TopTop
Begin typing your search above and press return to search.

മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടകളും പറ്റിയ പോലീസും

മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടകളും പറ്റിയ പോലീസും

ആര്‍.സുഭാഷ്

കൊച്ചിയിലെ ചുംബനസമരത്തിന്റെ ഫലശ്രുതി എന്താണ്?. അതെന്തായാലും സമരക്കാര്‍ ലക്ഷ്യമിട്ട സാമൂഹ്യ അവബോധമുയരലാവുമോ?.ഒരു സാധ്യതയും ഇല്ല. ഇതുവരെ പേടിച്ചും സംശയിച്ചും നിന്നിരുന്ന സദാചാരഗുണ്ടകള്‍ കൂടി മുണ്ടും മാടിക്കെട്ടി തുടയ്ക്കടിച്ച് രംഗത്തിറങ്ങും എന്നുറപ്പ്. ഇനി മുതല്‍ മലയാളി ആണിന്റെയും പെണ്ണിന്റെയും ഗതി ഇതുവരെ ഉണ്ടായിരുന്നതിനെക്കാള്‍ കഷ്ടത്തിലാവും. ഇനി റോഡിലൂടെ പട്ടാപ്പകലും ഒന്നിച്ചുനടക്കാന്‍ വരെ അവര്‍ ഇക്കൂട്ടര്‍ക്കു ചുങ്കം കൊടുക്കേണ്ടിവരും.

അത്തരമൊരു സാമൂഹ്യസ്ഥിതി കെട്ടിപ്പടുക്കുന്നതിനുള്ള വലിയ സംഭാവന ചെയ്തിരിക്കുന്നത് നമ്മുടെ കേരളാ പോലീസാണ്. സദാചാരഗുണ്ടകളെ സദാചാരപോലീസ് എന്നു വിശേഷിപ്പിക്കുന്നതിനെതിരെ കേരള പോലീസിലെ ഉന്നതര്‍ നേരത്തെ രംഗത്തുവന്നിരുന്നു. എന്നാല്‍ കൊച്ചിയിലെ ചുംബനസമരത്തിനുശേഷം ഒരു കാര്യം സംശയലേശമന്യേ വ്യക്തമായി. കേരള പോലീസ് തന്നെ യഥാര്‍ത്ഥ സദാചാര പോലീസ്.

