TopTop
Begin typing your search above and press return to search.

ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കുവേണ്ടി കൊന്നൊടുക്കാനുള്ളതല്ല മനുഷ്യജീവിതങ്ങള്‍; മിണ്ടാപ്രാണികളും

ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കുവേണ്ടി കൊന്നൊടുക്കാനുള്ളതല്ല മനുഷ്യജീവിതങ്ങള്‍; മിണ്ടാപ്രാണികളും

ചരിത്രത്തിലേക്ക് ചില ദുരന്തങ്ങള്‍ കടന്നുവരുന്നത് പരിഹാസ രൂപത്തിലായിരിക്കും. ക്ഷേത്രങ്ങളില്‍ കരിയും കരിമരുന്നും പാടില്ല എന്നു പറഞ്ഞത് നാരായണ ഗുരുവാണ്. ക്ഷേത്രങ്ങള്‍ വേണ്ട, സരസ്വതി ക്ഷേത്രങ്ങള്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മുട്ടിനുമുട്ടിന് അദ്ദേഹത്തിന്റെ പേരില്‍ ഗുരുദേവക്ഷേത്രങ്ങള്‍ പണികഴിപ്പിച്ച്, അദ്ദേഹത്തെ പ്രതിഷ്ഠിച്ച്, അദ്ദേഹത്തിന്റെ കോലം ആനപ്പുറത്തെഴുന്നുള്ളിച്ച്, വെടിക്കെട്ടോടെ ഉത്സവം നടത്താന്‍ തുടങ്ങി. തലശ്ശേരി ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിനു മുന്‍പുതൊട്ട് കേരളം കരിമരുന്നിന്റെ ഭീകരദുരന്തങ്ങളുടെ ചൂടറിഞ്ഞു തുടങ്ങിയിരുന്നു. കൊല്ലത്ത് ദുര്യോധന ക്ഷേത്രത്തില്‍ രണ്ട് പ്രാവശ്യം അപകടം ഉണ്ടായിട്ടുണ്ട്. പക്ഷേ അതിനൊന്നും ഒരു നിയന്ത്രണം കൊണ്ടുവരാന്‍ ഭക്തജന കമ്മറ്റികളെന്ന പേരില്‍ അവതരിച്ചിരുന്ന വിശ്വാസികള്‍ അനുവദിച്ചിരുന്നില്ല.

ക്ഷേത്രസംബന്ധമായ ജീവിതം നയിച്ചിരുന്നതുകൊണ്ട് കരിമരുന്ന് അപകടവും ആനയുടെ പകയും നേരിട്ട് കണ്ടനുഭവിക്കാന്‍ തീരെ ചെറിയ പ്രായം മുതല്‍ സാധിച്ചിട്ടുണ്ട്. പില്ക്കാലത്ത് ക്ഷേത്രവും അന്ധവിശ്വാസങ്ങളും ഉപേക്ഷിച്ച ശേഷം തിരിഞ്ഞു നിന്നു നോക്കുമ്പോഴാണ് എത്ര അപകടരമായിട്ടാണ് വിശ്വാസിസമൂഹം 'കരി'മരുന്ന് പുരണ്ട കൈവെള്ളയാല്‍ അപകടം മണപ്പിക്കുന്നതെന്ന് ഞെട്ടലോടെ തിരിച്ചറിയുന്നു. പല ക്ഷേത്രങ്ങളിലും വെടിക്കെട്ടിന്റെ ഭാഗമായി ആകാശത്തേക്ക് കത്തിച്ചു വിട്ട നിലത്തമിട്ടുകള്‍ പൊട്ടാതെ ജനക്കൂട്ടത്തിനിടയില്‍ വീണ് പരിക്ക് പറ്റുന്നതിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. പലപ്പോഴും ദീപാരാധന കഴിഞ്ഞിട്ടാണ് വെടിക്കെട്ടിന് തീ കൊളുത്താനുള്ള ചൂട്ടുകറ്റ ആചാരപരമായി കത്തിച്ചു വാങ്ങാന്‍ കുളിച്ചൊരുങ്ങി വെടിക്കെട്ടുകാരന്‍ ക്ഷേത്രനടയില്‍ എത്തുന്നത്. പലപ്പോഴും മദ്യലഹരിയില്‍ അമ്പലത്തിനകത്തേക്ക് കയറാതെ തീ പകര്‍ന്നത് ഏറ്റുവാങ്ങാന്‍ പുറത്ത് സഹായികളും ഉണ്ടാവും. യാതൊരുവിധ പ്രത്യേക പരിശീലനവും ഇല്ലാത്ത സാധാരണക്കാരില്‍ സാധരണക്കാരുടെ വീരസ്യം കാണിക്കല്‍ ചടങ്ങുകൂടിയാണത്. വെടിക്കെട്ടുകാര്‍ എന്ന പേരില്‍ അവതരിക്കുന്നവരില്‍ ഭൂരിഭാഗവും എക്‌സോപ്‌ളോഷന്‍ സംബന്ധമായ ഒരു വിവരവും ഇല്ലാത്തവരാണ്.

