TopTop
Begin typing your search above and press return to search.

നിങ്ങളാരെ കമ്യുണിസ്റ്റാക്കിയെന്ന് കാലം ചോദിക്കും; മറുപടി പറയാന്‍ കോടിയേരിക്കാവുമോ?

നിങ്ങളാരെ കമ്യുണിസ്റ്റാക്കിയെന്ന് കാലം ചോദിക്കും; മറുപടി പറയാന്‍ കോടിയേരിക്കാവുമോ?

സി പിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ ഏറെക്കാലത്തിനുശേഷം ചിരിക്കുന്ന ഒരു മുഖം വന്നു. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി ഏറെ ദുഃഖിക്കുന്ന ഈ സന്ദര്‍ഭത്തിലും സദാ ചിരിച്ചുകൊണ്ടേ ഇരിക്കുന്നു. സി പി എം രൂപംകൊണ്ട ശേഷം അരനൂറ്റാണ്ട് പിന്നിടുകയാണ്. കോടിയേരിയെപ്പോലെ പ്രസാദവാനായ ഒരാള്‍ മുമ്പൊരിക്കലും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിട്ടില്ല. അദ്ദേഹത്തിന്റെ വിടര്‍ന്ന ചിരി പ്രതിസന്ധികളിലും പ്രശ്‌നങ്ങളിലും തട്ടിമായാതിരിക്കട്ടെ.

വി എസ് അച്യുതാനന്ദന്‍ പ്രതിഷേധപൂര്‍വം ഇറങ്ങിപ്പോയ സംസ്ഥാന സമ്മേളനമാണ് കോടിയേരി ബാലകൃഷ്ണനെ പാര്‍ട്ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ കേരളത്തിലെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സി പി എമ്മിന്റെ സ്ഥാപകനേതാവായ വി എസിന്റെ സാന്നിദ്ധ്യവും അനുഗ്രഹവും തന്റെ സ്ഥാനാരോഹണത്തിന് ഇല്ലെന്ന യാഥാര്‍ത്ഥ്യം മറച്ചുപിടിച്ചുകൊണ്ട് കോടിയേരി ചിരിക്കുന്നു. ഒരു കവിളില്‍ നിന്ന് മറ്റേകവിള്‍ വരെ നീളുന്ന വിടര്‍ന്ന ചിരി. സുരേഷ് കുറുപ്പിന്റെയോ എം എ ബേബിയുടെയോ തോമസ് ഐസക്കിന്റെയോ മന്ദഹാസത്തേക്കാള്‍ മികച്ചതാണ് കോടിയേരി ബാലകൃഷ്ണന്റെ ചിരി. മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ക്ക് പലര്‍ക്കും മനുഷ്യരെ കാണുമ്പോള്‍ മുഖത്തുനിന്നു മാഞ്ഞുപോകുന്ന ചാരുഹാസം കോടിയേരി ഇതാ ക്യാമറയ്ക്കു മുന്നില്‍ തിരിച്ചു കൊണ്ടുവന്നിരിക്കുന്നു. നല്ലത്.

ക്രോണി കാപ്പിറ്റലിസം അഥവാ ചങ്ങാത്ത മുതലാളിത്തത്തിന്റെ കാലമാണിത്. വിപ്ലവം നടത്തി തൊഴിലാളി വര്‍ഗ്ഗത്തിന്റെ സര്‍വാധിപത്യം ഇവിടെ സ്ഥാപിച്ചുകളയാമെന്ന വ്യാമോഹമൊന്നും മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ക്ക് ഉണ്ടാകാന്‍ ഇടയില്ല. നാട്ടിലെ കുറെ ശുദ്ധഗതിക്കാരായ പാവങ്ങള്‍ അങ്ങനെ തെറ്റിദ്ധരിച്ച് സി.പി.എമ്മില്‍ അണിചേര്‍ന്നെന്നു വരാം. മുതലാളിമാരോട് എങ്ങനെ വിട്ടുവീഴ്ച ചെയ്യണമെന്നും ജനാധിപത്യപരീക്ഷണത്തില്‍ തന്ത്രപൂര്‍വം ഇടപെട്ട് അധികാരം എങ്ങനെ കൊയ്യണമെന്നും കോടിയേരിയുടെ മുന്‍ഗാമികള്‍ നല്ല മെയ് വഴക്കത്തോടെ തെളിയിച്ചിട്ടുണ്ട്. സി എച്ച് കണാരന്‍, എ കെ ഗോപാലന്‍, ഇ എം എസ് നമ്പൂതിരിപ്പാട് തുടങ്ങിയ മുന്‍കാല സെക്രട്ടറിമാരുടെ കാഴ്ചപ്പാടില്‍ നിന്ന് ഇ കെ നായനാരുടെയും വി എസ് അച്യുതാനന്ദന്റെയും നേതൃവൈരുദ്ധ്യങ്ങളിലൂടെ സഞ്ചരിച്ച് 1996ല്‍ ചടയന്‍ ഗോവിന്ദനില്‍ സി പി എം സംസ്ഥാന നേതൃത്വം എത്തിച്ചേര്‍ന്നപ്പോള്‍ ലോകഭൂപടത്തില്‍ കമ്മ്യൂണിസം ക്യൂബയില്‍ ഒരു സിന്ദൂരപ്പൊട്ടുപോലെ ചുരുങ്ങിപ്പോയിരുന്നു. പിന്നെ വര്‍ഗ്ഗസമരത്തെക്കുറിച്ച് പറഞ്ഞാല്‍ ചൈനാക്കാര്‍ പോലും ചിരിക്കും. വൈരുദ്ധ്യാത്മക ഭൗതിക വാദമെന്ന് കേട്ടാല്‍ പ്രഭാത് പട്‌നായിക്കുപോലും നെറ്റിചുളിക്കും. അതിനാല്‍ ഇ.കെ. നായനാര്‍ വായ്‌മൊഴി വഴക്കത്തിലൂടെ വിലകുറഞ്ഞ തമാശകള്‍ പറഞ്ഞ് പാര്‍ട്ടിയിലെ അനുയായിവൃന്ദത്തെ രസിപ്പിച്ചു. വി എസ് അച്യുതാനന്ദന്‍ മാക്‌സിസം - ലെനിനിസം ഉപയോഗിച്ച് പാര്‍ട്ടിയിലെ സഖാക്കളോട് നിരന്തരമായി യുദ്ധം ചെയ്തു. പി വി കുഞ്ഞിക്കണ്ണനും പുത്തലത്തു നാരായണനും സി കെ ചക്രപാണിയും നിലംപരിശായി. എം വി രാഘവന്‍ പാര്‍ട്ടി വിട്ട് ശത്രുപാളയത്തില്‍ രാഷ്ട്രീയ അഭയം തേടി. കെ ആര്‍ ഗൗരിയമ്മയെ കബളിപ്പിച്ചു.ചടയന്‍ ഗോവിന്ദന്‍ സി പി എം സംസ്ഥാന സെക്രട്ടറിയാകുമ്പോള്‍ ഇന്ത്യയില്‍ ആഗോളവല്‍ക്കരണം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. സ്വകാര്യവല്‍ക്കരണവും ഉദാരവല്‍ക്കരണവും ഒരു യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. കമ്പ്യൂട്ടര്‍ എന്ന യന്ത്രത്തിനെതിരെ സമരം നയിച്ച സി പി എം സ്വന്തം സ്ഥാപനങ്ങളിലെല്ലാം പുതിയ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിക്കാനെന്നവിധം കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചുതുടങ്ങി. ജപ്പാനില്‍ അന്താരാഷ്ട്ര വ്യവസായ പ്രദര്‍ശനം കണ്ട് മടങ്ങി വന്ന കല്യാശ്ശേരിക്കാരന്‍ കെ പി പി നമ്പ്യാര്‍ മുഖ്യമന്ത്രി നായനാരെയും വ്യവസായ മന്ത്രി ഗൗരിയമ്മയെയും കണ്ട് കേരളത്തിന്റെ വ്യവസായ വികസന ഭാവി 'ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി' എന്ന നൂതന സങ്കേതത്തിലാണെന്ന് ധരിപ്പിച്ചു. ജപ്പാനില്‍ നമ്പ്യാര്‍ കണ്ടതു മുഴുവന്‍ കേള്‍ക്കാനോ അദ്ദേഹം പറഞ്ഞതെല്ലാം ഉള്‍ക്കൊള്ളാനോ മുഖ്യമന്ത്രി നായനാര്‍ക്കോ മന്ത്രി ഗൗരിയമ്മയ്‌ക്കോ ക്ഷമ ഉണ്ടായിരുന്നില്ല. എങ്കിലും തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് ഓണംകേറാമൂലപോലെ അവഗണിക്കപ്പെട്ടുകിടന്ന സ്ഥലം രാജ്യത്തെ ആദ്യത്തെ ടെക്‌നോ പാര്‍ക്ക് ആയി മാറുന്നതിനുള്ള അടിത്തറയിടാന്‍ സി പി എം നയിച്ച അന്നത്തെ ഇടതുമുന്നണി സര്‍ക്കാരിനു കഴിഞ്ഞു. തൊഴിലാളികള്‍ക്ക് നഷ്ടപ്പെടുവാന്‍ കൈച്ചങ്ങലകള്‍ മാത്രമല്ല ഉള്ളതെന്ന് സി പി എം നേതാക്കള്‍ തിരിച്ചറിഞ്ഞു. സര്‍വരാജ്യങ്ങളിലെയും അദ്ധ്വാനിക്കുന്ന വര്‍ഗ്ഗം ഒരിക്കലും ഇനി സംഘടിക്കാന്‍ പോകുന്നില്ലെന്നും തൊഴിലിന്റെ സിംഹഭാഗവും ചെയ്യുന്നത് കമ്പ്യൂട്ടര്‍ എന്ന യന്ത്രമാണെന്നും അവര്‍ മനസ്സിലാക്കി. മനുഷ്യരാശിയുടെ നാലാം തലമുറയിലെ വിനിമയ ഭാഷയായി ലോകമെങ്ങും വികസിച്ചു കഴിഞ്ഞ ഐ ടിയെന്ന അത്ഭുത യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ പാവം കാള്‍മാര്‍ക്‌സിന്റെ താളിയോല ചിന്തകള്‍ തവിടുപൊടിയാകുന്നത് സഖാക്കള്‍ കണ്ടു. പക്ഷേ അണികളോടും ജനങ്ങളോടും മാര്‍ക്‌സിസം കാലഹരണപ്പെട്ടുപോയെന്ന സത്യം ആരും തുറന്നു പറഞ്ഞില്ല. അങ്ങനെ പറഞ്ഞവരെ വര്‍ഗ്ഗശത്രുവെന്നും വിമതനെന്നും വിളിക്കാനാണ് നേതാക്കള്‍ ഉത്സാഹിച്ചത്.

