TopTop
Begin typing your search above and press return to search.

നമ്മള്‍ പാഴാക്കുന്ന മറ്റുള്ളവരുടെ അന്നം

നമ്മള്‍ പാഴാക്കുന്ന മറ്റുള്ളവരുടെ അന്നം

 • മറ്റു ചിലര്‍ പങ്കുവയ്ക്കുന്ന സ്വകാര്യ അനുഭവങ്ങള്‍ നമ്മളെ ബാധിക്കുന്ന ഒന്നായി പലപ്പോഴും മാറാറുണ്ട്. എന്റെ സുഹൃത്ത് ഈയിടയ്ക്ക് അദ്ദേഹത്തിനുണ്ടായ ഒരനുഭവം പങ്കുവയ്ക്കുകയുണ്ടായി. തുറന്നു പറയട്ടെ, എന്റെ കണ്ണുതുറപ്പിക്കുന്ന ഒന്നായിരുന്നു അത്. എന്റെ മാത്രമല്ല, നമ്മുടെയെല്ലാം കണ്ണും മനസ്സും തുറന്നുവച്ച് ചിന്തിക്കേണ്ട കാര്യം തന്നെയാണ് അദ്ദേഹം പറഞ്ഞത്.

  ആ സുഹൃത്തിന്റെ അനുഭവത്തിലേക്ക് ആദ്യം പോകാം- അദ്ദേഹം ജര്‍മ്മനിയില്‍ എത്തിയ അവസരം. തന്റെയൊരു ജര്‍മ്മന്‍ സുഹൃത്തുമൊത്ത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ജര്‍മ്മന്‍ സുഹൃത്തിന് നല്ലൊരു വിരുന്ന് സമ്മാനിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സന്തോഷം അലയടിച്ച നിമിഷങ്ങളില്‍ വിവിധതരം ആഹാര പദാര്‍ത്ഥങ്ങളാണ് അവര്‍ക്ക് മുന്നില്‍ നിരന്നത്. രണ്ടു മനുഷ്യര്‍ക്ക് കഴിക്കാവുന്നതിലധികം. കഴിച്ചും കളി പറഞ്ഞും ഒടുവില്‍ അവര്‍ ടേബിള്‍ വിടുമ്പോള്‍ നല്ലൊരു പകുതി ആഹാരസാധനങ്ങള്‍ മിച്ചം വന്നിരുന്നു. കൈ കഴുകി ബില്ലു കൊടുക്കാനായി എന്റെ സുഹൃത്ത് നീങ്ങുന്നു. ഈ സമയം ഒരു വ്യക്തി അദ്ദേഹത്തെ സമീപിക്കുന്നു. താനൊരു സാമൂഹ്യപ്രവര്‍ത്തകനാണെന്ന് പരിചയപ്പെടുത്തിയ ആ മനുഷ്യന്‍ എന്റെ സുഹൃത്തിനെ ഞെട്ടിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ആവശ്യം അറിയിച്ചത്. അവര്‍ പാഴാക്കിയ ഭക്ഷണത്തിന് തുല്യമായ തുക പിഴ കെട്ടണം! അത് അവിടുത്തെ നിയമമാണ്. തനിക്ക് പിഴ ഈടാക്കാനുള്ള അധികാരം ഉണ്ടെന്ന് വ്യക്തമാക്കുന്ന ഐഡിന്റിറ്റി കാര്‍ഡും ആ മനുഷ്യന്‍ പ്രദര്‍ശിപ്പിച്ചു. തര്‍ക്കിക്കുന്നതില്‍ നമ്മള്‍ ഇന്ത്യക്കാര്‍ മോശമല്ലല്ലോ. എന്റെ സുഹൃത്തും ആ പതിവ് തെറ്റിച്ചില്ല. ഞാന്‍ പണം കൊടുത്താണ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചത്. കാശുമുടക്കിയ എനിക്ക് കഴിക്കാനും കളയാനുമുള്ള അവകാശമുണ്ടെന്ന് ആ സാമൂഹ്യപ്രവര്‍ത്തകനെ മനസ്സിലാക്കിക്കാനായിരുന്നു എന്റെ സുഹൃത്ത് വാദിച്ചത്. എന്നാല്‍ ആ വാദം വിലപ്പോയില്ല. 'ബില്‍ കൊടുത്ത് ഭക്ഷണം കഴിക്കുന്നതൊക്കെ ശരി, എന്നാല്‍ ഇങ്ങിനെ ഭക്ഷണം പാഴാക്കുന്നത് കുറ്റകരം തന്നെയാണ്. നിങ്ങള്‍ ചെയ്തത് ധൂര്‍ത്താണ്. പിഴ ഒടുക്കിയെ പറ്റൂ' എന്ന തന്റെ നിലപാടില്‍ ആ സാമൂഹ്യപ്രവര്‍ത്തകന്‍ ഉറച്ചു നിന്നു. കഥ കൂടുതല്‍ ദീര്‍ഘിപ്പിക്കാതെ പിഴ ഒടുക്കി എന്റെ സുഹൃത്ത് ആ സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.  ഈ അനുഭവം കേട്ടപ്പോള്‍ എനിക്ക് അത്ഭുതമാണ് അനുഭവപ്പെട്ടത്. ഇത്തരമൊരു നിയമം നമ്മുടെ രാജ്യത്തും ആവശ്യമല്ലേ! നമ്മുടെ നാടിന്റെ പല മേഖലകളിലും സംസ്‌കാര സമ്പന്നം എന്ന് അവകാശപ്പെടുന്ന സമൂഹത്തിലെ അംഗങ്ങളായ നമ്മള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടിയിരിക്കുന്നു. എനിക്ക് ചൂണ്ടിക്കാണിക്കാനുള്ള പ്രധാന മേഖല നമ്മുടെ പാഴാക്കല്‍ സംസ്‌കാരം തന്നെയാണ്. ഒരുപക്ഷേ നമ്മുടെ അജ്ഞതയുടെ ഫലമാകാം ഈ പാഴാക്കല്‍.

  ഒരു സമൂഹത്തിന്റെ പോഷകോന്മുഖമായ വളര്‍ച്ചയ്ക്ക് ഈ പാഴാക്കല്‍ പ്രക്രിയ വളരെ സങ്കീര്‍ണ്ണമായ തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള വേള്‍ഡ് ഫുഡ് ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് ലോകമാകമാനം ഏതാണ്ട് 920 മില്യണ്‍ മനുഷ്യരാണ് വിശപ്പുമാറ്റാന്‍ ഭക്ഷണം കിട്ടാതെ വലയുന്നത്. ഇന്ത്യയില്‍ തന്നെ 47 ശതമാനം കുട്ടികള്‍ പോഷകാഹാരക്കുറവു നേരിടുന്നവരാണ് എന്ന് എത്ര പേര്‍ മനസ്സിലാക്കിയിട്ടുണ്ട്? ലോകത്താകെ സമ്പൂര്‍ണ്ണാഹാരം എന്നത് കിട്ടാക്കനിയായി മാറിയ കുട്ടികളില്‍ മൂന്നിലൊരുഭാഗം നമ്മുടെ നാട്ടിലെ കുഞ്ഞുമക്കളാണെന്ന് നാം അറിയാതെ പോകരുത്. എന്നിട്ടും എന്തുകൊണ്ട് നമ്മുടെ രാജ്യത്തെ നിയമം ഭക്ഷണം പാഴാക്കുന്നതിനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല? നിയമവും സര്‍ക്കാരും മാത്രമല്ല ഇവിടെ ഉത്തരവാദിത്വം കാണിക്കേണ്ടത്, ഇത് നമ്മുടെ കൂടെ ഉത്തരവാദിത്വമാണ്. ഒരു ഭാഗത്ത് മനുഷ്യര്‍ പട്ടിണി കിടക്കുമ്പോള്‍ നമ്മള്‍ ഭക്ഷണം വേണ്ടാതെ കളയുകയാണ്!

