TopTop
Begin typing your search above and press return to search.

ഉത്തരം പറയേണ്ടുന്ന നേരം

ഉത്തരം പറയേണ്ടുന്ന നേരം

കെ ജെ ജേക്കബ്

നിങ്ങളുടെ വേലിയ്ക്ക് തൊട്ടു പുറത്തു നില്ക്കുന്ന ഒരു പ്രശ്നത്തിന്റെ ഏതു ഭാഗത്താണ് നിങ്ങൾ എന്ന ചോദ്യം മലയാളി അധികം നേരിട്ടിട്ടില്ല. പലസ്തീനും ഗാസയും ക്യൂബയും സൈബീരിയയും ഹിറ്റ്ലറും, എന്തിനു ഇന്ത്യൻ സ്വാതന്ത്ര്യ സമരവും അതിർത്തിയിലെ യുദ്ധം പോലും നമുക്കേതോ ലോകത്ത് നടന്ന/നടക്കുന്ന കാര്യങ്ങളാണ്. രൂപയുടെ വിനിമയനിരക്ക് എന്ന ഒരൊറ്റ അളവുകോലിലൂടെയല്ലാതെ അതൊന്നും നമ്മെ തൊട്ടിട്ടില്ല. ഇടതുപക്ഷ ലിബറൽ മതേതര ജനാധിപത്യ കൊക്കൂണിൽ സുഖവാസമായിരുന്നു നാമിക്കാലമത്രയും.

എന്നാൽ കാലം മാറി.ചില കാര്യങ്ങൾ വേലിയും കടന്നു നിങ്ങളുടെ ഉമ്മറവാതിലിൽ എത്തിത്തുടങ്ങിയിരിക്കുന്നു. നിങ്ങൾ എങ്ങിനെ ജീവിക്കണം, മറ്റൊരാളുമായുള്ള നിങ്ങളുടെ ബന്ധം ഏതു വിധത്തിലായിരിക്കണം എന്ന് നിയമം മൂലം വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ള നമ്മുടെ നാട്ടിൽ കുറച്ചുപേർ തങ്ങളുടെ സ്വന്തം മീറ്ററുമായി ഇറങ്ങി മറ്റുള്ളവരുടെ പ്രവൃത്തിയെ അളക്കാൻ തുടങ്ങിയിരിക്കുന്നു. കുറച്ചു കാലമായി ഇവർ പ്രത്യക്ഷപ്പെട്ടിട്ട്. അത് പക്ഷെ മിക്കവാറും ഒറ്റപ്പെട്ട, താൽക്കാലികമായ പ്രതിഭാസങ്ങളായിരുന്നു. നിയമം കണ്ണുരുട്ടുമ്പോൾ ചുരുണ്ടുപോകുന്ന ടൈപ്പുകൾ.

അവരിപ്പോൾ സംഘടിത രൂപം പൂണ്ടിരിക്കുന്നു. നാട് ഭരിക്കുന്ന രാഷ്ട്രീയപ്പാർട്ടിയുടെ പോഷകപ്പടയാണ് എന്നവർ നമ്മെ ഭീഷണിപ്പെടുത്തുന്നു. നിയമം മൂലം നിരോധിക്കാത്ത കാര്യങ്ങൾ തങ്ങൾക്കിഷ്ടമില്ലെങ്കിൽ തങ്ങൾ നിരോധിക്കുമെന്നും, ഇഷ്ടപ്പെടാത്തവരെ തച്ചു തകർക്കുമെന്നും അവർ കാണിച്ചു തന്നിരിക്കുന്നു. അവരെ പ്രതിരോധിക്കുന്നവരെ വളഞ്ഞിട്ടാക്രമിക്കുമെന്നു അവർ ഭീഷണിപ്പെടുത്തുന്നു. അവർക്ക് ഭരണകൂടത്തിന്റെ പോലും നിശ്ശബ്ദ പിന്തുണയുണ്ടെന്നു സംശയം ഉണ്ടാകുന്നു. നിങ്ങളുടെ കൊക്കൂണിൽ വിതറാൻ അവർ വിഷപ്പൊടി ശേഖരിക്കുന്നു.അങ്ങിനെ ആ ചോദ്യം ഉയരുന്നു: നിങ്ങൾ ആരുടെ ഭാഗത്താണ്? സിറിയയിൽ കഴുത്തറക്കുന്ന ഐസിസ് ഭീകരനെക്കുറിച്ചല്ല, നിങ്ങളുടെ വീടിന്നപ്പുറത്തു കട തല്ലിപ്പോളിക്കുന്ന ക്രിമിനൽ കൂട്ടത്തെ ചൂണ്ടിയാണ് ചോദ്യം. ഫാഷിസത്തിന്റെ പുതിയ കൈയാളുകളുടെ കണ്ണിലെ തീ നിങ്ങൾ കണ്ടുവോ എന്നാണു ചോദ്യം.

ഇതിനു സത്യസന്ധമായ ഒരെയൊരുത്തരമെയുള്ളൂ എന്നാണ് എന്റെ പക്ഷം. ഒന്നുകിൽ നിങ്ങൾ അവരെ അനുകൂലിക്കുന്നു, അല്ലെങ്കിൽ എതിർക്കുന്നു. കറുപ്പും വെളുപ്പും മാത്രമായി കാര്യങ്ങൾ വരുന്ന അപൂർവ്വം സന്ദർഭമായി ഈ പ്രശ്നം കറങ്ങിത്തിരിഞ്ഞു വരുന്നു.

ഇതിനു ചുറ്റും കറങ്ങുന്ന ചില ചോദ്യങ്ങളുണ്ട്. ഇതാണോ നമ്മുടെ ഏറ്റവും വലിയ പ്രശ്നം എന്നതാണ് ഏറ്റവും പ്രധാനം. എന്റെ ഉറച്ച ഉത്തരം അതെ എന്നാണ്. ദരിദ്രരായ നമ്മുടെ നാട്ടിലെ ജനങ്ങൾക്ക്‌ രക്ഷപ്പെടാനുള്ള ഒരേയൊരു വഴി ജനാധിപത്യമാണ്, അതിന്റെ ഉപകരണങ്ങളാണ്. അതിന്റെ കുറവുകൾ വളരെ പ്രത്യക്ഷമാണ്, പക്ഷെ ആ കുറവുകൾ പോകെപ്പോകെ പരിഹരിക്കാവുന്നതേയുള്ളൂ. പക്ഷെ ഫാഷിസം ആ സാധ്യതയെ കെടുത്തും. പകരം അതിന്റെ കാര്യകർത്താക്കൾ അവരുടെ സ്വന്തം വ്യവസ്ഥ അടിച്ചേൽപ്പിക്കും. അങ്ങിനെ ചെയ്യുമ്പോൾ അവർ മറ്റൊന്നും കാണില്ല,നിങ്ങൾ അവർക്കെതിരെ നിന്നുവോ അനുകൂലിച്ചുവൊ എന്ന് പോലും. അവിടെ ന്യൂനപക്ഷമോ ഭൂരിപക്ഷമോ പോലും ഉണ്ടാവില്ല. സിറിയയിൽ ദുരിതമനുഭവിക്കുന്നവർ മുസ്ലിംകളുമാണെന്ന് ഓർക്കണം.

