TopTop

കോടിയേരി, താങ്കള്‍ സി പി എമ്മിന്റെ സെക്രട്ടറിയാണ്; ഗൂണ്ടാ തലവനല്ല

കോടിയേരി, താങ്കള്‍ സി പി എമ്മിന്റെ സെക്രട്ടറിയാണ്; ഗൂണ്ടാ തലവനല്ല

സാജു കൊമ്പന്‍

'വീടുകള്‍ക്കും കടകള്‍ക്കും നേരെ അക്രമം പാടില്ല. എന്നാല്‍ നമ്മളെ ആക്രമിക്കാന്‍ ആരു വരുന്നുവോ അവരോടു കണക്കു തീര്‍ക്കണം. വന്നാല്‍ വന്നതു പോലെ തിരിച്ചുവിടില്ല എന്നു ഗ്രാമങ്ങള്‍ തീരുമാനിക്കണം. അക്രമം കണ്ടു സ്തംഭിച്ചു നിന്നിട്ടു കാര്യമില്ല. പ്രതിരോധിക്കണം. വയലില്‍ പണി തന്നാല്‍ വരമ്പത്തു കൂലി കിട്ടും.' ഈ പ്രസംഗം ഒരു സംഘപരിവാര്‍ വര്‍ഗ്ഗീയ ഭ്രാന്തന്‍റെയോ ഇസ്ളാമിക മതമൌലിക വാദികളുടെയോ മാവോയിസ്റ്റ് നേതാവിന്റെയോ അല്ലെങ്കില്‍ ഏതെങ്കിലും ഗൂണ്ടാ മാഫിയ തലവന്റെയോ അല്ല. ജനാധിപത്യ ക്രമത്തില്‍ ജനങ്ങളുടെ വോട്ട് വാങ്ങി ജനങ്ങളെ സേവിക്കുന്ന ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍റേതാണ്. ഇന്നലെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പയ്യന്നൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചതാണ് ഇത്.

ആ പ്രസംഗം ഇങ്ങനെ തുടരുന്നു ' അതുകൊണ്ടു സിപിഐഎമ്മിനോട് കളിക്കണ്ട. പൊലീസ് ആര്‍എസ്എസ് കൊലപാതകികളോടൊപ്പമാണ്. ആക്രമണങ്ങള്‍ നേരിടാന്‍ പാര്‍ട്ടിയിലെ യുവജനങ്ങള്‍ക്ക് കായിക പരിശീലനം നല്‍കണം'

കണ്ണൂര്‍ പോലെ സി പി എമ്മിന് മൃഗീയ ആധിപത്യമുള്ള ഒരു പ്രദേശത്ത് നടക്കുന്ന പാര്‍ട്ടി മീറ്റിംഗില്‍ ഇതല്ല ഇതിനപ്പുറവും പറയും. അതില്‍ അത്ഭുതപ്പെടേണ്ടതില്ല. അത് മിക്കപ്പോഴും പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കന്‍മാരുടെ ആവേശ പ്രസംഗം ആയിരിക്കും. എന്നാല്‍ സി പി എമ്മിന്റെ ഒരു സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ടു വന്നു കലാപാഹ്വാനം നടത്തുന്ന രീതിയില്‍ പ്രസംഗിച്ചത് ചിലപ്പോള്‍ ഇതാദ്യമായിരിക്കും.

1990 കളിലായായിരുന്നു ഒരു സെവന്‍സ് ഫുട്ബോള്‍ മാച്ചിന്റെ സ്കോര്‍ കാര്‍ഡ് പോലെ കണ്ണൂരില്‍ 'രാഷ്ട്രീയ' കൊലപാതകങ്ങള്‍ എന്ന പേരില്‍ നടക്കുന്ന അരുംകൊലകള്‍ ഇടതടവില്ലാതെ നടന്നത്. പലപ്പോഴും സമനിലയില്‍ ആകുമ്പോഴാണ് ഈ മൃഗയാ വിനോദം അവസാനിക്കുക. ഒരുപാട് പേരുടെ നിലവിളിയും ചോരയും മനോവിഭ്രാന്തിയുമൊക്കെയാണ് ഈ കളിയുടെ പരിണിത ഫലം. ഒടുവില്‍ സര്‍ക്കാരും പോലീസും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് നടത്തുന്ന ഓള്‍ പാര്‍ട്ടി മീറ്റിംഗ് എന്ന സമാപന സമ്മേളനത്തോടെ ഒരു സീസണിലെ കളി അവസാനിക്കും.

