UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദൈവത്തിനു പതാരവും ഓഹരിയും കൊടുക്കുന്ന മാണി സാറേ, ഇനിയെങ്കിലും സത്യം പറയൂ

Avatar

കെ എ ആന്റണി

പ്രിയ മാണിസാര്‍ വായിച്ചറിയാന്‍, 

ഒരുപാട് ധ്യാനങ്ങള്‍ കൂടിയ ഒരു സെമിനാരിക്കാരന്റെ ലളിത ചിന്തയില്‍ നിന്നും ഉയരുന്ന ഒട്ടേറെ ആകാംക്ഷയും ഭീതിയും നിറയുന്ന ചില കാര്യങ്ങളാണ് അടുത്തകാലത്തായി താങ്കളെ കുറിച്ച് കേട്ടുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ തന്നെ ഒരു കാര്യകൂടി പറയാന്‍ ആഗ്രഹിക്കുന്നു. താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന പാല നിയോജകമണ്ഡലത്തില്‍പ്പെട്ട അസീസി ആശ്രമം എന്നറിയപ്പെടുന്ന കപ്പൂച്ചിന്‍ ആശ്രമത്തിലെ ഒരു വൈദിക വിദ്യാര്‍ത്ഥിയായിരുന്നു ഇതെഴുതുന്നയാള്‍. അന്നത്തെ താങ്കളുടെ പ്രകടനം അതീവഗംഭീരമായിരുന്നു. കുതിരപ്പുറത്തേറി പാലയിലാകെ സ്വീകരണങ്ങളേറ്റു വാങ്ങിയ താങ്കളെ ഒട്ടൊരു ആരാധനയോടുകൂടി കണ്ടിരുന്നു. അന്നു സെനിമാരിയിലും കേട്ട വാക്കുകള്‍ മാണി സാറിന് എതിരായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കള്ളു വ്യവസായി മണര്‍കാട് പാപ്പനാണ് എന്നാണ്. കുതിരയെ കണ്ടിട്ടാണോ കുതിരപ്പുറത്തേറുന്ന ആളെ കണ്ടിട്ടാണോ എന്നറിയില്ല വിജയം താങ്കള്‍ക്കൊപ്പമായിരുന്നു.

മീനച്ചിലാറിന്റെ തീരത്തു ജീവിക്കുന്ന ആളുകള്‍ അന്നും പറഞ്ഞിരുന്നു ഈ മാണിസാര്‍ കള്ളന്‍മാരില്‍ കെങ്കേമനാണെന്ന്. കള്ളന്‍മാരെ ആരാധിക്കുന്ന ഒരു വലിയജനസമൂഹം അന്നും പാലയിലും ഭരണങ്ങാനത്തും പൈകയിലും സുലഭമായിരുന്നു. കൊണ്ടൂപറമ്പില്‍ പാപ്പന്‍ എന്ന പഴയ നസ്രാണി ഡോണിനെ കണികണ്ട് ഉണര്‍ന്നിരുന്നവരാണ് അന്നത്തെ പാലാക്കാര്‍. കുള്ളനായ പാപ്പന്‍ ചേട്ടനും ഉണ്ടായിരുന്നത്രേപതിനട്ടര ഗുണ്ടകള്‍. അമ്മിച്ചിയമ്മ പറഞ്ഞ് കുട്ടിക്കാലത്തു കേട്ട കഥകള്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നു. ആ കഥയില്‍ കൊണ്ടുപറമ്പില്‍ പാപ്പന് നന്മ അര്‍ഹിക്കുന്ന ഏകകാര്യം യഥാര്‍ത്ഥ കള്ളന്മാരെ തിരിച്ചറിഞ്ഞ് അവരെ തോല്‍പ്പിക്കുന്ന ഒരു റോബിന്‍ഹുഡ് തന്ത്രം സ്വായത്തമായിരുന്നു എന്നതാണ്.

