TopTop
Begin typing your search above and press return to search.

മത്തായിയുടെ സുവിശേഷം, കെ.എം. മാണിയുടെ വിശേഷം

മത്തായിയുടെ സുവിശേഷം, കെ.എം. മാണിയുടെ വിശേഷം

കേരള രാഷ്ട്രീയത്തില്‍ ഒരിക്കല്‍ മത്തായി മാഞ്ഞൂരാന്‍ എന്നൊരാള്‍ ഉണ്ടായിരുന്നു. ധീരനായ പോരാളി, തൊഴിലാളി യൂണിയന്‍ നേതാവ്, പത്രാധിപര്‍, തത്വചിന്താ പ്രണയിയായ എഴുത്തുകാരന്‍ എന്നീ നിലകളിലൊക്കെ പ്രശോഭിച്ച മത്തായി മാഞ്ഞൂരാന്‍ 1970 ജനുവരി 15-ാം തീയതി മരിച്ചുപോയി. കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി (കെ.എസ്.പി)യുടെ സ്ഥാപകനായിരുന്ന അദ്ദേഹം രാജ്യസഭയില്‍ അംഗമാകുകയും കേരളത്തില്‍ തൊഴില്‍ മന്ത്രിയാകുകയും ചെയ്തു. അര നൂറ്റാണ്ട് മുമ്പ് ബൗദ്ധിക കേരളം മത്തായി മാഞ്ഞൂരാനില്‍ കേന്ദ്രീകരിക്കുന്നത് സ്വാഭാവികമായിരുന്നു. ചിന്തകനായ പി.കെ ബാലകൃഷ്ണന്‍ മുതല്‍ പത്ര പ്രവര്‍ത്തകനായ കെ.ആര്‍. ചുമ്മാര്‍ വരെ മത്തായിയുടെ മടയിലെ സിംഹക്കുട്ടികളായിരുന്നു. 58-ാം വയസ്സില്‍ മത്തായി മാഞ്ഞൂരാന്‍ അന്തരിക്കുമ്പോള്‍ അവിവാഹിതനായിരുന്ന അദ്ദേഹത്തിന്റെ ബാങ്ക് ബാലന്‍സ് പതിനേഴ് രൂപയായിരുന്നു എന്ന് ജീവചരിത്രകാരനായ കെ.എം. റോയ് രേഖപ്പെടുത്തിയിട്ടുണ്ട്.

'കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാന്‍' എന്നാണ് ജീവചരിത്രകാരന്‍ മത്തായിയുടെ ജീവിതകഥയ്ക്ക് പേരിട്ടിരിക്കുന്നത്. നാല് പതിറ്റാണ്ട് കാലത്തെ പൊതുജീവിതം കൊണ്ട് മത്തായി മാഞ്ഞൂരാന്‍ ധനപരമായി സമ്പാദിച്ചത് പതിനേഴ് രൂപയാണ്. ഇന്നത്തെ നമ്മുടെ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തെപ്പറ്റി എന്തു കരുതും? മദ്യവില്‍പ്പനശാല അടയ്ക്കാനും തുറക്കാനും പണം കൊണ്ടുവാ എന്ന് അബ്കാരി മുതലാളിമാരോട് വില പേശുന്ന മന്ത്രിമാരുടെ നാട്ടില്‍ മത്തായി മാഞ്ഞൂരാന്‍ കാലത്തിനു മുമ്പേ നടന്നെങ്കില്‍ കെ.എം. മാണിയെ വരുംകാലം എങ്ങനെ വിലയിരുത്തും? അര നൂറ്റാണ്ട് നിയമസഭാംഗമായിരുന്ന ആള്‍. ഒരു ഡസന്‍ പ്രാവശ്യം സംസ്ഥാന ധനകാര്യ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള ധനമന്ത്രി. പ്രായോഗിക ധനകാര്യ മാനേജ്‌മെന്റില്‍ 'മാണിത്വം' എന്നൊന്നുണ്ടെന്ന് കൊച്ചി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് പണ്ഡിതന്മാര്‍ കണ്ടുപിടിച്ചിട്ട് ഏറെയായിട്ടില്ല. അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തത്തെക്കുറിച്ച് കാള്‍മാര്‍ക്‌സിന് ബദല്‍ അവതരിപ്പിച്ചുകൊണ്ട് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ വരെ സഞ്ചരിച്ചിട്ടുള്ള പാലാക്കാരന്‍! കേരള മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ ആകാന്‍ കഴിയാതെപോയത് കേരള കോണ്‍ഗ്രസ്സ് എന്ന തന്റെ പ്രാദേശിക പ്രസ്ഥാനത്തിന്റെ പരിമിതി ഒന്നുകൊണ്ടു മാത്രമാണെന്ന് എല്ലാവരെയും കൊണ്ട് പറയിപ്പിച്ച നേതാവ്. മന്ത്രിയായി തിളങ്ങി മുഖ്യമന്ത്രിയായി വിളങ്ങാന്‍ ഒരുങ്ങി നില്‍ക്കെ പൊടുന്നനെ അപമാനങ്ങളുടെ പടുകുഴിയില്‍ കെ.എം. മാണി നിലംപതിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇത്രയും വലിയ ഒരു ട്രാജഡി വേറെ ഇല്ല. കൊച്ചു കൊച്ചു പതനങ്ങളെ ദുരന്തമെന്ന് വിളിക്കരുത്. പ്രൗഢഗംഭീരനായ രാജാവിന്റെ വീഴ്ചയാണ് വലിയ പൊളിറ്റിക്കല്‍ ട്രാജഡി. കെ.എം. മാണിയുടെ പതനം എല്ലാ അര്‍ത്ഥത്തിലും ഒരു മഹാദുരന്തമാണ്.ധനമന്ത്രി മാണി അബ്ക്കാരികളില്‍ നിന്ന് കോടിക്കണക്കിന് രൂപ കോഴ വാങ്ങിയെന്ന് തെളിയിക്കാന്‍ വിജിലന്‍സ് പോലീസിനോ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്കോ കഴിഞ്ഞെന്നുവരില്ല. ബിജു രമേശ് എന്ന മദ്യവ്യവസായി ഹാജരാക്കുന്ന തെളിവുകള്‍ നിയമവേദികളില്‍ നിരാകരിക്കപ്പെടാം. ബേക്കറി ഉടമകളില്‍ നിന്നും റൈസ് മില്‍ ഉടമകളില്‍ നിന്നും സ്വര്‍ണ്ണ വ്യാപാരികളില്‍ നിന്നും ധനമന്ത്രി കൈക്കൂലി വാങ്ങിയെന്ന് തെളിയിക്കാന്‍ ആരോപണം ഉന്നയിച്ച ആര്‍. ബാലകൃഷ്ണപിള്ള ഏറെ പണിപ്പെടേണ്ടിവരും. കാരണം കൈക്കൂലി നല്‍കിയവരാരും മുന്നോട്ടു വന്ന് മൊഴിനല്‍കാന്‍ പോകുന്നില്ല. ആ നിലയ്ക്ക് ആരോപണകര്‍ത്താക്കളുടെയെല്ലാം മുഖത്തു കാര്‍ക്കിച്ചു തുപ്പും വിധം ''ഞാന്‍ ഇതെല്ലാം പുച്ഛിച്ചു തള്ളുന്നു.'' എന്ന് കെ.എം. മാണി പറഞ്ഞതിന്റെ അര്‍ത്ഥം നിയമത്തിന്റെ പഴുതുകളെല്ലാം അദ്ദേഹത്തിന് വ്യക്തമായി അറിവുള്ളതുകൊണ്ടാണ്. നിയമവകുപ്പുമന്ത്രിക്കെതിരെ സംസ്ഥാന വിജിലന്‍സ് വകുപ്പിന്റെ 'ക്വിക് വെരിഫിക്കേഷന്‍' എത്രത്തോളം വരുമെന്ന് ആരോപണകര്‍ത്താക്കള്‍ക്ക് അറിയാത്തതാകുമോ? ബാര്‍ കോഴയെക്കുറിച്ചുണ്ടായ വെളിപ്പെടുത്തല്‍ കണക്കിലെടുത്ത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന് എഴുതിക്കൊടുത്ത പരാതിയിന്മേലാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നത്. അതിനിടെ വിജിലന്‍സ് വകുപ്പിന്റെ തലവന് അകാലത്തില്‍ ഉദ്യോഗക്കയറ്റം നല്‍കി തല്‍സ്ഥാനത്തു നിന്ന് അദ്ദേഹത്തെ മാറ്റാന്‍ ശ്രമം തുടങ്ങിയതായി