TopTop
Begin typing your search above and press return to search.

ശത്രുവര്‍ഗത്തിന് മുതലെടുപ്പിന് അവസരം ഒരുക്കരുത്: സിപിഐയോട് കോടിയേരി

ശത്രുവര്‍ഗത്തിന് മുതലെടുപ്പിന് അവസരം ഒരുക്കരുത്: സിപിഐയോട് കോടിയേരി

ശത്രുക്കള്‍ക്ക് മുതലെടുപ്പിനുള്ള അവസരം ഇടതുപക്ഷ നേതാക്കള്‍ നല്‍കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണിക്കകത്ത് ചര്‍ച്ചയിലൂടെ പരിഹരിക്കും. ഇടതുനേതാക്കള്‍ ജാഗ്രത പാലിക്കണം. പ്രതിപക്ഷത്തിന് ആയുധം നല്‍കരുത്. സിപിഎം നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയ കാനം രാജേന്ദ്രന്‍ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും പൊലീസിനും എതിരെ നടത്തിയത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിനും കാനം മറുപടി നല്‍കിയിരുന്നു. ജിഷ്ണു കേസിലെ പൊലീസ് നടപടി അടക്കമുള്ളവ പരാമര്‍ശിച്ചായിരുന്നു ഇത്. കാനത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

കാനം ഉന്നയിച്ച ഓരോ വിമര്‍ശനങ്ങള്‍ക്കും കോടിയേരി മറുപടി പറഞ്ഞു. ജിഷ്ണു കേസില്‍ സര്‍ക്കാരിനോ പൊലീസിനോ വീഴ്ചയുണ്ടായിട്ടില്ല. ഡിജിപി ഓഫീസിന് മുന്നില്‍ സമരങ്ങള്‍ അനുവദിക്കാറില്ല. പൊലീസിന്‍റെ ഭാഗത്ത് നിന്ന് എന്തെങ്കിലും അതിക്രമം ഉണ്ടായിട്ടില്ലെന്നാണ് ദൃശ്യങ്ങള്‍ കാണുമ്പോള്‍ വ്യക്തമാകുന്നത്. ബന്ധുക്കളുടെ പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തി. മഹിജ സമരം ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. അല്ലാതെ തന്നെ പ്രശ്നം പരിഹരിക്കാമായിരുന്നു. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലല്ല. പൊലീസിന് നേരെ വെടി വയ്പ് നടത്തുകയും തിരിച്ചടിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് രണ്ട് അന്യ സംസ്ഥാനക്കാരായ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരായ പ്രചാരണം വസ്തുതാപരമല്ല.

വിവരാവകാശ നിയമം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്‌താല്‍ തീരാവുന്ന ആശയക്കുഴപ്പമേ ഇക്കാര്യത്തില്‍ ഉള്ളൂ. കാബിനറ്റ്‌ തീരുമാനങ്ങള്‍ ഉത്തരവായി വന്നതിന് ശേഷം മാത്രം പുറത്ത് വിട്ടാല്‍ മതിയെന്നതാണ് കോടതി ഉത്തരവിട്ടത്. വര്‍ഗീസിനെ കൊള്ളക്കാരനും കൊലപാതകിയുമായി ചിത്രീകരിച്ച് കൊണ്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. ഇത് തിരുത്തണമെന്ന സിപിഎം നിലപാടിന്റെ ഭാഗമായി സര്‍ക്കാര്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലില്‍ സിപിഎമ്മിനെതിരെ വ്യാജ പ്രചരണം നടത്തുകയാണ്. സിപിഎം പ്രവര്‍ത്തകര്‍ തന്നെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നേതൃത്വം നല്‍കുമ്പോഴാണ് ഇത്. സിപിഐക്ക് സിപിഎമ്മിനേക്കാള്‍ 10 വര്‍ഷം കൂടുതല്‍ ഭരണ പരിചയമുണ്ട്. സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും നേതൃത്വത്തിലുള്ള മുന്നണികളുടെ ഭാഗമായിരുന്നതിന്‍റെ പരിചയം അവര്‍ക്കുണ്ടെന്നും കോടിയേരി ഗൗരവഭാവത്തില്‍ പരിഹസിച്ചു.


Next Story

Related Stories