TopTop
Begin typing your search above and press return to search.

പൂട്ടേണ്ടത് ദിലീപിനെ മാത്രമല്ല, നമ്മുടെ ഉള്ളിലെ ദിലീപിനേയും കൂടിയാണ്/എഡിറ്റോറിയല്‍

പൂട്ടേണ്ടത് ദിലീപിനെ മാത്രമല്ല, നമ്മുടെ ഉള്ളിലെ ദിലീപിനേയും കൂടിയാണ്/എഡിറ്റോറിയല്‍

കുടുംബ പ്രശ്നത്തോടനുബന്ധിച്ച് രൂപപ്പെട്ട വ്യക്തി വൈരാഗ്യം തന്റെ സഹപ്രവര്‍ത്തകയായ നടിയെ ലൈംഗികമായി ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുക്കുന്നതിലേക്ക് ഒരു താരത്തെ മാറ്റി എന്നത് അവസാന നിമിഷം വരെ ഉദ്യോഗം നിറഞ്ഞ ഒരു സിനിമാക്കഥ പോലെയാണ് മലയാളി ശ്രവിച്ചുകൊണ്ടിരുന്നത്. സമൂഹത്തില്‍ പണവും ആള്‍ബലവും അധികാര ബന്ധങ്ങളും ഉള്ളവര്‍ ഉള്‍പ്പെട്ട കേസുകള്‍ക്ക് സംഭവിക്കുന്ന സ്വാഭാവിക പരിണതി തന്നെയായിരിക്കും ഈ കേസിനും എന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷമായ ട്വിസ്റ്റ് ഉണ്ടാകുന്നത്.

19 തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ദിലീപിനെ കുടുക്കിയത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പള്‍സര്‍ സുനിക്ക് 1.5 കോടിയുടെ ക്വട്ടേഷനാണ് നല്കിയത് എന്നതും അമ്പരപ്പോടെയാണ് കേരള സമൂഹം കേട്ടുകൊണ്ടിരിക്കുന്നത്. തന്റെ ജോലിസ്ഥലത്തേക്ക് പോകുന്ന പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ചു വീഡിയോ പകര്‍ത്താനാണ് ഈ ക്വട്ടേഷന്‍ എന്നതും സ്ത്രീ സുരക്ഷയെ കുറിച്ച് ആകുലപ്പെടുന്ന സമൂഹത്തെ ഞെട്ടിക്കുന്നതാണ്.

എന്തായാലും ദിലീപിനെ പതിനൊന്നാം പ്രതിയായി പോലീസ് കുറ്റപത്രം തയാറാക്കുകയാണ്. ഗൂഡാലോചന കുറ്റം ആണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്കടക്കം കടുത്ത ശിക്ഷ വാങ്ങിച്ചു കൊടുക്കണമെങ്കില്‍ ദിലീപിനെതിരെയുള്ള തെളിവുകള്‍ ശക്തമാകണം. ഇപ്പോള്‍ നടന്നിരിക്കുന്ന അറസ്റ്റ് എന്നത് പ്രാഥമിക നടപടി മാത്രമാണ്. കൃത്യമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലീസിന്റെ വിശ്വാസ്യതയെ തകര്‍ത്തുകളയുന്ന ഒന്നായി ഈ കേസ് മാറും. ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആയി ഈ കേസ് മാറരുത്. തന്നെ ക്രൂശിക്കുകയാണ്, ഞാന്‍ നിരപരാധിത്വം തെളിയിക്കും എന്ന് ദിലീപ് തന്നെ പറഞ്ഞു കഴിഞ്ഞു. കെട്ടിച്ചമച്ച തെളിവുകളാണ് എന്ന ആരോപണം പ്രതി ഭാഗം അഭിഭാഷകനായ അഡ്വ. രാംകുമാറും ഉയര്‍ത്തുന്നു. അന്വേഷണം പൂര്‍ത്തിയായിട്ടില്ല എന്ന് ഡിജിപി ലോകനാഥ് ബെഹ്റ പറഞ്ഞതും പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് എന്ന വാര്‍ത്തകളും പ്രത്യാശ പകരുന്നതാണ്. വ്യക്തി വിരോധം എന്നതില്‍ അപ്പുറം സിനിമാ വ്യവസായയവുമായും റിയല്‍ എസ്റ്റേറ്റ് കച്ചവടവുമായും ബന്ധപ്പെട്ട നിയമ വിരുദ്ധ പണത്തിന്റെ കൈമാറ്റങ്ങളും ഈ കേസിന് പിന്നില്‍ ഉണ്ടെന്ന സൂചനയും മാധ്യമങ്ങള്‍ നല്കിയിരുന്നു. അന്വേഷണം ഇതിലേക്കും നീളുമൊ എന്ന ചോദ്യവും അന്തരീക്ഷത്തില്‍ ഉയരുന്നുണ്ട് എന്നത് പോലീസ് തള്ളിക്കളഞ്ഞു കൂടാ.

വനിതകള്‍ക്ക് വേണ്ടി പുതിയ വകുപ്പ് തന്നെ രൂപീകരിച്ച സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ കേസ് ഒരു അഭിമാന പ്രശ്നമാണ്. അതിനപ്പുറം ഈ കേസ് തെളിയേണ്ടത് കേരള സമൂഹത്തിന്റെ കൂടി ആവശ്യമാണ്. അതിവേഗം ക്രിമിനല്‍വത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹമായി കേരളം മാറുന്നു എന്നതാണു സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. മുത്തൂറ്റ് പോള്‍ ജോര്‍ജ്ജ് കൊലക്കേസ്, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, ചന്ദ്രബോസ് വധക്കേസ്, സോളാര്‍ കേസ്, കടകമ്പള്ളി, കളമശേരി ഭൂമി തട്ടിപ്പ് കേസ് തുടങ്ങി രാഷ്ട്രീയ, സിനിമാ, ബിസിനസ് രംഗത്ത് നിന്നുള്ളവര്‍ ഉള്‍പ്പെട്ട നിരവധി കേസുകള്‍ സമീപകാലത്ത് നമ്മള്‍ കണ്ടുകഴിഞ്ഞു. ഈ കേസുകള്‍ എല്ലാം തന്നെ അതിവേഗം മാഫിയവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ ഞെട്ടിക്കുന്ന അധോലോകമാണ് പുറത്തെടുത്തിട്ടത്. കൂടാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യവും സമീപകാലത്തുണ്ടായി. അതുകൊണ്ട് തന്നെ ദിലീപിന്റെ അറസ്റ്റ് നല്‍കുന്ന സന്ദേശം എന്തുകൊണ്ടും സുപ്രധാനമാണ്.

അതോടൊപ്പം പുരുഷാധിപത്യം അടക്കി വാഴുന്ന ചലച്ചിത്ര മേഖലയില്‍ നില്‍നില്‍ക്കുന്ന സ്ത്രീ വിരുദ്ധ സമീപനങ്ങളെ പൊതുസമൂഹത്തില്‍ ചര്‍ച്ചാ വിഷയമാക്കാനും സ്ത്രീ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ രൂപികരണത്തിലേക്ക് ഇത് നയിച്ചു എന്നതും ആശാവഹമായ കാര്യമാണ്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം നടിമാരുടെ സുരക്ഷിതത്വത്തെ കുറിച്ച് തികച്ചും പിന്തിരപ്പനായ നിലപാടാണ് സിനിമാ വ്യവസായവും പ്രത്യേകിച്ചും അഭിനേതാക്കളുടെ സംഘടനയും എടുത്തത്. സൂപ്പര്‍താരങ്ങളടക്കം പാലിച്ച നിശബ്ദത ഏറെ വിമര്‍ശന വിധേയമാകുകയുണ്ടായി. തൊഴില്‍ മേഖല എന്ന നിലയില്‍ സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന അസമത്വത്തെ നേരിടാന്‍ ഗവണ്‍മെന്‍റ് നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

അതേ സമയം ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്നുള്ള ആള്‍ക്കൂട്ട അതിക്രമങ്ങളെയും കാണാതിരുന്നു കൂടാ. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ യുവ സംഘടനകളുടെ നേതൃത്വത്തില്‍ ദിലീപിന്റെ ദേ പുട്ട് എന്ന റസ്റ്റോറന്‍റിനെതിരെയും ചാലക്കുടിയിലെ തിയറ്ററിന് നേരെയും കല്ലേറും അതിക്രമങ്ങളും ഉണ്ടായി. ആള്‍ക്കൂട്ടത്തിന്റെ ഈ നീതി നടപ്പാക്കലും ഒരു ക്രിമിനല്‍ സമൂഹത്തിന്റെ ബാഹ്യ പ്രകടനം അല്ലാതെ മറ്റെന്താണ്. ഒപ്പം നവമാധ്യമങ്ങളില്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ അടക്കം അധിക്ഷേപിച്ചു വരുന്ന ട്രോളുകളും അനഭിലഷണീയമായ പ്രവണതയാണ്. നേരത്തെ നടന്റെ ആരാധക കൂട്ടവും ചില സഹപ്രവര്‍ത്തകരും ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരമര്‍ശങ്ങള്‍ ഏറെ വിമര്‍ശന വിധേയമായിരുന്നു എന്നതും ഓര്‍ക്കുക. തങ്ങളുടെ ഉള്ളില്‍ ഓരോ ദിലീപുമാരുണ്ടെന്ന് തെളിയിക്കുന്നതിലേക്ക് ആള്‍ക്കൂട്ടം മാറുന്നത് ആരോഗ്യകരമായ സമൂഹത്തിന്റെ സൂചനയല്ല നല്‍കുന്നത് എന്നതും ഭീതിയോടെയേ നോക്കികാണാനാവൂ.


Next Story

Related Stories