ആരോപണം ഉയര്‍ന്നു. ധനമന്ത്രിക്ക് കൂടുതല്‍ തുക കോഴ നല്‍കിയെന്ന് വെളിപ്പെടുത്തുന്ന സംഭാഷണങ്ങളുടെ ശബ്ദരേഖ മാധ്യമങ്ങള്‍ വഴി ബിജു രമേശ് പുറത്തുവിട്ടു. വാര്‍ഷിക ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ക്കു പോലും മന്ത്രി കോഴ പറ്റിയിട്ടുണ്ടെന്ന ഗുരുതരമായ ആരോപണം സമൂഹം ചര്‍ച്ച ചെയ്യുന്നു. കെ.എം. മാണിയെ അടുത്ത ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചു. ധനമന്ത്രിയുടെ പൊതു പരിപാടികള്‍ ബഹിഷ്‌ക്കരിച്ചിരിക്കുകയാണ് ഇടതുപാര്‍ട്ടികള്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വീഴ്ത്തി കെ.എം. മാണിയുടെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആലോചിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബിജു രമേശിന്റെ വെളിപ്പെടുത്തലോടെ എത്ര പെട്ടെന്നാണ് കരണം മറിഞ്ഞത്. അതിനാല്‍ ബാര്‍ കോഴ വിവാദത്തിന്റെ പിന്നില്‍ ഉമ്മന്‍ചാണ്ടിയോട് അനുഭാവമുള്ള കോണ്‍ഗ്രസ് ഗ്രൂപ്പാണെന്ന വാദം തള്ളിക്കളയാനാകില്ല. അബ്ക്കാരികളില്‍ നിന്ന് കോഴ വാങ്ങിയെന്ന് പറയപ്പെടുന്ന കോണ്‍ഗ്രസ് മന്ത്രിമാര്‍ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. മാണിയെന്ന ഒരു പ്രബലനോടു മാത്രം യുദ്ധം ചെയ്യാനുള്ള കരുത്തേ തനിക്ക് തല്‍ക്കാലമുള്ളൂ എന്ന് ബിജു പറയുന്നു. എത്ര സുന്ദരമായ കപട വിനയം?

നിയമവേദിയില്‍ തെളിയിക്കപ്പെട്ടാലും ഇല്ലെങ്കിലും കെ.എം. മാണി കോഴ വാങ്ങിയെന്ന് ബഹുഭൂരിപക്ഷം സാധാരണ ജനങ്ങള്‍ വിശ്വസിക്കുന്നു. ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ മാണിക്ക് ഏറ്റ ക്ഷതം മാരകമാണ്. അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികാവകാശമില്ലാത്ത തരത്തില്‍ ഗുരുതരമായ പ്രതിസന്ധിയിലാണ് ധനമന്ത്രി. ഒമ്പത് നിയമസഭാംഗങ്ങള്‍ ഉള്ള മാണി ഗ്രൂപ്പ് കേരള കോണ്‍ഗ്രസ് കെ.എം. മാണി രാജിവച്ചാല്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും എതിരെ കുറ്റാരോപണം ഉന്നയിച്ച് ആര്‍ ബാലകൃഷ്ണപിള്ള മുന്നണി യോഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അങ്ങനെ ഒന്നൊന്നായി ഭരണമുന്നണി കലങ്ങി മറിയുമ്പോള്‍ പ്രതിപക്ഷത്തെ നയിക്കുന്ന സിപിഎം പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കിലാണ്. കേരളത്തില്‍ ഭരണമാറ്റമുണ്ടാക്കാന്‍ സിപിഎം നേതാക്കള്‍ക്ക് ഇപ്പോള്‍ താല്‍പ്പര്യമില്ല. വിശാഖപട്ടണം സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വീഴ്ത്തുന്ന കാര്യം ആലോചിക്കാനിരിക്കുകയാണുപോലും അവര്‍. അപ്പോഴേക്കും രാഷ്ട്രീയ വിഷയങ്ങള്‍ മാറാം. കാര്യങ്ങള്‍ തകിടം മറിയാം. 