TopTop

ഒരു സസ്‌പെന്‍സ് ത്രില്ലര്‍ തമിഴ് പടം പോലെ കോടനാട് കൊലപാതകവും പ്രതികളുടെ അപകടമരണങ്ങളും

ഒരു സസ്‌പെന്‍സ് ത്രില്ലര്‍ തമിഴ് പടം പോലെ കോടനാട് കൊലപാതകവും പ്രതികളുടെ അപകടമരണങ്ങളും
ഒരു സസ്‌പെന്‍സ് ത്രില്ലര്‍ തമിഴ് സിനിമയിലെ രംഗങ്ങള്‍ പോലെയാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍. ആറുദിവസങ്ങള്‍ക്കു മുമ്പ്, ഏപ്രില്‍ 24 പുലര്‍ച്ചെയാണു തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ വേനല്‍ക്കാല വസതിയായ കോടനാട് എസ്‌റ്റേറ്റ് ബംഗ്ലാവിലെ കാവല്‍ക്കാരന്‍ നേപ്പാള്‍ സ്വദേശിയായ റാം ബഹാദൂര്‍ കൊല്ലപ്പെടുന്നത്. മറ്റൊരു കാവല്‍ക്കാരന്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാകുന്നു. മോഷണശ്രമത്തിനിടയിലാണ്  കാവല്‍ക്കാരന്‍ കൊലപ്പെട്ടതെന്നു പൊലീസ് കണ്ടെത്തുന്നു. മലയാളികള്‍ അടക്കം 11 പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ മലയാളികളായ നാലുപേരെ അറസ്റ്റ് ചെയ്തു.

ഇനിയാണു കഥയില്‍ ട്വിസ്റ്റുകള്‍ വരുന്നത്. കൊലപാതകം, മോഷണം എന്നീ കേസുകള്‍ ചുമത്തി നീലഗീരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതി എടപ്പാടി സ്വദേശി കനകരാജും, രണ്ടാം പ്രതി കോയമ്പത്തൂര്‍ മധുക്കര സ്വദേശി കെ വി സയനും ആയിരുന്നു. ഇന്നലെ വ്യത്യസ്തമായ രണ്ടു സ്ഥലങ്ങളില്‍ നടന്ന വാഹനാപകടങ്ങളില്‍ ഒന്നാം പ്രതി കനകരാജ് കൊല്ലപ്പെടുകയും സയന്റെ ഭാര്യയും മകളും കൊല്ലപ്പെടുകയും ഗുരുതരമായ പരിക്കുകളോടെ സയന്‍ ആശുപത്രിയില്‍ ആവുകയും ചെയ്തു. ഈ രണ്ട് അപകടങ്ങളും യാദൃശ്ചികമായ സംഭവിച്ചതല്ലെന്നും കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങള്‍ ആയിരുന്നുവെന്നുമാണ് ബലപ്പെടുന്ന സംശയം.

സയനും കുടുംബവും സഞ്ചരിച്ചിരുന്ന സാന്‍ട്രോ കാര്‍ ഇന്നലെ പുലര്‍ച്ചെയാണു ദേശീയപാതയില്‍ പാലക്കാട് കാഴ്ചപ്പറമ്പിനടുത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്ന കാറില്‍ നിന്നും ഉള്ളിലുണ്ടായവരെ പുറത്തെടുക്കുമ്പോള്‍ സയന്റെ ഭാര്യ വിനുപ്രിയയും മകള്‍ നീതുവും മരിച്ചിരുന്നു. എന്നാല്‍ വിനുപ്രിയയുടെയും നീതുവിന്റെയും കഴുത്തില്‍ സമാനസ്വഭാവത്തില്‍ കണ്ടെത്തിയ ആഴത്തിലുള്ള മുറിവ് സംശയം ജനിപ്പിച്ചു. കാര്‍ അപകടത്തില്‍ പെടുന്നതിനു മുന്നെ തന്നെ ഇരുവരും കൊല്ലപ്പെട്ടിരുന്നു എന്നു സംശയം ജനിപ്പിക്കുന്നതാണ് കഴുത്തിലെ മുറിവുകള്‍. ഒന്നുകില്‍ ഭാര്യയേും മകളെയും കൊന്നശേഷം സയന്‍ സ്വയം കാര്‍ ലോറിക്കു പിന്നിലേക്ക് ഇടിച്ചു കയറ്റിയതായിരിക്കണം; ആത്മഹത്യപോലെ. അതല്ലെങ്കില്‍ മറ്റാരുടെയോ കൈകള്‍ അതിന്റെ പിന്നില്‍ ഉണ്ട്. ഈ തരത്തിലാണു പൊലീസും ഈ അപകടത്തെ പ്രാഥമികമായി നോക്കി കാണുന്നത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സയന്റെ മൊഴി മജിസ്‌ട്രേറ്റ് നേരിട്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. സയനില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.

