UPDATES

ട്രെന്‍ഡിങ്ങ്

കൊച്ചി കാന്‍സര്‍ സെന്റര്‍ നിര്‍മാണം ഇന്‍കെലിന്; സര്‍ക്കാര്‍ ലക്ഷ്യം കിഫ്ബിയില്‍ പണമെത്തിക്കലോ?

കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറമെ എറണാകുളം മെഡിക്കല്‍ കോളേജിലേയും ജനറല്‍ ആശുപത്രിയിലേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്‍കെലിനെ ഏല്‍പ്പിക്കാനും നീക്കമുണ്ട്.

കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ നിര്‍മ്മാണം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ ഇന്‍കെലിനെ (INKEL) ഏല്‍പ്പിക്കുന്നത് കിഫ്ബിയ്ക്ക് വേണ്ടിയെന്ന് സംശയം. കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി ബോര്‍ഡി(കിഫ്ബി)ലേക്ക് നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ നിരവധി സമ്പന്നന്‍മാരായ പ്രവാസികള്‍ ഉള്‍പ്പെട്ട ഇന്‍കെലിന് ഈ പദ്ധതിയിലേക്ക് പ്രവേശിക്കാന്‍ സര്‍ക്കാര്‍ വഴിയൊരുക്കിക്കൊടുക്കുകയായിരുന്നുവെന്ന ആരോപണം ശക്തമാണ്.

വിവിധ തരം കടപ്പത്രങ്ങളിലൂടെ സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവാസികളില്‍ നിന്ന് ഫണ്ട് സമാഹരിക്കാനായിരുന്നു കിഫ്ബിയുടെ നീക്കം. ഇതില്‍ സര്‍ക്കാര്‍ 1600 കോടിയിലധികം രൂപ നിക്ഷേപിക്കുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ 20 കോടി മാത്രമേ നിക്ഷേപിക്കാനായിട്ടുള്ളൂ. പ്രതീക്ഷിച്ച പോലെ പ്രവാസികളില്‍ നിന്നുള്ള ഫണ്ട് സമാഹരണം നടന്നതുമില്ല. ഇതോടെ ധനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ കിഫ്ബി പൊളിയുമെന്ന അവസ്ഥയിലെത്തി നില്‍ക്കുമ്പോഴാണ് കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ നിര്‍മ്മാണ പദ്ധതിയിലേക്ക് ഇന്‍കെലിന്റെ പെട്ടെന്നുള്ള വരവ്. അതിസമ്പന്നരായ പ്രവാസികളടങ്ങുന്ന ഇന്‍കെലിനെ ഈ ദൗത്യം ഏല്‍പ്പിക്കുന്നത് കിഫ്ബിയിലേക്കുള്ള ഇന്‍വെസ്റ്റ്‌മെന്റു കൂടി ലക്ഷ്യം വച്ചുകൊണ്ടാണെന്നുള്ള സംശയം ജനിക്കുന്നത് ഇവിടെ നിന്നാണ്. ധനകാര്യ വകുപ്പില്‍ നിന്നാണ് ഇന്‍കെല്‍ വന്നതെന്ന ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ വാക്കുകള്‍ ഈ സംശയത്തിന് ബലം വര്‍ധിപ്പിക്കുന്നു. ലൈറ്റ് മെട്രോയുടെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സര്‍ക്കാരിനും കിഫ്ബിയ്ക്കും ഫണ്ടില്ല എന്ന കാര്യം സര്‍ക്കാര്‍ തുറന്ന് പ്രഖ്യാപിച്ചിരുന്നു.

കൊച്ചി കാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണം ഇന്‍കെലിനെ ഏല്‍പ്പിച്ചുകൊണ്ടുള്ള ഉത്തരവില്‍ പരക്കെ ആശങ്കയുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഹോസ്പിറ്റല്‍ സര്‍വീസസ് കണ്‍സള്‍ട്ടന്‍സി കോര്‍പ്പറേഷ(എച്ച്.എസ്.സി.സി.)ന് നിര്‍മ്മാണ ചുമതല നല്‍കാനായിരുന്നു ആദ്യ ആലോചന. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, അന്നത്തെ എംപിയായിരുന്ന പി. രാജീവ് അടക്കമുള്ള സിപിഎം നേതാക്കളുടെ ആവശ്യമായിരുന്നു ഇത്. കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കാന്‍ എച്ച്.എസ്.സി.സിയെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് സിപിഎം. ജില്ലാ നേതൃത്വം നേരിട്ട് രംഗത്തെത്തിയിരുന്നു. നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ എച്ച്.എസ്.സി.സി.യെക്കൊണ്ട് ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിക്കുകയും ചെയ്തിരുന്നു. ടെന്‍ഡര്‍ വിളിച്ച് ഫെബ്രുവരിയില്‍ ആദ്യ കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങുമെന്നായിരുന്നു കണക്കുകൂട്ടല്‍. അപ്പോഴാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി ഇന്‍കെലിനെ തിരഞ്ഞെടുത്തതായി സര്‍ക്കാര്‍ ഉത്തരവിറക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എച്ച്.എസ്.സി.സി.യെ മാറ്റി ഇന്‍കെലിനെ കൊണ്ടുവന്നത് എന്തിനാണെന്ന കാര്യത്തില്‍ സിപിഎമ്മിന്റെ വിശദീകരണം പലരും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ എച്ച്.എസ്.സി.സിയ്ക്ക് വേണ്ടി ഏറെ ശബ്ദമുയര്‍ത്തിയ സിപിഎം നേതാക്കള്‍ ഇപ്പോള്‍ മൗനത്തിലാണ്.

ഇന്ത്യയ്ക്കകത്തും പുറത്തും വന്‍കിട ആശുപത്രികള്‍ നിര്‍മ്മിച്ച് മികവ് തെളിയിച്ചിട്ടുള്ള എച്ച്.എസ്.സി.സിയെ പുറന്തള്ളി എടുത്തുപറയത്തക്ക പ്രവര്‍ത്തന പരിചയമൊന്നും അവകാശപ്പെടാനില്ലാത്ത ഇന്‍കെലിനെ പദ്ധതി ഏല്‍പ്പിച്ചതെന്തിനാണെന്നാണ് സംശയം. പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് ഹോസ്പിറ്റര്‍ സര്‍വീസ് കണ്‍സള്‍ട്ടന്‍സി കോര്‍പ്പറേഷന്‍ ലിമിറ്റഡ്. ആശുപത്രികളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, ആശുപത്രിയിലെ ഉപകരണങ്ങള്‍ എന്നിവയില്‍ വൈദഗ്ദ്ധ്യം തെളിയിച്ചതാണ് എച്ച്.എസ്.സി.സി. 2000 കോടി രൂപ ചെലവില്‍ ഹരിയാനയിലെ ദേശീയ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ചത് കോര്‍പ്പറേഷനാണ്. സമയബന്ധിതമായി തന്നെ നിര്‍മ്മാണ പദ്ധതി പൂര്‍ത്തീകരിക്കാന്‍ എച്ച്.എസ്.സി.സിയ്ക്ക് സാധിക്കുകയും ചെയ്തു. ഇതിന് പുറമെ ഒട്ടേറെ മെഡിക്കല്‍ കോളേജുകളും തുര്‍ക്കിയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും വന്‍കിട ആശുപത്രികളും നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ എച്ച്.എസ്.സി.സിയെ നിര്‍മ്മാണ ചുമതലയേല്‍പ്പിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരും നിശ്ചിത ശതമാനം തുക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കേണ്ടി വരുമെന്നതിനാലാണ് ഇതില്‍ നിന്ന് പിന്‍മാറിയതെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം.

കൊച്ചിയുടെ സ്വപ്‌ന സംരംഭമായ കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഇന്‍കെലിനെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധവുമായി പ്രൊഫ. എം.കെ സാനു നേതൃത്വം നല്‍കുന്ന ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ മൂവ്‌മെന്റ് രംഗത്തെത്തിയിട്ടുണ്ട്. കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങിയത് ഇതിന്റെ പ്രവര്‍ത്തകരായിരുന്നു. ഇതില്‍ അംഗമായ ഡോ.സനല്‍ കുമാറിന്റെ വാക്കുകളിലേക്ക്-‘ കേരളത്തിലെ ഏറ്റവും മികച്ച കാന്‍സര്‍ റിസര്‍ച്ച് സെന്ററാണ് കൊച്ചിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്. സര്‍ക്കാരിന് വലിയ സ്വാധീനമൊന്നുമില്ലാത്ത കമ്പനി പെട്ടെന്ന് നിര്‍മ്മാണ രംഗത്തേക്ക് വന്നത് ദുരൂഹമാണ്. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലുള്ളവര്‍ ഭൂരിപക്ഷവും വിദേശ ബന്ധമുള്ള വമ്പന്‍ സ്വകാര്യ സംരംഭകരാണ്. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയുടെ തലപ്പത്തിരിക്കുന്നയാള്‍ വരെ ഇതിലുള്‍പ്പെടും. ഈ ആശുപത്രിയില്‍ ഇപ്പോള്‍ കാന്‍സര്‍ ചികിത്സയ്ക്കായി പ്രത്യേക കെട്ടിടം തന്നെ പണിയുകയാണ്. അങ്ങനെയുള്ള ഒരാള്‍ ഡയറക്ടര്‍ ബോര്‍ഡിലുള്ളപ്പോള്‍ സാധാരണ ജനങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ഭാവി എന്തായിരിക്കുമെന്ന് പ്രത്യേകം പറയണോ. നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന് കേട്ടിട്ടുള്ള പല വ്യക്തികളും കമ്പനിയുടെ പ്രധാനികളാണ്. കാന്‍സര്‍ ചികിത്സയ്ക്കുള്ള ആശുപത്രിയൊരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. എന്നാല്‍ ഒരു ഡിസ്പന്‍സറി പോലും നിര്‍മ്മിച്ച് പ്രവര്‍ത്തന പരിചയമില്ലാത്തവരെ നിര്‍മ്മാണം ഏല്‍പ്പിക്കുമ്പോള്‍ ഇക്കാര്യങ്ങളിലെല്ലാം ആശങ്കകളുണ്ട്.’

