TopTop

'വരൂ... ഈ തെരുവിലെ പ്രണയം കാണൂ...' ഒരു ചുംബന സമരപോരാളിയുടെ അനുഭവക്കുറിപ്പ്

പ്രിയന്‍ അലക്‌സ്


ജനസദാചാരനിര്‍മ്മിതിയുടെ സാമൂഹിക പരിച്ഛേദത്തില്‍ തങ്ങള്‍ക്ക് സ്വാഭാവികമായും അവകാശപ്പെട്ടത് എന്ന് കരുതപ്പെടുന്ന ഇടം തേടുന്ന ഒരു യുവതലമുറ ഇവിടെ വളര്‍ന്നുവരുന്നുണ്ട്. സ്വാതന്ത്ര്യത്തിനൊപ്പം അവകാശബോധവും തോന്നുന്ന, അടിമജനമല്ലാത്ത ഒരു പൊതുധാര അവരിലൂടെ രൂപപ്പെടുന്നുണ്ട്. പക്ഷെ കാടും പടര്‍പ്പും പൊട്ടക്കിണറുകളും വളര്‍ത്തി ആ തീക്ഷ്ണതയെ തമസ്‌കരിച്ചുകളയുകയാണ് വ്യവസ്ഥാപിത, മതാതിഷ്ഠിത സദാചാരനിര്‍മ്മിതി. അങ്ങനെയൊരു സദാചാരം സാമൂഹികഘടനയില്‍ ഒരു മാറ്റവും ആവശ്യപ്പെടുന്നില്ല എന്നിരിക്കെ, അത് മുഖ്യധാരാ രാഷ്ട്രീയത്തിനെ എന്തിനു സംഭ്രമിപ്പിക്കണം? കാരണം, ഇത്തരമൊരു സമൂഹത്തിന്റെ സകല ജീര്‍ണ്ണതകളുടെയും ഉത്തരവാദികളും ഗുണഭോക്താക്കളുമാണ് ഈ രാഷ്ട്രീയ ശക്തികള്‍. അവര്‍ക്ക് സാമൂഹികമായ ഇടപെടലുകളില്‍ താല്‍പര്യമില്ല, ഏതുവിധേനയും അധികാരം സ്വന്തമാക്കുന്നതില്‍ മാത്രമാണ് താല്പര്യം. ഈ സാഹചര്യത്തില്‍, ഫേസ്ബുക്ക് ഒരു വലിയ ഇടപെടലാണ് നമ്മുടെ വാര്‍ത്താജീവിതങ്ങളില്‍ നടത്തുന്നത്. കേവലമായ സൗഹൃദങ്ങള്‍ക്കപ്പുറം, ആശയങ്ങളുടെയും അഭിപ്രായ ഐക്യങ്ങളുടെയും അതിലേറെ വിയോജിപ്പുകളുടെയും ഒത്തുചേരലിനുള്ള ഇടമാവുന്നു ഇവിടം. തെരുവിലേക്ക് പകരുന്ന പ്രൊഫൈലുകളാവുകമൂലം ഏതൊരു ഫേസ്ബുക്ക് ആഹ്വാനത്തിനും പ്രാപ്യമാവുന്നതിനേക്കാള്‍ വലിയ ഒരു വിജയമായിരുന്നു നവംബര്‍ 2/മറൈന്‍ ഡ്രൈവ്.