അഞ്ചുവര്‍ഷക്കാലം ജയലളിതയുടെ സ്വകാര്യവാഹനത്തിലെ ഡ്രൈവര്‍ ആയിരുന്ന കനകരാജ് ചെന്നൈ-ബംഗളൂരു ദേശീയപാതയില്‍ സേലത്തിനടുത്ത് ആത്തൂരില്‍ ഉണ്ടായ വാഹനാപകടത്തിലാണു കൊല്ലപ്പെട്ടത്. രാവിലെ എട്ടരയ്ക്കായിരുന്നു അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കനകരാജിനെ ഒരു കാര്‍ വന്നിടിക്കുകയായിരുന്നു. അപകടമുണ്ടായ ഉടനെ കാറില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീടിവര്‍ പൊലീസില്‍ കീഴടങ്ങിയെന്നാണു വിവരം. കനകരാജിന്റെ മരണത്തിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുന്ന പൊലീസിനെ ആദ്യം കുഴയ്ക്കുന്നത് മറ്റൊരു ചോദ്യമാണ്. സേലത്തു നിന്നും 75 കിലോമീറ്റര്‍ അകലെയുള്ള ആത്തൂരിലേക്ക് കനകരാജ് ബൈക്കില്‍ പോയത് എന്തിനാണെന്ന ചോദ്യം.


നീലഗിരിക്കുന്നിലെ പുരാതനമായ ഹില്‍ സ്റ്റേഷനായ കോട്ടഗിരിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് കോടനാട് എസ്‌റ്റേറ്റ്. ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന പൈന്‍ മരക്കാടുകളും തേയിലത്തോട്ടങ്ങളും നിറഞ്ഞ ഇവിടെയാണ് ജയലളിതയുടെ വേനല്‍ക്കാല വസതി. 1.600 ഏക്കര്‍ സ്ഥലത്താണു രാജകീയമായ ആ വേനല്‍ക്കാല വസതി. പക്ഷേ അധികമാരും കയറി കണ്ടിട്ടില്ലാത്ത ആ വസതിയെ കുറിച്ച് കൂടുതല്‍ വര്‍ണിക്കാന്‍ കഴിയില്ല. എങ്കിലും നാട്ടുകാര്‍ പറയുന്നത് ഒമ്പത് വ്യത്യസ്തമായ ഗേറ്റുകളാണ് ബംഗ്ലാവിലേക്ക് കയറാനായി ഉള്ളതെന്നാണ്. പക്ഷേ ഏറ്റവും പ്രധാനപ്പെട്ട ആളുകള്‍ ഒഴിച്ച് ആരും തന്നെ ആ ഗേറ്റുകള്‍ താണ്ടി ഉള്ളിലേക്കു പോയിട്ടില്ല.

ജയലളിതയുടെ മരണശേഷം പക്ഷേ കാര്യങ്ങള്‍ തിരിഞ്ഞു. ജയയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്ന ആ വസതിയുടെ സുരക്ഷാ ചുമതല നേരത്തെ നൂറുകണക്കിനു പൊലീസുകാരുടെ കൈകളിലായിരുന്നെങ്കില്‍ ജയയുടെ മരണശേഷം കോടനാട് ബംഗ്ലാവിനുമേലുള്ള ശ്രദ്ധ കുറഞ്ഞു. ഏതാനും കാവല്‍ക്കാരുടെ മാത്രം ചുമതലയായി അതു മാറി. ഈ സാഹചര്യം തന്നെയാണു ചിലര്‍ മുതലെടുത്തത്.

