TopTop
Begin typing your search above and press return to search.

അഴീക്കോട് മാഷും മധുര മാമ്പഴപ്പൂളുകളും; ഒരു പ്രവാസിയുടെ കോഴിക്കോടന്‍ ഓര്‍മകള്‍

അഴീക്കോട് മാഷും മധുര മാമ്പഴപ്പൂളുകളും; ഒരു പ്രവാസിയുടെ കോഴിക്കോടന്‍ ഓര്‍മകള്‍

ഖത്തറിലെ അവധിദിനങ്ങളില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ കൂടുമ്പോള്‍ പലപ്പോഴും വിഷയം സ്വന്തം നാട് തന്നെയായിരിക്കും. നാടിന്റെ അവസ്ഥയും ഗള്‍ഫ് ജീവിതത്തിലെ സുഖസൗകര്യങ്ങളും താരതമ്യപ്പെടുത്തി നാട്ടിലെ ഭരണാധികാരികളെ അല്‍പസ്വല്‍പം വിമര്‍ശിച്ചാലേ ഞങ്ങള്‍ക്ക് തൃപ്തിയാവുകയുള്ളൂ. 1988-ലാണ് ഞാന്‍ ഖത്തറിലെത്തുന്നത്. അക്കാലത്തു കോഴിക്കോട് വിമാനത്താവളം ഇല്ലായിരുന്നതിനാല്‍ തിരുവനന്തപുരത്തു പോയിട്ടാണ് വിമാനം കയറുന്നത്. പിന്നീട് ഓരോ വര്‍ഷം നാട്ടില്‍ വരുമ്പോഴും ഞാന്‍ ഇവിടെ ഒരു മാറ്റവുമില്ലല്ലോ എന്ന് ആലോചിച്ചു വിഷമിക്കും. റോഡുകളും നടപ്പാതകളും പെട്ടിപ്പീടികകളും എല്ലാം അതുപോലെ തന്നെ! എന്നാല്‍ 29 വര്‍ഷം കൊണ്ട് ഖത്തറില്‍ വന്ന മാറ്റങ്ങള്‍ അത്ഭുതാവഹവുമാണ്. എന്തുചെയ്യാം! സാമ്പത്തിക സ്ഥിതി എന്നൊരു വിഷയത്തെ കൂട്ടുപിടിച്ചു നമുക്ക് നമ്മെത്തന്നെ ഇടിച്ചു താഴ്ത്താം. എന്താണെങ്കിലും എങ്ങനെയാണെങ്കിലും കോഴിക്കോട് നഗരത്തെ അഗാധമായി സ്‌നേഹിക്കുന്ന ഒരുവളായും ഇക്കാലം കൊണ്ട് ഞാന്‍ മാറി.

പറഞ്ഞു വന്നത് ഇതൊന്നുമല്ല. ഈ നഗരം സമ്മാനിച്ച ഓര്‍മകളില്‍ ചിലതു പങ്കുവെക്കാന്‍ ആഗ്രഹിച്ചെന്നു മാത്രം.'നിന്റെയൊക്കെ ധമനികളില്‍ കൂടി കോഴിക്കോടന്‍ ഗട്ടറുകളിലെ മലിനജലമാണ് പ്രവഹിക്കുന്നത്!'എന്ന് ക്ലാസ്സിലെ വികൃതിക്കുട്ടിയെ നോക്കി അട്ടഹസിച്ച ഒരു അധ്യാപകന്‍ എനിക്കുണ്ടായിരുന്നു. മറ്റാരുമല്ല, സാഗര ഗര്‍ജ്ജനം ശ്രീ. സുകുമാര്‍ അഴീക്കോട് തന്നെ. സമകാലിക സംഭവങ്ങള്‍ ദിനപത്രത്തില്‍ നിന്നറിയുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ ഓര്‍ക്കാറുണ്ട്. അദ്ദേഹമുണ്ടായിരുന്നെങ്കില്‍ എങ്ങനെയൊക്കെ പലതിനെയും പരിഹസിച്ചേനെ എന്ന് ചിന്തിക്കാറുണ്ട്. ബിരുദാനന്തര ബിരുദത്തിനു കോഴിക്കോട് സര്‍വകലാശാലയില്‍ തന്നെ പ്രവേശനം കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. അഴീക്കോട് മാഷാണ് അവിടെ പഠിപ്പിക്കുന്നത് എന്ന ഒറ്റ കാരണമായിരുന്നു അതിനു പിറകില്‍. ആഗ്രഹം പോലെ തന്നെ അഡ്മിഷന്‍ ലഭിച്ചു.

അദ്ദേഹം കാറോടിച്ചാണ് വന്നിരുന്നത്. എല്ലാവരും അദ്ദേഹത്തെ വല്ലാതെ ഭയപ്പെട്ടിരുന്നു. വലിയ ദേഷ്യക്കാരനാണ് എന്നാണു കേട്ടിരുന്നത്. താഴെ അദ്ദേഹം കാര്‍ നിര്‍ത്തുന്നത് മുകളില്‍ നിന്ന് ഞാന്‍ നോക്കി നില്‍ക്കും. അദ്ദേഹം മുകളിലേക്ക് കയറി വരുന്നത്‌ കയ്യിലെ തക്കോല്‍ക്കൂട്ടങ്ങളുടെ ശബ്ദത്തില്‍നിന്ന് അറിയാം. അപ്പോള്‍ ഞങ്ങളെല്ലാവരും നിശ്ശബ്ദരാകും. ക്ലാസ് എടുക്കാന്‍ നേരത്തു ഒരിളം കാറ്റ് പോലെയെത്തും. കുമാരനാശാന്റെ 'നളിനി'യാണ് എടുത്തിരുന്നത്. ആദ്യത്തെ ക്ലാസ്സില്‍ ഞങ്ങള്‍ക്ക് വൃത്തവും അലങ്കാരവും എല്ലാം അറിയുമോ എന്നൊരു പരീക്ഷണമായിരുന്നു. എന്റെ കൈവിരലുകള്‍ എല്ലാം അപ്പോള്‍ ഐസ് പോലെ തണുത്തിരുന്നു. വൃത്തശാസ്ത്രവും അലങ്കാരശാസ്ത്രവും എനിക്കത്ര പിടിക്കാത്ത വിഷയങ്ങളായിരുന്നു. ചോദ്യങ്ങള്‍ ചോദിച്ചു എന്റെ ