TopTop
Begin typing your search above and press return to search.

ഒരു പാവം രാഷ്ട്രീയ കര്‍ഷകന്റെ ദുര്‍വിധി

ഒരു പാവം രാഷ്ട്രീയ കര്‍ഷകന്റെ ദുര്‍വിധി

കേരളരാഷ്ട്രീയത്തില്‍ കെ.എം. മാണിയുടെ പ്രതാപകാലം കൊഴിയുകയാണ്. മാണിയെന്ന വ്യക്തിയുടെ പ്രഭാവവും അസ്തമിക്കുന്നു. രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ പല നിലയില്‍ വായിക്കേണ്ട കനപ്പെട്ട ഒരു പാഠപുസ്തകമാണ് കരിങ്ങോഴയ്ക്കല്‍ മാണി മാണി. അര്‍ത്ഥശാസ്ത്രം എഴുതിയ കൗടില്യന്‍ സ്വപ്നത്തില്‍പോലും കണ്ടിട്ടില്ലാത്ത കുടിലതന്ത്രങ്ങള്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ സാര്‍ത്ഥകമാക്കിയ പ്രതിഭ. അടിതെറ്റിയാല്‍ ആനയും വീഴും. ചുവടുപിഴച്ചാല്‍ മാണിയും വീഴും. കെ.എം. മാണിയുടെ പതനം ഗ്രീക്ക് ട്രാജഡിപോലെ ഒരു മഹാദുരന്തമാണ്. അപൂര്‍വവും അനുപേക്ഷണീയവും ആയ വീഴ്ച. അപൂര്‍വം എന്നാല്‍ മുമ്പ് ഇല്ലാത്തത് എന്നാണ് അര്‍ത്ഥം.

കര്‍ഷകരുടെ കണ്ണിലുണ്ണിയാണ് കെ.എം. മാണിയെന്ന് പറയാറുണ്ട്. കാര്‍ഷികവൃത്തിയെ അദ്ധ്വാനമായി വ്യാഖ്യാനിച്ച് കാള്‍മാര്‍ക്‌സിനും കമ്മ്യൂണിസത്തിനും തിരുത്ത് കല്‍പ്പിച്ചതുകൊണ്ടല്ല. കേരളത്തിലെ കൃഷിപാഠങ്ങള്‍ കൗശലപൂര്‍വം രാഷ്ട്രീയത്തില്‍ പ്രയോഗിച്ച് ഉജ്ജ്വലമായ വിളവെടുത്ത നേതാവ് മാണി മാത്രമാണ്. കാറ്റുള്ളപ്പോള്‍ തൂറ്റണമെന്ന് മാണിക്കറിയാം. രാഷ്ട്രീയ കാലാവസ്ഥയെ സസൂക്ഷ്മം നോക്കി അധികാരത്തിന്റെ വിത്തുവിതയ്ക്കാനും വളമിടാനും നട്ടുനനയ്ക്കാനും വിളകൊയ്യാനും മാണിയേക്കാള്‍ സമര്‍ത്ഥനായ ഒരാളെ കേരള രാഷ്ട്രീയം കണ്ടിട്ടില്ല. കേരളാ കോണ്‍ഗ്രസ്സിനെ വിശാലമായ ഒരു കൃഷിത്തോപ്പായിട്ടാണ് കെ.എം. മാണി കരുതുന്നത്. ഇഷ്ടപ്പെട്ട ഫലവൃക്ഷങ്ങളെ ഇഷ്ടംപോലെ വളര്‍ത്തും. ചൊറിയന്‍ ചേമ്പുകണ്ടാലുടന്‍ പിഴുതെറിയും. തന്നേക്കാള്‍ തലയെടുപ്പുള്ള ഒരു വൃക്ഷവും ആ തോപ്പില്‍ വേണ്ടെന്ന് മാണി തീരുമാനിച്ചിട്ടുണ്ട്. തന്റെയും മകന്റെയും വളര്‍ച്ചയ്ക്ക് നിഴലാകുമെന്ന് തോന്നുന്ന തൈമരങ്ങളെ നിഷ്‌ക്കരുണം നീക്കും. മാണിയുടെ ഉദ്യാനപാലകന്‍ മാണി മാത്രം. ചുറ്റുമുള്ളവരെല്ലാം തന്റെ വേലിത്തഴപ്പുകള്‍. വേലി വിളവുതിന്നാന്‍ വന്നാല്‍ കെ.