TopTop
Begin typing your search above and press return to search.

കേരളം: ഇതിലാരാണ് കള്ളനല്ലാത്തത്?

കേരളം: ഇതിലാരാണ് കള്ളനല്ലാത്തത്?

ഒടുവില്‍, ഏറു കൊണ്ടത് മാണിയ്ക്കാണ്. 50 വര്‍ഷത്തെ നിയമസഭാ പാരമ്പര്യത്തിന്റെ ഒടുവില്‍ 50 വര്‍ഷത്തെ അഴിമതി പാരമ്പര്യത്തിന്റെ മണിച്ചെപ്പ് തുറന്നു. പിടിയ്ക്കപ്പെടാതെയും പിടികൊടുക്കാതെയും നടക്കുന്ന അഴിമതിക്കാരായ കേരളത്തിലെ രാഷ്ട്രീയക്കാരില്‍ നിന്ന് മാണി വ്യത്യസ്തനാകുന്നത് മാണി പകല്‍വെളിച്ചത്തില്‍ പിടിയ്ക്കപ്പെട്ടുവെന്നതാണ്.

പുറത്ത് മദ്യനിരോധനത്തിനനുകൂലമായും അകത്ത് മദ്യനിരോധനത്തിന് എതിരായും പറഞ്ഞു നടക്കുന്ന മാണിയ്ക്ക് ഉമ്മന്‍ ചാണ്ടി കൊടുത്ത പണിയാണ് ബിജു രമേശ് വഴിയുള്ള കോഴ ആരോപണം.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മാണിയുടെ അതിമോഹത്തെയും എല്‍.ഡി.എഫുമായുള്ള മാണിയുടെ അവിഹിതബന്ധത്തെയും പൊളിയ്ക്കുക മാത്രമായിരുന്നില്ല ചാണ്ടിയുടെ ലക്ഷ്യം. തന്നെപ്പോലെ തന്നെ, മറ്റെല്ലാരും ബാറുകാരന്റെ കൈയില്‍ നിന്ന് യഥേഷ്ടം പണം വാങ്ങിയിട്ട് താനൊഴിച്ച് ബാക്കി എല്ലാരും മദ്യക്കച്ചവടത്തിന് എതിരെന്നു വരുത്തി തീര്‍ത്തതിനെതിരെയുള്ള ചാണ്ടിയുടെ ചാട്ടുളി പ്രയോഗം കൂടിയായിരുന്നു കള്ളുകച്ചവടക്കാരനെ കൊണ്ടുതന്നെ നടത്തിയ സാക്ഷ്യം പറച്ചില്‍.

പ്രശ്‌നം വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് വി.എസ്. ആവശ്യപ്പെട്ട ഉടനെ ക്വിക്ക് വെരിഫിക്കേഷനു വേണ്ടി രണ്ടുമാസത്തെ അവധി കൊടുത്ത് പ്രശ്‌നം തീര്‍ക്കാനായിരുന്നു ചാണ്ടിയുടെയും ചെന്നിത്തലയുടെയും നീക്കം. രണ്ടുമാസം കൊണ്ട് ഇരുവര്‍ക്കും ഏതു തെളിവും മായ്ച്ചുകളയാം. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അതില്‍ വിദഗ്ധരായ രണ്ടുമൂന്നു പേര്‍ വേറെ ഉണ്ട്. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഹേമചന്ദ്രന്‍. പിന്നെ, എന്തിനും പോന്ന ദണ്ഡപാണി. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കാണയയ്ക്കുക. ഡയറക്ടറുടെ കുറിപ്പോടെ അത് മന്ത്രിക്കയയ്ക്കും. മാണി മന്ത്രിയായതു കാരണം ഗവണ്‍മെന്റാണ് തീരുമാനമെടുക്കേണ്ടത്. ഇത്തരം തമാശകള്‍ ഒത്തിരി കണ്ട കേരളം ഇതു മറ്റൊരു റാംജിറാവു സ്പീക്കിംഗ് കാണുന്ന ലാഘവത്തോടെയാണ് കണ്ടത്.