ഒരു പ്രാവശ്യം തൃശ്ശൂര്‍ പൂര വെടിക്കെട്ട് സമയത്ത് തൊട്ടടുത്തുള്ള ഹോസ്പിറ്റലില്‍ ഒരു സുഹൃത്തിനു സഹായിയായിട്ട് നിന്നതോര്‍മ്മയുണ്ട്. അന്നാണ് വെടിക്കെട്ട് കമ്മറ്റിക്കാര്‍ എത്ര ഹീനമായിട്ടാണ് മനുഷ്യാവകാശം പന്താടുന്നതെന്ന് അനുഭവിച്ചറിഞ്ഞത്. ജില്ലാ ആശുപത്രിയിലടക്കം വെടിക്കെട്ട് നടക്കുന്നതിനു വലിയ ദൂരത്തിലല്ലാതെ എത്ര രോഗികളാണുള്ളതെന്നും അവരുടെ ആരോഗ്യത്തെ ഈ കരിമരുന്ന് പുകയും ശബ്ദവും ഏതു തരത്തില്‍ ബാധിക്കും എന്നും നോക്കാതെയുള്ള ഒരു ക്രിമിനല്‍ പരിപാടിയുടെ പേരാണ് തൃശ്ശൂര്‍പൂരം വെടിക്കെട്ട്. അതിലുപരി മൃഗപീഡനത്തിന്റെ പരമോന്നത കാഴ്ച്ചയ്ക്ക് പറയുന്ന പേരാണ് തൃശ്ശൂര്‍ പൂരം എഴുന്നുള്ളത്ത്. രണ്ട് പ്രാവശ്യം ആനയുടെ പുറത്തിരുന്ന് ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നിട്ടുണ്ട്. അതിലൊന്ന് എറണാകുളം ജില്ലയില്‍ വെച്ച് ഒരു ക്ഷേത്രോത്സവത്തിന്റെ എഴുന്നെള്ളിപ്പിനിടെ മദ്യലഹരിയിലായിരുന്ന പാപ്പന്റെ നിലവിട്ടുള്ള പെരുമാറ്റത്താല്‍ സംഭവിച്ചതാണ്. വെറുതെ നിന്ന ആനയെ എന്തോ പറഞ്ഞു പാപ്പന്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി. അടിയില്‍ ആന ഓരോ പ്രാവശ്യവും കഴുത്ത് വെട്ടിച്ച് ഛിന്നം വിളിച്ചപ്പോഴും പാപ്പന്‍ ആള്‍ക്കൂട്ട ലഹരിയില്‍ 'ബ്ടാനെ' 'സെറ്റിയാനെ' പറഞ്ഞ് അടി തുടര്‍ന്നു. കച്ചക്കയറില്‍ കാലിട്ടിരിക്കുന്നതുകൊണ്ട് ആന ഓരോ പ്രാവശ്യവും പതിവിലധികം കഴുത്ത് വെട്ടിക്കുമ്പോള്‍ കച്ചക്കയറില്‍ കോര്‍ത്ത് വെച്ചിരിക്കുന്ന കാലിന്റെ തൊലിയുരഞ്ഞു പോവുന്നുണ്ടായിരുന്നു. ആനപ്പുറത്തിരുന്ന് പാപ്പാനെ ചീത്ത വിളിച്ചിട്ടും അയാള്‍ക്ക് കേള്‍ക്കാനുള്ള ബോധമില്ല. ഭയന്നപോലെ തന്നെ ആന പിന്തിരിഞ്ഞ് ഓടാന്‍ തുടങ്ങി. പൂരത്തിന് എഴുന്നെള്ളിച്ചു നിന്ന മറ്റ് ആനകളുടെ പാപ്പന്‍മാരുടെ സഹായത്തോടെ ആനയെ ഒന്ന് അടക്കി നിര്‍ത്തിയതും പിന്നിലിരുന്ന രണ്ട് പേരും ചാടി. തിടമ്പും പിടിച്ചിരിക്കുന്ന എനിക്ക് ചാടാന്‍ അത്രയെളുപ്പം സാധിക്കില്ല. തിടമ്പ് താഴത്ത് വീഴുക എന്നത് ആചാരപരമായി വലിയ പ്രശ്‌നമാണ്. അതുകൊണ്ട് പരമാവധി അത് സംരക്ഷിച്ചേ പറ്റു. ഒടുവില്‍ ആരുടെയോ വീടു നിര്‍മ്മിക്കാന്‍ കൂട്ടിയിട്ടിരുന്ന ചരലിലേക്ക് പാപ്പന്മാരുടെ സഹായത്തോടെ ചാടി രക്ഷപ്പെട്ടത് എന്തോ ഭാഗ്യം എന്നു പറയാം.