എം. മാണിയുടെ മട്ടു മാറും. കൃഷിത്തോപ്പുതന്നെ അദ്ദേഹം വെട്ടി മുറിച്ചു കളഞ്ഞെന്നു വരും. അങ്ങനെ വെട്ടിപ്പിളര്‍ന്ന് കേരളാകോണ്‍ഗ്രസ്സ് ഇന്ന് എത്ര തുണ്ടമുണ്ടെന്ന് മാണിക്ക് തന്നെ അറിയില്ല. പിളരും തോറും തോട്ടം വളരുകയാണെന്ന് മാത്രം മാണിക്കറിയാം. ദ്രുതവാട്ടവും മണ്ടചീയലും വേരഴുകലും കുരു കുറുകലും ഇക്കാലത്ത് കൃഷിയിടങ്ങളില്‍ പതിവാണല്ലോ. കേരളാ കോണ്‍ഗ്രസ്സില്‍ മണ്ടരോഗം ബാധിച്ചു തുടങ്ങിയിട്ട് കാലം കുറച്ചായി. 82 വയസ്സ് പിന്നിട്ട കെ.എം. മാണിയെന്ന മഹാ കര്‍ഷകന്‍ ക്ഷീണിതനായിരിക്കുന്നു. അധികാര രാഷ്ട്രീയപ്പടവില്‍ അദ്ദേഹം അടിതെറ്റി വീണിരിക്കുന്നു. സഹതപിക്കാന്‍ പോലും ഏറെപ്പേരില്ലാത്ത ദയനീയമായ പതനം. അതിഭയങ്കരന്മാര്‍ക്ക് കാലം ഒരുക്കിവയ്ക്കുന്ന 'വാട്ടര്‍ ലൂ' എങ്ങനാണെന്ന് ആര്‍ക്കറിയാം.

കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു ദുര്‍ഭഗസന്തതിയാണ്. നീചമായ വര്‍ഗ്ഗീയ ബോധത്തില്‍ നിന്നാണ് അതിന്റെ ഉത്ഭവം. കെ.എം. മാണിയെന്ന കോണ്‍ഗ്രസ്സുകാരനെ വഴിപിഴപ്പിച്ചതും ആ പാര്‍ട്ടി തന്നെ. പാലായിലെ വക്കീല്‍ പണിയും കോട്ടയം ജില്ലാ കോണ്‍ഗ്രസ്സ് സെക്രട്ടറിയെന്ന രാഷ്ട്രീയത്തൊപ്പിയും സ്ഥായിയായ കമ്മ്യൂണിസ്റ്റ് വിരോധവും അല്‍പ്പസ്വല്‍പ്പം ഇംഗ്ലീഷ് സംസാരവും കത്തോലിക്കാ ഇടവകയിലെ യുവ പ്രമാണിത്തവുമായി കഴിഞ്ഞുവന്ന കെ.എം. മാണിക്ക് ആ നിലയില്‍ അദ്ദേഹത്തിന്റെ ജീവിതാഭിലാഷങ്ങല്‍ എന്നേ പൂവണിയുമായിരുന്നു. ദേശീയ പ്രശസ്തനായ കോണ്‍ഗ്രസ് നേതാവാകാനും കരുണാകരനെക്കാള്‍ മുമ്പോ അതിനു തൊട്ടു പിന്നാലെയോ കേരള മുഖ്യമന്ത്രിയാകാനും മാണിക്ക് നിഷ്പ്രയാസം കഴിയുമായിരുന്നു. തുണ്ടം തുണ്ടം മുറിഞ്ഞുപിരിഞ്ഞ കേരളാ കോണ്‍ഗ്രസ്സ് എന്ന പ്രാദേശിക പാര്‍ട്ടിയുടെ പരിമിതിയില്‍പ്പെട്ട് വളര്‍ച്ച മുരടിച്ച നിരവധി രാഷ്ട്രീയ പ്രതിഭകളില്‍ പ്രമുഖനാണ് മാണി. കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരായ വിമോചന സമരത്തിലൂടെ പൊതുരംഗത്തുവന്ന നേതാവാണ് മാണി. 