കാര്‍ട്ടൂണിസ്റ്റ് രാജീന്ദര്‍പുരി (അദ്ദേഹം ഈയിടെ അന്തരിച്ചു) അന്നൊരിക്കല്‍ കൊച്ചിയില്‍ വന്നപ്പോള്‍ ഒരു കൂടിക്കാഴ്ചയ്ക്കിടയില്‍ ഈ ലേഖകനോട് പറഞ്ഞു: ''സി പി എം ഇന്നൊരു ദേശീയ തമാശയാണ്. പ്രകാശ് കാരാട്ട് ഒരു ഒന്നാന്തരം ജോക്കറും.'' കോണ്‍ഗ്രസ്സിനും ബി ജെ പിക്കും ബദല്‍ ഉണ്ടാക്കാന്‍ യു പിയിലെ മായാവതിയുടെയും തമിഴ്‌നാട്ടിലെ ജയലളിതയുടെയും പടിക്കല്‍ പൂച്ചെണ്ടുമായി പ്രകാശ് കാരാട്ട് എന്ന തൊഴിലാളി വര്‍ഗ്ഗ വിപ്ലവപ്പാര്‍ട്ടി തലവന്‍ ഔദാര്യത്തിന് കാത്തിരിക്കുന്ന കാലമായിരുന്നു അത്. ചുരുങ്ങിയ പക്ഷം ജയലളിത, മായാവതി എന്നീ കഥാപാത്രങ്ങളുടെ അവസരവാദ രാഷ്ട്രീയത്തെക്കുറിച്ചെങ്കിലും അറിയേണ്ട നേതാവായിരുന്നു പ്രകാശ് കാരാട്ട്. മതനിരപേക്ഷത, ജനാധിപത്യം എന്നീ പദങ്ങളുടെ അര്‍ത്ഥമൂല്യങ്ങള്‍ മാനിച്ചുകൊണ്ട് രാഷ്ട്രീയ സഖ്യം മെനയാന്‍ ഓടിനടക്കുന്നവര്‍ ഇന്തോ-യു എസ് ആണവക്കരാറിന്റെ പേരില്‍ ഒന്നാം യു പി എയില്‍ നിന്ന് പിന്മാറി മന്‍മോഹന്‍ സര്‍ക്കാരിനെ വീഴ്ത്താന്‍ വിഫലശ്രമം നടത്തി. സോമനാഥ് ചാറ്റര്‍ജിയോട് ലോക്‌സഭാ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ട് നാണം കെട്ടു. ആ വേനല്‍ക്കാലത്ത് ഭാര്യ വൃന്ദയും സഹോദരി രാധികയും കുടുംബാംഗങ്ങളും ഒത്ത് കാരാട്ട് അമേരിക്കയില്‍ രണ്ടാഴ്ചത്തെ സുഖവാസത്തിനുപോയി.

