UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാണിയുടെ ഘര്‍വാപസി മോഹം: നെഞ്ചിടിക്കുന്നത് ആരുടെയൊക്കെയാണ്?

Avatar

കെ. എ. ആന്‍റണി

അത്ര ലളിതവും ഭദ്രവുമല്ല കേരള രാഷ്ട്രീയം. ചരിത്രം നല്‍കുന്ന പാഠങ്ങള്‍ അതാണ്‌. ആര്‍പ്പുവിളിക്കാര്‍ പൊടുന്നനെ കൂക്കുവിളിക്കാരാവുന്ന ഇത്രമേല്‍ സങ്കീര്‍ണമായ ഒരു രാഷ്ട്രീയം മറ്റൊരു ദേശത്തും ഉണ്ടാവാന്‍ ഇടയില്ല എന്നൊന്നും ആശങ്ക വേണ്ട. കേരളവും ലോകത്തിന്റെ ഭാഗം തന്നെയാണ്. ആഗോളവല്‍ക്കരണത്തിനു മുന്‍പും കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു, കേരളത്തില്‍ മാത്രമല്ല ലോകത്തെവിടെയും.

കോണ്‍ഗ്രസ്സുകാര്‍ പതിവ് പോലെ വല്ലഭനു പുല്ലും ആയുധം എന്ന പഴംപാട്ട് പാടി അഭിരമിക്കുമ്പോള്‍ നെഞ്ചകം പിളരുന്നത് സിപിഎമ്മിനാണ്. സിപിഎം എന്ന് ഒറ്റ ശബ്ദത്തില്‍ ഉറക്കെ പറയാനാവില്ല. എം എ ബേബി അടക്കമുള്ള ചിലരൊക്കെ മാറി നിന്നും ചിലതൊക്കെ വിഭാവനം ചെയ്യുന്നുണ്ട്.

ഇത്രയേറെ പറയേണ്ടി വന്നത് മാണി സാറിന്റെ സംഭവിക്കാന്‍ ഇരിക്കുന്ന ഘര്‍വാപസിയെ കുറിച്ച് ചിലരെങ്കിലും ഉന്നയിക്കുന്ന സംശയങ്ങളിലെ കാതലില്‍ നിന്നാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സംബന്ധിച്ചിടത്തോളം മാണി മറഞ്ഞു പോയ ഒരു വാല്‍നക്ഷത്രമാണ്. എന്ന് കരുതി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും മാണിയെ സംഘിസങ്കേതത്തില്‍ കാണാന്‍ അത്രകണ്ടു താല്‍പര്യം പോര. വരാനിരിക്കുന്ന ഒരു വന്‍യുഗത്തിനെ തന്നെയാണ് അവര്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നത് എന്ന് കരുതിയാല്‍ അതില്‍ തെറ്റുണ്ടാകും എന്ന് കരുതുന്നില്ല.

മധ്യതിരുവിതാംകൂര്‍ ആര്‍ക്കും പിടികൊടുക്കാത്ത ഒരു രാഷ്ട്രീയ ഭൂമികയാണ്. കോണ്‍ഗ്രസ്, കമ്മ്യുണിസ്റ്റ് പുഷ്പങ്ങള്‍ ആദ്യം വിരിഞ്ഞും പൂത്തും ഉല്ലസിച്ച അന്നാട്ടില്‍ മന്നത്ത് പത്മനാഭന്റെ ആശിര്‍വാദത്തോടു കൂടിയാണ് കേരള കര്‍ഷകരുടെ പാര്‍ട്ടി എന്ന രീതിയില്‍ കേരള കോണ്‍ഗ്രസ്സ് പിറന്നു വീണത്. പീച്ചി യാത്രയ്ക്കിടയില്‍ പിടി ചാക്കോയ്ക്കേറ്റ ക്ഷതം കൂടി മറക്കാനുള്ള വലിയ ഒരു പുറപ്പാട് ആയിരുന്നു കേരള കോണ്‍ഗ്രസ്സിന്റെ പിറവിയിലേക്ക് നയിച്ചത്. കേരള കോണ്‍ഗ്രസിന് പിതൃത്വം നല്‍കിയ പി ടി ചാക്കോയുടെ മകന്‍ പി സി തോമസ് മറ്റൊരു ചേരിയിലാണ്. മറ്റൊരാള്‍ ബാലകൃഷണപിള്ള എവിടെയും ഇല്ലാതെ എല്‍ഡിഎഫിന്റെ വാലായി തൂങ്ങുന്നു. മറ്റൊരു സ്ഥാപക നേതാവ് കെ എം ജോര്‍ജ്ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്‍ ഡി എഫില്‍ എത്തുകയുണ്ടായി. ഇതുവരെ അകത്തുകയറാന്‍ പറ്റിയിട്ടില്ല. കാര്യങ്ങള്‍ അത്ര ലളിതമല്ല.

ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ യുഡിഎഫ് നടത്തിയ സമരം എന്തുകൊണ്ടും ശ്രദ്ധേയമായി. പറയാന്‍ വാക്കുകളില്ലാത്ത ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയുമൊക്കെ കത്തിക്കയറുമ്പോള്‍ ഒരു കാര്യം വ്യക്തമായിരുന്നു. പോണാല്‍ പോകട്ടെ പുല്ലേ എന്ന അണികളുടെ അതേ കടുത്തഭാഷ തന്നെയാണ് അവരില്‍ ചിലരെങ്കിലും ഉപയോഗിച്ചത്. അരുണാചല്‍ മുന്‍ മുഖ്യമന്ത്രി ഖലിഗോ പുല്‍ ഈ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. അയാള്‍ക്കൊരു സ്നേഹ ചുംബനം എങ്കിലും അര്‍പ്പിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാരെ കണ്ടില്ല. ചാണ്ടി വേണോ രമേശ്‌ വേണോ സുധീരന്‍ വേണോ അതോ മറ്റാരെങ്കിലും വേണോ എന്ന തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കാലിനടിയിലെ മണല്‍ പോലും ഒലിച്ചു പോവുന്നതില്‍ ആശങ്ക ഉണ്ടാവാന്‍ ഇടയില്ല. ഇതൊരു ഗതികെട്ട കോണ്‍ഗ്രസ് ചരിത്രമാണ്. സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും എഴുതപ്പെട്ട ചരിത്രം. അത് ആവര്‍ത്തിക്കുന്നു എന്ന് കരുതിയാല്‍ മതി.

64ലെ പിളര്‍പ്പിനു ശേഷം സിപിഐ എന്ന ഒറിജിനല്‍ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ടവര്‍ പലപ്പോഴും കോണ്‍ഗ്രസ് ലാവണത്തില്‍ തന്നെയായിരുന്നു. ഇടക്കൊക്കെ നെഹ്‌റു വക, തുടര്‍ന്ന് അങ്ങോട്ട്‌ കോണ്‍ഗ്രസ് വക സോവിയറ്റ്‌ യൂണിയനിലേക്കുള്ള സ്വതന്ത്ര യാത്രകള്‍. ഇത്രയും യാത്രകള്‍ നടത്തിയവര്‍ മനുഷ്യരെയും അവരുടെ സങ്കടങ്ങളെയും കാണാന്‍ മറന്നു പോയതുകൊണ്ട് തന്നെയാണ് സിപിഎം വളര്‍ന്നതും സിപിഐ തളര്‍ന്നതും. വല്യേട്ടന് പിന്നില്‍ ഏറെ കാലത്തിനു ശേഷം കുഞ്ഞേട്ടനായി വന്ന സിപിഐക്കാര്‍ക്ക് ഇപ്പോഴും കാര്യങ്ങളുടെ പോക്ക് എങ്ങോട്ടെന്ന് മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നില്ല. വീണു കിട്ടിയ ഒരു കനയ്യ കുമാറില്‍ തൂങ്ങുന്നു കേരളത്തിലെ രണ്ടാം ഭരണകക്ഷി.

