TopTop
Begin typing your search above and press return to search.

ചരിത്രത്തില്‍ ഇന്ന്: കൊറിയന്‍ യുദ്ധവും ഗബ്ബാര്‍ സിംഗും

ചരിത്രത്തില്‍ ഇന്ന്: കൊറിയന്‍ യുദ്ധവും ഗബ്ബാര്‍ സിംഗും

1953 ജൂലായ് 27
കൊറിയന്‍ യുദ്ധത്തിന് വിരാമം

മൂന്നു വര്‍ഷത്തെ രക്തരൂക്ഷിത യുദ്ധത്തിനൊടുവില്‍ കൊറിയന്‍ ഉപദ്വീപില്‍ സമാധാനം തിരിച്ചുകൊണ്ടുവന്ന് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും 1953 ജൂലായ് 27ന് യുദ്ധ വിരാമ ഉടമ്പടിയില്‍ ഒപ്പുവച്ചു. ഈ യുദ്ധത്തില്‍ അമേരിക്ക ദക്ഷിണ കൊറിയയുടെ പക്ഷം പിടിച്ചപ്പോള്‍ ചൈന ഉത്തരകൊറിയക്കൊപ്പം നിലകൊണ്ടു.

1950 ജൂണ്‍ 25ന് കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലുള്ള ഉത്തര കൊറിയ വലതുപക്ഷാഭിമുഖ്യമുള്ള ദക്ഷിണ കൊറിയയെ ആക്രമിച്ചു. ഈ യുദ്ധത്തിലേക്ക് 'നിയന്ത്രിത യുദ്ധം’ എന്ന ശീതസമര നയവുമായി അമേരിക്ക കടന്നുവരികയായിരുന്നു. ദക്ഷിണ കൊറിയയെ പ്രതിരോധത്തില്‍ സഹായിക്കുക എന്ന ലക്ഷ്യവുമായി ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരത്തോടെയാണ് അമേരിക്ക ഉത്തര കൊറിയയോട് യുദ്ധത്തിലേര്‍പ്പെട്ടത്. അമേരിക്കയുടെ നേതൃത്വത്തില്‍ ദക്ഷിണ കൊറിയയ്ക്ക് വടക്കന്‍ കൊറിയയുടെ ആക്രമണത്തെ ചെറുക്കാനും അവരെ ചൈനയുടെ സഹായം ചോദിക്കേണ്ട അവസ്ഥയിലേക്ക് തള്ളിവിടാനും കഴിഞ്ഞു. 1951 ഡിസംബറില്‍ ഈ യുദ്ധത്തില്‍ ചൈനയും പങ്കാളിയായി. അവര്‍ വടക്കന്‍ കൊറിയയ്ക്ക് ഒപ്പം ചേര്‍ന്ന് അമേരിക്കയോടും ദക്ഷിണ കൊറിയയോടും യുദ്ധം ചെയ്യാന്‍ ആരംഭിച്ചു.

കൊറിയന്‍ യുദ്ധം അമേരിക്കയില്‍ രാഷ്ട്രീയവിഷയമായി മാറിയിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡ്വിയറ്റ് ഐസന്‍ഹോവര്‍ 1952ല്‍ അധികാരത്തിലെത്തി. നിലവിലെ പ്രസിഡന്റ് ഹാരി.എസ് ട്രൂമാന്റെ സ്ഥാനഭ്രംശത്തിന് കൊറിയന്‍ പരാജയം കാരണമായി. വിജയത്തിനു പിന്നാലെ കൊറിയയിലെത്തിയ ഐസന്‍ഹോവര്‍ യുദ്ധം അവസാനിപ്പിക്കുമെന്നുള്ള സന്ദേശം നല്‍കി.1953 ജൂലായ് 27ന് ഔദ്യോഗികമായി യുദ്ധവിരാമ ഉടമ്പടി ഒപ്പവെയ്ക്കപ്പെട്ടു. ഈ ഉടമ്പടിയോടെ ഇരു കൊറിയകള്‍ക്കുമിടയില്‍ പുതിയൊരു അതിര്‍ത്തിയും സൃഷ്ടിച്ചു. കൊറിയന്‍ ഡിമിലിട്ടറൈസ്ഡ് സോണ്‍ എന്നാണ് ഈ അതിര്‍ത്തി അറിയപ്പെട്ടത്. ഇവിടെ 2.5 മൈല്‍ വീതിയില്‍ ഭൂപ്രദേശങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമായി വിഭജിച്ചു. അമേരിക്കയ്ക്ക് കൊറിയന്‍ യുദ്ധത്തിലുള്ള ശക്തമായ പങ്ക് സ്ഥാപിക്കുന്നതിന് അവരുടെ സൈനികര്‍ യുദ്ധസമയത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ പില്‍ക്കാലത്ത് തെളിവുകളായി.

1992 ജൂലായ് 27
ബോളിവുഡ് ഇതിഹാസതാരം അംജദ് ഖാന്‍ അന്തരിച്ചു

‘ഷോലെ’യിലെ ചമ്പല്‍ കൊള്ളക്കാരന്‍ ഗബ്ബാര്‍ സിംഗ് എന്ന വില്ലന്‍ കഥാപാത്രത്തിന്റെ അസാമാന്യ പ്രകടനത്തിലൂടെ ഹിന്ദി സിനിമാ പ്രേമികളുടെ മനം കവര്‍ന്ന അംജദ് ഖാന്‍ 1992 ജൂലായ് 27ന് തന്റെ 52-ആം വയസ്സില്‍ അന്തരിച്ചു. ഒരു തലമുറയില്‍ മരിക്കാത്ത ഓര്‍മ്മകള്‍ ബാക്കി നിര്‍ത്തിയായിരുന്നു ആ നടന്‍ വിടവാങ്ങിയത്. 1975ല്‍ റിലീസ് ചെയ്ത ‘ഷോലെ’യില്‍ അംജദ് ഖാന്‍ അവതരിപ്പിച്ച കഥാപാത്രം ഇന്നും സിനിമാ പ്രേമികളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുകയാണ്.

ഷോലെ കൂടാതെ ‘മക്കന്ദര്‍ കി സിക്കന്ദര്‍’,‘യാരാന’ എന്നീ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലും അമിതാഭ് ബച്ചനൊപ്പം അംജദ് ഖാന്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ശരാശരി ഇന്ത്യക്കാരന്റെ മനസ്സില്‍ അംജദ് ഖാന്‍ എന്നാല്‍ ഗബ്ബാര്‍ സിംഗാണ്.

രാജ്കുമാര്‍, ദിലീപ് കുമാര്‍ എന്നിവരെപ്പോലെ അംജത് ഖാന്റെ വേരുകളും പാക്കിസ്ഥാനിലെ പെഷവാറിലാണ്. 1957-ലാണ് അംജദ് ഖാന്റെ ബോളിവുഡ് അരങ്ങേറ്റം. അന്ന് 17 വയസ്സായിരുന്നു പ്രായം. ‘അബ് ദില്ലി ദൂര്‍ നഹി’ ആയിരുന്നു ആദ്യ ചിത്രം. എന്നാല്‍ ‘ഷോലെ’ ആയിരുന്നു അംജദ് ഖാന്‍ എന്ന നടന്റെ കരിയര്‍ മാറ്റി മറിച്ചത്. ഇന്ത്യന്‍ സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ‘ഷോല’യിലൂടെ ഗബ്ബാര്‍ സിംഗും അനശ്വരനായി.


Next Story

Related Stories