TopTop
Begin typing your search above and press return to search.

പാര്‍ട്ടിക്ക് ഇപ്പോഴും വി എസില്‍ പ്രതീക്ഷ: കോടിയേരി ബാലകൃഷ്ണന്‍

പാര്‍ട്ടിക്ക് ഇപ്പോഴും വി എസില്‍ പ്രതീക്ഷ:  കോടിയേരി ബാലകൃഷ്ണന്‍

അഴിമുഖം പ്രതിനിധി

വിഎസ് അച്യുതാനന്ദനെ പൂര്‍ണമായി തള്ളിക്കളയാതെ, തന്റെ രാഷ്ട്രീയ മെയ്‌വഴക്കം പ്രകടിപ്പിച്ചുകൊണ്ട് സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആദ്യ വാര്‍ത്ത സമ്മേളനം. വിഎസിന് പാര്‍ട്ടി എക്കാലത്തും വേണ്ട പരിഗണനകള്‍ നല്‍കിയിട്ടുണ്ടെന്നും അതിനിയും തുടരുമെന്നും കോടിയേരി അറിയിച്ചു. ഇപ്പോള്‍ വിഎസ് പ്രതിപക്ഷ നേതാവായി തുടരുന്നതിനാല്‍ ആ സ്ഥാനത്തേക്ക് പുതിയ ആളെ നിയമിക്കേണ്ടതില്ലെന്നും പുതിയ സംസ്ഥാന സെക്രട്ടറി പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ കഴിവ് തെളിയിച്ച ആളാണ് വിഎസ്.

കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയില്‍ വിഎസിന് ഇനിയും സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാം. അതിനുള്ള എല്ലാ അവകാശവും വിഎസിനുണ്ട്. സംസ്ഥാന കമ്മിറ്റിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത് യുക്തമായ സമയത്ത് പാര്‍ട്ടിക്ക് യുക്തമായ തീരുമാനം എടുക്കുന്നതിന് വേണ്ടിയിട്ടാണ്. പാര്‍ട്ടി ഇപ്പോഴും പ്രതീക്ഷ പുലര്‍ത്തുന്ന നേതാവാണ് വിഎസ്. ഇന്നലെ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാനും തന്റെ ഭാഗം ന്യായീകരിക്കാനും വിഎസിന് കഴിയുമായിരുന്നു എന്ന് കോടിയേരി ചൂണ്ടിക്കാട്ടി. എന്നാല്‍ വിഎസ് അതിന് തയ്യാറായില്ല. ഇവിടെ വന്നിട്ടുള്ള എട്ട് പിബി അംഗങ്ങളും ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കാനുള്ള അവസരം വിഎസ് പാര്‍ട്ടിക്ക് നല്‍കിയില്ല. വിലപേശല്‍ ഒരു കമ്മ്യൂണിസ്റ്റുകാരന് ചേര്‍ന്നതല്ലെന്നും അക്കാര്യത്തില്‍ വിഎസിന് തെറ്റുപറ്റിയിട്ടുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ ഇന്നലെ തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അദ്ദേഹത്തെ അറിയിച്ചിരുന്നു. വരുന്ന നിയമസഭ സമ്മേളനത്തിലും വിഎസ് പ്രതിപക്ഷ നേതാവായി തുടരുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി. എന്നാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയത്തിലെ ഒരു വാക്ക് പോലും ഒഴിവാക്കില്ലെന്ന് അദ്ദേഹം അസന്നിഗ്ദമായി പ്രഖ്യാപിച്ചു. പിബി കമ്മീഷന്റെ പരിഗണനയില്‍ ഉള്ള വിഷയമായതിനാലാണ് റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ഇന്നലെ മരവിപ്പിച്ചതെന്നും ഇത് പിണറായിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര പാര്‍ട്ടി സെന്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയത്. പാര്‍ട്ടി സെന്ററില്‍ പ്രവര്‍ത്തിക്കുന്നവരെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തുന്ന പതിവില്ല.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ സമരം സംഘടിപ്പിച്ചുകൊണ്ട് പുതിയൊരു രാഷ്ട്രീയ ധ്രൂവീകരണം സംസ്ഥാനത്ത് സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. ബാര്‍ കോഴ വിവാദത്തില്‍ സംസ്ഥാന ധനമന്ത്രിക്കെതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ അദ്ദേഹത്തെ ബജറ്റ് അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കരുത്. കെ എം മാണി സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ നിയമസഭയ്ക്കും അകത്തും പുറത്തും ശക്തമായ സമരം നടത്തും.

സിപിഎം സമീപകാലത്ത് ഏറ്റെടുത്ത സമരങ്ങളെല്ലാം വിജയമായിരുന്നു എന്നും കോടിയേരി അവകാശപ്പെട്ടു. ഇടതുപക്ഷ സമരത്തെ തുടര്‍ന്നാണ് സോളാര്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനും അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തയ്യാറായത്. മിച്ചഭൂമി സമരവും പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരായ സമരവും വന്‍വിജയമായിരുന്നു.

കയര്‍ മേഖലയിലെയും റബര്‍, നെല്‍ കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സമരങ്ങള്‍ ശക്തമാക്കും. പുതിയ ഒരു രാഷ്ട്രീയ സംസ്‌കാരം ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് വര്‍ഗ്ഗ, ബഹുജന സംഘടനകളുമായി ചേര്‍ന്ന് പരിപാടി തയ്യാറാക്കും.

കെ കൃഷ്ണന്‍ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അദ്ധ്യക്ഷനായി തുടരുമെന്നും പ്രായാധിക്യം മൂലം സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരില്‍ പാലൊളി മുഹമ്മദുകുട്ടി, എം എം ലോറന്‍സ്, കെ എന്‍ രവീന്ദ്രനാഥ് എന്നിവര്‍ സ്ഥിരം ക്ഷണിതാക്കള്‍ ആയിരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

പാര്‍ട്ടി വലിയ ചുമതലയാണ് തന്നെ ഏല്‍പിച്ചിരിക്കുന്നത്. കൃഷ്ണപിള്ള, സി എച്ച് കണാരന്‍, എകെജി, ചടയന്‍ ഗോവിന്ദന്‍, ഇ കെ നായനാര്‍, വിഎസ് അച്യൂതാനന്ദന്‍, പിണറായി വിജയന്‍ എന്നിവര്‍ ഇരുന്ന കസേരയിലേക്കാണ് താന്‍ വരുന്നത്. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാവരുടെയും പിന്തുണയും കോടിയേരി ബാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.Next Story

Related Stories