ചുംബനസമരം നടത്താന്‍ വന്നവരേയും സമരത്തെ ബലം പ്രയോഗിച്ച് തടയുമെന്നു പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് ചൂരലും കൊടി, വടിയും കുരുമുളകു സ്‌പ്രേയുമായി വന്നവരേയും കേരളാ പോലീസ് കൈകാര്യം ചെയ്ത രീതി തന്നെ അതിനു തെളിവ്. അനധികൃതമായി സംഘം ചേരല്‍, അനുമതി ഇല്ലാതെ പ്രകടനം നടത്തല്‍, സംഘര്‍ഷാവസ്ഥ സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ചുംബനസമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തത് . ഇതും ഇതില്‍ കൂടുതലും ചെയ്ത ചുബനവിരുദ്ധരെ പോലീസ് എന്താണു ചെയ്തത്? അവരെ അറസ്റ്റ് ചെയ്തില്ല എന്നുമാത്രമല്ല അഴിഞ്ഞാടാന്‍ മറൈന്‍ ഡ്രൈവില്‍ കാവല്‍ നില്‍ക്കുകയും ചെയ്തു. ചുംബനസമരക്കാര്‍ അവരുടെ സമരായുധമായി കൊണ്ടുവന്നത് ചില പ്‌ളക്കാര്‍ഡുകളും, സ്‌നേഹസന്ദേശങ്ങളും ചുംബനങ്ങളും പകരാനുള്ള ചുണ്ടുകളുമാണ് (ചുണ്ട് ഇത്രവലിയ അശ്ലീല അവയവമാണെന്ന് വനിതാകമ്മീഷന്‍ അംഗം നൂര്‍ബീന ബഷീറിന്റെ വാക്കുകളിലൂടെയാണ് മനസിലായത്. ചുംബനസമരം ചാനലുകള്‍ ആഘോഷിക്കുന്നതിനിടയില്‍ നടന്ന ചര്‍ച്ചക്കിടയില്‍ അവര്‍ ചോദിച്ചു;സമരക്കാരുടെ പോസ്റ്ററുകളിലും മറ്റുമുള്ള ചിഹ്നം എന്താ? ചുണ്ടുകള്‍. അതിന്റെ അര്‍ഥമെന്താ ?പ്രതിഷേധക്കാരുടെ കയ്യിലുണ്ടായിരുന്നതു പോലുള്ള മേലുവേദനിപ്പിക്കുന്ന ഒന്നും ചുംബനക്കാരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും പോലീസ് ചുംബനക്കാരെ അക്രമികളായി കണ്ടു. ദേശീയദുരന്തം വന്നാലത്തെപ്പോലെ നമ്മുടെ നാട്ടിലെ സകലകീരികളും പാമ്പുകളും മറൈന്‍ ഡൈവില്‍ ഒന്നായി. തഞ്ചംകിട്ടിയാല്‍ നെഞ്ചകം തകര്‍ക്കാന്‍ നടക്കുന്ന സകലവര്‍ഗീയവാദികളും ഏടാകൂടങ്ങളും നമ്മളൊന്നെന്ന് പ്രഖ്യാപിച്ചു. ആര്‍ക്കുമുന്നില്‍ എന്നതുമാത്രമായിരുന്നു അവിടെ തര്‍ക്കം. അവര്‍ ഉച്ചകഴിഞ്ഞപ്പോള്‍ മുതല്‍ തട്ടും വെട്ടും കൊല്ലും എന്നെല്ലാം വിളിച്ചുകൂവി പ്രകടനം നടത്തി. ഇതിനെല്ലാം മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നോ? ഈ പ്രകടങ്ങള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കു കാരണമാവുമെന്ന് പോലീസ് കരുതുന്നില്ലേ? ചുംബന സമരക്കാര്‍ അതിരുവിട്ടാല്‍ നടപടി എന്നാണ് പോലീസ് പറഞ്ഞിരുന്നത്. പ്രകടനം ആരംഭിക്കും മുന്‍പേ അവരെന്ത് അതിരാണു വിട്ടത്. ചുംബനസമരത്തിനെത്തിയവരെ ആക്രമിക്കുകയും, പ്രതിഷേധക്കാരെ തന്നെ ആളുമാറി ആക്രമിക്കുകയും ചെയ്തവരെ നേരിട്ടു കണ്ടിട്ടും അവരെ പിടികൂടാനോ കേസെടുക്കാനോ അവര്‍ക്ക് എന്തുകൊണ്ട്
ആയില്ല. അതോ ദേഹോപദ്രവത്തെക്കാള്‍ വലിയ അക്രമമാണ് ഇഷ്ടമുള്ളവര്‍ തമ്മില്‍ ചുംബിക്കുന്നതെന്നോ?.സാധാരണയായി ഒരു സമരപ്രഖ്യാപനം ക്രമസമാധന പ്രശ്‌നമായി വളര്‍ന്നാല്‍ സമരക്കാര്‍ക്ക് സംരക്ഷണം കൊടുക്കുകയും പ്രതിഷേധക്കാരെ അകറ്റി നിര്‍ത്തുകയുമാണ് പോലീസ് ചെയ്യുക. സമരം നിയമം ലംഘിക്കുന്നതാണെങ്കില്‍ അതു ചെയ്യുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കും.