എന്തായാലും കൊലക്കത്തിയും ബോംബും കൊണ്ടുള്ള ഈ മരണക്കളി 2000 ത്തിന്റെ മധ്യത്തോടെ അല്‍പ്പമൊന്നടങ്ങി. കൊലപാതകം നടന്ന ഉടനെയുള്ള തിരിച്ചടികള്‍ ഇല്ലാതായി. അണികളെ വിട്ട് നേതാക്കന്‍മാരെ ലക്ഷ്യമിട്ട് തുടങ്ങിയപ്പോഴാണ് ഈ മാറ്റം വന്നു തുടങ്ങിയത് എന്നു ചിലര്‍ പറയുന്നു. മറിച്ച് കണ്ണൂരിലെ മാത്രമല്ല ജില്ലയ്ക്ക് പുറത്തുള്ള പൊതുസമൂഹവും ഇത് കാണുന്നുണ്ട് എന്ന ഭയം തെരഞ്ഞെടുപ്പിനെ നേരിടുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ബാധിച്ചതും ഒരു കാരണമായിട്ടുണ്ട്. കൂടാതെ മുഴുവന്‍ സമയ വാര്‍ത്താ ചാനലുകളുടെ കടന്നു വരവോടെ കൊലപാതക രാഷ്ട്രീയത്തിന്റെ മാരക ഭാവം കൂടുതല്‍ വ്യക്തമായി ആളുകളുടെ ഇടയില്‍ എത്തപ്പെടുന്നു എന്നതും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെ പിന്നോട്ടടിപ്പിച്ചു. 2014ല്‍ ടി പി ചന്ദ്രശേഖരന്റെ ദാരുണ കൊലപാതകത്തോടെ പൊതുസമൂഹം ഒന്നടങ്കം പ്രതികാര രാഷ്ട്രീയത്തിനെതിരെ അണിനിരക്കുകയും ചെയ്തു.എന്നാല്‍ പയ്യന്നൂര്‍ രാമന്തളി കുന്നരുവില്‍ ഈ മാസം ആദ്യം സിപിഐഎം പ്രവര്‍ത്തകനും മണിക്കൂറുകള്‍ക്കുള്ളില്‍ അന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടതോടെ കണ്ണൂര്‍ വീണ്ടും അതിന്റെ രക്തരൂക്ഷിത ഭൂതകാലത്തേക്ക് തിരിച്ചു പോകുകയാണ് എന്ന സൂചനയാണ് നല്‍കുന്നത്. സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുന്‍ വില്ലേജ് സെക്രട്ടറിയുമായ സി.വി ധനരാജിനെ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ബൈക്കുകളില്‍ പിന്തുടര്‍ന്ന് വീട്ടുമുറ്റത്ത് വെച്ച് വെട്ടിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് ബിഎംഎസ് പയ്യന്നൂര്‍ മേഖല പ്രസിഡന്റും ഓട്ടോ ഡ്രൈവറുമായ സി രാമചന്ദ്രനെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പോടെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. പ്രധാനമായും സി പി എമ്മും ബി ജെ പിയുമായിരുന്നു പ്രതിസ്ഥാനത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മ ഗ്രാമമായ പിണറായി ഈ അക്രമ സംഭവങ്ങളുടെ പേരില്‍ കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി. പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനത്തിന് നേരെ വാഹനം ഓടിച്ചു കയറ്റി ഒരു സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതോടെയാണ് ആക്രമണ പരമ്പരകള്‍ തുടങ്ങുന്നത്. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സി പി എമ്മും അതല്ല സി പി എമ്മിന്‍റെ തന്നെ വാഹനം കയറിയാണ് പ്രവര്‍ത്തകന്‍ മരണപ്പെട്ടതെന്ന് ബി ജെ പിയും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു. തുടര്‍ന്ന് ബി ജെ പി പ്രവര്‍ത്തകരുടെ വീടുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. സമാനമായ രാഷ്ട്രീയ ആക്രമ സംഭവങ്ങള്‍ കോഴിക്കോട് വടകരയിലും തൃശ്ശൂരും അരങ്ങേറി. തൃശൂരില്‍ ഒരു സി പി എം പ്രവര്‍ത്തകനും ബി ജെ പി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. സംസ്ഥാനം വീണ്ടും രാഷ്ട്രീയ അശാന്തിയിലേക്ക് തിരിച്ചു പോവുകയാണോ എന്ന് പൊതുസമൂഹം ഭയന്നു.

