TopTop
Begin typing your search above and press return to search.

വീട്ടുകാരുടെ അനുമതിയോടെയുള്ള ചുംബനങ്ങളും പാര്‍ട്ടി സെക്രട്ടറിയുടെ സദാചാര പൊലീസിംഗും

വീട്ടുകാരുടെ അനുമതിയോടെയുള്ള ചുംബനങ്ങളും പാര്‍ട്ടി സെക്രട്ടറിയുടെ  സദാചാര പൊലീസിംഗും

"ഭാര്യയും ഭര്‍ത്താവും വീടിനകത്ത് ചെയ്യുന്ന കാര്യങ്ങള്‍ പുറത്ത് ചെയ്യണമെന്ന് പറഞ്ഞാല്‍ അത് പൊതുസമൂഹം അംഗീകരിച്ചെന്ന് വരില്ല" എന്നാണ് 2014 നവംബറിലെ ചുംബനസമര കാലത്ത് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പറഞ്ഞത്. കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ സമരരീതിയെ കുറിച്ച് പുനരാലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സദാചാര പൊലീസിനെതിരെ നടക്കുന്ന സമരങ്ങള്‍ പൊതുസമൂഹത്തിന്റെ അംഗീകാരം നേടണമെന്നും ഈ പ്രതിഷേധം സ്വന്തം വീട്ടുകാരെങ്കിലും അംഗീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊച്ചിയിലെ രണ്ടാം ചുംബനസമരത്തെ പറ്റി പറയുന്നത്. രണ്ട് വ്യക്തികള്‍ പൊതുസ്ഥലത്ത് വച്ച് ചുംബിക്കുന്നതിന് മുമ്പായി വീട്ടുകാരുടേയും നാട്ടുകാരുടേയും ബന്ധുക്കളുടേയും അംഗീകാരവും അനുമതിയും ആശിര്‍വാദവുമെല്ലാം വാങ്ങണം പോലും!

കോടിയേരിയുടെ പ്രസ്താവനയെ പരിഹസിച്ച് ട്രോളുകളുമായി സോഷ്യല്‍ മീഡിയ സജീവമാണ്. അച്ഛനും അമ്മയും കല്യാണത്തിന് ക്ഷണിക്കുന്ന മാതൃകയില്‍ മകളുടെ ചുംബനത്തിന് നാട്ടുകാരെ വിളിക്കുന്ന കത്ത് വരെ ഇറങ്ങിയിരിക്കുന്നു. പൊതുസമൂഹത്തിന്റെ ലൈംഗികത സംബന്ധിച്ച അടഞ്ഞതും കപടവുമായ മനോഭാവങ്ങളെ പെട്ടെന്ന് ഒരു ദിവസം കൊണ്ട് മാറ്റാന്‍ കഴിയില്ല. എന്നാല്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും ആദര്‍ശവത്കരിക്കുകയും ചെയ്യാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തന്നെ ശ്രമിച്ചാല്‍ അത് വലിയ ദുരന്തമായിരിക്കും. എറണാകുളം മറൈന്‍ ഡ്രൈവില്‍ സംസാരിച്ചിരിക്കുകയായിരുന്ന യുവതീയുവാക്കളെ ചൂരല്‍വടികളുമായെത്തി അടിച്ചോടിച്ച ശിവസേനാ പ്രവര്‍ത്തകരുടെ മാനസികാവസ്ഥയില്‍ നിന്ന് വലിയ ദൂരമൊന്നും ഇല്ല ഇവരുടേതിന്.

സദാചാര പൊലീസിംഗിന്‌റെ ഭാഗമായി നടക്കുന്ന ശാരീരിക അതിക്രമങ്ങളെ മാത്രമാണ് പിണറായിയും കോടിയേരിയും ചോദ്യം ചെയ്യുന്നതും എതിര്‍ക്കുന്നതും. അതേസമയം പൊതുസ്ഥലങ്ങളില്‍ പോലും വ്യക്തികള്‍ക്കുള്ള സ്വകാര്യതയെ മാനിക്കാന്‍ തയ്യാറല്ലാത്ത ആള്‍ക്കൂട്ട മനസിനെ ചോദ്യം ചെയ്യാനോ ആ സ്വകാര്യതയെ അംഗീകരിക്കാനോ ഇവരൊന്നും തയ്യാറല്ല എന്നതാണ് വസ്തുത. സദാചാര പൊലീസിംഗ് മാനസികാവസ്ഥയ്ക്ക് ഇവര്‍ അനുകൂലമാണ്. തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ തോളില്‍ കയ്യിട്ടിരുന്ന് സംസാരിച്ചുകൊണ്ടിരുന്ന യുവതിയേയും യുവാവിനേയും ഒരു കാര്യവുമില്ലാതെ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചുകൊണ്ടു പോയി അപമാനിച്ചു. നേരത്തെ പാലക്കാട് കോട്ടമൈതാനത്തും സമാനമായ സംഭവമുണ്ടായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സദാചാര പൊലീസുകാരുടേയും ഒറിജിനല്‍ പൊലീസുകാരുടേയും ഭാഗത്ത് നിന്ന് ഇത്തരം നിരവധി അക്രമങ്ങളുണ്ടായി. ചുംബിച്ചവരും ചുംബിക്കാത്തവരുമെല്ലാം അക്രമങ്ങള്‍ക്കിരയായി. രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു എന്ന ഒക്ടേവിയോ പാസിന്റെ വരികള്‍ രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ പൊലീസ് സ്‌റ്റേഷനിലെത്തുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ പുനരാഖ്യാനം ചെയ്യപ്പെട്ടു. രണ്ട് വ്യക്തികള്‍ തമ്മിലുളള വളരെ സ്വാഭാവികവും സാധാരണവുമായ സ്‌നേഹപ്രകടനമാണ് ചുംബനം. അത് അടച്ചിട്ട മുറിയിലോ തുറസായ പൊതുസ്ഥലത്തോ ആളുകള്‍ കൂടുന്ന സ്ഥലത്തോ എന്നത് ആ വ്യക്തികളുടെ സ്വാതന്ത്ര്യമാണ്. സമൂഹത്തിലെ മറ്റേതെങ്കിലും വ്യക്തികളുടെ സ്വാതന്ത്ര്യത്തെയോ ജീവിക്കാനുള്ള അവകാശത്തെയോ അത് ഹനിക്കുകയോ ഏതെങ്കിലും തരത്തില്‍ ഉപദ്രവമുണ്ടാക്കുകയോ ചെയ്യുന്നില്ല. അതിനെ ഭയപ്പെടുന്നത് ഒരു മാനസിക പ്രശ്‌നമാണ്. ചുവരുകള്‍ക്കുള്ളില്‍ രഹസ്യമായി മാത്രം കൈമാറാവുന്നതാണ് ചുംബനം എന്ന അബദ്ധ ധാരണ എങ്ങനെയുണ്ടാകുന്നു എന്നതാണ് പ്രശ്‌നം.