അമ്മിച്ചിയമ്മ പറഞ്ഞ കഥയിലെ പാപ്പനെ കുറിച്ചുള്ള വര്‍ണന ഇങ്ങനെ പോകുന്നു; അപ്പന്‍ മരിച്ച കുടുംബത്തിലെ ഒരു ആണ്‍തരി അടുത്തവീട്ടില്‍ മീന്‍പൊരിക്കുന്നതിന്റെ മണമെത്തുമ്പോള്‍ അമ്മേ ആ പഴങ്കഞ്ഞിയിങ്ങെടുത്തേക്കൂ, മീന്‍ മണം കൂട്ടി ഞാനത് കഴിച്ചേക്കാം എന്നു പറയുന്ന ഒരു കഥ. മറ്റൊന്ന് ഇങ്ങനെ പോകുന്നു; പതിനെട്ടര കവികള്‍ എന്നു പറഞ്ഞതുപോലെ പതിനെട്ടര ഗുണ്ടകളുമുണ്ടായിരുന്നേ്രത പാപ്പന്. അതിലൊരാള്‍ എന്റെ മുത്തശ്ശനും ആയിരുന്നുവത്രേ. ഇത്രയും അമ്മിച്ചിയമ്മ പറഞ്ഞറിഞ്ഞ കാര്യങ്ങള്‍. കൂട്ടത്തില്‍ ഒരു നന്മകൂടി അവര്‍ പാപ്പനെ കുറിച്ച് പറഞ്ഞിരുന്നു. മലയാറ്റൂരിലും മറ്റും എത്തുന്ന പപ്പടം തേച്ചു വൃണം ഉണ്ടാക്കുന്ന ഭിക്ഷാടകരെ അയാള്‍ ആട്ടിപായിച്ചിരുന്നു എന്നൊരു കഥ.

പാപ്പന്‍ അവിടെ നില്‍ക്കട്ടെ, കോഴിക്കോട്ടെ മഹാറാണി ഹോട്ടലും തറവാടും പാലയിലും തൊടുപുഴയിലുമൊക്കെ ഹോട്ടല്‍ ശൃംഖലകളും കേരളമൊട്ടാകെ വ്യാപിച്ചു കിടന്ന ചാരായ ഷാപ്പുകളും ഒരു പഴയകാലത്തിന്റെ സ്മൃതിമാത്രമാണ്. കോഴിക്കോട്ടെ മഹാറാണി ഹോട്ടലും തറവാടും ഒക്കെ ഇപ്പോഴും അവിടെയുണ്ടെന്ന് അറിയാം. ഐ വി ശശി മുതലുള്ള പഴയകാല സിനിമാക്കാര്‍ക്ക് ആതിഥ്യമരുളിയ ആ ഹോട്ടല്‍ ഇന്നാരൊക്കെയോ ചേര്‍ന്നു നടത്തുന്നു.

പറഞ്ഞു വരുന്നത് മാണി സാറിനെ കുറിച്ചാകയാല്‍ പാപ്പനും ഹോട്ടല്‍ ശൃംഖലകള്‍ക്കും തത്കാലം വിരാമം ഇട്ടേ മതിയാകൂ. പഴയ പ്രതാപം ഇല്ലാത്ത കാലത്ത് പാപ്പനോട് ഏറ്റുമുട്ടി അശ്വാരൂഢനായി വന്ന മാണി സാറിന്റെ പഴംപുരാണം കൂടുതല്‍ വ്യക്തമായി പറയാന്‍ പരമയോഗ്യന്‍ പി സി ജോര്‍ജ് ആണെന്നതിനാല്‍ അത്തരം കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയ്ക്കു വിടുന്നു.

മടക്കം ധ്യാനത്തിലേക്കും കുമ്പസാരത്തിലേക്കുമാകട്ടെ. ധ്യാനം എന്നത് മനസിനെ ശുദ്ധീകരിക്കാനുള്ള ഒരു പ്രക്രിയയാണ്. കുമ്പാസരമാകട്ടെ ദൈവത്തിന്റെ പ്രതിനിധിയായ വൈദികനു മുന്നില്‍ ചെയ്ത കുറ്റങ്ങള്‍ ഏറ്റു പറഞ്ഞ് പാപപരിഹാരം ചെയ്യാനുള്ള സംവിധാനം. ഓരോ ബജറ്റും അവതരിപ്പിക്കുന്നതിനു മുന്നേ മാണി സാറിന്റെ പള്ളിയിലേക്കുള്ള നെട്ടോട്ടവും മുട്ടില്‍ വീഴലും ആകാശങ്ങളിലേക്കു കൈകളും മിഴികളും ഉയര്‍ത്തിയുള്ള പ്രാര്‍ത്ഥനയുമൊക്കെ പണത്തിനു പിന്നാലെ പായുന്ന ചില പാതിരിമാര്‍ക്ക് സുഖകരമായ ഒന്നായി തോന്നിയേക്കാം.

കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് വിജിലന്‍സിനു നേതൃത്വം നല്‍കുന്ന ജേക്കബ് തോമസ് പറയുന്നത്. അദ്ദേഹത്തിന്റെ വാദം കേരള ഹൈക്കോടതിയും ശരിവച്ചിരിക്കുന്നു എന്നു തന്നെവേണം ജസ്റ്റീസ് കെ കമാല്‍ പാഷ നടത്തിയ നിരീക്ഷണത്തില്‍ നിന്നും മനസിലാക്കാന്‍. കോഴിക്കേസില്‍ നികുതി വെട്ടിപ്പുമായി വിജിലന്‍സ് ഫയല്‍ ചെയ്ത കേസില്‍ മാണിസാര്‍ പ്രഥമദൃഷ്ട്യ കുറ്റക്കാരനാണെന്നാണ് ജസ്റ്റീസ് കമാല്‍ പാഷ നിരീക്ഷിച്ചിരിക്കുന്നത്.

അന്വേഷണങ്ങളും തുടരന്വേഷണങ്ങളും ഏത് ആരോപണവുമായി ബന്ധപ്പെട്ടും ഒരു തുടര്‍പ്രക്രിയ തന്നെയാണ് പക്ഷേ ദൈവത്തിനു പതാരവും ഓഹരിയും കൊടുക്കുന്നു എന്നു പറയുന്ന മാണി സാറേ, താങ്കള്‍ ആരെയാണു പറ്റിക്കുന്നതെന്നു ഇനിയെങ്കിലും തുറന്നു പറയേണ്ട സമയം ആയില്ലേ. താങ്കളേയും എന്നെയും പോലുള്ള മഹാപാപികളെ സകലോകതിന്മകളില്‍ നിന്നും രക്ഷിക്കാനായി ദൈവപുത്രന്‍ യേശുക്രിസ്തു മനുഷ്യാവതാരം എടുക്കുകയും പീഢനങ്ങള്‍ ഏറ്റുവാങ്ങി കുരിശില്‍ മരിക്കുകയും ചെയ്തത് എന്തിനാണെന്നു താങ്കളും താങ്കളെ സംരക്ഷിക്കുന്ന സഭാമേലധ്യക്ഷന്മാരും എന്തുകൊണ്ട് മറന്നുപോകുന്നുവെന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല. അല്ലെങ്കിലും ചിന്തകള്‍ക്കിവിടെ പ്രസക്തയില്ല. ആര്‍ത്തി പൂണ്ട പാതിരി സമൂഹം മനുഷ്യനെ കൊത്തി തിന്നാന്‍ തയ്യാറെടുത്ത് നില്‍ക്കുമ്പോള്‍ സ്‌നാപകയോഹന്നാന്‍ പറഞ്ഞൂവെന്നു ബൈബിളില്‍ പറയപ്പെടുന്ന അണലി സന്താനങ്ങള്‍ക്ക് ഇതു കൊയ്ത്തുകാലമാണല്ലോ.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