ഇതിനിടെ മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന്‍ അഭ്യന്തര വകുപ്പും കൂടി കൈകാര്യം ചെയ്യാന്‍ പോകുന്നു എന്ന് വാര്‍ത്ത വന്നതോടെ സംസ്ഥാനം സെല്‍ ഭരണത്തിലേക്കും രാഷ്ട്രീയ കൊലപാതകങ്ങളിലേക്കും തിരിച്ചുപോകും എന്ന മട്ടിലുള്ള പ്രചാരണം ഒരു വിഭാഗം അഴിച്ചുവിട്ടു. എന്നാല്‍ രാഷ്ടീയ, മത പരിഗണന കൂടാതെ നടപടി സ്വീകരിക്കും എന്ന നിലപാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അതേസമയം നടന്ന ആക്രമണ സംഭവങ്ങളില്‍ നിന്ന് പരമാവധി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ബി ജെ പിയുടെ കേന്ദ്ര നേതാക്കള്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി. തെരുവില്‍ നേരിടുമെന്ന് രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയെ തുടര്‍ന്ന് ബി ജെ പി പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ എ കെ ജി ഭവന് നേരെ ആക്രമണം നടത്തി.ഇതിനിടെ നന്ദി പ്രകാശിപ്പിക്കാന്‍ ഡല്‍ഹിയിലെത്തിയ പിണറായി വിജയന്‍ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത് ആകാംക്ഷയോടെയാണ് രാഷ്ട്രീയ സമൂഹം ഉറ്റു നോക്കിയത്. പ്രധാന മന്ത്രിയുമായുള്ള സംസാര മധ്യേ ‘നിങ്ങളുടെ പ്രവര്‍ത്തകരെ നിങ്ങള്‍ നോക്കിയാല്‍ ഞങ്ങളുടെ പ്രവര്‍ത്തകരെ ഞങ്ങള്‍ നോക്കിക്കൊള്ളാം’ എന്ന മട്ടില്‍ പിണറായി പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നു. സംസ്ഥാനത്തെ എല്ലാ ജനങ്ങളുടെയും പ്രതിനിധിയായ മുഖ്യമന്ത്രിയാണോ അതോ സി പി എമ്മിന്റെ നേതാവാണോ ഈ സംസാരിച്ചത് എന്ന് ജനങ്ങള്‍ മൂക്കത്ത് വിരല്‍ വെച്ചു. 'ധനരാജിനെ കൊന്നതിലുള്ള വിരോധമാണ് രാമചന്ദ്രന്റെ കൊലപാതകത്തിലേക്ക് നയിച്ചത്' എന്ന നിയമസഭയിലെ പിണറായിയുടെ പ്രസ്താവനയും ഒരു പാര്‍ട്ടി നേതാവിന്റെ ശബ്ദമായാണ് കേരളം കേട്ടത്.

എന്തായാലും രണ്ടു ഭാഗത്ത് നിന്നു പ്രതികളെ (?) പിടിച്ചതോടെ തത്ക്കാലം പ്രശ്നം അടങ്ങി എന്നു കരുതിയിരിക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രകോപനപരമായ പ്രസംഗം വിവാദമാകുന്നത്. ഇത് വീണ്ടും കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെ സംസ്ഥാന രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്ത് എത്തിച്ചിരിക്കുകയാണ്. എണ്ണത്തില്‍ കൂടുതല്‍ തങ്ങളുടെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത് എന്നു സി പി എം അവകാശപ്പെട്ടാലും അവരെ ഈ കൊലപാതകങ്ങളുടെ മുഖ്യപ്രതി സ്ഥാനത്ത് വെക്കാവുന്ന നിര്‍ണ്ണായക മൊഴിയാണ് കൊടിയേരിയുടെ വാക്കുകള്‍. ഇനി മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നും പ്രസംഗത്തില്‍ നിന്നു ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വ്യാഖ്യാനിച്ചു എന്നും വിശദീകരിച്ചാലും സംസ്ഥാന സെക്രട്ടറിയുടെ പ്രസംഗം ഉണ്ടാക്കിയ പരിക്കില്‍ നിന്നു സമീപകാലത്ത് ഒന്നും സി പി എമ്മിന് രക്ഷപ്പെടാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

കെ പി സി സി അദ്ധ്യക്ഷന്‍ വി എം സുധീരനും ബി ജെ പി പ്രസിഡണ്ട് കുമ്മനം രാജശേഖരനും പ്രസ്താവനകളുമായി രംഗത്ത് എത്തിക്കഴിഞ്ഞു. ഇത് നിയമ വാഴ്ചയെ വെല്ലുവിളിക്കലാണ് എന്നു രണ്ടു പേരും ഒരേ ശ്വാസത്തില്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടാതെ കോടിയേരിക്കെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് കുമ്മനം രാജശേഖരന്‍.

രാഷ്ട്രീയ നേതാക്കള്‍ ഇനിയും കടന്നു വരും. കൂടുതല്‍ പ്രസ്താവനകളുമായി രംഗം കൊഴുപ്പിക്കും. കാറ്റുള്ളപ്പോള്‍ പാറ്റുക എന്നതാണല്ലോ അവരുടെ സിദ്ധാന്തം. പക്ഷേ ഇത്ര മാത്രമേ ജനങ്ങള്‍ക്ക് അറിയേണ്ടതുള്ളൂ, എന്നാണ് നിഷ്കളങ്കരായ മനുഷ്യരുടെ ചോരകൊണ്ടുള്ള കളി നിങ്ങള്‍ അവസാനിപ്പിക്കാന്‍ പോകുന്നത്?

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)


Next Story

Related Stories