സദാചാര പൊലീസിംഗിനെതിരെ നിങ്ങള്‍ എന്തിന് ചുംബിച്ച് പ്രതിഷേധിക്കുന്നു എന്നാണ് ചോദ്യം. ചുംബനം വിലക്കുന്നവരോട് പിന്നെ എങ്ങനെ പ്രതിഷേധിക്കാനാണ് ? ചുംബനം നിരോധിക്കുന്ന അക്രമികളോട് മനുഷ്യച്ചങ്ങല കൊണ്ട് മാത്രം പ്രതിഷേധിക്കാനാവില്ല. അതിന് ചിലപ്പോള്‍ ചുംബനവും വേണ്ടി വരും. ചുംബിക്കാന്‍ നിങ്ങളെ ആരും നിര്‍ബന്ധിക്കുന്നില്ല. ചുംബനസമരത്തില്‍ പങ്കെടുത്തില്ല എന്ന് വച്ച് ആരും മോശക്കാരാവുന്നുമില്ല. അത് പല പ്രതിഷേധരീതികളില്‍ ഒന്നാണ്. എന്നാല്‍ അത് പാടില്ല എന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. ചുംബനവും സ്നേഹപ്രകടനങ്ങളുമെല്ലാം ഇത്തരത്തില്‍ പ്രകടനാത്മകമായി നടത്തേണ്ട കാര്യങ്ങളാണോ എന്നാണ് മറ്റൊരു ചോദ്യം. തീർത്തും സ്വാഭാവികമായ ഇത്തരം കാര്യങ്ങള്‍ പ്രകടനാത്മകമായി ചെയ്യേണ്ടി വരുന്ന സാഹചര്യം എങ്ങനെയുണ്ടാകുന്നു എന്നാണ് ആലോചിക്കേണ്ടത്. മനുഷ്യരുടെ സ്വാഭാവികമായ ചേർന്നിരിപ്പുകളെ, സ്വകാര്യതയെ, സ്വാതന്ത്ര്യത്തെ ഹിംസാത്മകമായി ആക്രമിക്കുമ്പോള്‍ വേറെന്ത് ചെയ്യാനാണ് ?

ചുംബനം മാത്രമല്ല രണ്ട് ലിംഗത്തില്‍ പെട്ടവര്‍ പരസ്പരം തൊട്ടുകൊണ്ട് ഇരിക്കുന്നതു പോലും ലൈംഗികമനോരോഗികളായ മലയാളികള്‍ക്ക് അസഹനീയമായിരിക്കുന്നു. അടിയന്തര ചികിത്സ വേണ്ട രോഗമാണിത്. കേരള പൊലീസ് നടത്തുന്ന സദാചാര പൊലീസിംഗിനെയാണ് ഏറ്റവും ഭയപ്പെടേണ്ടത്. ഇത്തരത്തിലുള്ള എല്ലാ അതിക്രമങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ബാദ്ധ്യതയുള്ളവരാണ് ഈ സദാചാര കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നതും പലപ്പോഴും സദാചാര ഗുണ്ടായിസം കാണിക്കുന്നതും. ആക്ഷന്‍ ഹീറോ ബിജുമാരും അവർക്ക് കയ്യടിക്കുന്നവരും അതേ മാനസികാവസ്ഥയിലുള്ള അവരുടെ ഭരണനേതൃത്വവും സ്വതന്ത്ര ജീവിതത്തിന് തടസം സൃഷ്ടിക്കുകയും വലിയ സാമൂഹ്യപ്രശ്‌നമായി മാറിയിരിക്കുകയുമാണ്.

Next Story

Related Stories