TopTop
Begin typing your search above and press return to search.

ഈ തെരഞ്ഞെടുപ്പ് കാലത്തെങ്കിലും 'കോന്നി പെണ്‍കുട്ടികളെ' വീണ്ടും ഓര്‍ക്കാം

ഈ തെരഞ്ഞെടുപ്പ് കാലത്തെങ്കിലും കോന്നി പെണ്‍കുട്ടികളെ വീണ്ടും ഓര്‍ക്കാം

അഴിമുഖം പ്രതിനിധി

കോന്നി പെണ്‍കുട്ടികളുടെ ദുരൂഹ മരണം ഒരു കെട്ടുകഥയായി അവസാനിക്കാന്‍ പോകുന്നു. മൂവരും ആത്മഹത്യ ചെയ്തതാണ് എന്ന കണ്ടെത്തലില്‍ പോലീസ് എത്തിയിരിക്കുന്നു എന്നുള്ളതാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പെണ്‍കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടില്ലെന്നും അന്വേഷണസംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസില്‍ സംശയിക്കതായി ഒന്നുമില്ലെന്നും അന്വേഷണം മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കുട്ടികളുടെ മാതാപിതാക്കളുടെ പല സംശയങ്ങള്‍ക്കും ഇതുവരെ മറുപടി ലഭിച്ചിട്ടുമില്ല.

ആതിര ആര്‍. നായര്‍, എസ്. രാജി, ആര്യാ സുരേഷ് എന്നിവരെ കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് കാണാതാവുന്നത്. ജൂലൈ 10ന് പാലക്കാട് പൂക്കോട്ടുകുന്ന് റെയില്‍വേ സ്‌റ്റേഷനടുത്ത് ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. ആതിര, രാജി എന്നിവര്‍ സംഭവ സ്ഥലത്തും ഗുരുതരമായി പരുക്കേറ്റ ആര്യാ സുരേഷ് ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തു.

പ്ലസ്ടുവിന് മാർക്ക് കുറയുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിദ്യാര്‍ഥികള്‍ക്ക് ആശങ്കയുണ്ടായിരുന്നു എന്നും പത്താം ക്ലാസിൽ മികച്ച മാർക്ക് നേടിയ വിദ്യാർത്ഥികൾ പിന്നീട് പഠനത്തിൽ പിറകോട്ട് പോയതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിരാശയും സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയും മാനസികമായി അലട്ടിയിരുന്നതായി കുട്ടികളുടെ ഡയറിക്കുറിപ്പ് തന്നെ വ്യക്തമാക്കുന്നു, വിഷാദാവസ്ഥയിലായ ഇവർ പലതവണ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയിരുന്നു, പരസ്പരം കൈമാറിയ സന്ദേശങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ആതിര മാത്രമാണ് പ്ലസ് വൺ ഫലം പുറത്തു വന്നപ്പോൾ എല്ലാ വിഷയങ്ങൾക്കും ജയിച്ചത്. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയായിരുന്ന ആര്യാ സുരേഷ് രണ്ടു വിഷയങ്ങള്‍ക്കും രാജി ഒരു വിഷയത്തിനും പരാജയപ്പെട്ടിരുന്നു. റിസല്‍ട്ട് വരുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നത്. ആര്യാ സുരേഷ് പേരാമ്പ്ര സ്വദേശിയുമായി പ്രണയത്തിലായിരുന്നെങ്കിലും മൊബൈല്‍ ഫോണ്‍ വഴി മാത്രമാണ് ഇവര്‍ ബന്ധപ്പെട്ടിരുന്നതെന്നും ഇവര്‍ പരസ്പരം കണ്ടിരുന്നില്ല എന്നും അന്വേഷണ സംഘം കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വിദ്യാര്‍ഥിനികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായി സൂചനയില്ല എന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അടൂര്‍ ഡി.വൈ.എസ്പി റഫീഖിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

എന്നാല്‍ മരിച്ച മൂന്നു കുട്ടികളില്‍ ഒരാളായ രാജിയുടെ അമ്മ സുജാത പറയുന്നത് പോലീസ് അന്വേഷണം ശരിയായ ദിശയിലല്ല എന്നാണ്. കൂടാതെ തങ്ങളുടെ സംശയങ്ങള്‍ക്കൊന്നും പോലീസ് വില കല്‍പ്പിച്ചിട്ടില്ല എന്നും അവര്‍ വ്യക്തമാക്കുന്നു.

‘മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല. എന്റെ മകളുടെ സ്വഭാവം എന്തെന്ന് എനിക്കറിയാം. അതുകൊണ്ടു തന്നെ അവള്‍ ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പോലീസ് ആദ്യം പറഞ്ഞത് വീട്ടിലെ സാമ്പത്തികബാധ്യത കാരണമാണ് കുട്ടികള്‍ ജീവിതം അവസാനിപ്പിച്ചത് എന്നാണ്. ഇപ്പോള്‍ അവര്‍ പറയുന്നത് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാലോ എന്നുള്ള ആശങ്കയാണ് മരണത്തിലേക്ക് കുട്ടികളെ നയിച്ചത് എന്നാണ്. അതില്‍ നിന്ന് തന്നെ വ്യക്തമല്ലേ ശരിയായ അന്വേഷണം അല്ല നടന്നിരിക്കുന്നത് എന്ന്’-സുജാത ആരോപിക്കുന്നു.കുട്ടികളെ കാണാതായ ദിവസം ബന്ധുക്കളെ മാനസികമായി പീഡിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെന്നും പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു ശ്രമവും ഉണ്ടായില്ലെന്ന ആരോപണവുമായി ആര്യയുടെ ഇളയച്ഛന്‍ സുഭാഷ് രംഗത്തെത്തിയിരുന്നു. ജൂലൈ 9നു രാത്രി തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്നു മുതല്‍ കുട്ടികളെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ ദിവസം വരെ പോലീസ് തങ്ങളെ ചോദ്യം ചെയ്ത് സമയം ചെലവഴിച്ചു. ആര്യയുടെ ഡയറിയും ടാബിന്റെ നമ്പറും മറ്റുമെല്ലാം അന്നു രാത്രി തന്നെ പോലീസിനു നല്‍കിയിരുന്നു. എന്നാല്‍ കുട്ടികള്‍ എവിടെയെന്ന് അന്വേഷിക്കാതെ പോലീസ് തങ്ങളെ ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നും സുഭാഷ് ആരോപിച്ചിരുന്നു. ഇതേ അഭിപ്രായം തന്നെയാണ് സുജാതയും പങ്കുവച്ചത്. സുജാതയുടെ 317ല്‍ അവസാനിക്കുന്ന ഫോണ്‍നമ്പര്‍ മാസങ്ങളായി പോലീസ് കസ്റ്റഡിയിലായിരുന്നു. അടുത്തിടെയാണ് അവര്‍ സിം ഡുപ്ലിക്കെറ്റ് എടുക്കുന്നത്.

കേസ് അട്ടിമറിക്കാന്‍ ആരോ ശ്രമിക്കുന്നുണ്ട് എന്ന സംശയം കൂടി സുജാതയ്ക്കുണ്ട്. തങ്ങളെ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് കാണിച്ചതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണ് എന്നും അവര്‍ വ്യക്തമാക്കി.

‘വക്കീലിന്റെ ഓഫീസില്‍ ലഭിച്ച റിപ്പോര്‍ട്ട് അദ്ദേഹം വായിക്കുകയും ‘നിങ്ങളെ കാണിക്കേണ്ട ഒന്നും ഇതിലില്ല’ എന്ന് പറയുകയും റിപ്പോര്‍ട്ട് കാണിക്കാതിരിക്കുകയുമാണ്‌ ചെയ്തത്. തുടക്കത്തില്‍ ഞങ്ങളെ സഹായിച്ച വക്കീല്‍ ഇപ്പോള്‍ നിലപാടു മാറ്റുകയാണ്. ഇതിന്റെ പിന്നില്‍ ആരോ കളിക്കുന്നുണ്ട് എന്നെനിക്കു സംശയമുണ്ട്’-സുജാത തന്റെ ആശങ്കകള്‍ പങ്കുവച്ചു.

പെണ്‍കുട്ടികള്‍ ബംഗളൂരുവില്‍ നാല് ദിവസത്തിനുള്ളില് രണ്ട് തവണ യാത്ര ചെയ്തതായുള്ള സ്ഥിരീകരണം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അവിടം സന്ദര്‍ശിച്ചിരുന്നു. അവിടെ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും വിദ്യാര്‍ഥിനികള്‍ മാത്രമാണ് ബാംഗളൂരു ലാല്‍ ബാഗ് ഗാര്‍ഡനില്‍ ഉണ്ടായിരുന്നത് എന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നു.

സുജാതയ്ക്ക് ഇക്കാര്യത്തിലും സംശയമുണ്ട്.കുട്ടികള്‍ ആദ്യം മാവേലിക്കരയിലെത്തി അവിടെനിന്നും ഫോണ്‍ ചെയ്തിരുന്നതായി അവര്‍ പറയുന്നു. ബെംഗളുരുവിലേക്ക് രണ്ടു തവണ യാത്ര ചെയ്തതിനു ശേഷം ആത്മഹത്യ ചെയ്തു എന്നുള്ളത് യുക്തിക്ക് ദഹിക്കാത്ത ഒരു ന്യായം ആണെന്നും അവര്‍ സൂചിപ്പിക്കുന്നു. കൂടാതെ കുട്ടികള്‍ ആദ്യം ടിക്കറ്റ് എടുത്തത് ഡല്‍ഹിക്കു പോകാന്‍ ആണെന്നുള്ളതും സംശയം ജനിപ്പിക്കുന്നതാണ് എന്നും സുജാത ചൂണ്ടിക്കാട്ടുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജനെ സമ്മര്‍ദത്തിലാക്കിയാണ് രാത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്ന് അന്വേഷണത്തിനിടയില്‍ പോലീസ് സര്‍ജന്‍സ് അസോസിയേഷന്‍ സെക്രട്ടറി ഡോ. ഹിതേഷ് ശങ്കര്‍ ആരോപണമുന്നയിച്ചിരുന്നു. രാത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യിച്ചത് നിയമവിരുദ്ധമാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

കേസ് സിബിഐയ്ക്കു കൈമാറണം എന്ന കുട്ടികളുടെ മാതാപിതാക്കളുടെ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഏറെ അവശേഷിപ്പിച്ചാണ് ഈ കേസ് പോലീസ് അവസാനിപ്പിക്കാന്‍ പോകുന്നത് എന്ന് ഇതില്‍ നിന്നും നിസ്സംശയം പറയാനാകും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ പോലീസിന് ഇത് അന്വേഷണം എങ്ങുമെത്താതെ പോയ കേസുകളുടെ കൂട്ടത്തില്‍ ഒന്ന് കൂടി മാത്രം. എന്നാല്‍ മൂന്നു കുടുംബങ്ങള്‍ക്ക് നഷ്ടപ്പെട്ടതോ?


Next Story

Related Stories