വെറുമൊരു മോഷണമായിരുന്നില്ല അവിടെ നടന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. അണ്ണാ ഡിഎംകെയില്‍ പരസ്പരമുള്ള പടവെട്ടലുകളും പിടിച്ചടക്കലും പുറത്താക്കലുകളും നടക്കുമ്പോള്‍ കോടനാട് ബംഗ്ലാവില്‍ നടന്ന മോഷണത്തിനും ഗൗരവം ഏറെയുണ്ട്. മോഷണത്തില്‍ എന്തൊക്കെയാണു നഷ്ടപ്പെട്ടിരിക്കുന്നത് എന്നറിയുമ്പോഴാണ് ആ ഗൗരവം വര്‍ദ്ധിക്കുന്നത്. മോഷണസംഘം ബംഗ്ലാവിനുള്ളില്‍ രണ്ടു മുറികളിലാണു കയറിയത്. ജയലളിതയുടെയും ശശികലയുടെയും. ജയലളിതയുടെ മുറിയില്‍ പ്രധാനപ്പെട്ട പല രേഖകളും സൂക്ഷിച്ചിട്ടുണ്ടായിരുന്നു എന്നാണു വിവരം. പോയസ് ഗാര്‍ഡനിലെ വേദനിലയത്തിന്റെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്നതുള്‍പ്പെടെയുള്ള രേഖകള്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നതായും പറയുന്നു. രണ്ടു സ്യൂട്ട്‌കെയ്‌സുകള്‍ ഇവിടെ നിന്നും നഷ്ടപ്പെട്ടതായും പറയുമ്പോള്‍ മോഷണം മറ്റാരൊക്കെയോ ചേര്‍ന്നു തീരുമാനിച്ചുറപ്പിച്ചതാണന്നു വ്യക്തം. ഇപ്പോഴും ജയയുടെ സ്വത്തിന്റെയെല്ലാം അവകാശം ആര്‍ക്കാണെന്നതില്‍ വ്യക്തതയില്ല. വേദനിലയം ശശികലയുടെ സഹോദര ഭാര്യ ഇളവരശിയുടെ പേരില്‍ എഴുതിവച്ചെന്ന കഥയും കെട്ടുകഥയാകാനാണു സാധ്യത.അതേസമയം മോഷണം ആസൂത്രണം ചെയ്ത കനകരാജ് മറ്റൊരു നിധി തേടിയാണ് എത്തിയതെന്നും പറയുന്നു. 200 കോടി രൂപ ആ ബംഗ്ലാവില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് കനകരാജിന് അറിയാമായിരുന്നുവത്ര! ജയലളിത മരിക്കുകയും ശശികല ജയിലില്‍ ആവുകയും ചെയ്തതോടെ എസ്‌റ്റേറിലെ കാര്യങ്ങളില്‍ അധികമാരും ശ്രദ്ധിക്കുന്നില്ലെന്നു മനസിലാക്കി 200 കോടി തട്ടാന്‍ കനകരാജ് ആസൂത്രണം ചെയ്തതാണ് മോഷണം എന്നു കരുതാം എന്ന നിലയിലാണ് ഈ സംശയം ഉയരുന്നത്. തന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നുവെന്ന് മനസിലാക്കിയതോടെയാണ് ജയലളിത കനകരാജിനെ പിരിച്ചു വിടുന്നത്. അതുകൊണ്ട് തന്നെ കനകരാജിന്റെ പശ്ചാത്തലം നേരായതല്ലായിരുന്നുവെന്ന് പൊലീസിന് മനസിലായിട്ടുണ്ട്.

പണം മോഷ്ടിക്കാന്‍ വന്നു എന്നത് ആരോ എഴുതിയ തിരക്കഥയിലെ സംഭാഷണങ്ങളാണെന്നാണു പൊലീസ് കരുതുന്നത്. യഥാര്‍ത്ഥ ലക്ഷ്യം പണമല്ല, രേഖകള്‍ തന്നെയായിരിക്കാം എന്നും പൊലീസ് കരുതുന്നു. ആ രേഖകള്‍ എല്ലാം മോഷ്ടാക്കള്‍ക്കു കിട്ടിയോ? കിട്ടിയ രേഖകള്‍ മറ്റാരുടെയെങ്കിലും കൈകളില്‍ എത്തിയോ, അതോ കനകരാജും സയനുമെല്ലാം ഡബിള്‍ ഗെയിം കളിക്കാന്‍ ശ്രമിച്ചോ എന്നൊക്കെയാണു പൊലീസ് അന്വേഷിക്കുന്നത്. രേഖകള്‍ മറ്റാരുടെയെങ്കിലും കൈകളില്‍ കിട്ടിയിട്ടുണ്ടെങ്കില്‍ കനകരാജിനും സയനും പിറകെ ഇനിയും ആളുകള്‍ കൊല്ലപ്പെടുകയോ അപകടത്തില്‍ പെടുകയോ ചെയ്യാമെന്നും പൊലീസ് ഭയക്കുന്നു.

Next Story

Related Stories