ട്രെന്‍ഡിങ്ങ്

മാണിയും സിപിഎമ്മും കൈകോര്‍ത്ത് കോണ്‍ഗ്രസിനെ തോല്‍പ്പിച്ചു; കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന്

മാണിയുടേത് രാഷ്ട്രീയ വഞ്ചനയാണെന്നു കോണ്‍ഗ്രസ്‌

കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിനു വിജയം. സിപിഎം പിന്തുണയോടെയാണ് എട്ടിനെതിരേ 12 വോട്ടുകള്‍ക്ക് കേരള കോണ്‍ഗ്രസ് എമ്മിലെ സക്കറിയ കുതിരവേലി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 22 അംഗ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും സിപിഎമ്മിനും കേരള കോണ്‍ഗ്രസിനും ആറു വീതവും സിപിഐക്കും പി സി ജോര്‍ജിന്റെ പാര്‍ട്ടിക്കും ഓരോ അംഗങ്ങളും വീതമായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ സിപിഐ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നപ്പോള്‍ പിസി ജോര്‍ജ് പ്രതിനിധിയുടെ വോട്ട് അസാധുവാക്കി.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – കേരള കോണ്‍ഗ്രസ് എം സഖ്യത്തിലായിരുന്നു മത്സരിച്ചത്. ആദ്യ രണ്ടരവര്‍ഷം മാണി ഗ്രൂപ്പിനും അവസാനത്തെ രണ്ടരവര്‍ഷം കോണ്‍ഗ്രസിനും പ്രസിഡന്റ് സ്ഥാനം എന്നതായിരുന്നു ധാരണ. ഈ ധാരണയാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എം തെറ്റിച്ചിരിക്കുന്നതെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു. യുഡിഎഫില്‍ നിന്നും വിട്ടുപോയെങ്കിലും തദ്ദേശഭരണസ്ഥാപനങ്ങളില്‍ കോണ്‍ഗ്രസുമായി സഹകരിച്ചു പോവുകയായിരുന്നു കേരള കോണ്‍ഗ്രസ് എം.

കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എടുത്ത നിലപാട് വഞ്ചനാപരമാണെന്നാണു കോണ്‍ഗ്രസ് ആരോപിക്കുന്നത്. മാണിക്ക് ഇനി യുഡിഎഫില്‍ ഇടമുണ്ടാകുമെന്ന് സംശയമാണെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്. കെപിസിസി പ്രസിഡന്റ് എം എം ഹസനും കേരള കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. കേരള കോണ്‍ഗ്രസിന്റെത് രാഷ്ട്രീയ വഞ്ചനയാണെന്നായിരുന്നു ഹസന്റെ പരാമര്‍ശം.

മുന്നണിബന്ധത്തിലെ അവ്യക്തത നീങ്ങിയതില്‍ സന്തോഷമുണ്ടെന്നും അധികാരമോഹത്തിന്റെ ജാരസന്തതിയാണ് ഈ വിജയമെന്നും കോട്ടയം ഡിസിസി പ്രസിഡന്റ് പറഞ്ഞു. അതേസസമയം മാണിയെ പിന്തുണച്ചതില്‍ അധാര്‍മികതയില്ലെന്നാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