1964ല്‍ കെ.എം. ജോര്‍ജിന്റെ കൂടെ പോകാതെ കോണ്‍ഗ്രസ്സില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ മാണിയെ തകിടം മറിക്കാന്‍ ആന്റണിക്കോ ഉമ്മന്‍ചാണ്ടിക്കോ സുധീരനോ കഴിയുമായിരുന്നില്ല. പ്രാഗല്‍ഭ്യത്തിന്റെ മഹിമയില്‍ കേരളത്തിലെ ഏറ്റവും ബഹുമാന്യനായ കോണ്‍ഗ്രസ്സ് നേതാവും ഭരണാധികാരിയും ആരെന്ന ചോദ്യത്തിന്റെ ഉത്തരം മാണിയെന്ന രണ്ടക്ഷരത്തില്‍ മുഴങ്ങി നില്‍ക്കുമായിരുന്നു. എന്തു ചെയ്യാം കെ.എം. മാണിക്ക് വെറും കുഞ്ഞു മാണിയാകാനാണ് വിധി. മാര്‍ക്‌സിനെ തിരുത്താന്‍ ലണ്ടനില്‍ പോയിട്ടും മനസ്സ് പാലായില്‍ ചുറ്റിത്തിരിഞ്ഞു. പാലായാണ് പാലാഴിയെന്ന് തെറ്റിദ്ധരിച്ചു. അറിവും ബുദ്ധിയും ദര്‍ശനമായി വളരാത്തതിന്റെ പരിമിതി. ഒരു പാവം രാഷ്ട്രീയ കര്‍ഷകന്റെ ദുര്‍വിധി.ആര്‍. ശങ്കര്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി. ചാക്കോയുടെ കാറ് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഒരു കാളവണ്ടിയില്‍ തട്ടിയതാണ് മാണിയെപ്പോലുള്ള രാഷ്ട്രീയ പ്രതിഭകളുടെ ദുരന്തപരിണാമത്തിന്റെ തുടക്കം. പീച്ചിയിലേക്ക് പോയ മന്ത്രി ചാക്കോയുടെ കാറില്‍ എറണാകുളത്തുകാരിയായ ഒരു കോണ്‍ഗ്രസ്സുകാരി ഉണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കാളവണ്ടിക്കാരനെ മന്ത്രി തന്നെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ദ്ധ ചികിത്സ ഏര്‍പ്പാടാക്കിയ ശേഷം പീച്ചിയിലേക്ക് പോയി. മന്ത്രിയോടൊപ്പം കണ്ട സ്ത്രീ അദ്ദേഹത്തിന്റെ ഭാര്യയല്ലെന്ന് സംശയിക്കേണ്ട കാര്യം നാട്ടുകാര്‍ക്കില്ല. കെ.