TopTop

ഡല്‍ഹി സര്‍വകലാശാലയെ അറിയാം; ഇവിടെ കൈനിറയെ അവസരങ്ങളുണ്ട്

ഡല്‍ഹി സര്‍വകലാശാലയെ അറിയാം; ഇവിടെ കൈനിറയെ അവസരങ്ങളുണ്ട്
ഇന്ത്യയിലാകമാനം നാല്‍പതിലധികം കേന്ദ്രസര്‍വകലാശാലകളാണ് ഉള്ളത്. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി, ഹൈദ്രബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജാമ്യമില്യ ഇസ്ലാമിയ തുടങ്ങി ഇന്ത്യയിലെ പ്രശസ്തമായ ഒട്ടേറെ പഠനകേന്ദ്രങ്ങള്‍ കേന്ദ്രസര്‍വ്വകലാശാലകളാണ്. നിരവധി സാധ്യതകളാണ് കേന്ദ്രസര്‍വ്വകലാശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.

മികച്ച സിലബസ്, കൃത്യമായ പഠനക്രമം, മികച്ച അദ്ധ്യാപകര്‍, മികച്ച അക്കാഡമിക അന്തരീക്ഷം, പ്ലേസ്‌മെന്റ്, സംവാദാത്മകമായ ഇടങ്ങള്‍, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി ഏതര്‍ത്ഥത്തിലും ഒരു കേന്ദ്രസര്‍വകലാശാല നല്ലൊരു തിരഞ്ഞെടുപ്പാണ്.
കേന്ദ്ര സര്‍വ്വകലാശാലകള്‍ പൊതുവെ ബിരുദാനന്തര, ഗവേഷണകോഴ്‌സുകള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നതെങ്കിലും ബിരുദകോഴ്സുകള്‍ക്ക് പ്രവേശനം നല്‍കുന്ന ഒട്ടേറെ സര്‍വകലാശാലകളും ഉണ്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റി അത്തരത്തില്‍ ഒന്നാണ്.

ഡല്‍ഹി ഒരു എഡ്യൂക്കേഷണല്‍ ഹബ് കൂടിയാണ്. ജെ.എന്‍.യു, ഡി.യു, ജാമ്യമില്യ തുടങ്ങിയ കേന്ദ്രസര്‍വകലാശാലകളും, ഇന്ത്യയിലെ പ്രമുഖരായ അക്കാദമീഷ്യന്‍സ്, എഴുത്തുകാര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, മറ്റ് മേഖലകളിലെ പ്രമുഖര്‍ തുടങ്ങി വിശാലമായൊരു ലോകത്തോട് സംവദിക്കാന്‍ ഡല്‍ഹിയില്‍ അവസരംലഭിക്കുന്നു. എന്നാല്‍ കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടുത്തെ അവസരം അധികമായി ഉപയോഗിച്ചു കാണുന്നില്ല.

ഡല്‍ഹി സര്‍വകലാശാല

പ്ലസ്ടു മാര്‍ക്കിനെ അടിസ്ഥാനമാക്കി ബിരുദകോഴ്‌സുകളിലേക്ക് പ്രവേശനം നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രസര്‍വകലാശാല കൂടിയാണ് ഡി.യു. സെന്റ് സ്റ്റീഫന്‍സ് കോളേജ്, ഹിന്ദു കോളേജ്, രാംജസ് കോളേജ്, ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സ്, ഹാന്‍സ് രാജ് കോളേജ്, മിറാന്‍ഡ ഹൗസ്, ലേഡി ശ്രീറാം കോളേജ് തുടങ്ങി പ്രശസ്തമായ ഒട്ടേറെ കോളേജുകള്‍ ഡിയുവിന്റെ കീഴിലാണ്.

ഹോണേഴ്‌സ് കോഴ്‌സുകളാണ് ഡിയുവിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. തിരഞ്ഞെടുക്കുന്ന വിഷയത്തിന് പരമാവധി പ്രാധാന്യം നല്‍കുന്നു. നിര്‍ബന്ധിതമായ സബ്‌പേപ്പറുകള്‍ ഇല്ല. മറിച്ച് ഓരോസെമസ്റ്ററിലും വിദ്യാര്‍ത്ഥിയുടെ താത്പര്യത്തിനനുസരിച്ച് മറ്റു ഡിപ്പാര്‍ട്‌മെന്റുകളില്‍ നിന്നും ഇലക്ടീവ് പേപ്പറുകള്‍ എടുത്ത് പഠിക്കാം.

എഴുപത്തഞ്ചോളം വിഷയങ്ങളില്‍ ബിരുദങ്ങള്‍ ലഭ്യമാണ്. എണ്‍പതോളം കോളേജുകളിലായി അന്‍പതിനായിരത്തില്‍പരം സീറ്റുകളുണ്ട്. സ്പാനിഷ്, ജര്‍മന്‍ പോലുള്ള വിദേശഭാഷകളിലുള്ള ഡിഗ്രികോഴ്‌സുകളും ഡല്‍ഹി സര്‍വകലാശാല ലഭ്യമാക്കുന്നു. താരതമ്യേന ചെറിയ ഫീസ് മാത്രമേ നല്‍കേണ്ടിവരുന്നുള്ളൂ. കൂടാതെ നിരവധി സ്‌കോളര്‍ഷിപ്പുകള്‍ക്കും അവസരമുണ്ട്.

ബിരുദ കോഴ്‌സുകള്‍ക്ക് മികച്ച ഗുണനിലവാരമാണ് ഡിയു പുലര്‍ത്തുന്നത്. ഇന്ത്യയിലെ ഏത് സര്‍വകലാശാലയെക്കാളും മികച്ച സിലബസ് ആണ് ഡല്‍ഹി സര്‍വകലാശാലയുടേതെന്ന് പറയാന്‍ സാധിക്കും. നാട്ടിലെഏത് മികച്ച കോളേജിനോടും അക്കാഡമിക് നിലവാരത്തില്‍ മത്സരിക്കാന്‍ കഴിയും വിധം മികവുറ്റതാണ് ഡിയുകോളേജുകള്‍. താമസ സൗകര്യത്തിനായി കോളേജ്/യൂണിവേര്‍സിറ്റി ഹോസ്റ്റലുകള്‍ ഉണ്ട്. ഇത് കൂടാതെ ക്യാമ്പസിനടുത്ത് ഫ്‌ളറ്റ് വാടകയ്‌ക്കെടുത്ത് താമസിക്കുന്നവരും പേയിങ് ഗസ്റ്റ് ആയി താമസിക്കുന്നവരും ഏറെ ഉണ്ട്.

ഇവിടെ അഡ്മിഷന്‍ തേടുന്ന വിദ്യാര്‍ത്ഥികളുടെ സഹായത്തിന് വിവിധ സൊസൈറ്റികളും എന്‍.ജിഒകളും ക്യാമ്പസില്‍ സജീവമാണ്. റാഗിംഗ് പോലുള്ള പ്രവണതകള്‍ക്കെതിരെ ശക്തമായ മുന്‍കരുതലുകളും ഉണ്ടാകാറുണ്ട്. പരാതികള്‍ ഉയര്‍ന്നാല്‍ ശക്തമായ നടപടികളുണ്ടാവും. ഒരു വിട്ടുവീഴ്ചയുമില്ലാത്ത ഇടപെടല്‍ തന്നെയാണ് ക്യാംപസ് സമൂഹവും അതില്‍ വച്ചുപുലര്‍ത്തുന്നത്.

ഹയര്‍സെക്കന്ററി പൊതുപരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് മാനദണ്ഡമാക്കി പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. ചുരുക്കം ചില കോഴ്സുകളിലേക്ക് എന്‍ട്രന്‍സ് ഉണ്ട്. സെന്റ് സ്റ്റീഫന്‍സ് കോളേജ്, ജീസസ് ആന്‍മേരികോളേജ് എന്നിവ പ്രത്യേകം അഡ്മിഷന്‍ വിളിക്കുന്നു. മറ്റു കോളേജുകളിലേക്കുള്ള പ്രവേശനം കേന്ദ്രീകൃതമായ രീതിയിലാണ് നടക്കുന്നത്. കോളേജുകള്‍, കോഴ്‌സുകള്‍, കഴിഞ്ഞ വര്‍ഷത്തെ കട്ട്ഓഫ് തുടങ്ങിയവ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വെബ്‌സൈറ്റ് അഡ്രസ്: www.du.ac.in

സഹായവുമായിവിവിധകൂട്ടായ്മകളും

ഡല്‍ഹി സര്‍വകലാശാലയിലേക്കും തലസ്ഥാനത്തെ മറ്റൊരു പ്രധാന ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ അംബേദ്കര്‍ സര്‍വകലാശാലയിലേക്കും പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുവാന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത് യുവസമിതി, ഡല്‍ഹി യൂണിറ്റ് അഡ്മിഷന്‍െ ഹല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. പ്രവേശന നടപടികളെക്കുറിച്ചുള്ള സംശയനിവാരണത്തിനും മറ്റുവിവരങ്ങള്‍ക്കും ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ അതാത് ജില്ലകളനുസരിച്ച് ബന്ധപ്പെടാവുന്നതാണ്. (വാട്‌സ്ആപ് ചെയ്യുകയോ വിളിക്കുകയോചെയ്യാം)

1. അപര്‍ണ: 09870363550 (തിരുവനന്തപുരം, കൊല്ലം)
2. അശ്വിന്‍: 08376919750 (പത്തനംതിട്ട, ആലപ്പുഴ)
3. റിസ്വാന്‍: 09560111474 (തൃശൂര്‍, എറണാകുളം)
4. സുല്‍ത്താന: 08281365257 (വയനാട്, ഇടുക്കി)
5. അഖില്‍: 09656459770 (കണ്ണൂര്‍, മലപ്പുറം)
6. ഇമ: 09599746997 (കോഴിക്കോട്, പാലക്കാട്)
7. കാവേരി: 08010767983 (കോട്ടയം, കാസര്‍ഗോഡ്)

ഇ-മെയില്‍വിലാസം: yuvasamithydelhi@gmail.com
Facebook ID : http://facebook.com/YuvasamithyDelhiUnit

കൂടാതെ എസ്എഫ്‌ഐ ഡല്‍ഹി സംസ്ഥാന ഘടകവും അഡ്മിഷന്‍ അസ്സിസ്റ്റന്‍സ് നടത്തുന്നുണ്ട്. DU Admissions 2017 (https://www.facebook.com/DUAdmissions2017/ )
എന്ന ഫേസ്ബുക് പേജില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. ഇതുകൂടാതെ മറ്റ് പല കൂട്ടായ്മകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

Next Story

Related Stories