അവനവന്‍ തന്നെ ഒരാള്‍ക്കണ്ണാടിയാവുന്ന ശരാശരി പ്രൊഫൈലുടമകളേക്കാള്‍ വലുതാണ്, അതിനേക്കാള്‍ പ്രാധാന്യമേറിയതാണ്; തെരുവിലെ തീക്ഷ്ണ സമരങ്ങള്‍. ഇടതുരാഷ്ട്രീയത്തിന്റെ സമൂഹനിര്‍മ്മിതിസങ്കല്പം നമ്മോടെന്തെങ്കിലും പങ്കുവെയ്ക്കുന്നുവെങ്കില്‍ അത് ഇതുതന്നെയാണ്. ഇനി ഒരടിയന്തരാവസ്ഥയോട് നമ്മളെങ്ങനെ പ്രതികരിക്കും എന്ന ഒരു സാധ്യതകൂടി ഒഴിച്ചിട്ടുകളയാന്‍ നമുക്ക് കഴിയില്ല. അഥവാ കമന്റ് ഓപ്ഷനുകളോ ലൈക്ക് ബട്ടണുകളോ ഷെയര്‍ ബട്ടണുകളോ ഇല്ലാതാവുന്ന ഒരു വിനിമയനിര്‍മ്മിതി നിങ്ങളുടെ സാമൂഹികബോധത്തെയോ പ്രതികരണശേഷിയെയോ എങ്ങനെ ബാധിച്ചേക്കും എന്ന് നിങ്ങള്‍ ഇനിയും ബോധവാനാണോ? കാരണം അത്രമേല്‍ കൂര്‍ത്തുമൂര്‍ത്തതാണ് ചരിത്രമെന്ന ചെന്നായയുടെ ഉളിപ്പല്ലുകള്‍. ഏതുനിമിഷവും അതുനമ്മെ കടന്നാക്രമിച്ചേക്കാം, കടിച്ചുമുറിച്ചേക്കാം.പരാജയപ്പെട്ട എല്ലാ സമരങ്ങളുടെയും ചരിത്രം, മുയല്‍ക്കുഞ്ഞുങ്ങളോടൊപ്പം വേട്ടനായ്ക്കള്‍ മേയുന്നതിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് നമ്മളെ ചകിതരാക്കുന്നുണ്ട്. അധികാരിവര്‍ഗത്തിന്റെയും സമൂഹനിര്‍മ്മിതിയുടെയും ഇഷ്ടികക്കളങ്ങളില്‍ പൊടിക്കാറ്റുതിര്‍ത്തുപായാന്‍ കഴിയുന്നിടത്തോളം നമ്മള്‍ സഹനങ്ങള്‍ക്കും വ്യഥകള്‍ക്കും സ്വയം പാകമായോ? അല്ലെങ്കില്‍ ഇനിയും ലൈക്കുകളും കമന്റുകളും ഷെയര്‍ബട്ടണുകളും, സ്റ്റാറ്റസ് അപ്‌ഡേറ്റുകളുമായി ഒതുങ്ങിപ്പോവും നമ്മുടെയീ നവമാധ്യമരാഷ്ട്രീയം. വായ കീറിയതിനാല്‍ കുറച്ച് അഭിപ്രായങ്ങളുണ്ട് എന്ന മട്ടിലല്ല, അതിനേക്കാളുപരിയായി ഇടപെടലുകള്‍ നടത്താന്‍ കഴിയുന്നിടത്താണ് വിജയം. അതിനുള്ള പരിശ്രമങ്ങള്‍ നടത്താന്‍ ആള്‍ക്കൂട്ടത്തില്‍ത്തനിയെ നടക്കുന്നവര്‍ക്കാകും. ഒരുപക്ഷെ ഒരായിരം പേര്‍ ഒരു പ്രൊഫൈലില്‍ നിന്നിറങ്ങിവന്നേക്കാം. ഒരാള്‍ത്തന്നെ ഒരാള്‍ക്കൂട്ടമായേക്കാം. ഫേസ്ബുക്കിലെ ചാറ്റില്‍നിന്നു കണ്ടുകിട്ടിയ ഫ്രെഡിയോടൊപ്പം മറൈന്‍ ഡ്രൈവിലെമ്പാടുമലഞ്ഞു നടക്കുമ്പോള്‍ സമരത്തിനുള്ള പോരാളികള്‍ തികഞ്ഞിരുന്നില്ല. ചുംബനസമരത്തെക്കുറിച്ച് ഒരു രൂപവുമുണ്ടായിരുന്നില്ല.