ആര്‍. ചുമ്മാര്‍ എന്ന പത്രപ്രവര്‍ത്തകന്‍ വെറും നാട്ടുകാരനല്ല. വടക്കനച്ചന്റെ അന്തിപ്പത്രത്തിന്റെ തൃശൂര്‍ ലേഖകനായ ചുമ്മാര്‍ സംശയ നിവാരണത്തിനായി ആഭ്യന്തരമന്ത്രിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു മന്ത്രി പത്‌നി വീട്ടിലുണ്ടെന്ന് ഉറപ്പാക്കി. എങ്കില്‍ പിന്നെ മന്ത്രി ചാക്കോയോടൊപ്പം പീച്ചിക്കു പോയ സുന്ദരിയാര്? അന്നു വൈകുന്നേരം തൃശൂര്‍ അങ്ങാടിയിലൂടെ 'തൊഴിലാളി' എന്ന സായാഹ്നപ്പത്രത്തിന്റെ പ്രതി ഉയര്‍ത്തിപ്പിടിച്ച് വില്‍പ്പനക്കാരായ കുട്ടികള്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു: ''മന്ത്രി ചാക്കോയോടൊപ്പം ഭാര്യയല്ലാത്ത യുവതി കാറില്‍ പീച്ചി ഗസ്റ്റ് ഹൗസിലേക്ക് പോയി.'' ''ശങ്കര്‍ മന്ത്രിസഭയ്ക്ക് നാണക്കേട് '' 1964ല്‍ ഇതൊരു സ്‌ഫോടനാത്മകമായ സദാചാര പ്രശ്‌നവും വാര്‍ത്തയുമാണ്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മില്‍ പുലര്‍ത്തിപ്പോന്ന സൗഹൃദബന്ധം ഉലഞ്ഞു. കോണ്‍ഗ്രസ്സില്‍ തല ഉയര്‍ത്തിക്കൊണ്ടിരുന്ന ശങ്കര്‍ വിരുദ്ധര്‍ അവസരം മുതലെടുത്തു. തിരുവനന്തപുരത്തുനിന്ന് കേരളകൗമുദി ലേഖകന്‍ പി.സി. സുകുമാരന്‍ നായരും കോട്ടയത്തു നിന്ന് മനോരമ ലേഖകന്‍ ടി.കെ.ജി. നായരും പീച്ചി ഗസ്റ്റ് ഹൗസില്‍ എത്തി. മന്ത്രി ചാക്കോയും യുവതിയും ഏതു മുറിയിലാണ് താമസിച്ചതെന്ന് ഗസ്റ്റ് ഹൗസ് ജീവനക്കാരില്‍ നിന്ന് മനസ്സിലാക്കി. കഥാപാത്രം ആരെന്നും കണ്ടുപിടിച്ചു. ടി.കെ.ജി നായര്‍ കോട്ടയത്തേക്ക് മടങ്ങി. സുകുമാരന്‍ നായര്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടെങ്കിലും ഇടയ്ക്ക് എറണാകുളത്തിറങ്ങി. ചാക്കോയുടെ കൂടെപ്പോയ കോണ്‍ഗ്രസ്സുകാരിയുടെ വീട്ടില്‍ ചെന്ന സുകുമാരന്‍ നായര്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും സ്‌ഫോടകാത്മകമായ 'സ്‌കൂപ്പ്' വാര്‍ത്തയുമായി മടങ്ങി. അതായത് കോണ്‍ഗ്രസ്സിലെ ഒരു കൂട്ടം എം.എല്‍.എ മാര്‍ മുഖ്യമന്ത്രി ശങ്കറിനെതിരെ കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേരിതിരിഞ്ഞ് അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങുന്നു. അതേപ്പറ്റി ചര്‍ച്ച നടത്താനാണ് ചാക്കോച്ചന്‍ തന്നെ പീച്ചിക്ക് കൊണ്ടുപോയതെന്ന് പത്മം മേനോന്‍ വിശദീകരിച്ചത് സുകുമാരന്‍ നായര്‍ വിശ്വസിച്ചെങ്കിലും ഇല്ലെങ്കിലും അവര്‍ പറഞ്ഞ രാഷ്ട്രീയ സംഭവം സത്യമായിരുന്നു. കേരള കൗമുദിയില്‍ വാര്‍ത്ത വന്നതിന്റെ മൂന്നാം ദിവസം കേരളത്തിലെ ഒന്നാമത്തെ കോണ്‍ഗ്രസ്സ് മന്ത്രിസഭയെ കോണ്‍ഗ്രസ്സ് എം.എല്‍.എ മാര്‍ അവിശ്വാസ പ്രമേയത്തിലൂടെ നിലത്തിട്ടു. കെ.എം. ജോര്‍ജ് മുതല്‍ ആര്‍. ബാലകൃഷ്ണപിള്ളവരെയുള്ളവരായിരുന്നു ആ എം.എല്‍.എമാര്‍. അവര്‍ ചങ്ങനാശ്ശേരിയില്‍ ചെന്ന് ശങ്കര്‍ വിരോധിയായ മന്നത്തു പത്മനാഭനെക്കണ്ടു. മന്നം അവരെ 'കേരള കോണ്‍ഗ്രസ്' എന്ന് ജ്ഞാനസ്‌നാനം ചെയ്തു. ഈഴവ സമുദായത്തില്‍ നിന്നൊരാള്‍ അധികാരസ്ഥാനത്തു വരാതിരിക്കാന്‍ നായര്‍-ക്രിസ്ത്യന്‍ സമുദായ നേതാക്കള്‍ രാഷ്ട്രീയ ധര്‍മ്മം മറന്ന് ഒന്നിക്കുമെന്ന തെറ്റായ ഒരു സന്ദേശം ഈ സംഭവം സമൂഹത്തിനു നല്‍കി. അതിനുശേഷം കോണ്‍ഗ്രസ്സിലെ ഒരു ഈഴവ നേതാവും കേരളത്തിലെ മുഖ്യമന്ത്രിക്കസേര കണ്ടിട്ടില്ല.

പി.ടി. ചാക്കോ കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടയില്‍ ഹൃദ്രോഗം വന്നു മരിച്ചു. കേരളാ കോണ്‍ഗ്രസ്സ് അദ്ദേഹത്തിന്റെ സ്മാരകമാണെന്ന് കെ.എം. ജോര്‍ജും കൂട്ടരും അവകാശപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് നേതാവായ കെ.എം. മാണി, ജോര്‍ജിന്റെ വശീകരണ വലയില്‍ വീണ് കേരള കോണ്‍ഗ്രസ്സുകാരനായി. 1964ല്‍ രൂപംകൊണ്ട പാലാ നിയമസഭാ മണ്ഡലത്തില്‍ പിറ്റേക്കൊല്ലം മാണി സ്ഥാനാര്‍ത്ഥിയായി. പിന്നീട് ഇന്നോളം പാലായില്‍ നിന്ന് മറ്റൊരാള്‍ ജയിച്ച് നിയമസഭയിലെത്താന്‍ മാണി അനുവദിച്ചിട്ടില്ല. പാലായും കേരളവും വിട്ട് അനന്തമായ രാഷ്ട്രീയ വിഹായസ്സിലേക്ക് ഉയരാന്‍ മാണി ആഗ്രഹിച്ചിട്ടും കഴിഞ്ഞിട്ടില്ല. ഇനി അതിന് കഴിയുകയുമില്ല. കെ.എം. മാണി ഒരു വര്‍ഗ്ഗീയ ഇടവകയില്‍ ഒതുങ്ങിപ്പോയത് കേരളാ കോണ്‍ഗ്രസ്സ് എന്ന സങ്കുചിത രാഷ്ട്രീയ പ്രസ്ഥാനത്തില്‍ ചേര്‍ന്നതുകൊണ്ടാണ്. രാഷ്ട്ര തന്ത്രജ്ഞതയും നിയമപരിജ്ഞാനവും സാമാന്യ ബുദ്ധിയും നൈസര്‍ഗ്ഗികമായ വെളിപാടും ഉള്ള നേതാവാണ് കെ.എം. മാണി. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായപ്പോള്‍ കേന്ദ്രമന്ത്രിയാകാന്‍ മാണിക്ക് അവസരമുണ്ടായിരുന്നു. ഇഷ്ടപ്പെട്ട ധനകാര്യവകുപ്പില്‍ നിന്ന് മാറ്റി കരുണാകരന്‍ ജലസേചന വകുപ്പിലിട്ട് മാണിയെ അപമാനിച്ച ഘട്ടമായിരുന്നു അത്. തകര്‍ന്ന് കിടക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നേരെയാക്കാന്‍ പറ്റിയ ഒരു പ്രതിഭയെ തിരഞ്ഞുകൊണ്ടിരുന്നു ചന്ദ്രശേഖര്‍. കേരളത്തില്‍ ആറ് തവണ അന്ന് ധനകാര്യ ബജറ്റ് അവതരിപ്പിച്ച്, മിച്ചമോ കമ്മിയോ എന്ന് താര്‍ക്കികന്മാര്‍ക്ക് വാദപ്രതിവാദം നടത്താന്‍ വിഷയം ഇട്ടുകൊടുത്ത വിദഗ്ദ്ധനാണ് മാണിയെന്ന് പ്രധാനമന്ത്രി അറിഞ്ഞു. മന്‍മോഹന്‍സിംഗിനേക്കാള്‍ മുമ്പേ ഇന്ത്യന്‍ ധനമന്ത്രിയാകാന്‍ മാണിക്ക് അവസരം തുറന്നുവന്നപ്പോള്‍ മുഖ്യമന്ത്രി കരുണാകരന്‍ വെറുതെ ന്യൂഡല്‍ഹി വരെ പോയി. പ്രധാനമന്ത്രിയെ ചുമ്മാതൊന്നു കണ്ടു. റിസര്‍വ് ബാങ്കിലെ നിരതദ്രവ്യമായ സ്വര്‍ണ്ണമെടുത്തുവിറ്റ് നിത്യച്ചെലവ് നടത്തുന്ന പ്രധാനമന്ത്രി ചന്ദ്രശേഖര്‍ പിന്നെ മാണിയെ കടാക്ഷിച്ചില്ല. 1991ല്‍ ഇന്ത്യന്‍ ധനമന്ത്രിയായി മാണി ഡല്‍ഹിയില്‍ എത്തിയിരുന്നെങ്കില്‍ ഇന്ന് ആരായിരുന്നു? തീര്‍ച്ചയായും പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞിന്റെ ഇരയാകുമായിരുന്നില്ല. ജോസഫ് എം. പുതുശ്ശേരിയും തോമസ് ഉണ്ണിയാടനും അല്ലല്ലോ കെ.എം. മാണി. പന്തീരായിരം കോടി രൂപയുടെ വാര്‍ഷിക കണക്ക് ഒരുക്കുന്ന സംസ്ഥാന ധനകാര്യ മന്ത്രി ഒരു കോടി രൂപ അബ്കാരിയില്‍ നിന്ന് കോഴപ്പണം വാങ്ങിയെന്ന് ആരോപിതനാകുന്നു. ഒരു കൊല്ലത്തിലേറെയായി അപമാനകരമായ ആ വൃത്താന്തം കേരളം ആവര്‍ത്തിച്ച് അലക്കിക്കൊണ്ടിരിക്കുന്നു. ഒടുവില്‍ ജൂലിയസ് സീസറുടെ ഭാര്യയും ധാര്‍മ്മിക ബോധവും ചൂലുമായി വന്ന് മന്ത്രിമന്ദിരത്തില്‍ നിന്ന് മാണിയെ അടിച്ചിറക്കുന്നു. എത്ര ദയനീയമായ അവസ്ഥയാണിത്?