  സങ്കടകരമായ ഒരു വസ്തുത നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മ തന്നെയാണ്. രാജ്യത്ത് ലക്ഷങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ നമ്മുടെ എഫ് സി ഐ ഗോഡൗണുകളിലെ ധ്യാനങ്ങള്‍ അഴുകിയും എലികള്‍ തിന്നും നശിച്ചു പോവുകയാണ്. ആസൂത്രണമില്ലായ്മയും, വിതരണത്തിലെ അപാകതകളും കൂട്ടിന് അഴിമതിയും ചേരുമ്പോള്‍ വിശപ്പിന്റെ കാരാഗൃഹത്തില്‍ മോചനമില്ലാതെ കുടുങ്ങിക്കിടക്കുന്ന ജനങ്ങളുടെ എണ്ണം എത്രയുണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ് പിടയുകയാണ്.  ഇവിടെ ഗവണ്‍മെന്റിനെ മാത്രം വിമര്‍ശിക്കുന്നതില്‍ എന്ത് അര്‍ത്ഥം! ഒരു രാഷ്ട്രം നിര്‍മ്മിക്കപ്പെടുന്നത് അവിടുത്തെ ജനങ്ങളാലാണ്. രാജ്യത്തിന്റെ പുരോഗതിക്ക് ഉതകുന്ന കടമകള്‍ നിര്‍വഹിക്കാന്‍ ആ രാജ്യത്തെ ഓരോ വ്യക്തിക്കും ബാധ്യതയുണ്ട്. ഉപയോഗ-സേവനകാര്യങ്ങളില്‍ വിവേക ബുദ്ധിയോടെ പ്രവര്‍ത്തിക്കാത്ത ഒരു ജനതയ്ക്ക് എങ്ങിനെ രാഷ്ട്രത്തിന്റെ പുരോഗതിയില്‍ ഭാഗഭാക്കാന്‍ കഴിയും? 'നിങ്ങള്‍ ഓരോത്തരും നിങ്ങള്‍ക്കാവിശ്യമില്ലാത്ത ഭക്ഷണം വലിച്ചെറിഞ്ഞു കളയുമ്പോള്‍ ഓര്‍ക്കുക, നിങ്ങള്‍ ചെയ്യുന്നത്, വിശന്നു വലയുന്ന ഒരുവന്റെ മേശപ്പുറത്ത് നിന്ന് അവന്റെ ഭക്ഷണം മോഷ്ടിക്കുന്നതിന് തുല്യമായ പ്രവര്‍ത്തിയാണെന്ന്'- ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ എത്രമാത്രം പ്രസക്തമാണ്!

  എന്റെ കുട്ടിക്കാലത്ത്, വീട്ടിലെ കാരണവന്മാര്‍ ഒരിക്കലും ഞങ്ങള്‍ കുട്ടികളെ ആഹാരം പാഴാക്കി കളയാന്‍ അനുവദിച്ചിരുന്നില്ല. ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമായിരുന്നില്ല അവരുടെ ഇടപെടലുകള്‍ ഉണ്ടായിരുന്നത്. ഏതൊരു വസ്തുവും ഏറ്റവും നന്നായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ കുട്ടികളെ പഠിപ്പിച്ചു തരാന്‍ കുടുംബത്തിലെ മുതിര്‍ന്നവര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