സ്വകാര്യ സ്വാശ്രയ കോളേജുകളെ എതിര്‍ക്കാന്‍ യുവാക്കളോട് സി പി എം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും അതിനെതിരെ സമരം നടത്തുമ്പോള്‍ നേതാക്കളുടെ സന്തതികള്‍ മുന്തിയ സ്വകാര്യ കോളേജുകളില്‍ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം തരപ്പെടുത്തി പഠനം തുടര്‍ന്നു. ആരാധനാലയങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ പല നേതാക്കളും മറന്നുപോയി. ക്ഷേത്രങ്ങളില്‍ മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ 'ശത്രുസംഹാര' പൂജ നടത്തിയ കൗതുക വാര്‍ത്ത വായിച്ച് ജനം ചിരിച്ചു. സി പി എം പ്ലീനത്തോട് ചേര്‍ന്ന് നടത്തിയ സെമിനാറില്‍ കോഴക്കേസ്സില്‍ ഇപ്പോള്‍ പാര്‍ട്ടി എതിര്‍ക്കുന്ന ധനമന്ത്രി കെ എം മാണിയായിരുന്നു പ്രധാന അതിഥിയും പ്രബന്ധ അവതാരകനും. മാണി കേരള മുഖ്യമന്ത്രിയാകാന്‍ സര്‍വയോഗ്യതയും തികഞ്ഞ 'സാര്‍ ചക്രവര്‍ത്തി' ആണെന്ന് പലതവണ പറഞ്ഞ നേതാവാണ് കോടിയേരി ബാലകൃഷ്ണന്‍. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് ഒരിക്കലെങ്കിലും ഈ നേതാവ് പറയുന്നത് കേരളം കേട്ടിട്ടില്ല.ഇങ്ങനെ എണ്ണിയാല്‍ തീരാത്ത വൈരുദ്ധ്യങ്ങളുടെ നീര്‍ച്ചുഴിയില്‍ ആശയവ്യക്തതയില്ലാതെ നട്ടം തിരിയുന്ന സി പി എം നേതൃത്വം കേരളത്തില്‍ സമീപകാലത്തൊന്നും ഒരു തൊഴില്‍ സമരം നടത്തിയിട്ടില്ല. ചെരുപ്പ് മുതലാളിമാരുടെ അടുക്കളയില്‍ വേവുന്ന ബിരിയാണി മണമുള്ള സി ഐ ടി യു നേതാക്കള്‍ മുതലാളിമാരെ ഉറ്റ ചങ്ങാതിമാരായാണ് കാണുന്നത്. പണി ആരു ചെയ്താലും കൂലി ബലമായി പിടിച്ചുവാങ്ങണമെന്നാണ് തൊഴിലാളികളെ പഠിപ്പിച്ചിട്ടുള്ളത്. അങ്ങനെ 'നോക്കുകൂലി' വാങ്ങി സംഘടിത തൊഴിലാളി അദ്ധ്വാനത്തിന്റെ മാര്‍ക്‌സിയന്‍ മഹത്വത്തെ അവഹേളിക്കാന്‍ പാര്‍ട്ടി കുടപിടിച്ചുകൊടുത്തു. കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വം നീചമായ ഈ പ്രവണത അവസാനിപ്പിക്കുമോ?

എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തില്‍ വന്ന് സി പി എം സംസ്ഥാന സെക്രട്ടറിയായ ആദ്യത്തെ നേതാവാണ് കോടിയേരി ബാലകൃഷ്ണന്‍. പിണറായി വിജയന്‍ വിദ്യാര്‍ത്ഥി നേതാവായിരുന്നപ്പോള്‍ എസ് എഫ് ഐ ഉണ്ടായിരുന്നില്ല. കലാലയ രാഷ്ട്രീയം അര്‍ത്ഥപൂര്‍ണ്ണവും ആശയ ബഹുലവും ആയിരുന്ന കാലത്തിന്റെ നേതാവ്. വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പ് യുദ്ധം നടത്തിയപ്പോള്‍ പിണറായി പക്ഷത്ത് തുടരണോ വി എസ് പക്ഷത്തേക്ക് ചായണോ എന്ന് ഇടവേളയില്‍ കോടിയേരി ശങ്കിച്ചു. ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കോടിയേരിയെ ഒരിക്കല്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ ഒന്നു കൊതിപ്പിച്ചു. പൊലീസ് ഐ ജി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യയുടെ സി ഡി നിര്‍മ്മാണ സ്റ്റുഡിയോയില്‍ മറ്റൊരു ഐ ജിയായ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ പൊലീസ് റെയ്ഡ് നടത്തി. ധാരാളം വ്യാജ സിഡികള്‍ പിടിച്ചെന്നായിരുന്നു വാര്‍ത്ത. പ്രതിയെ ശിക്ഷിക്കുന്നതിനു പകരം ഡി ജി പി രമണ്‍ ശ്രീവാസ്തവ റെയ്ഡിനു നേതൃത്വം നല്‍കിയ ഋഷിരാജ് സിംഗിന്റെ തൊപ്പി തെറിപ്പിച്ചു. മുഖ്യമന്ത്രി വി എസ് ഇടപെട്ട് സിംഗിന്റെ തൊപ്പി തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഡി ജി പി വഴങ്ങിയില്ല. വി എസ് ഡല്‍ഹിയില്‍ നിന്ന് മടങ്ങുംവഴി ആഭ്യന്തരമന്ത്രി കോടിയേരിയെ മുംബൈയില്‍ ട്രാവന്‍കൂര്‍ ഹൗസില്‍ രഹസ്യമായി കണ്ടു. പിണറായി ഗ്രൂപ്പെന്നും പറഞ്ഞ് വിജയന്റെ വാലില്‍ തൂങ്ങി നടക്കാതെ തന്റെ കൂടെ നില്‍ക്കാന്‍ വി എസ് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനായ ബാലകൃഷ്ണന്‍ തന്റെ അസാന്നിദ്ധ്യത്തില്‍ ഒന്നാമത് എത്തേണ്ടവനാണ്. വിജയനെ മുഖ്യമന്ത്രിയാക്കാന്‍ കളിക്കാതെ സ്വയം നാളെ ആ സ്ഥാനത്ത് എത്താന്‍ ശ്രമിക്കൂ എന്ന് ഉപദേശിച്ചു. ഈ സംഭാഷണത്തിന്റെ ഒടുവില്‍ കേരളത്തിലെ ഡി ജി പിക്ക് ആഭ്യന്തരമന്ത്രിയുടെ ഫോണ്‍ സന്ദേശം പോയി. ഋഷിരാജ് സിംഗിന് 36-ാം മണിക്കൂറില്‍ നഷ്ടപ്പെട്ട ഐ ജി കിരീടം തിരിച്ചുകിട്ടി. പക്ഷേ കോടിയേരി ബാലകൃഷ്ണനെ കണ്ണൂര്‍ ലോബി ഒറ്റപ്പെടുത്തി. പറശ്ശിനിക്കടവിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ ഉദ്ഘാടനം അടക്കം ഒരു പാര്‍ട്ടി പരിപാടിയിലും കുറേക്കാലം അടുപ്പിച്ചില്ല. ഉള്ളില്‍ കരഞ്ഞെങ്കിലും കോടിയേരിയുടെ മുഖത്തെ മായാത്ത ചിരി മൂലം സങ്കടങ്ങള്‍ ജനം മനസ്സിലാക്കിയില്ല.യു.ഡി.എഫ് സര്‍ക്കാരുമായി ഒത്തുതീര്‍പ്പ് സമരം നടത്തുന്ന വിപ്ലവനാട്യക്കാരുടെ പാര്‍ട്ടിയാണ് സി പി എം എന്ന പേരുദോഷം പേറുമ്പോഴാണ് പിണറായി വിജയനില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത്. തലശ്ശേരി നഗരത്തിന്റെ വടക്കും തെക്കും കിടക്കുന്ന രണ്ട് നാടുകളാണ് പിണറായിയും കോടിയേരിയും. എങ്കിലും വിജയനും ബാലകൃഷ്ണനും തമ്മില്‍ വലിയ അകലവും അന്തരവും ഉണ്ട്.

ഇതു കാഴ്ചയുടെ കാലം. മുടിയും മീശയും കറുപ്പിച്ച്, തേച്ചുമിനുക്കിയ വാചകങ്ങള്‍ ഉരുവിട്ട് അഭിനയിക്കുന്ന ദൃശ്യവിരുന്നാണ് രാഷ്ട്രീയമെന്ന് കരുതുന്ന നേതാക്കളും പ്രേക്ഷകരും കൂടുന്നു. കോടിയേരി ബാലകൃഷ്ണന് അതറിയാം. ആലപ്പുഴ സമ്മേളന പ്രതിനിധികള്‍ക്ക് ഉച്ചവിരുന്നില്‍ വിളമ്പിയ അമ്പലപ്പുഴ പാല്‍പ്പായസത്തില്‍ കല്ലുകടിച്ചിട്ടും കോടിയേരിയുടെ ചിരി മാഞ്ഞില്ല. കോടാനുകോടി മിഴികള്‍ തന്റെ മുഖത്തേക്ക് ഉറ്റുനോക്കുമ്പോള്‍ ഏത് രാഷ്ട്രീയ നടനാണ് ഇന്നസെന്റും മോഹന്‍ലാലും ആകാതിരിക്കാന്‍ പറ്റുന്നത്? ടെലിവിഷന്‍ ചാനലുകളുടെ റേറ്റിംഗ് കൂട്ടാനും പത്രങ്ങളുടെ പ്രചാരം വര്‍ദ്ധിപ്പിക്കാനും ഒരു നേതാവിനുപരി നല്ലൊരു നടനെയാണ് മാധ്യമ മുതലാളിക്ക് ഇന്നാവശ്യം. അതിനിടെ മാര്‍ക്‌സിസം മാറ്റി മാണിസം വേദി കൈയടക്കിയാല്‍ സി.പി.എം ഒരു പൊളിഞ്ഞ നാടക സമിതിയാകും. നിങ്ങളാരെ കമ്യൂണിസ്റ്റാക്കിയെന്ന് കാലം ചോദിക്കും. മറക്കരുത്.


Next Story

Related Stories