355 കോടി മുടക്കുമുതല്‍ വരുന്നതാണ് പദ്ധതി. കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറമെ എറണാകുളം മെഡിക്കല്‍ കോളേജിലേയും ജനറല്‍ ആശുപത്രിയിലേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്‍കെലിനെ ഏല്‍പ്പിക്കാനും നീക്കമുണ്ട്. കിഫ്ബി വഴിയാണ് മൂന്ന് പദ്ധതികളും നടപ്പാക്കുന്നത്. 24.84 ശതമാനം മാത്രമാണ് ഈ കമ്പനിയില്‍ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം. ഏഴു ശതമാനം ഓഹരി സര്‍ക്കാര്‍ കമ്പനികളും പങ്കിടുന്നു. ബാക്കിയുള്ള ഓഹരികള്‍ സ്വകാര്യവ്യവസായികളുടെ കൈവശമാണ്. പ്രൈവറ്റ് ഷെയര്‍ ഹോള്‍ഡേഴ്‌സിന് ലാഭവിഹിതവും നല്‍കുന്ന കമ്പനിയാണ് ഇന്‍കെല്‍. എന്നാല്‍ സാധാരണക്കാര്‍ ചികിത്സയ്ക്കായെത്തുന്ന ആശുപത്രികളില്‍ നിന്ന് എങ്ങനെ ലാഭവിഹിതമുണ്ടാക്കി നല്‍കുമെന്നതും ചോദ്യമാണ്. സംസ്ഥാന ആരോഗ്യമേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവന്ന് ധര്‍മ്മാശുപത്രി എന്ന ആശയം തന്നെ ഇല്ലാതാക്കാനാണോ സര്‍ക്കാരിന്റെ ശ്രമമെന്ന സംശയവും വി.ആര്‍.കൃഷ്ണയ്യര്‍ മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി ഇന്‍കെലിനെ ചുമതലപ്പെടുത്തിയതിലും പലരും സംശയങ്ങളുന്നയിക്കുന്നു. ഒരു പദ്ധതി നടത്തിപ്പിനായി അപ്പോള്‍ രൂപീകരിക്കുന്ന കമ്പനിയാണ് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍. സ്മാര്‍ട്‌സിറ്റി പ്രോജക്ടിനായും കെഎംആര്‍സിക്കായും ഇത്തരം സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളാണ് രൂപീകരിച്ചത്. എന്നാല്‍ നിലനില്‍ക്കുന്ന ഒരു കമ്പനിയെ സാങ്കേതികമായി ഒരു പ്രോജക്ടിന്റെ എസ്.പി.വി.യായി ചുമതലപ്പെടുത്താന്‍ കഴിയില്ല. ഈ മാനദണ്ഡവും ഇന്‍കെലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തെറ്റിച്ചു.

വിദേശ നിക്ഷേപം കൊണ്ടുവരിക എന്ന മുഖ്യ ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഇന്‍കെലിന് കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കുന്നത് വഴി സര്‍ക്കാരിന് മറ്റ് ലക്ഷ്യങ്ങളാണെന്ന് കരുതാനുള്ള കാരണവും ഇതൊക്കെയാണ്.

ഇതിനിടെ കിഫ്ബിയുടെ ധനസമാഹരണവും നിക്ഷേപവും പ്രോജക്ടുകളും കരാറുകളും സുതാര്യമല്ലെന്ന ആക്ഷേപമുണ്ടായതിനാല്‍ ഇവയെല്ലാം ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടറുടെ നിരീക്ഷണത്തിലാണ്. മുഖ്യമന്ത്രിയ്ക്ക് ധനമന്ത്രിയോടുള്ള ഇഷ്ടക്കേടാണ് ഇതിന് പിന്നിലെന്ന് പറയുന്നവരുമുണ്ടെങ്കിലും കിഫ്ബി ഓഫീസ് റെയ്ഡില്‍ പിടിച്ചെടുത്ത ഫയലുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അത്ര നല്ലതല്ലെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

(മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