പഞ്ചസാര കട്ടുവിറ്റെന്ന് പണ്ട് പനമ്പിള്ളി ഗോവിന്ദ മേനോനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ ആരോപണം കൊണ്ടുവന്നപ്പോള്‍ സ്റ്റേജില്‍ കയറിനിന്ന് അദ്ദേഹം മറുപടി പറഞ്ഞു. ''ഞാന്‍ കട്ടിട്ടില്ല. അഥവാ ഞാന്‍ മോഷ്ടിച്ചെന്ന് കരുതുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ മുന്നോട്ടുകടന്നു വരുക. ഞാനെടുത്തെന്ന് പറയുന്ന തുക കേരളത്തിലെ ജനസംഖ്യകൊണ്ട് ഹരിച്ചാല്‍ ഓരോരുത്തര്‍ക്കും മൂന്ന് പൈസ വച്ചു കിട്ടും. എന്നെ വിശ്വാസമില്ലാത്ത ആരെങ്കിലുമുണ്ടെങ്കില്‍ കടന്നു വരൂ. മൂന്ന് പൈസ വീതം വാങ്ങിക്കൊണ്ട് പോകാം.'' മൂന്ന് പൈസയ്ക്ക് പനമ്പിള്ളിയുടെ മുന്നില്‍ ചെന്ന് കൈ നീട്ടാന്‍ ധൈര്യമുള്ള ആരെങ്കിലും ഉണ്ടാകുമോ? അഥവാ ഒരു വിളഞ്ഞവിത്ത് തയ്യാറായാല്‍ കോണ്‍ഗ്രസ്സുകാര്‍ അവനെ വച്ചേക്കുമോ? കെ.എം. മാണി ഇങ്ങനെയൊരു പ്രസംഗം നടത്തിയാല്‍ കേരളാ കോണ്‍ഗ്രസ്സുകാര്‍ പി.സി. ജോര്‍ജിന്റെ നേതൃത്വത്തില്‍ കൂട്ടത്തോടെ വേദിയില്‍ തള്ളിക്കയറും. വേദി പൊളിഞ്ഞു വീഴുകയും ചെയ്യും. അതാണ് കോണ്‍ഗ്രസ്സും മാണിയുടെ പ്രാദേശിക പാര്‍ട്ടിയും തമ്മിലുള്ള വ്യത്യാസം.കേരളാ മുഖ്യമന്ത്രി പദം കെ.എം മാണിയുടെ അഭിലാഷമായിരുന്നു. അഞ്ചുകൊല്ലം മുഖ്യമന്ത്രിയായിരിക്കാന്‍ കേരളാ കോണ്‍ഗ്രസ് നേതാവായാല്‍ പോര. കത്തോലിക്കാ ഇടവകയുടെ മാത്രം രോമാഞ്ചമാണ് ആ പാര്‍ട്ടി. അതിന്റെ ഉത്ഭവവും നിലനില്‍പ്പും വര്‍ഗ്ഗീയമാണ്. തമിഴ്‌നാട്ടിലെ അണ്ണാഡിഎംകെയുടെ അത്രപോലും കാഴ്ചപ്പാട് മാണിയുടെ പാര്‍ട്ടിക്കില്ല. പേരില്‍ കേരളവും കോണ്‍ഗ്രസ്സും ഉണ്ടായിട്ടെന്തു കാര്യം? പാപപങ്കിലം. ഇതൊന്നും അറിയാതെ അതില്‍ യൗവനകാലത്ത് ചേര്‍ന്നു പോയ മാണിക്ക് കുതന്ത്രങ്ങളിലൂടെ മാത്രമേ ഹ്രസ്വകാലമെങ്കിലും കേരളാ മുഖ്യമന്ത്രിയായി ചരിത്രത്തില്‍ ഇടം നേടാന്‍ കഴിയൂ. ജീവിതാഭിലാഷമായതിനാല്‍ മാണി കുറുക്കുവഴി തേടി. നേരിയ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ഉമ്മന്‍ചാണ്ടിയെ വീഴ്ത്തിയാല്‍ രാഷ്ട്രീയ ശത്രുക്കളായ ഇടതുകക്ഷികള്‍ മാണിയുടെ അഭിലാഷം സാധിച്ചുകൊടുക്കുമെന്ന് കരുതി. കോടിയേരി ബാലകൃഷ്ണനും പന്ന്യന്‍ രവീന്ദ്രനും രണ്ട് കൊല്ലം മുമ്പ് മാണിയുടെ ആഗ്രഹമറിഞ്ഞ് കൊതിപ്പിച്ച് സംസാരിക്കാന്‍ തുടങ്ങി. കെ.