങ്കില്‍ പോയി തെളിയിക്കെന്നുവരെ പറഞ്ഞു. പരാതിയില്‍ അവരെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. തെറ്റു ചെയ്തത് ആരായാലും അവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ഇല്ലെങ്കില്‍, ഇന്ന് എന്നോട് കാണിച്ചതുപോലെ നാളെ അവര്‍ വേറെ പലരോടും കാണിക്കും. തങ്ങളെ അനുസരിക്കാത്തവരുടെ മാനംപോലും ചവിട്ടുകുഴയ്ക്കും, അമ്മയോ പെങ്ങളോ എന്നുപോലും നോക്കാതെ.


Next Story

Related Stories