അവസാനം ഒരു ആന ഇടയല്‍ അടുത്തറിഞ്ഞത് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലാണ്. അന്ന് ആനപ്പുറത്ത് തിടമ്പുമായ് കയറുന്നത് സജീവാണ്. വളരെ യാഥാര്‍ത്ഥ്യബോധത്തോടെ തന്നെ ഞാന്‍ പറഞ്ഞു; സജീവേ ആനച്ചോറു വേണ്ട, പരികര്‍മ്മത്തിനു പോയാല്‍ മതി; ഇത് അപകടം പിടിച്ച പണിയാണ്. എന്തോ അല്‍പസമയം കഴിഞ്ഞു കിട്ടിയ വാര്‍ത്ത ആനയിടഞ്ഞതിന്റെതാണ്. ഒപ്പമുണ്ടായിരുന്ന, ശരീരാരോഗ്യം അത്ര മെച്ചമല്ലാത്ത വാസുവേട്ടന്‍ ഏറ്റവും മുന്നില്‍ നിന്ന ആനയുടെ പുറത്ത് നിന്ന് ഗോപുരവാതിലിന്റെ നടയില്‍ വീണു. ഒന്നിനു പുറകെ ഒന്നായി മൂന്ന് ആനകള്‍ അദ്ദേഹത്തെ കവച്ച് വെച്ച് പോയി; നിലത്തുവീണതിന്റെ പരിക്കല്ലാതെ വിരണ്ട ആനകളൊന്നിന്റെയും കാല്‍പ്പാദം ആയുസ്സിന്റെ ബലം കൊണ്ട് അദ്ദേഹത്തിന്റെ ദേഹത്ത് പതിഞ്ഞില്ല.

ഇതിത്രയും കുറിച്ചത് ക്ഷേത്രവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന നിരവധിയാളുകളുടെ അഭിപ്രായം പുറത്തേക്ക് പറയാന്‍ തന്നെ ഉദ്ദേശിച്ചാണ്. നിങ്ങള്‍ ഒരഭിപ്രായ സര്‍വ്വേ നടത്തിക്കോളൂ; ഭൂരിഭാഗം തന്ത്രിമാരും ക്ഷേത്രജീവനക്കാരും ആനയെഴുന്നെള്ളത്തും കരിമരുന്ന് പ്രയോഗവും നിര്‍ത്തിയാല്‍ അതിനെ എതിര്‍ക്കുന്നവരല്ല. കാലാനുസരണം ആചാരം മാറ്റുന്നതിനെ എതിര്‍ക്കുന്നവരുടെ സംഖ്യയും കുറഞ്ഞു വരുന്നുണ്ട്. കൊല്ലത്തെ ദുരന്തം ഒരു നല്ല നിയന്ത്രണം കൊണ്ടുവരാനുള്ളതിന്റെ ഉത്തമ അവസരമായിക്കരുതി വൈകാതെ നടത്തും എന്ന് പ്രതീക്ഷിക്കുന്നു. ഒരാവശ്യവുമില്ലാതെ പകല്‍ പൂരത്തിനും രാത്രിപൂരത്തിനും കൊട്ടിയെഴുന്നെള്ളിക്കുന്ന ആനകളുടെയും മരട് , കണിച്ചുകുളങ്ങര തുടങ്ങി രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വെടിക്കെട്ടുകള്‍ ഉള്ള ക്ഷേത്രങ്ങളിലുള്‍പ്പെടെ എല്ലാ വെടിക്കെട്ടുകളും നിരോധിക്കാന്‍ വൈകണ്ട. പഴയകാലംപോലെ സുദീര്‍ഘ വിസ്തൃതിയുള്ള സ്ഥലങ്ങളൊന്നും നാട്ടില്‍ നിലവിലില്ല അഥവാ സ്ഥലം ഉണ്ടായാല്‍ തന്നെ വേണ്ട സുരക്ഷയൊരുക്കാന്‍ സാധിക്കില്ല. അഥവ സുരക്ഷ ഒരുക്കിയാല്‍ത്തന്നെ പരിസ്ഥിതി സംബന്ധമായ കാര്യങ്ങളും ഇവയുടെ പരിപാലനവും ഒരു മതത്തിന്റെയും ആരാധനാലയവുമായി ബന്ധപ്പെട്ട് പാലിക്കപ്പെടാറില്ല. ആവശ്യം വേണ്ട വിദ്യാഭ്യാസവും പരിചരണവും കിട്ടാത്ത വെടിക്കെട്ടുകാര്‍ക്കും അവരെ കെട്ടിയെഴുന്നുള്ളിക്കുന്ന ഭക്തജനങ്ങളെന്ന പേരില്‍ മുന്നിലെത്തുന്ന കാര്യവിവരമില്ലാത്ത ആഘോഷ, ആചാരക്കമ്മറ്റിക്കാര്‍ക്കും ആള്‍ക്കൂട്ടങ്ങളുടെ ആരവത്തിനും വേണ്ടി കൊന്നൊടുക്കാനുള്ളതല്ല നാട്ടിലെ മനുഷ്യജീവിതങ്ങള്‍; ഒപ്പം കാട്ടില്‍ ജീവിക്കേണ്ട മിണ്ടാപ്രാണികളും.