പക്ഷെ, സുനില്‍കുമാര്‍ എം.എല്‍.എ. ഹൈക്കോടതിയില്‍ കൊടുത്ത കേസാണ് മാണിക്കും യു.ഡി.എഫിനും വിനയായത്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന വാദം തള്ളി. പക്ഷേ, അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് തന്നെ കേസെടുക്കാം എന്ന് കോടതി വിധിച്ചു. അപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് തീരുമാനമെടുക്കാന്‍ ഡയറക്ടര്‍ക്കാകില്ല എന്ന സ്ഥിതി വന്നു. കാരണം, നാളെ ഈ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ എത്തിക്കൂടെന്നില്ല. അപ്പോള്‍, ഡയറ്കടര്‍ സമാധാനം പറയേണ്ടിവരും. അങ്ങനെ വരുമ്പോള്‍ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയതുപോലെ വിജിലന്‍സ് ഡയറക്ടറെ ഹൈക്കോടതിയും മാറ്റിനിര്‍ത്തി അന്വേഷണത്തിന് ഉത്തരവിടാം.

സുനില്‍കുമാര്‍ നടത്തിയ ഈ അഴിമതി വിരുദ്ധ നീക്കം ഏറെ ആഹ്ലാദിപ്പിക്കുന്നത് പന്ന്യന്‍ രവീന്ദ്രനെയാണ്. ടിയാന്‍ ഉടന്‍ പത്രസമ്മേളനം നടത്തി വിജയാഹ്ലാദം പങ്കുവച്ചു. ലോകായുക്തയുടെ അന്വേഷണ സംഘം എം.എന്‍. സ്മാരകമന്ദിരത്തിലെ കണക്കുകള്‍ പരിശോധിക്കാന്‍ വരുന്നതിന് മുമ്പ് പേമെന്റ് സീറ്റിന്റെ കറ കഴുകികളഞ്ഞ് അഴിമതിയ്‌ക്കെതിരെ കുരിശുയുദ്ധം നടത്തുന്ന സഖാക്കളുടെ കേന്ദ്രമാക്കി സി.പി.ഐ.യെ മാറ്റിയേ ഒക്കു, ഇത് ഇമേജിന്റെ കാലമാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം

വെജിറ്റേറിയന്‍ സുധീരനും നോണ്‍ വെജ് മുരളീധരനും
ബാര്‍ കോഴ: നെല്ലും പതിരും
സോളാര്‍ വഴിയേ ബാറും; ഇവരുടെ ഒത്തുതീര്‍പ്പുകള്‍ക്ക് നമ്മള്‍ നല്‍കുന്ന വില
മാണിസാറിന്റെ അനുഭവ സമ്പത്ത് അഴിമതി നടത്തുന്നതിലും അത് മൂടി വയ്ക്കുന്നതിലുമാണ് - പി.സി തോമസ്‌ തുറന്നു പറയുന്നു
മാണി ഒളികാമറയില്‍?; മധ്യസ്ഥനായി വക്കം ഇടപെടുമെന്ന് സൂചന

വാസ്തവത്തില്‍, അഴിമതിയുടെ കാര്യത്തില്‍ ആദ്യം രാജിവയ്‌ക്കേണ്ടത് ഉമ്മന്‍ചാണ്ടിയാണ്. ഭരണം ഏറ്റെടുത്ത ഉടനെയാണ് വിജിലന്‍സ് കോടതി പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ അന്വേഷിയ്ക്കണമെന്ന് ഉത്തരവിട്ടത്. അന്ന് പി.സി.ജോര്‍ജ് എന്ന കൂലിത്തല്ലുകാരനെ പണിയേല്‍പ്പിച്ചാണ് ഉമ്മന്‍ചാണ്ടി ഉറങ്ങാന്‍ പോയത്. വാങ്ങിയ കൂലിയേക്കാള്‍ ഏറെ തല്ലും തെറിയും ജോര്‍ജ് ജഡ്ജിയ്ക്ക് കൊടുത്തു. ജഡ്ജി പേടിച്ചു നാടുവിട്ടു. ജോര്‍ജ് പുതിയ ക്വട്ടേഷന്‍, കൂടിയ നിരക്കിന് എടുത്തു.

ആയിടയ്ക്കാണ് നെല്ലിയാമ്പതിയിലെ വനഭൂമി സ്വകാര്യഭൂമിയാക്കിയ പ്രശ്‌നം വീണ്ടും ഉയര്‍ന്നുവന്നത്. വനം കയ്യേറികള്‍ എന്നും ജോര്‍ജിന്റേയും കേരള കോണ്‍ഗ്രസിന്റെയും മാനസപുത്രന്‍മാരാണ്. ഇത്തവണ ജോര്‍ജിന് അവര്‍ ക്വട്ടേഷന്‍ കൊടുത്തത് വനംമന്ത്രി ഗണേശനെ ഒതുക്കാനാണ്. രാജിവയ്ക്കുന്നതിനു മുമ്പുതന്നെ ഗണേശന്‍ അടിയും കൊടുത്തു; പുളിയും കുടിച്ചു; പിഴയും ഒടുക്കി.

ഒന്നുറങ്ങി ഉണര്‍ന്നപ്പോള്‍ ഉദയസൂര്യനൊപ്പം സരിത എന്ന നക്ഷത്രവും ഉദിച്ചു. സരിത പല മന്ത്രിമാരുടേയും ഇഷ്ടനായികയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലേ നിത്യസന്ദര്‍ശകയായിരുന്നു. സരിതയുടെ സോളാര്‍ കമ്പനി വഴി വീടുകളിലും കമ്പനികളിലും സോളാര്‍ പാനല്‍ വയ്ക്കാന്‍ മുഖ്യമന്ത്രി തന്നെ പലരോടും ഉപദേശിച്ചത്രെ. അതിലൊരാള്‍, മുഖ്യമന്ത്രിയെ കണ്ട ദിവസവും മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് സരിതയ്ക്ക് കൊടുത്ത പണത്തിന്റെ കണക്കും പറഞ്ഞു.

ബിജു രമേശ് മാണിയ്‌ക്കെതിരെ പറഞ്ഞതിനേക്കാള്‍ എത്രയോ ഗുരുതരമായ ആരോപണമായിരുന്നു അത്. കാരണം സരിത പലരില്‍ നിന്നും പണം തട്ടിയ ധീരവനിതയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് സരിതയോടൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും ആരോപണം ഉന്നയിച്ച ആള്‍ മാധ്യമങ്ങളുടെ മുന്നിലും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലും പറഞ്ഞു.പക്ഷെ, താന്‍ അങ്ങനെ ഒരാളെ കണ്ടിട്ടില്ലെന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി, ആ ദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ നിയമസഭയില്‍ ഹാജരാക്കാന്‍ പറഞ്ഞപ്പോള്‍ അതൊന്നും റിക്കാര്‍ഡ് ചെയ്ത് സൂക്ഷിക്കാറില്ല എന്നാണ് മറുപടി പറഞ്ഞത്. എന്തൊരു സുതാര്യത! എന്തൊരു സത്യസന്ധത!

മാത്രമല്ല, ആരോപണം ഉന്നയിയ്ക്കുന്നവര്‍ തെളിവുകൊണ്ടുവരൂ എന്ന ഇന്നത്തെ പ്രസിദ്ധമായ സിദ്ധാന്തം ഉടലെടുത്തതും ഉമ്മന്‍ചാണ്ടിയില്‍ നിന്നാണ്. തെളിവ് കണ്ടെത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ ജോലിയാണ്. എല്ലാ തെളിവുകളും കൈവശമുണ്ടെങ്കില്‍ പിന്നെന്തിനാണ് അന്വേഷണവും അന്വേഷണ ഏജന്‍സിയും?

ആരോപണം ഉന്നയിക്കുന്നവര്‍ തന്നെ തെളിവുകള്‍ ഹാജരാക്കണം എന്ന് വാദിക്കുന്നവര്‍ ഒരു പഴയ കാര്യം ഓര്‍ക്കണം. പി.വി.നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ ലഘുഭായ് പഠക് എന്ന അച്ചാറുകച്ചവടക്കാരനില്‍ നിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണം പഠക്കിന്റെ അഭിഭാഷകനായ റാം ജഠ്മലാനി ഉന്നയിച്ചപ്പോള്‍ പ്രധാനമന്ത്രി പദം ഒഴിഞ്ഞശേഷം റാവുവിനെതിരെ കേസെടുത്തു. റാവു ഒരു മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം എടുത്തു. അന്ന് ഉമ്മന്‍ചാണ്ടിയുടെ ഈ സിദ്ധാന്തം ഇറങ്ങിയിരുന്നില്ല. അതുകൊണ്ടാണ് റാവുവിന് കോടതിയില്‍ നിന്ന് ജാമ്യം എടുക്കേണ്ടിവന്നത്.

കേരളം ഭരിക്കുന്ന ഏത് മന്ത്രിക്കാരനാണ് അഴിമതിക്കാരനല്ലാത്തത്? സത്യസന്ധമായ ഒരന്വേഷണം വന്നാല്‍ 21 മന്ത്രിമാരും അകത്താകും.

ഇതിനര്‍ത്ഥം പ്രതിപക്ഷത്തുള്ളവര്‍ അങ്ങനെയല്ല എന്നല്ല. സ്വന്തം നിലയില്‍ അഴിമതിയ്ക്ക് പുതിയ വ്യാഖ്യാനം ചമയ്ക്കുന്നവരാണ് അവരില്‍ പലരും. ഒന്നാമന്‍, എന്തുകൊണ്ടും വിജയന്‍ തന്നെ. കുറച്ചുമാസമേ വിജയന്‍ വിദ്യുച്ഛക്തി മന്ത്രിയായിരുന്നുള്ളു. അതിനിടയ്ക്കാണ് ലാവ്‌ലിനുമായി ബന്ധപ്പെട്ട 100 കോടിരൂപയിലേറെ ഉള്ള അഴിമതി. ലാവ്‌ലിനില്‍ അഴിമതി ഇല്ല എന്ന് കാരാട്ട് മുതല്‍ ഐസക്കുവരെ വാദിക്കുമ്പോള്‍ അഴിമതി നടന്നു എന്ന് ശരാശരി മലയാളി വിശ്വസിക്കുന്നു.

രണ്ടാമൻ കോടിയേരിയാണ്. സര്‍ക്കാരുഭൂമി ഐ.എസ്.ആര്‍.ഒ.യ്ക്ക് വിറ്റ ഒരു തട്ടിപ്പുകാരന്റെ വാടകവീട്ടിലായിരുന്നു പ്രശ്‌നം കത്തി നില്‍ക്കുമ്പോഴും അതിനുശേഷവും അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി താമസിച്ചത്. മകന് തട്ടിപ്പുകാരനുമായി കച്ചവടബന്ധമുണ്ടായിരുന്നുവെന്നത് വേറെ കാര്യം.

പഠിയ്ക്കാന്‍ മിടുക്കനല്ലായിരുന്ന, കറകളഞ്ഞ ഗുണ്ടയേക്കാള്‍ ക്രിമിനല്‍ കേസുകള്‍ സ്വന്തം പേരിലുണ്ടായിരുന്ന മന്ത്രിപുത്രന്‍, 1500 ലേറെ തൊഴിലാളികളുള്ള സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റായി. കേരളം നന്നാക്കാന്‍ തുനിഞ്ഞിറങ്ങിയ രവിപിള്ള എന്ന വ്യവസായപ്രമുഖന്റെ ബിസിനസ് പാര്‍ട്ട്ണറാണ്. അതങ്ങനെയാണ്. കൊള്ളമുതല്‍ വെളുപ്പിയ്ക്കാന്‍ കൊള്ളക്കാര്‍ തന്നെ നടത്തുന്ന മാന്യമായ വ്യവസായ സ്ഥാപനങ്ങള്‍ നാട്ടില്‍ ഏറെയുണ്ട്.വ്യവസായികളെ എന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇഷ്ടമാണ്. യൂസഫലി ലുലുമാളിനുവേണ്ടി സര്‍ക്കാര്‍ ഭൂമിയും തോടും കയ്യേറിയെന്ന് എം.എം.ലോറന്‍സും രാജീവും പറഞ്ഞപ്പോള്‍, സഖാക്കള്‍ സമരമുറകള്‍ തയ്യാറാക്കിയപ്പോള്‍, വിജയനും വി.എസും ഒരേസ്വരത്തില്‍ പറഞ്ഞു: യൂസഫിനെ തൊടരുതെന്ന്. സമകാലിക മാര്‍ക്‌സിസ്റ്റ് ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തേണ്ട കാര്യമാണിത്. കാരണം, വിജയനും വി.എസും ഒരു കാര്യത്തില്‍ ഒരേ ശബ്ദത്തില്‍ സംസാരിക്കുന്ന സ്വപ്നസദൃശ്യമായ യാഥാര്‍ത്ഥ്യം. ഒരുവന്‍ മറ്റൊരുവരന്റെ ശബ്ദം സംഗീതംപോലെ ആസ്വദിച്ച ആ സുദിനം!