'ഐക്യജനതാദള്‍' ഇപ്പോള്‍ പകുതി ഇടതുമുന്നണിയിലും പകുതി ഭരണമുന്നണിയിലുമാണ്. ദേശീയ ഐക്യം പൂര്‍ത്തിയായാല്‍ ജനതാദള്‍ ബിജെപിയെയും കോണ്‍ഗ്രസ്സിനെയും എതിര്‍ക്കുന്ന ഒരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചെന്നു വരാം. അപ്പോള്‍ വീരേന്ദ്രകുമാര്‍ വിഭാഗം ഭരണമുന്നണി വിടണം. കെ.പി. മേനോന്‍ മന്ത്രിസ്ഥാനം വെടിഞ്ഞ് എം.പി. ശ്രേയംസ് കുമാറിനെയും കൂട്ടി ഇടതുമുന്നണിയിലേക്ക് പോകുമെന്ന് രാഷ്ട്രീയ ഉപശാലകളില്‍ പറഞ്ഞു കേള്‍ക്കുന്നു. പിന്നെ പി.സി. ജോര്‍ജ് നിഷ്പ്രയാസം യു.ഡി.എഫ് മന്ത്രിസഭയെ പൊളിച്ചടക്കിക്കൊള്ളുമെന്ന് കരുതാം. ജോര്‍ജിനെ മന്ത്രിയാക്കാനും സ്പീക്കര്‍ ആക്കാനും വിസമ്മതിച്ച ഉമ്മന്‍ചാണ്ടിക്കെതിരെ നല്ലൊരു അവസരത്തിന് കാത്തിരിക്കുകയാണല്ലോ പൂഞ്ഞാര്‍കാരന്‍. കേരള കോണ്‍ഗ്രസ് (എം) വൈസ് പ്രസിഡന്റ് ആണ് ജോര്‍ജ്. എങ്കിലും താന്‍ സെക്യുലര്‍ കേരള കോണ്‍ഗ്രസ് ആണെന്ന് ഈയിടെ അദ്ദേഹം വീണ്ടും സംസാരിച്ചു തുടങ്ങിയത് മാണിയുടെ പതനം ഉണ്ടാക്കാന്‍ പോകുന്ന രാഷ്ട്രീയ ചലനങ്ങള്‍ ഉള്ളില്‍ വച്ചുകൊണ്ടാണ്. അധികാരം മകന്‍ ജോസ് മാണിയെ ഏല്‍പ്പിച്ച് രക്ഷപ്പെടാന്‍ കെ.എം. മാണിയെ ജോര്‍ജ് അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. എം.പി.യെ മന്ത്രിയാക്കിയാല്‍ ഒരു നിയമസഭാ സീറ്റിലേക്കും കോട്ടയം ലോക്‌സഭാ സീറ്റിലേക്കും ഉടന്‍ ഉപതിരഞ്ഞെടുപ്പു നടത്തണം. ഇന്നത്തെ നിലയില്‍ മാണിഗ്രൂപ്പ് കേരള കോണ്‍ഗ്രസ്സിന് രണ്ടും നേരിട്ട് ജയിക്കാന്‍ കഴിയില്ല. യു.ഡി.എഫ് നേതൃത്വം അങ്ങനൊരു സാഹസത്തിന് കൂട്ടു നില്‍ക്കാനും പോകുന്നില്ല.വിശാഖപട്ടണത്തിലേക്ക് സമ്മേളനത്തിന് പോകുന്ന നേതാക്കള്‍ ആയിരിക്കില്ല കേരളത്തില്‍ തിരിച്ചെത്തുന്നത്. ബി.ജെ.പി ദേശീയ തലത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കോണ്‍ഗ്രസ്സിനെ എന്നപോലെ സി.പി.എമ്മിനെയും ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ബി.ജെ.പി. ശക്തിപ്രാപിക്കാത്തത് സി.പി.എം. മൂലമാണ്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, കേരളത്തിലെ ഹിന്ദു ഭൂരിപക്ഷ പാര്‍ട്ടി സി.പി.എം. ആണ്. ഇവിടെ ബി.ജെ.പിയുടെ വളര്‍ച്ച തടയേണ്ടത് സി.പി.എമ്മിന്റെ നിലനില്‍പ്പിന്റെ ഒന്നാമത്തെ ആവശ്യമാണ്. സംസ്ഥാനത്തിന്റെ പല ഭാഗത്തും സി.