  ബെസ്റ്റ് ഓഫ് അഴിമുഖം


  ആദ്യ മാറ്റം അവനവനില്‍ തന്നെയാകട്ടെ
  അഞ്ചുലക്ഷം: ചിറ്റിലപ്പിള്ളിക്ക് പറയാനുള്ളത്
  മാതൃകയാകേണ്ടവരാണ് മാതാപിതാക്കള്‍
  വരാന്‍ പോകുന്നത് പട്ടിണിക്കാലം
  മലേറിയ: രക്തം, വിയര്‍പ്പ്, കണ്ണുനീര്‍
  ഉപഭോഗപരതയാണ് നമ്മളില്‍ ഈ പാഴക്കല്‍ സംസ്‌കാരം ശീലിപ്പിച്ചതെന്നാണ് എനിക്ക് തോന്നുന്നത്. നമുക്ക് എന്തെങ്കിലുമൊരു സാധനം ഫ്രീയായി കിട്ടിയെന്നിരിക്കട്ടെ, അല്ലെങ്കില്‍ ഏതെങ്കിലും പാക്കേജിന്റെ ഭാഗമായിട്ട് കൈവശം വന്നതായിരിക്കാം അത്, എങ്ങിനെയായാലും ഭാവനാശൂന്യമായ പ്രവര്‍ത്തിയിലൂടെ ആര്‍ക്കും പ്രയോജനമില്ലാതെ അത് പാഴാക്കി കളയുകയാണ് പതിവ്-ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഒരു വസ്തുതയാണിത്. ഇത് ചൂണ്ടിക്കാണിക്കാന്‍ നിരവധി ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. ഒരു ചെറിയ ഉദ്ദാഹരണം ചൂണ്ടിക്കാണിക്കട്ടെ; ആഹാരം കഴിച്ചു കഴിച്ച ശേഷം നമ്മള്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കാറുണ്ടല്ലോ. നമുക്ക് ആവശ്യമുള്ളതാണോ എടുക്കുന്നത്? അല്ല, ഒന്നില്‍ക്കൂടുതല്‍ എടുത്ത് ഒരാവിശ്യവുമില്ലാതെ വെറുതെ ചുരുട്ടിക്കൂട്ടി കളയുകയാണ്. സ്റ്റാര്‍ ഹോട്ടലുകളില്‍ കാണുന്നതാണ് ആവശ്യമില്ലാതിരുന്നിട്ടുപോലും ബെഡ് കവറുകളും, ടൗവ്വലുകളും മറ്റും ദിവസേന മാറ്റിമാറ്റി കൊണ്ടിരിക്കുന്നത്. വെള്ളം, വൈദ്യുതി, ഇന്ധനം- നമ്മള്‍ അനാവശ്യമായി പാഴാക്കുന്നവയുടെ നിര ഇനിയും ഒരുപാട് നീളും.  ഇതൊക്കെ ചെയ്യുമ്പോള്‍ എന്താണ് നമ്മുടെ മനസ്സില്‍. ഞാന്‍ പാഴാക്കുന്നുണ്ടെങ്കില്‍ ആ ചെലവ് വഹിക്കാന്‍ ഞാന്‍ കഴിവുള്ളവനാണ് എന്ന മനോഭാവമാണെങ്കില്‍, അത് സങ്കടകരമാണ്. മാറ്റപ്പെടേണ്ട മനോഗതിയുമാണത്. ഭക്ഷണമോ മറ്റേത് വിഭവമോ ആയിക്കോട്ടെ അത് അനാവശ്യമായി പാഴാക്കുമ്പോള്‍ അതിന് വകയില്ലാത്തവരെക്കുറിച്ച് കൂടി ഓര്‍ക്കുക. നിങ്ങളുടെ പ്രവര്‍ത്തി അധാര്‍മ്മികമാണ്. മാത്രമല്ല അതുമൂലം നിങ്ങള്‍ ചെയ്യുന്നത് നമ്മുടെ രാജ്യത്തിന്‍റെ സാമ്പത്തികരംഗത്തിന് ക്ഷതമേല്‍പ്പിക്കലാണ്. സാമൂഹികമായ ഉത്തരവാദിത്വമില്ലായ്മയാണ് നിങ്ങളുടെ പ്രവര്‍ത്തിയിലൂടെ വെളിവാക്കപ്പെടുന്നത്. ഓര്‍ക്കുക പ്രകൃതിയോട് ചെയ്യുന്ന ദോഷത്തിനും കൂടി നിങ്ങള്‍ ഉത്തരവാദികളാകുകയാണ്. ഒരു കാര്യം ആരും വിസ്മരിക്കരുത്, ആഗോളവിഭവങ്ങളുടെ നിലനില്‍പ്പ് അവ എങ്ങിനെ നമ്മള്‍ വിവേകപൂര്‍ണ്ണമായി ഉപയോഗപ്പെടുന്നു എന്നതിനെ ആശ്രയിച്ചുമാത്രമാണ്. നാളത്തെ തലമുറയ്ക്ക് ഇന്ന് നമ്മള്‍ ആസ്വദിക്കുന്ന അതേ വിഭവങ്ങളത്ര തന്നെ ബാക്കി വയ്‌ക്കേണ്ടതുണ്ടെന്നത് ഓര്‍മ്മയിലുണ്ടാവണം.

  വിവേകപൂര്‍ണമായ ഉപഭോഗം ധര്‍മ്മപ്രവര്‍ത്തിക്ക് തുല്യമാണ്. അതുവഴി സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാനാവുന്നതാണ്. കുടുംബം, സമൂഹം, വിദ്യാഭ്യാസ-മത സ്ഥാപനങ്ങള്‍,അധികാരസ്ഥാപനങ്ങള്‍- എന്നിവയ്‌ക്കെല്ലാം ഒരോ വ്യക്തിയിലും മേല്‍പ്പറഞ്ഞ ഉത്തരവാദിത്വം കുട്ടിക്കാലം മുതല്‍ പകര്‍ന്നു നല്‍കാനുള്ള തുല്യ ചുമതലയുണ്ട്. പൂര്‍ണ്ണാര്‍ത്ഥത്തില്‍ അവ നിര്‍വഹിക്കുകയാണെങ്കില്‍ മറ്റുള്ളവരെ മനസിലാക്കാന്‍ കഴിയുന്നൊരു സമൂഹം ഇവിടെ നിര്‍മ്മിക്കുക വളരെ എളുപ്പമായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

  പാഴാക്കല്‍ സംസ്‌കാരത്തിനെതിരെയുള്ള പോരാട്ടം നമുക്ക് ഈ നിമിഷം മുതല്‍ തുടങ്ങാം.


Next Story

Related Stories