കനയ്യ കുമാറിനെ കിട്ടിയതോടെ എല്ലാം ശരിയായെന്ന മട്ടത്തിലാണ് സിപിഐക്കാര്‍. നാല് പേരില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് ചിലരെ എങ്കിലും അവര്‍ മുന്നണി ബന്ധം വച്ച് വിജയിപ്പിച്ചെടുത്തപ്പോഴും പട്ടാമ്പിയിലെ ജെഎന്‍യു വിദ്യാര്‍ഥി മുഹ്സിന്റെ വിജയത്തെ കുറച്ച് കാണാനാവില്ല. മാറ്റങ്ങള്‍ക്ക് സിപിഐയും വിധേയമാകുന്നു എന്നതിന്റെ നല്ല സൂചനകള്‍ നല്‍കുന്നതായിരുന്നു മുഹ്സിന്റെ വിജയവും. ഇനി ഇപ്പോള്‍ രണ്ടാം നമ്പര്‍ കാറിനു വേണ്ടി വാശിപിടിക്കുന്ന സിപിഐ എന്തൊക്കെ പുകിലുകളാണ് ഉണ്ടാക്കാന്‍ പോകുന്നത് എന്ന് കണ്ടു തന്നെ അറിയേണ്ടതുണ്ട്.

‘ഗോഡ് ഫാദര്‍’ വിവാദത്തിലൂടെ ഇ എസ് ബിജിമോള്‍ മൂലയ്ക്കായെങ്കിലും പഴയ കോണ്‍ഗ്രസ് ബാന്ധവം സ്വപ്നത്തില്‍ എങ്കിലും രുചിച്ച് തട്ടുകട ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് നമ്മുടെ കൃഷി മന്ത്രി. പണ്ടൊരു സമരക്കാലത്ത് തലയില്‍ ഏറ്റ മര്‍ദനത്തിന്റെ പ്രത്യാഘാതമാവണം എന്നില്ല രാഹുല്‍ ഗാന്ധിയോടുള്ള ഈ കടുത്ത പ്രണയം. ആദിവാസി ഊരുകളില്‍ അന്തി ഉറങ്ങുകയും തട്ടുകടകള്‍ കയറി റോഡ്‌ഷോ നടത്തുകയും ചെയ്ത രാഹുല്‍ ഗാന്ധിയോടുള്ള ആ പ്രണയം ഒരു പക്ഷേ സോവിയറ്റ് യൂണിയനിലേക്ക് സിപിഐക്കാര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ അവസരം ഒരുക്കിയ നെഹ്രുവിനോടുള്ള അമിതമായ താല്പര്യം തന്നെയാവാം.

കാര്യങ്ങള്‍ അതീവ ഗുരുതരമാണ്. സിപിഐ വിചാരിക്കുന്നിടത്ത് കേരള രാഷ്ട്രീയം നില്‍ക്കില്ല എന്നത് തന്നെയാവാം സിപിഎമ്മുകാരെ പേടിപ്പിക്കുന്നത്. നേമത്തെ രാജേട്ടന്റെ വിജയം മാത്രമല്ല ഇഞ്ചോടിഞ്ച് പോരാടിയ കോണ്‍ഗ്രസ് തല്‍പരരായ സിപിഐക്കാരുടെ കൂടി ചില പ്രാദേശിക താല്‍പര്യങ്ങള്‍ നിലനില്‍ക്കുന്നു എന്നാണ് പുതിയ കാല രാഷ്ട്രീയ ചരിത്രം രേഖപ്പെടുത്തുന്നത്. ഭീതി ഉണ്ടാവേണ്ടതുണ്ട്. അത് അതിര്‍കവിയുന്നുണ്ടോ എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഐഎസിലേക്ക് പോയെന്നു കരുതപ്പെടുന്ന ആളുകളെ കുറിച്ചായിരുന്നില്ല ചെന്നിത്തലയുടെ വേവലാതികള്‍. മാണി സാര്‍ പോയതിനു പിന്നിലെ സ്വന്തം കുറ്റങ്ങള്‍ മറച്ചു വെക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വരാനിരിക്കുന്ന വിപത്തിനെ കാണാതിരിക്കുന്നത് അത്ര ഭംഗി ആയിരിക്കില്ല. സിപിഎമ്മിന്റെ അതിജാഗ്രതയും എത്ര കണ്ടു ഗുണം ചെയ്യുമെന്ന് കണ്ടറിയേണ്ടതുണ്ട്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