UPDATES

ശ്രീധരനുവേണ്ടി കേരളം; കൊച്ചി മെട്രോ ഉദ്ഘാടനം വിവാദങ്ങളില്ലാതെ മനോഹരമാക്കാം

ഓടിത്തുടങ്ങുമ്പോള്‍ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കാം

വിവാദങ്ങളുടെ ട്രാക്കില്‍ തന്നെയാണ് കൊച്ചി മെട്രോ റെയില്‍ എന്ന സ്വപ്‌നം ചലിച്ചു തുടങ്ങിയത്. മുന്നോട്ട് ഉരുണ്ട് തുടങ്ങിയതാകട്ടെ രാഷ്ട്രീയ-ഉദ്യോഗസ്ഥതലങ്ങളില്‍ പലവിധങ്ങളായി ഉണ്ടായ ആരോപണ പ്രത്യാരോപണങ്ങളുടെയും വിവാദങ്ങളുടെയും വിഴുപ്പും ചുമന്ന്. ഒടുവില്‍ കേരളത്തിന്റെ ഒരു സ്വപ്‌നപദ്ധതി, അതെത്രമേല്‍ പ്രതീക്ഷിച്ച ലക്ഷ്യം നേടുമെന്ന് അറിയില്ലെങ്കിലും(ട്രാഫ്ക് ബ്ലോക്കിന്റെ കാര്യം തന്നെ) യാഥാര്‍ത്ഥ്യമാകുമ്പോള്‍(ഒന്നാംഘട്ടം) ഓരോ മലയാളിയും അഭിമാനിക്കുന്നുണ്ട്. ഇത്രയും വലിയൊരു പദ്ധതി അത്രയധികമൊന്നും കാലതാമസം കൂടാതെ പൂര്‍ത്തിയായതുപോലും കേരളത്തിന് അത്ഭുതമാണ്. പക്ഷേ ഇതിനെല്ലാം അപ്പുറത്ത് ഒരു രസമെന്തെന്നാല്‍ സര്‍ക്കാരുകളെക്കാള്‍ മെട്രോയുടെ കാര്യത്തില്‍ ജനം വിശ്വസിച്ചതും പിന്തുണച്ചതും ഒരു വ്യക്തിയെ ആയിരുന്നു; ഈ ശ്രീധരനെ. ശ്രീധരന്‍ ആരാണെന്നും എന്താമെന്നും അറിയാവുന്നതുകൊണ്ടു തന്നെയാണ് മെട്രോ റെയിലിനുമേല്‍ മലയാളി കൂടുതലായി സ്വപ്‌നം കണ്ടതും. ജൂലൈ 17 ന് ഉദ്ഘാടനം നിര്‍വഹിക്കപ്പെടുന്ന കൊച്ചി മെട്രോ രാജ്യത്തിനല്ല, ലോകത്തിന് തന്നെ മാതൃകയാണെന്നാണ് സംസാരം.

പക്ഷേ മെട്രോ റെയില്‍ അതിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കുമ്പോള്‍ പോലും വിവാദം അവസാനിക്കുന്നില്ല എന്നതാണ് ഇന്നലത്തെ വാര്‍ത്ത. കാരണം, ഇങ്ങനെയൊരു സംരംഭത്തിനു ചുക്കാന്‍ പിടിച്ച ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് കൂടിയായ ഇ ശ്രീധരന് ഉദ്ഘാടനവേദിയില്‍ സ്ഥാനമില്ല. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും നല്‍കിയ ലിസ്റ്റില്‍ ശ്രീധരനെ കൂടാതെ പ്രതിപക്ഷ നേതാവ്, സ്ഥലം എംഎല്‍എമാര്‍ എന്നിവര്‍ക്കും സ്ഥാനമില്ല. കേരളം അയച്ച 17 പേരുടെ ലിസ്റ്റ് തിരുത്തിയാണ് ശ്രീധരനെ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കി പിഎംഒയില്‍ നിന്നും പുതിയ ലിസ്റ്റ് വന്നത്. ഇ. ശ്രീധരന് ഡിഎംആര്‍സിയില്‍ ഔദ്യോഗിക സ്ഥാനമില്ലെന്നതാണ് അദ്ദേഹത്തെ ഒഴിവാക്കിയതിന്റെ കാരണമായി പ്രധാനമന്ത്രിയുടെ ഓഫിസ് പറയുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന്റെ വേദിയില്‍ അധികം ആളുകളെ അനുവദിക്കാറില്ലെന്നതാണ് പ്രതിപക്ഷ നേതാവിനെയടക്കം മാറ്റിയതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ ഏതു സുരക്ഷയുടെ പേരിലായാലും ശ്രീധരനെ ഒഴിവാക്കിയത് നന്ദികേടാണെന്നാണ് ഇന്നലെ കേരളത്തിന്റെ മൊത്തത്തിലുള്ള പ്രതികരണം. പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം നടക്കുന്നത്. ശ്രീധരനും പ്രതിപക്ഷനേതാവ് ചെന്നിത്തലയ്ക്കും പിടി തോമസ് എംഎല്‍എയ്ക്കും കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിനും വേദിയില്‍ ഇടം കിട്ടണമെന്നാവിശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിലേക്ക് കത്തയച്ചിട്ടുണ്ട്. മെട്രോയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ തെളിയുന്ന മുഖമാണ് ഇ ശ്രീധരന്റേത്. അദ്ദേഹമടക്കമുള്ളവരുടെ സാന്നിധ്യം മെട്രോ ഉദ്ഘാടന വേദിയില്‍ വേണം എന്നാണ് സര്‍ക്കാരിന്റെ താതപര്യം എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫിസ് തെറ്റു തിരുത്തണമെന്നും ശ്രീധരനല്ലാതെ മറ്റാരെയാണു നാം ആദരിക്കേണ്ടതെന്ന മന്ത്രി കടകംപള്ളിയുടെ ചോദ്യവും കേരളത്തിന്റെ പൊതുവികാരമാണ്. അവസാന നിമിഷം ശ്രീധരനെക്കൂടി ഉള്‍ക്കൊള്ളിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് തയ്യാറാകുമോ എന്ന കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല.

അതേസമയം ഈ വിവാദത്തിലും വിമര്‍ശനങ്ങളിലുമൊന്നും ഇടപെടാതെ മാറിനില്‍ക്കുകയാണ് ശ്രീധരന്‍. വേദിയില്‍ സ്ഥാനം കിട്ടാത്തതില്‍ പരാതിയില്ലെന്നും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നും മാത്രമാണ് ശ്രീധരന്‍ ഈ വിഷയത്തില്‍ പ്രതികരണം നടത്തിയത്. ശ്രീധരന്റെ അതേ നിലപാടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്വീകരിച്ചത്. ഉദ്ഘാടനത്തിന് ക്ഷണിച്ചാലും ഇല്ലെങ്കിലും ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ഉദ്ദേശമില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങ് വിവാദങ്ങളില്ലാതെ കുറച്ചുകൂടി ഭംഗിയായി നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇതേ അഭിപ്രായമാണ് കേരളത്തിനും. ഇത്രയും വലിയൊരു സ്വപ്‌നം യഥാര്‍ത്ഥ്യമാകുമ്പോള്‍ അത് ഏറ്റവും മനോഹരമായി തന്നെ തുടങ്ങാന്‍ കഴിയണമായിരുന്നു. ഓടിത്തുടങ്ങുമ്പോള്‍ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