ഇവിടെ കാര്യങ്ങള്‍ തലതിരിയാന്‍ കാരണം ഒന്നേയുള്ളു കേരള പോലീസിന്റെ സ്ത്രീവിരുദ്ധത. ആണിനേയും പെണ്ണിനേയും ഒരുമിച്ചുകണ്ടാല്‍, അതു ബീച്ചിലാവട്ടെ, ഹോട്ടലിലാവട്ടെ, ബൈക്കിലാവട്ടെ, റസ്‌റ്റോറന്റിലാവട്ടെ, (ഈ ട്ടെ,ട്ടെ എത്രവേണമെങ്കിലും നീട്ടാം.) ഉടന്‍ നമ്മുടെ പോലീസുകാരുടെ അന്വേഷണത്വര ഉണര്‍ന്നെണീറ്റ് പ്രവര്‍ത്തനക്ഷമമാവും. താലിബന്ധവും രക്തബന്ധവും ഒന്നും തെളിയിക്കാനായില്ലെങ്കില്‍ അവരുടെ മുഖത്ത് സുകുമാരക്കുറുപ്പിനെ കൈയ്യോടെ പിടികൂടിയാലും തെളിയാത്ത വിജയസ്മിതം വിടരും. സേനയിലെ വനിതകളും ഇക്കാര്യത്തില്‍ ഉത്തമപുരുഷന്‍മാരാണ്. ഇക്കാര്യത്തില്‍ പോലീസിനെ മാത്രം കുറ്റം പറയേണ്ടതില്ല. അവരോടുമല്‍സരിച്ച് ബഹുകാതം മുന്നിലെത്തിയ മറ്റൊരുകൂട്ടരുണ്ട്. നമ്മുടെ അധ്യാപകര്‍. കൊച്ചുകുട്ടികളോട് അവര്‍ ചോദിക്കുന്ന ചോദ്യംകേട്ടാല്‍ പോലീസുകാരുപോലും നാണിച്ചുപോവും. ഒരാണ്‍കുട്ടിയോടു മിണ്ടിയാല്‍ അച്ഛനെ വിളിച്ചുകൊണ്ടുവരാന്‍ വിധിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം നമ്മുടെ നാട്ടില്‍ എത്രയാണ്? സ്‌കൂളിലെത്തി 'ഒരാണ്‍കുട്ടിയോടു മിണ്ടിയാല്‍ എന്താ മാഷെ / ടീച്ചറെ കുഴപ്പം'? എന്നു ചോദിക്കാന്‍ ആര്‍ജവമുള്ള എത്ര രക്ഷിതാക്കള്‍ നമുക്കിടിയിലുണ്ട്? പോലീസുകാരെപ്പോലെയും അധ്യാപകരെപ്പോലെയും കൈപ്പിടിയില്‍ അധികാരമുള്ളവര്‍ സ്ത്രീപുരുഷ ബന്ധം സംബന്ധിച്ച അവരുടെ ശരി സ്വന്തം അധികാരപരിധിയില്‍ പ്രയോഗിച്ച് സ്ഖലനസുഖം നേടുന്നു. ബാക്കിയുള്ളവരാണ് സദാചാരക്കുപ്പായവും തുന്നി മറൈന്‍ ഡ്രൈവുകളിലേക്കും ചുംബനറസ്റ്റൊറന്റുകളിലേക്കും പോയി അവരുടെ വീജ്രുംഭിതക്ഷോഭത്തിനു ശമനം തേടുന്നത്.ആ രക്തത്തെ തിരിച്ചറിഞ്ഞാണ് പൊലീസ് അവര്‍ക്ക് എതിരെ കേസ് എടുക്കാത്തത്, എടുത്ത കേസുകളില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്താത്തത്. കൊച്ചിയിലെ ചുംബനവിരുദ്ധരുടെ ചുംബിക്കാനല്ലാത്ത ചുണ്ടിലെ വിജയസ്മിതം ടെലിവിഷന്‍ ചാനലുകളിലൂടെ ലോകം മുഴുവന്‍ കണ്ടു. കാഴ്ചക്കാരെക്കൂടി പ്രതിഷേധക്കാരുടെ അക്കൗണ്ടില്‍ ചേര്‍ത്തുകെട്ടാനും അവര്‍ക്കായി. കേരളത്തില്‍ ആദ്യമായി അരങ്ങേറാനൊരുങ്ങിയ സദാചാരവിരുദ്ധതയെ അടിച്ചൊതുക്കിയതിന്റെ ആഹ്‌ളാദവുമായാണ് കാവിക്കാരും താടിക്കാരും ആംബുലന്‍സുകാരുമെല്ലാം തിരിച്ചുപോയത്. ഇനിയുള്ള ഇരവുപകലുകളിലെല്ലാം വഴിക്കണ്ണുമായി അവര്‍ സദാചാരത്തിനു കാവലിരിക്കും. അവര്‍ക്കു കാവലായി നമ്മുടെ പോലീസുണ്ടാവുമെന്ന തിരിച്ചറിവ് പകരുന്ന വലിയ ആത്മവിശ്വാസത്തിലാണവര്‍.

(കൈരളി ചാനല്‍ ഡല്‍ഹി ബ്യൂറോയിൽ ഡപ്യൂട്ടി എഡിറ്ററാണ് ലേഖകന്‍)

*Views are personal


Next Story

Related Stories