ഭക്തജന സമിതികളെന്ന സംഘടിത ജാതി, മതക്കൂട്ടങ്ങളുടെ നിയമവിരുദ്ധമായ പ്രവൃത്തികള്‍ക്ക് കണ്ണടച്ച് കൊടുത്ത നീതി, നിയമ സംവിധാനങ്ങള്‍ക്കും ഇതൊരു പാഠമാണ്. ഈ വെടിക്കെട്ട് നടത്തിക്കൊടുക്കാന്‍ കണ്ണടയ്ക്കാന്‍ ഇടപെട്ട എംപി മാരും രാഷ്ട്രീയക്കാരും ഒക്കെ ഇപ്പോള്‍ കൈകഴുകുമായിരിക്കും. മിക്കവാറും എല്ലാ ആരാധനാലയങ്ങളിലും സമാനസംഭവം തന്നെയാണ് നടക്കുന്നത്. ഈ നിര്‍ഭാഗ്യ സംഭവത്തിന്റെ പേരില്‍ കുറച്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷനും സ്ഥലംമാറ്റവും കൊടുത്ത് വിവാദം താത്ക്കാലം ഒഴിവാക്കാതെ, മുഖം നോക്കാതെ, നിയമം നടപ്പിലാക്കാന്‍ ഇനിയെങ്കിലും സര്‍ക്കാരും നിയമപാലകരും ഒന്നിക്കട്ടെ. വിശ്വാസം വേണ്ടവര്‍ക്ക് കൊണ്ടാടാം; അത് മനുഷ്യ ജീവനുകളെ പന്താടിക്കൊണ്ടല്ല. മൃഗങ്ങളുടെ ജീവനുകളെയും പരിസ്ഥിതിയെയും സംരഷിച്ചുകൊണ്ടുകൂടിയാവണം അത്. ഏതു ദുരന്തത്തിന്റെ പേരിലും പണം ചിലവാകുന്നത് അടിസ്ഥാനപരമായി പൊതുജനങ്ങളുടെ തന്നെയാണ്. അധികൃതരുടെ അനാസ്ഥകളില്‍ നിന്നും ഉടലെടുക്കുന്ന ഇത്തരം ദുരന്തങ്ങള്‍ മുഴുവന്‍ രാജ്യത്തിന്റെയും ശക്തിയെ ചോര്‍ത്തിക്കളയുന്നതിനു കാരണക്കാരായവര്‍ എല്ലാക്കാലവും രക്ഷപ്പെടുന്നുണ്ട്. കൊല്ലത്തേത് ബോധപൂര്‍വ്വമായ മനുഷ്യഹത്യയാണ്. അതില്‍ അമ്പലക്കമ്മിറ്റിക്കാരും രാഷ്ട്രീയക്കാരും അവരെപ്പേടിച്ച് നിയമം നടപ്പാക്കാന്‍ മടിച്ച പോലീസുകാരും ഒക്കെ ചേര്‍ന്ന് വരുത്തിവെച്ച ദുരന്തം. കരിയും കരിമരുന്നും നിരോധിക്കാന്‍ ഇനി മടിക്കണമോ നീതിപീഠമേ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories