TopTop
Begin typing your search above and press return to search.

ഓടുന്ന മാണിക്ക് ഒരു മുഴം മുമ്പേ!

ഓടുന്ന മാണിക്ക് ഒരു മുഴം മുമ്പേ!

ശരത് കുമാര്‍

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ ആദര്‍ശധീരമായ മദ്യനയം വെറും സുധീരന്‍-ഉമ്മന്‍ചാണ്ടി ചക്കളത്തി പോരാട്ടത്തിനപ്പുറം പുതിയ മാനങ്ങള്‍ കൈവരിക്കുകയാണ്. ഇന്നലെ ബിജു രമേശ് എന്ന മദ്യ മുതലാളി പരസ്യമായി പാലാക്കാരുടെ പൊന്നോമനയായ കെ എം മാണിക്കെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ചതോടെ ചിത്രത്തിലെ വര്‍ണങ്ങള്‍ക്ക് പുതിയ വൈവിദ്ധ്യം കൈവന്നിരിക്കുകയാണ്. പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ തുറക്കുന്നതിനായി സംസ്ഥാന ധനമന്ത്രി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നും അതില്‍ ഒരു കോടി രൂപ നല്‍കിയെന്നുമാണ് ബിജു രമേശിന്റെ ആരോപണം. ആദ്യം പതിനഞ്ച് ലക്ഷവും പിന്നീട് 85 ലക്ഷവും പാലായിലെ മന്ത്രിയുടെ വീട്ടില്‍ കൊണ്ടുകൊടുത്തു എന്നാണ് ആരോപണം. മറ്റൊരു ബാര്‍ മുതലാളിയായ മനോഹരനും ബിജു രമേശിന്റെ ആരോപണത്തെ പിന്തുണച്ച് രംഗത്തെത്തി.

മുജ്ജന്മശത്രുവായ പി സി ജോര്‍ജ്ജാണ് ആദ്യം മാണി സാറിനെ രക്ഷിക്കാന്‍ രംഗത്തെത്തിയത്. ബിജു രമേശനെ ചാനലിലൂടെ പുളിച്ച തെറി വിളിച്ചുകൊണ്ടായിരുന്നു അതിയാന്റെ രംഗപ്രവേശം. മാണി സാര്‍ നല്‍കുന്ന ചെല്ലിന്റെയും ചിലവിന്റെയും രുചി നാവില്‍ അത്ര കണ്ട് പിടിച്ചത് കൊണ്ടാവാം മറ്റൊരു ഒരു കോടിയുടെ കോഴ ആരോപണവും ചീഫ് വിപ്പ് മുന്നോട്ട് വച്ചു. അതും തീയതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരത്തിയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മാര്‍ച്ച് 26, ഏപ്രില്‍ ഒന്ന് തീയതികളില്‍ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വച്ച് അമ്പത് ലക്ഷം വീതം കൈമാറി എന്നാണ് പി സി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ മറ്റ് പല വെളിപ്പെടുത്തലുകളും പോലെ തന്നെ ഇതിന്റെ എല്ലാം തെളിവുകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. എന്നാല്‍ പതിവ് പോലെ ഇതൊന്നും വെളിയില്‍ വരില്ല എന്ന് മാത്രം.

ഏതായാലും കേരളത്തിലെ കണ്ണീരൊഴുക്കുന്ന അമ്മമാരും പെങ്ങമ്മാരും ഭാര്യമാരും വിചാരിക്കുന്നത് പോലെ തങ്ങളുടെ പുരുഷന്മാരെ മദ്യവിപത്തില്‍ നിന്നും മോചിപ്പിക്കാനൊന്നുമല്ല ഈ വിശുദ്ധ മദ്യവിരുദ്ധത എന്ന കാര്യം കുറെ കൂടി വ്യക്തമായിരിക്കുന്നു. ഇപ്പോള്‍ നടക്കുന്ന കേസുകള്‍ സുപ്രീം കോടതിയില്‍ എത്തുമ്പോഴേക്കും പൂട്ടിക്കിടക്കുന്ന എല്ലാ ബാറുകളും തുറക്കുമെന്ന കാര്യം ഇന്നലത്തെ കോടതി വിധിയോടെയെങ്കിലും അവര്‍ക്ക് മനസിലായി കാണും.പതിവ് പോലെ മാണി സാര്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. നാളിതുവരെ ആരുടെ കൈയില്‍ നിന്നും കൈക്കൂലി ചോദിച്ചിട്ടില്ലെന്നും വയസുകാലത്ത് തന്നെയും പാര്‍ട്ടിയെയും കരിവാരി തേക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോഴത്തെ ആരോപണമെന്നും അദ്ദേഹം പറയുന്നു. ഒന്നു കൂടി കടത്തി പറയാനുള്ള തൊലിക്കട്ടിയും അദ്ദേഹം പ്രദര്‍ശിപ്പിച്ചു. അഴിമതി ആരോപണം ഉന്നയിച്ചവര്‍ വേണമെങ്കില്‍ തെളിയിക്കട്ടെ എന്ന്! കൊള്ളാം. പ്രതിപക്ഷത്തിരുന്നു അഴിമതി ആരോപണം ഉന്നയിക്കുമ്പോഴും ഈ യുക്തി തന്നെയാണോ അദ്ദേഹത്തെ ഭരിക്കുക എന്നറിയില്ല. ഏതായാലും തനിക്കെതിരെ ആരോപണം വന്നാല്‍ തെളിയിക്കേണ്ടത് ആരോപണം ഉന്നയിച്ചവരാണെന്ന് ഒരു ഭരണഘടന സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് പറയാവുന്ന തരത്തിലേക്ക് നമ്മുടെ പൊതുപ്രവര്‍ത്തകരുടെ മര്യാദ വളര്‍ന്നിരിക്കുന്നു എന്ന് മാത്രം അറിയാം. മാത്രമല്ല, ഉന്നയിച്ചവരാണ് ആരോപണം തെളിയിക്കേണ്ടതെങ്കില്‍ പി ടി ചാക്കോ മുതല്‍ പി ജെ ജോസഫ് വരെയുള്ളവര്‍ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടേണ്ടിയിരുന്നില്ല. മാണി സാറിന്റെ ബുദ്ധി അവര്‍ക്ക് ഇല്ലാത്തതുകൊണ്ടാവാം അങ്ങനെയൊക്കെ സംഭവിച്ചത് എന്ന് ധരിക്കുകയേ തരമുള്ളു.

അല്ലെങ്കിലും മുമ്പൊക്കെ ആരോപണങ്ങള്‍ വന്നിട്ടുള്ളപ്പോഴൊക്കെ മാണി സാര്‍ നാലു കാലില്‍ തന്നെ വീണിട്ടുണ്ട്. ഇടമലയാര്‍ കേസില്‍ കെ എം മാണി തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞത് ഇടതു സര്‍ക്കാരിന്റെ വിജിലന്‍സ് ആയിരുന്നു എന്നാണ് ഓര്‍മ്മ. ഈ ലേഖകന്റെ അറിവില്‍ പിന്നെ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം പാലാ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ടായിരുന്നു. ഉന്നയിച്ചത് സാക്ഷാല്‍ പി സി ജോര്‍ജ്ജും. അന്ന് ജോര്‍ജ്ജ് സാര്‍ ഇടതുപക്ഷത്തായിരുന്നു. മാണി സാറിനെ പേരെടുത്ത് വിളിക്കില്ലായിരുന്നു. അഭിസംബോധന ചെയ്യേണ്ടി വരുന്ന സന്ദിഗ്ധഘട്ടങ്ങളില്‍ പാലാ മെമ്പര്‍ എന്ന് പറഞ്ഞ് ഒഴിയുമായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല. പിന്നീട് ഒരു നല്ല പ്രഭാതത്തില്‍ കേരള ജനങ്ങള്‍ കാണുന്നത് കേരള കോണ്‍ഗ്രസിന്റെ ഏക വൈസ് പ്രസിഡന്റായി പൂഞ്ഞാര്‍ മെമ്പര്‍ യുഡിഎഫിലേക്ക് ചേക്കേറുന്നതാണ്. അഴിമതി ആരോപണം എങ്ങോ പോയ് മറഞ്ഞു. പിന്നീട് പ്രധാനപ്പെട്ട ഒരു ആരോപണം ഉന്നയിച്ചത് മുന്‍ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്കാണ്. 12,000 കോടി രൂപയുടെ നികുതി സര്‍ക്കാരിലേക്ക് പിരിഞ്ഞ് കിട്ടാനുണ്ടെന്നും ഇത് പിരിച്ചെടുക്കാത്തതില്‍ അഴിമതിയുണ്ടെന്ന് മാത്രമല്ല ചിലര്‍ക്ക് നികുതി ഇളവ് കൊടുത്തതിലെ അഴിമതിയുടെ രേഖകള്‍ തന്റെ പക്കലുണ്ടെന്നും ചാനലുകളില്‍ ഡോക്ടര്‍ വെളിപ്പെടുത്തി. പക്ഷെ മാണി സാര്‍ ഇടതുപക്ഷത്തേക്ക് ചേക്കേറും എന്ന ഊഹാപോഹം നിലനിന്നത് കൊണ്ടാണോ എന്നറിയില്ല ആ ആരോപണവും തെളിവുകളും ശൂന്യതയിലേക്ക് മറഞ്ഞുപോയി. ഇത്തരം കഥകള്‍ ഓര്‍ക്കുമ്പോള്‍ നാളെ ബിജു രമേശ് കേരള കോണ്‍ഗ്രസ് (എം) ന്റെ സംസ്ഥാന കമ്മിറ്റി അംഗം, തിരുവനന്തപുരം ജില്ല പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ അത്ഭുതപ്പെടരുത്.കാര്യം ഇതൊക്കെയാണെങ്കിലും ഇപ്പോഴത്തെ വെളിപാടുകള്‍ ഉമ്മന്‍ചാണ്ടിയുടെയും സംഘത്തിന്റെയും ഗൂഢാലോചനയുടെ ഫലമാണെന്ന് പി സി ജോര്‍ജ്ജും ആന്റണി രാജുവും പറയുന്നതിലും കഴമ്പില്ല എന്ന് പറയാനാവില്ല. കാരണം കേരളത്തിലെ കോണ്‍ഗ്രസിന്റെ മുടിചൂടാ മന്നന്മാരായിരുന്ന കരുണാകരനെയും ആന്റണിയെയും കെട്ടുകെട്ടിച്ച ബുദ്ധികേന്ദ്രമാണത്. ഒരു പെണ്ണുകേസ് തങ്ങള്‍ക്കെതിരെ വന്നാല്‍ അതിനെ നേരിടേണ്ടത് മറ്റൊരു പെണ്ണുകേസിലൂടെയാണെന്ന് കേരളത്തെ കാണിച്ചു കൊടുത്ത അതേ ബുദ്ധികേന്ദ്രം. അവിടെ നിന്നും ഇങ്ങനെ ഒരു സാധ്യതയുടെ കല ഉത്ഭവിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഇടതുപക്ഷത്തിന്റെ ചില പ്രതികരണങ്ങളും രസാവഹമാണ്. സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും ഉപനേതാവും പറഞ്ഞു എന്നത് ശരി. എന്നാല്‍ എ കെ ബാലനെ പോലുള്ള ജീനിയസുകള്‍ ചിന്തിക്കുന്നത് മറിച്ചാണ് എന്ന് വേണം അനുമാനിക്കാന്‍. കാരണം ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെ കേസെടുക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു കഴിഞ്ഞു. ഇമ്മാതിരി പ്രതിഭകള്‍ പ്രതിപക്ഷത്തുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് ഭയമെന്തിന്?

ഐസ് കട്ടയുടെ ഒരു മൂല മാത്രമേ തെളിഞ്ഞിട്ടുള്ളു. എക്‌സൈസ് വകുപ്പിന്റെ ചുമതലയില്ലാത്ത ഒരു മന്ത്രി അഞ്ച് കോടി ചോദിച്ചെങ്കില്‍ അതിന്റെ ചുമതലയുള്ളവര്‍ എത്ര ചോദിച്ചു കാണും? എത്ര മേടിച്ചു കാണും? അത് വെളിയില്‍ വരാതിരിക്കാനാവും മാണി സാറ് പരിശുദ്ധ പുണ്യാളനാണെന്നും ഒരു അന്വേഷണത്തിന്റെയും ആവശ്യമില്ലെന്നും മുഖ്യന്‍ ഒരു മുഴം മുമ്പേ എറിഞ്ഞത്.

എതായാലും കാര്യങ്ങള്‍ കുഴയാവുന്നതിന്റെ പരമാവധി കുഴഞ്ഞിട്ടുണ്ട്. വി എം സുധീരന്‍ പിടിച്ച മുയലിന് ഇനി എത്ര കൊമ്പുകള്‍ മുളയ്ക്കും? ഈ കുരിശില്‍ നിന്നും യുഡിഎഫിനെയും സര്‍ക്കാരിനെയും രക്ഷിക്കാന്‍ ആര്‍ക്ക് സാധിക്കും? ഉത്തരം ഒന്നേയുള്ളു. സോളാര്‍ കേസില്‍ നിന്നും സര്‍ക്കാരിനെ ഒരു വിധം രക്ഷിച്ചെടുത്ത്, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പന്ത്രണ്ട് സീറ്റ് നേടിക്കൊടുത്തവര്‍ക്ക്. അതാരാണെന്ന് വച്ചാല്‍ എല്‍ഡിഎഫ് തന്നെ. സെക്രട്ടേറിയേറ്റ് വളയല്‍ പോലുള്ള ഒരു സമരപരിപാടി ആസൂത്രണം ചെയ്താല്‍ പോരെ ഈ കുരുക്കില്‍ നിന്നും മാണിയെ രക്ഷിച്ചെടുക്കാന്‍?

നമ്മള്‍ ജനങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ അന്‍വര്‍ അലിയുടെ മൂന്നാം ലോക ചിന്തകള്‍ എന്ന കവിതയിലെ ചില വരികളാണ് ഓര്‍മ്മ വരുന്നത്:

'കോമാളികളാവുക പിന്നെ കോമരമാവുക നമ്മള്‍,
കറിവേപ്പില്ലാ കാലത്തേക്കൊരു യൂക്കാലിത്തൈ നട്ടുവളര്‍ത്തുക നമ്മള്‍.'

*Views are personal


Next Story

Related Stories