പാര്‍ട്ടിയില്‍ പ്രമുഖനാണെങ്കിലും പി.ജയരാജന് ഇതിനൊന്നും സമയമില്ല. കൊലചെയ്യപ്പെടേണ്ടവര്‍ ഇനിയും ധാരാളം. തന്റെ കര്‍മ്മമിതാണ്. കൊല്ലുക. കൊല്ലിക്കുക. കര്‍മ്മണ്യേ വധികാരസ്‌തെ മാ ഫലേഷു കഥാചനേ.. (കൊലചെയ്താല്‍ മതി ശിക്ഷ ഇച്ഛിക്കരുത്)

അതുകൊണ്ട്, ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് എളമരം കരീമാണ്. അതായത് എല്‍.ഡി.എഫിലെ കുഞ്ഞാലിക്കുട്ടി. കരീം ഏത് സര്‍ക്കാര്‍ ഭൂമിയും സ്വകാര്യകച്ചവടം നടത്തും. വ്യവസായം തെങ്ങിന്റെ മണ്ടയില്‍ ഉണ്ടാക്കാനൊക്കുമോ എന്ന സിദ്ധാന്തത്തിന്റെ സൃഷ്ടാവാണ് ടിയാന്‍. കണ്ടാല്‍ മണ്ടന്‍ കുഞ്ഞപ്പയാണെന്ന് തോന്നിയാല്‍ തെറ്റ്. എച്ച്.എം.ടി.യിലെ ഭൂമി സ്വകാര്യവ്യക്തിക്ക് വിറ്റ രീതി കണ്ടില്ലേ? സംഭവത്തിന് നിയമപരമായ പരിരക്ഷ കൊടുക്കാന്‍ ദണ്ഡപാണിമാര്‍ അന്നും ഉണ്ടായിരുന്നു.

കരീം ചീറ്റിപ്പോയത് കിനാലൂരിലായിരുന്നു. അവിടെ വലിയപാത നിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയ്യാറെടുത്തു. ജനം എതിര്‍ത്തു. പോലീസ് അവരെ തല്ലിച്ചതച്ചു. അപ്പോള്‍ ബുദ്ധിജീവിയും ജനകീയസൂത്രപ്പണിയുടെ സൃഷ്ടാവുമായ ഐസക്ക് ഒരു നിര്‍ദ്ദേശം വച്ചു. നാലുവരി പാത വേണമോ വേണ്ടയോ എന്നുവയ്ക്കാന്‍ ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്താം.

എന്നാല്‍, ഈ പണി തുടങ്ങുന്നതിനു മുമ്പ് ഇത് അവിടുത്തെ ജനങ്ങള്‍ക്ക് ആവശ്യമുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചിരുന്നോ എന്ന ചോദ്യത്തിന് ഐസക്ക് മറുപടി പറഞ്ഞില്ല. ഒരു സ്ഥലത്തിന്റെ വികസനത്തിന് വേണ്ട കാര്യങ്ങള്‍ ഉന്നയിക്കേണ്ടത് അവിടുത്തെ ജനങ്ങളാണ് എന്നതല്ലേ ജനകീയാസൂത്രണപ്പണിയിലെ സൂത്രവാക്യം? ആര്‍ക്കുവേണ്ടിയാണ് ഇത് പണിയാന്‍ പോകുന്നത് എന്ന ചോദ്യത്തിനും ഐസക്കിന് മറുപടിയില്ല. എല്ലാം ഹിതപരിശോധന തീരുമാനിക്കട്ടെ. ജനങ്ങളെ പണം കൊടുത്തു വലിയ്ക്കുവാങ്ങുന്നത് എങ്ങനെയെന്ന് ഐസക്കിനറിയാം. ബുദ്ധിജീവികള്‍ അങ്ങനെയാണ്. അമ്ലത്തോട് ചേര്‍ന്നാല്‍ അമ്ലം. ക്ഷാരത്തോട് ചേര്‍ന്നാല്‍ ക്ഷാരം. (ആനന്ദിനോട് കടപ്പാട്).

ഇതൊക്കെയാണെങ്കിലും അഴിമതിയുടെ ഏറ്റവും പോസ്റ്റ്‌മോഡേണ്‍ പ്രകടനം കണ്ടത് ഫാരീസ് അബൂബേക്കറുടെ കാര്യത്തിലാണ്.സിംഗപ്പൂരില്‍ കിഡ്‌നി റാക്കറ്റുമായി ബന്ധപ്പെട്ടും മറ്റും ധാരാളം കേസുകളുള്ള ടിയാന്‍ പൊടുന്നനെയാണ് കേരളത്തിലെ വ്യാപാര വ്യവസായരംഗത്ത് ഉദിച്ചുയര്‍ന്നത്. മുഖ്യമന്ത്രിയായിരുന്ന വി.എസ്. ഫാരിസിനെ 'വെറുക്കപ്പെട്ടവന്‍' എന്നാണ് വിശേഷിപ്പിച്ചത്. അയാള്‍ക്കെതിരെ കേസെടുക്കാന്‍ ഉള്ള വഴികള്‍ വി.എസ്. ആലോചിച്ചുകൊണ്ടിരുന്നപ്പോഴാണ് വിജയന്റെ ചാനലായ കൈരളിയില്‍ വിജയന്റെ 'മാന്‍ ഫ്രൈഡേ' ആയ ജോണ്‍ ബ്രിട്ടാസ് എന്ന മാധ്യമ ചക്രവര്‍ത്തി (മര്‍ഡോക്കിനുശേഷം ഈ അലങ്കാരം തീര്‍ത്തും ചേരുന്നയാള്‍) ഫാരീസിനോട് രഞ്ജിപണിക്കര്‍ എഴുതികൊടുത്ത ചോദ്യങ്ങള്‍ വള്ളിപുള്ളി വിടാതെ ചോദിച്ചതും ഫാരിസ് അച്ചുതാനന്ദനെ അധിക്ഷേപിച്ചതും.

അതു വിജയന്റെ ഒരു മുന്നറിയിപ്പായിരുന്നു. സ്വന്തം ആളുകളെ ഏതു മുഖ്യമന്ത്രി തൊട്ടാലും അവന്റെ കഥകഴിയ്ക്കും.അഴിമതി കഥകള്‍ എത്ര വേണമെങ്കിലും പറയാം. അത് മണ്ഡലം - ബ്രാഞ്ച് തലം മുതല്‍ സംസ്ഥാനതലം വരെ നീളും. എന്നാലും, അഴിമതിയ്ക്ക് തടവില്‍ കിടക്കേണ്ടിവന്ന ഒരു രാഷ്ട്രീയ നേതാവേയുള്ളു. യു.ഡി.എഫ്. ഉണ്ടാക്കിയ ആര്‍.ബാലകൃഷ്ണപിള്ള.

പിള്ളയ്ക്കു ജയില്‍വാസം ലഭിച്ച ഉടനെ ഉത്തരവിനോടൊപ്പം പത്തിരുപത് രോഗങ്ങള്‍ ലഭിച്ചു. മുറിയില്‍ കിടന്നൂട, മുറിയ്ക്കു പുറത്തുകിടന്നൂടാ, വെയിലു കൊണ്ടൂട, ഇരുട്ടുകണ്ടുകൂടാ, സിമന്റിന്റെയോ ഇരുമ്പിന്റെയോ മണം കൊണ്ടുകൂടാ, അങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര വ്യാധി. ഓരോ വ്യാധിയ്ക്കും ഓരോ ആഴ്ച എന്ന നിലയില്‍ സര്‍ക്കാര്‍ കനിഞ്ഞ് പരോള്‍ നല്‍കിയപ്പോള്‍ ജയില്‍ പുള്ളി സ്റ്റാര്‍ ആശുപത്രിയിലെ അന്തേവാസിയായി. ശിക്ഷയുടെ കാലാവധി തീര്‍ന്നതോടെ വ്യാധികളും പിള്ളയെ വിട്ടകന്നു. പിള്ള ഇന്ന് ശാന്തനായി ജീവിക്കുന്നു. അച്ഛനേക്കാള്‍ മികച്ച മകനെ കേരള രാഷ്ട്രീയത്തിന് സംഭാവന നല്‍കിയ ചാരിതാര്‍ത്ഥ്യത്തില്‍.

പിള്ള ഒരു ചൂണ്ടുപലകയാണ്. വഴിയുടേയും വഴിയുടെ അവസാനത്തിന്റേയും.

''വെറുമൊരു മോഷ്ടാവായൊരെന്നെ
കള്ളനെന്നു വിളിച്ചില്ലേ?
താന്‍ കള്ളനെന്നു വിളിച്ചില്ലേ?''


Next Story

Related Stories