നവംബര്‍ രണ്ട് ഇങ്ങനെ സൂചനകള്‍ നിറഞ്ഞ ഒരു നാട്ടുവെളിച്ചമായിരുന്നു. ഇതുപോലെ മറ്റൊന്ന് ഓര്‍മ്മയില്‍ തെളിയാനുംമാത്രം ചരിത്രബോധമോ, രാഷ്ട്രീയ അയുക്തിക വാദമുഖങ്ങളോ, അലോസരപ്പെടുത്താത്ത ഭീതിരഹിതമായ സഹജസ്‌നേഹം മാത്രമുള്ള ഒരു പുതിയ തലമുറയ്ക്കും അവരുടെ തനതുഭാഷയ്ക്കും ഒരിടം ആവശ്യമല്ലേ. പക്ഷെ അങ്ങനെ ഒഴിഞ്ഞുകൊടുക്കുന്ന ഒരു സമത്വഭാവന ആര്‍ക്കാണുണ്ടായിട്ടുള്ളത്. അധികാരം കാംക്ഷിക്കുന്നില്ലെങ്കില്‍പ്പോലും സ്വരാജ്യത്തെ നമ്മള്‍ക്ക് പോരാടി മാത്രമേ നേടാനാവൂ. ഇത്തരമൊരു ജ്വലനം ഉണ്ടാവുക ഒരു മധ്യവര്‍ഗ ആലസ്യത്തില്‍പ്പെട്ട സമൂഹത്തിനാവുമോ? കേരളം പോലെ ഇത്ര വിശാലമായ ഒരു മധ്യവര്‍ഗ അനുഭവപരതയുള്ള നാടിന് ഇത്തരമൊരു മാറ്റത്തിന് ദിശകാട്ടാനാവുമോ? അങ്ങനെയെങ്കില്‍ ആര്‍ക്കാണ് ഇവിടെയൊരു മാറ്റത്തിന് ആവശ്യം.രണ്ട് പ്ലക്കാര്‍ഡുകള്‍ കണ്ണൂരില്‍നിന്നിറങ്ങിയപ്പോഴേ കരുതിയിരുന്നു; stop moral policing, go kissing എന്നിവ. ഫ്രെഡിയില്‍നിന്ന് വാസുവിലേക്കും, വാസുവിലൂടെ ലോഹിതിലേക്ക്, ലോഹിതിലൂടെ രാഗേന്ദുവിലേക്കും രാഗേഷിലേക്കും, രാഗേഷിലൂടെ അനീഷ് മേനോനിലേക്ക്, പിന്നെ സന്തോഷിലേക്ക്, വിഭാതിലേക്ക്, സലിമിലേക്ക്-സ്‌നേഹത്തിന്റെ പയറുവള്ളികള്‍ ചൊടിയോടെ പടരുകയായിരുന്നു ഉടല്‍മരത്തിലേക്ക്.ശരീരത്തിന്റെ രാഷ്ട്രീയം മനുഷ്യവംശത്തിന്റെ അന്തസത്തയാണ്. ജൈവികമായ കൈമാറ്റമാണ്. പ്രാചീനമായ ഒരു ഈറന്‍ സ്പര്‍ശമാണ്. ഇത്തരമൊന്നിനെ ശരീര (യുക്തി) പൂര്‍വ്വം തുറന്നുകാട്ടുന്നത് സമൂഹം നിര്‍മ്മിച്ചെടുത്തിരിക്കുന്ന ആചാരവ്യവസ്ഥയെയും അധികാരസംജ്ഞയെയും പൊളിച്ചെഴുതുന്നതാണ്. അതിനാല്‍മാത്രം ചുംബനത്തെ ഒരു രാഷ്ട്രീയ സമരമാക്കി മാറ്റുന്നത് ഭയപ്പെടുത്തുന്നു, അലോസരപ്പെടുത്തുന്നു പലരെയും. അവരാണ് അമ്മപെങ്ങന്മാരെക്കുറിച്ച് കപട വ്യാകുലതയില്‍പ്പെടുന്നത്. അത് നിക്ഷിപ്തതാല്പര്യക്കാരുടെ വത്മീകമോ, പര്‍ദ്ദയോ ആണ്. പുരുഷാധികാരത്തിന്റെ രാമായണങ്ങളിലൂടെ കാടിനെ ഭയമില്ലാത്ത മിന്നാമിന്നികള്‍ പറന്നുപോവുന്നത് അവരെ അലോസരപ്പെടുത്തും, അസ്വസ്ഥരാക്കും. ഒന്നിനെക്കുറിച്ചും അറിവില്ലാത്തവരാക്കും, അങ്ങനെയൊരു ഇരുട്ട് അവരെ ഭയപ്പെടുത്തും. അതുകൊണ്ട് പെണ്ണുടലിനെ ഭരിച്ച് വിരാജിക്കാന്‍ ആണ്‍സംജ്ഞകളുടെ വ്യവസ്ഥാപിത സമൂഹത്തിന് അതീവതാല്പര്യമുണ്ട്. സ്ത്രീ സ്വാതന്ത്ര്യമെന്താണെന്ന് നിര്‍വ്വചിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും നിങ്ങള്‍ സ്ത്രീകള്‍ക്ക് വിട്ടുകൊടുക്കുക. ഇതിനേക്കാള്‍ രൂക്ഷമാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളി. അവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഗെറ്റോകളിലാണ്. തീര്‍ച്ചയായും അങ്ങനെയൊരു സമൂഹത്തില്‍നിന്നാണ് ശരീരത്തിന്റെ രാഷ്ട്രീയം/ചുംബനത്തിന്റെ രാഷ്ട്രീയം വേട്ടാളന്റെ ചുവന്ന കുഞ്ഞുങ്ങളെ മണ്‍കൂട് പൊളിച്ച് പുറത്തേക്കെറിയുന്നത്. ഈ നഗ്‌നത നിങ്ങളെ അലോസരപ്പെടുത്തും, അപമാനപ്പെടുത്തും, പക്ഷെ അതിനെ ചുംബിക്കാന്‍ കുറച്ച് സത്യവും നന്മയും വേണം. അങ്ങനെ നന്മ നിറഞ്ഞവര്‍ക്ക് മറൈന്‍ ഡ്രൈവിലേക്ക് പ്രവേശനം നിഷേധിച്ചത് പോലീസും ശിവസേനയും ബിജെപിയും കെ എസ് യുവും, എസ്ഡിപിഐയും സമസ്തയും ഒരുമിച്ചുനിന്നാണ്. കിസ്സടിക്കുമെങ്കില്‍ കാണണം, അല്ലെങ്കില്‍ കമന്റടിക്കണം, കിട്ടിയോ കിട്ടിയോ എന്നു ചോദിച്ച് കഴപ്പടക്കണം, ഭാരതസംസ്‌ക്കാരത്തിന്റെ സംരക്ഷണത്തിന് ചാസ്റ്റിറ്റി ബെല്‍റ്റിട്ട് നടത്തിക്കണം. എല്ലാവരുടെയും ബൈറ്റെടുക്കാന്‍ ചാനല്‍ ചേട്ടന്മാര്‍ തയ്യാറാണ്. ആരൊക്കെയാണ് ചുംബനസമരത്തില്‍ പങ്കെടുക്കാനെത്തിയതെന്നാണ് എല്ലാവര്‍ക്കും തിരയാനുള്ളത്. മറൈന്‍ ഡ്രൈവ് പരിസരത്ത് നിന്ന് മേനക റോഡിലൂടെ വിഭാതും, സന്തോഷും, വാസും, ഫ്രെഡിയും ഞാനും നടന്നുനീങ്ങി.


ലോ കോളേജ് ജംഗ്ഷനില്‍ ബാനറുകളുമായി ജിജോയും കൂട്ടരും തയ്യാറായിരുന്നു. ജയ്‌സണെയും മറ്റ് ചില മനുഷ്യാവകാശ പ്രവര്‍ത്തകരെയും കണ്ടു. കൊച്ചി പാരീസായില്ലെങ്കിലും മനുഷ്യര്‍ക്ക് (ഭാരതീയര്‍ക്കല്ല, ഭാരതസംസ്കാരത്തിന് അല്ലേയല്ല) സ്വാതന്ത്ര്യം ലഭിക്കണം എന്നാഗ്രഹിക്കുന്നവര്‍. ആലിംഗനത്താലും ഉമ്മകളാലും ആശയങ്ങള്‍ മൂര്‍ത്തരൂപങ്ങള്‍ കൈവരിക്കുന്ന വൈറല്‍ വികാരങ്ങള്‍ പടരുന്നതുപോലെതോന്നി. സജിത്ത് എന്നെ ചേര്‍ത്തണച്ചു. ഞങ്ങള്‍ സെല്ഫികളെടുത്തു. ഒരു വിദേശപൗരന്‍ സമരത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് പരിസരത്തുണ്ടായിരുന്നു. പോലീസുകാര്‍ ഇടിവണ്ടികളുമായി എത്തിയിട്ടുണ്ട്. ചാനല്‍ക്യാമറകളും റെഡി. പെട്ടെന്ന് പ്രൊഫൈലുകള്‍ മുദ്രാവാക്യങ്ങളായി. അവ മെല്ലെയനങ്ങുന്ന തീവണ്ടിയായി വേഗം കിതച്ചു. നിന്നു. പോലീസുകാര്‍ വളഞ്ഞു. ബോഗികള്‍ ഒന്നിനുമീതേ ഒന്നായി അമര്‍ന്നു, ചിലതു തെറിച്ചുപോയി. ബാനറുകള്‍ വലിച്ചുമാറ്റി. പ്ലക്കാര്‍ഡുകള്‍ ചീന്തിപ്പോയി. മുദ്രാവാക്യങ്ങളാല്‍ പൊട്ടിത്തെറിച്ച് ഉമ്മപ്പൂത്തിരികള്‍. തെറിച്ചുപോയവരില്‍ ഫ്രെഡി, സജിത്ത്, ശ്രീരാഗ്; അതുപോലെ കുറേപ്പേര്‍. ബാനറുകളില്ലാതെ സംഘടിക്കാന്‍ ശ്രമിച്ചു ഞങ്ങള്‍. പോലീസുകാര്‍ വീണ്ടും മുന്നോട്ട്. ചിതറിപ്പോയ ചെറുമഴകളായ് ഞങ്ങളുടെ ഉമ്മ നനവുകള്‍ റോഡിലെവിടെയൊക്കെയോ വീണുപോയിരിക്കുന്നു. മറൈന്‍ ഡ്രൈ വിലേക്ക് പലവഴികടക്കാന്‍ ഞങ്ങള്‍ പിന്നെയും മറ്റുപലവഴിക്ക് ശ്രമിച്ചുകൊണ്ടിരുന്നു. ഇതിനിടെ ഒരു ഗ്രൂപ്പ് മറൈന്‍ ഡ്രൈ വില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തുകയും ഉമ്മകള്‍ ആഘോഷിക്കുകയും ചെയ്തു. നിഴലുകളെ അത്രവേഗം ചിതറിക്കാനാവില്ലല്ലോ. ആള്‍ക്കൂട്ടത്തില്‍നിന്ന് ഉമ്മകള്‍ നനഞ്ഞുതിര്‍ന്നുകൊണ്ടിരുന്നു.


ശിവസേനക്കാരുടെ റൗണ്ട് മാര്‍ച്ചുകളും, കാഴ്ച്ചക്കാരുടെ ഗ്വാഗ്വാ വിളികളും, പോലീസുകാരുടെ വിരട്ടിയോടിക്കലും പെപ്പര്‍ സ്‌പ്രേയും, സമസ്തയുടെയും എസ്ഡിപിഐയുടെയും സമര കോപ്രായങ്ങള്‍ക്കുമിടയില്‍ ഞങ്ങളുടെ കൂട്ടുകാര്‍ ജനമൈത്രി പോലീസ് സ്‌റ്റേഷനില്‍ ഉമ്മകളുടെ മിന്നാമിന്നികളെ പറത്തിവിട്ട് പ്രകാശിപ്പിച്ചു. വിഷാദത്താല്‍ വരണ്ടുപോയ പേരില്ലാത്ത രാഷ്ട്രീയ സങ്കല്പങ്ങളെ രാത്രി വൈകുവോളം പലയിടങ്ങളില്‍ പല ചിന്തകളില്‍ പല ചര്‍ച്ചകളില്‍ പല ബസുകളില്‍ പല ട്രെയിനുകളില്‍ പുതിയ പ്രഭാതങ്ങളിലേക്ക് വഹിച്ചുകൊണ്ടുപോയത് നിശ്ചയമായും നിഴലുകളല്ല, പുതിയ പുതിയ സമരങ്ങളുടെ തീക്ഷ്ണധ്വനികളാണ്. പ്രത്യക്ഷ രാഷ്ട്രീയത്തെ തകിടം മറിയ്ക്കുന്ന പുതിയ കാലത്തിന്റെ കാറ്റുകള്‍ വീശുകയാണ്. വെളിച്ചത്തിന്റെ പൊന്‍തിരകളാണ് ഉമ്മകളുടെ മിന്നാമിന്നിത്തെളിച്ചങ്ങള്‍. കൂട്ടുകാരാ ഫ്രെഡീ, ഒരിക്കല്‍ക്കൂടി ഒന്നുമ്മവെക്കൂ. സ്‌നേഹിക്കാനൊഴികെ മറ്റെന്തിനും സ്വാതന്ത്ര്യമുള്ളപ്പോള്‍ സഹോദരാ, വരൂ ഈ തെരുവിലെ ചോര കാണൂ, ഈ തെരുവിലെ പ്രണയവും കാണൂ. ഉമ്മകള്‍ ഉമ്മകള്‍...


(പയ്യന്നൂര്‍ സ്വദേശിയായ പ്രിയന്‍ അലക്‌സ് വെറ്റനറി സര്‍ജനായി സേവനമനുഷ്ഠിക്കുകയാണ്)


*Views are Personal


Next Story

Related Stories