TopTop

പാചകം ചെയ്യുമ്പോള്‍ പോഷകാംശം നഷ്ടപ്പെട്ടുപോകരുത്

പാചകം ചെയ്യുമ്പോള്‍ പോഷകാംശം നഷ്ടപ്പെട്ടുപോകരുത്

ഭക്ഷണത്തിലെ പോഷകാംശം നഷ്ടമാവാതെ പാകം ചെയ്തില്ലെങ്കില്‍ ആഹാരം കഴിയ്ക്കുന്നതുകൊണ്ട് ഗുണമുണ്ടാവുകയില്ല. പാകം ചെയ്യുമ്പോള്‍ ഇക്കാര്യം മനസ്സില്‍ വെയ്ക്കണം. ഇതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ:

പച്ചക്കറികളും മറ്റും പാകം ചെയ്യുന്നതിനു തൊട്ടുമുന്‍പായി മാത്രം അരിയുക. വായുവുമായി സമ്പര്‍ക്കത്തില്‍ വരുന്നതിലൂടെ പോഷകാംശം നഷ്ടപ്പെട്ട് പോകാതിരിക്കാന്‍ വേണ്ടിയാണിത്. മുറിച്ച പച്ചക്കറികള്‍ ബാക്കിയാകുകയാണെങ്കില്‍ അവ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുകയാവും ഉചിതം. പച്ചക്കറികള്‍ മുറിക്കുമ്പോള്‍ വലിയ കഷണങ്ങളാക്കുന്നതാവും നല്ലത്. ഇത്തരത്തില്‍ മുറിച്ച് വേവിക്കുമ്പോള്‍ കുറഞ്ഞ അളവില്‍ മാത്രമേ പോഷകങ്ങള്‍ നഷ്ടമാവുകയുള്ളു.

പച്ചക്കറികള്‍ കൂടുതല്‍ നേരം വേവിക്കുന്നത് ഒഴിവാക്കണം. ഇത് പച്ചക്കറികളിലെ പോഷകഗുണം ഇല്ലാതെയാക്കും. പച്ചക്കറികള്‍ വേവിക്കുമ്പോള്‍ പാത്രം അടച്ചുവെയ്ക്കുകയും വേണം. പച്ചക്കറികള്‍ ഫ്രൈ ചെയ്യുമ്പോള്‍ കൂടുതല്‍ പോഷക നഷ്ടം സംഭവിക്കും. അതുകൊണ്ട് ഇവ റോസ്റ്റ് ചെയ്‌തെടുക്കുന്നതാണ് നല്ലത്.

പാചകം ചെയ്യുമ്പോള്‍ വേഗത്തില്‍ നഷ്ടമാകുന്ന പോഷകമാണ് വൈറ്റമിന്‍ സി, ബി കോംപ്ലെക്‌സ് എന്നിവ. തിളപ്പിക്കുമ്പോള്‍ ഇവ വെള്ളത്തില്‍ അലിഞ്ഞു ചേരും. പച്ചക്കറികള്‍ വേവിച്ച പോഷകഗുണമുള്ള വെള്ളം സൂപ്പ് ഉണ്ടാക്കി ഉപയോഗിക്കുന്നത് ഗുണകരമാകും.


Next Story

Related Stories