ഇതോടെ പ്രശ്നം തീരുമോ എന്നത് അടുത്ത ചോദ്യം, ഇല്ല. പക്ഷെ ഇവരെ എതിർത്തില്ലെങ്കിൽ നിങ്ങൾ ഏറ്റവും വലിയ പ്രശ്നം ക്ഷണിച്ചു വരുത്തുന്നു. നാളെ നിങ്ങൾ പണിയുന്ന റോഡിൽ ആര് യാത്ര ചെയ്യണമെന്ന്, നിങ്ങളുടെ പാലത്തിൽ ആര് കയറണമെന്ന്, സ്കൂളിലും കോളേജിലും എന്ത് പഠിപ്പിക്കണമെന്ന്, മെസ്സിലും ഹോട്ടലിലും എന്ത് ഭക്ഷണം വിളമ്പണമെന്ന്, നിങ്ങൾ എന്ത് വസ്ത്രം ധരിക്കണമെന്ന്, നിങ്ങൾ എന്ത് വായിക്കണമെന്ന്....ഒക്കെ തീരുമാനിക്കാൻ സുഡാപ്പികളും സംഘികളും സഭയുമൊക്കെ തീട്ടൂരമിറക്കും. നിയമസഭയ്ക്കും ഭരണഘടനയ്ക്കും മീതെ കുറിയും കുപ്പായവുമണിഞ്ഞ ശവങ്ങൾ നൃത്തം വയ്ക്കും. നമ്മൾ ഇരുണ്ട കാലത്തേയ്ക്ക് തിരിച്ചു പോകും. അതിനുള്ള റിഹേഴ്സലാണ് ഇപ്പോൾ നടക്കുന്നത്. അവരെ നമ്മൾ രംഗം എൽപ്പിക്കുമോ ഇല്ലയോ എന്നത് മാത്രമാണ് ചോദ്യം.സാധ്യമല്ല, ഞങ്ങളിവിടുണ്ട് എന്നുറച്ചു പറയുന്ന കുറച്ചു ചെറുപ്പക്കാരുണ്ട്. നിങ്ങൾക്ക് അവരുടെ കൂടെ നില്ക്കാം.

അല്ലെങ്കിൽ അവരുടെ ചുണ്ടുകളുടെ നേർക്ക്‌ സൂക്ഷ്മദർശിനി വയ്ക്കാം, നിയമങ്ങളിലില്ലാത്ത സെക്ഷനുകൾ ചുരുട്ടിയെറിയാം, അന്തമില്ലാത്ത പ്രത്യയശാസ്ത്ര വിശകലനങ്ങളിൽ സമയം നഷ്ടപ്പെടുത്താം. "എന്നിട്ട് നിങ്ങളെന്തു ചെയ്തു" എന്ന് കാലമൊരുക്കുന്ന വിചാരണക്കോടതിയിൽ കൊച്ചു മക്കൾ ചോദിക്കുമ്പോൾ തല കുനിച്ചു നില്ക്കാം.

തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോഴുമുണ്ട് എന്നതാണ് ജനാധിപത്യത്തിന്റെ മഹത്വം.

P. S:പരസ്യചുംബനമോ, അതെങ്ങിനെ എന്ന് പലരും ചോദിക്കുന്നു. പരസ്പരം അറിയുന്ന, ഇഷ്ടപ്പെടുന്ന രണ്ടു മനുഷ്യർ--അവർ സഹപ്രവർത്തകരാകാം, സഹപാഠികളാകാം, സുഹൃത്തുക്കളാകാം, വിവാഹിതരാകാം അല്ലാതിരിക്കാം, പ്രണയിക്കുന്നവരുമാകാം -- പൊതുസ്ഥലത്ത് വച്ചു കെട്ടിപ്പിടിച്ചാൽ, കവിളിലൊരുമ്മ വച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ എന്നല്ല എന്റെ ചോദ്യം. അവർക്കിടയിലെ ബന്ധത്തിന് എന്ത് സംഭവിക്കും എന്നാണ് ഞാൻ അന്വേഷിക്കുന്നത്. എനിക്ക് തോന്നുന്നത് അതിനു ലൈംഗികചുവയുണ്ടാവാനുള്ള സാധ്യത കുറവാണെന്നാണ്. പകരം അവരുടെ ബന്ധം കൂടുതൽ സുദൃഡവും നിർമ്മലവുമാകുമെന്നാണ്. വായനക്കാരാ, നിങ്ങളിൽ കുരുക്കാനുള്ള ഒരു ചോദ്യത്തിന് ഞാൻ ആദ്യമേ ഉത്തരം പറഞ്ഞേക്കാം: എന്നെയും, എന്റെ ഭാര്യയേയും സഹോദരിയും, മകളെയുമോക്കെ മനസ്സിൽ കണ്ടുതന്നെയാണ് ഞാനിതു പറയുന്നത്.


Next Story

Related Stories