എം. മാണി മുഖ്യമന്ത്രിയാകാന്‍ പരമയോഗ്യനാണെന്ന് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ രസഗുള വിഴുങ്ങുംപോലെ മാണി ആസ്വദിച്ചു. അവരങ്ങനെ പറയുന്നതിന് ഞാനെന്തു ചെയ്യാനാ? എന്ന് യു.ഡിഎഫ് യോഗത്തിലും മന്ത്രിസഭാ യോഗത്തിലും മാണി കൈമലര്‍ത്തി. എട്ടൊമ്പത് എം.എല്‍.എമാരുമായി മറുകണ്ടം ചാടിയാല്‍ ഇടതുപക്ഷത്തിന് ഇഷ്ടമുണ്ടെങ്കില്‍ മാണിയെ മുഖ്യമന്ത്രിയാക്കാം. തത്വവും പ്രമാണവും ഇല്ലാത്ത പാര്‍ട്ടികള്‍ അവസരവാദ രാഷ്ട്രീയം കളിക്കാറുണ്ട്. കേരളാ കോണ്‍ഗ്രസ്സിനോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഇക്കാലത്ത് രാഷ്ട്രീയ സദാചാരമൊന്നും അവകാശപ്പെടാനില്ല. അവസരങ്ങളുടെ കലയാണ് രാഷ്ട്രീയമെന്ന് കരുതുന്നവരാണ് ഏറെ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അപകടം മണത്തു. മാണിയെ ഇടതുപക്ഷത്തിന് ചുള്ളിക്കമ്പുകൊണ്ട് പോലും തൊടാന്‍ പറ്റാത്ത തരത്തില്‍ നാറ്റിക്കണമെന്ന് കരുതിയിട്ടുണ്ടാകും. അതാണ് ബാര്‍കോഴ ആരോപണമായി ഒരുകൊല്ലം മുമ്പ് പൊട്ടിപ്പുറപ്പെട്ടത്.

അബ്കാരി സംഘടനകള്‍ ബാര്‍ ലൈസന്‍സ് ഉയര്‍ത്താതിരിക്കാനും അടഞ്ഞ ബാര്‍ തുറക്കാനും ഭരണാധികാരികള്‍ക്ക് കൈക്കൂലി കൊടുക്കുന്നതിന് 20 കോടി രൂപ പിരിച്ചു. 14 കോടി രൂപ ഏതുവഴിക്കൊക്കെ പോയെന്ന് പി.സി. ജോര്‍ജ് വെളിപ്പെടുത്തി. പിരിച്ച പണത്തിന്റെ വരവും പോക്കും കൃത്യമായി പരിശോധിക്കാവുന്ന ഒരു അന്വേഷണവും കേരളത്തില്‍ നടക്കുന്നില്ല. കേസ്സില്‍ പെട്ടത് കെ.എം. മാണി മാത്രം. അധികാരം പോയതും അപമാനിതനായതും മാണി. പെരുങ്കള്ളന്മാര്‍ ചിരിക്കുന്നു. കുഞ്ഞുമാണി കള്ളനായി തിരിച്ചുപോകുന്നു. ഒരു ദേശീയ പാര്‍ട്ടിയും ഒരു സങ്കുചിത പ്രാദേശിക പാര്‍ട്ടിയും തമ്മിലുള്ള വ്യത്യാസം മാണി ഇപ്പോള്‍ അറിയുന്നു. ശപിക്കുകയാവും മാണി, 1964ല്‍ കേരളാ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതിന്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories