TopTop

ശ്രദ്ധിക്കാം സ്വാഭാവികമായ പ്രസവ വേദനയ്ക്കായി കാത്തിരിക്കുമ്പോള്‍

ശ്രദ്ധിക്കാം സ്വാഭാവികമായ പ്രസവ വേദനയ്ക്കായി കാത്തിരിക്കുമ്പോള്‍

ഗര്‍ഭകാലം, പ്രസവം എന്നിവയ്ക്കായി പ്രകൃതി എല്ലാം കൃത്യതയോടെ ഒരുക്കിവെയ്ക്കാറുണ്ട്. മിക്കവാറും സന്ദര്‍ഭങ്ങളില്‍ കാര്യങ്ങളൊക്കെ വിധിയാംവണ്ണം നടക്കാറുമുണ്ട്. എന്നാല്‍ ചിലരില്‍ പക്ഷെ അത്തരത്തിലാകണമെന്നില്ല. പ്രസവം കണക്ക് കൂട്ടിയതിലും വൈകിപ്പോകാറുണ്ട് പ്രസവ ഡേറ്റ് കണക്കാക്കിയതിലെ പിഴവടക്കമുള്ളവ ഇതിനു കാരണമാകാം.

ആളുകളെ ഏറെ വേവലാതിപ്പെടുത്തുന്ന കാര്യമാണ് സ്വാഭാവിക പ്രസവ വേദനയ്ക്കായി കാത്തിരുന്നാല്‍ കുഴപ്പമാകുമോയെന്നത്. ഡേറ്റ് കഴിഞ്ഞാല്‍ പരമാവധി ഒരാഴ്ചകൂടി കാത്തിരിക്കാമെന്നാണ് നമ്മുടെ നാട്ടിലെ ഡോക്ടര്‍മാര്‍ പറയാറുള്ളത്. വിദേശ രാജ്യങ്ങളില്‍ പക്ഷെ അതുപോലെയല്ല, രണ്ടാഴ്ചയോളം കാത്തിരിക്കാറുണ്ട്. നമ്മുടെ നാട്ടില്‍ അത്രയും നാള്‍ കാത്തിരിക്കുന്നത് കുഞ്ഞിനു കുഴപ്പമുണ്ടാകാന്‍ ഇടയാക്കിയേക്കും. മറുപിള്ളയുടെ പ്രവര്‍ത്തനശേഷി കുറയുന്നതുകൊണ്ടാണിത്. ചിലരില്‍ ഡേറ്റ് കഴിയുമ്പോള്‍ കുഞ്ഞിനു ചുറ്റുമുള്ള ദ്രാവകത്തിന്റെ അളവ് കുറയാം. ഇതു മാത്രമല്ല, ചിലരില്‍ മറുപിള്ളയ്ക്കു ശരിയായി പ്രവര്‍ത്തിക്കാന്‍ ആവാതെ വന്നാല്‍ ഗര്‍ഭസ്ഥ ശിശുവിനു ലഭിക്കുന്ന ഓക്‌സിജന്‍ കുറയുകയും കുഞ്ഞിനു ശ്വാസതടസം ഉണ്ടാവുകയും ചെയ്യാം. എന്നാല്‍ മിക്കവാറും എല്ലാ പ്രശ്‌നങ്ങളും സ്‌കാന്‍ ചെയ്താല്‍ അറിയുമെന്നതുകൊണ്ട് പ്രശ്‌നമുണ്ടെന്ന് കണ്ടാല്‍ ഉടനെ പരിഹാരം സാധ്യമാകും. ശിശുവിന്റെ ആരോഗ്യനില, ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, ചുറ്റുമുള്ള ഫ്‌ളൂയിഡിന്റെ അളവ് എന്നിവ സ്‌കാന്‍ വഴി അറിയാനാകും.

വേദന വരാതിരുന്നാല്‍ അതുണ്ടാക്കാനായി പല മാര്‍ഗ്ഗങ്ങളും ഡോക്ടര്‍മാര്‍ അവലംബിച്ച് വരുന്നു. എല്ലാവര്‍ക്കും ഒരേ രീതി തന്നെ ഫലപ്രദമാവണമെന്നില്ല. പ്രധാനമായും ഗര്‍ഭിണികളുടെ ശാരീരിക മാറ്റം അനുസരിച്ചാണ് ഏത് മാര്‍ഗ്ഗം അവലംബിക്കണമെന്ന് നിശ്ചയിക്കുന്നത്. പ്രസവം അടുക്കുന്തോറും ഗര്‍ഭാശയത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ കണക്കിലെടുത്താണ് വിവിധ സബ്രദായങ്ങള്‍ അവലംബിക്കുക. ഗര്‍ഭാശയമുഖത്ത് പ്രാരംഭ ഒരുക്കങ്ങള്‍ ഉണ്ടായവരില്‍ പ്രസവ വേദന വരുത്താന്‍ എളുപ്പമാണ്. അല്ലാത്തവര്‍ക്ക് ഗര്‍ഭാശയമുഖം മൃദുലമാവാനും തുറക്കാനും ഉള്ള ഔഷധങ്ങള്‍ നല്‍കേണ്ടിവരും.

ഗര്‍ഭാശയത്തിന്റെ ഉള്ളറയില്‍ നിന്നും കുഞ്ഞുകിടക്കുന്ന സഞ്ചിയുടെ പുറം വേര്‍പെടുത്തുകയെന്നതാണ് സാധാരണ ചെയ്തുവരുന്ന രീതി. ഇതിന് പ്രത്യേക മരുന്നൊന്നും ഉപയോഗിക്കേണ്ടതില്ല. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ സ്വാഭാവികമായ വേദന ഉണ്ടാകും. തികച്ചും സുരക്ഷിതമായ മാര്‍ഗമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ഇതു കൂടാതെ ഗുളികകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍, ലേപനങ്ങള്‍, ഡ്രിപ്പ് തുടങ്ങിയ മാര്‍ഗ്ഗങ്ങളും അവലംബിക്കാറുണ്ട്.


Next Story

Related Stories