പി.എമ്മില്‍ നിന്ന് പ്രവര്‍ത്തകര്‍ ഒഴുകുന്നത് ബി.ജെ.പിയിലേക്കാണെന്ന വസ്തുത നേതാക്കളെയും ഇടതു ബുദ്ധികേന്ദ്രങ്ങളെയും ആശ്ചര്യപ്പെടുത്തുന്നു. ബി.ജെ.പിയെ ചെറുക്കാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ്സിന്റെ കൂട്ടുവേണ്ടിവരുന്ന രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന് ഇടതു പാര്‍ട്ടികളുടെയും ബംഗാളിലും കേരളത്തിലും സി.പി.എമ്മിന് കോണ്‍ഗ്രസ്സിന്റെയും പിന്തുണ ആവശ്യമായിത്തീരുന്ന രാഷ്ട്രീയം വളരെ ദൂരത്തൊന്നുമല്ല. അങ്ങനെ വന്നാല്‍ ആസാമിലും കര്‍ണ്ണാടകയിലും കേരളത്തിലും ഒതുങ്ങിക്കഴിഞ്ഞ കോണ്‍ഗ്രസ് ഭരണം വീഴ്ത്തരുതെന്ന സോണിയ ഗാന്ധിയുടെ അഭ്യര്‍ത്ഥന സി.പി.എം. സ്വന്തം നിലനില്‍പ്പിനെക്കൂടി ഓര്‍ത്ത് സ്വീകരിക്കാതിരിക്കില്ല. അപ്പോഴായിരിക്കും ബി.ജെ.പി നേതൃത്വം ഇപ്പോള്‍ ആരോപിക്കുന്ന ഇടത്-കോണ്‍ഗ്രസ് ഒത്തുകളി സമരം സത്യമായിത്തീരുന്നത്.

അബ്ക്കാരികളില്‍ നിന്ന് സംഭാവന പറ്റാത്ത രാഷ്ട്രീയ പാര്‍ട്ടികളില്ല. കെ.എം. മാണിയോ ഇതര മന്ത്രിമാരോ കൈപ്പറ്റിയെന്ന് പറയുന്ന കോടിക്കണക്കിനു രൂപ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പോയെന്ന് രേഖയുണ്ടാക്കാനാണോ വിഷമം. പൊതു ഖജനാവ് കാലിയാണെങ്കിലും മന്ത്രിമാരുടെയും നേതാക്കളുടെയും കീശയില്‍ ആവശ്യത്തിലേറെ ധനമുണ്ട്. ഉടുതുണിക്ക് മറുതുണിയില്ലാതെ രാഷ്ട്രീയത്തിലിറങ്ങിയവര്‍ ചുരുങ്ങിയ കാലംകൊണ്ട് സമ്പന്നരാകുന്നു. ഉദ്യോഗസ്ഥ പ്രമുഖരും രാഷ്ട്രീയ നേതാക്കളും കരാറുകാരും ഉള്‍പ്പെട്ട അവിശുദ്ധ കൂട്ടുകെട്ട് കേരളത്തെ കൊള്ളയടിക്കാന്‍ തുടങ്ങിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മാത്രം കാലത്തല്ല. മരിക്കുമ്പോള്‍ 17 രൂപയുടെ ബാങ്ക് ബാലന്‍സ് അവശേഷിപ്പിച്ച മത്തായി മാഞ്ഞൂരാന്റെ രാഷ്ട്രീയമല്ല ഇന്നത്തേത്. കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ മഹാത്മാഗാന്ധിയെ മാതൃകയാക്കണമെന്ന് ഏതെങ്കിലും രക്ഷാകര്‍ത്താവ് ഉപദേശിക്കുമോ? ഗാന്ധിജിയെ ചില്ലുകൂട്ടില്‍ അടച്ചശേഷം ബിജു രമേശിന്റെയും മുകേഷ് അംബാനിയുടെയും പിന്നാലെ പായുന്ന രാഷ്ട്രീയ നേതാക്കള്‍ കക്കാനും നില്‍ക്കാനും പഠിച്ചവരാണ്. അവര്‍ കാലത്തിന് മുമ്പേ നടക്കാന്‍ ആഗ്രഹിക്കുന്നില്ല. മത്തായി മാഞ്ഞൂരാനില്‍ നിന്ന് മാണിയിലേക്കുള്ള ദൂരം രാഷ്ട്രീയം എന്ന ഒരു കേവല പദം കൊണ്ട് നിര്‍ണ്ണയിക്കാന്‍ പ്രയാസം.


Next Story

Related Stories