ന്യൂസ് അപ്ഡേറ്റ്സ്

യുഡിഎഫ് നേതാക്കളുടെ ജനകീയ മെട്രോ യാത്ര ചട്ടങ്ങള്‍ ലംഘിച്ച്; നടപടിയുമായി കെഎംആര്‍എല്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെട്രോ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്

യുഡിഎഫ് നേതാക്കള്‍ കഴിഞ്ഞ ദിവസം കൊച്ചി മെട്രോയില്‍ ജനകീയ യാത്ര നടത്തിയ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍. യാത്രക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെട്രോ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിലൂടെ 2002ലെ മെട്രോ ആക്ടിന്റെ പരസ്യമായ ലംഘനമാണ് നടന്നതെന്നാണ് കെഎംആര്‍എല്‍ പറയുന്നത്.

അതേസമയം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് കെഎംആര്‍എല്‍ വ്യക്തമാക്കിയിട്ടില്ല. പോലീസില്‍ പരാതി നല്‍കിയാല്‍ ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നേതാക്കളും പ്രവര്‍ത്തകരും ചെയ്തിരിക്കുന്നത്. പിഴയൊടുക്കി നടപടികളില്‍ നിന്നും രക്ഷപ്പെടാനും സാധിക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ തുടങ്ങിയ നേതാക്കളുടെയും എംഎല്‍എമാരുടെയും നേതൃത്വത്തിലാണ് ആലുവയില്‍ നിന്നും പാലാരിവട്ടത്തേക്ക് ജനകീയ യാത്ര സംഘടിപ്പിച്ചത്. മെട്രോ ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയവല്‍ക്കരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യുഡിഎഫിന്റെ ജനകീയ മെട്രോ യാത്ര.

എന്നാല്‍ പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം മൂലം ഈ പ്രതിഷേധ യാത്ര വിവാദത്തില്‍ കലാശിക്കുകയായിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവ് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കേണ്ട സാഹചര്യവുമുണ്ടായി. ജനകീയ മെട്രാ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് മെട്രോ ആക്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് കെഎംആര്‍എല്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും സ്റ്റേഷന്‍ കണ്‍ട്രോളര്‍മാരുടെ റിപ്പോര്‍ട്ടും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജ് നിര്‍ദ്ദേശിച്ചത്.

ഇതിന് പിന്നാലെയാണ് കെഎംആര്‍എല്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെട്രോ സംവിധാനത്തിന് കേടുവരുത്തിയെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം കെഎംആര്‍എല്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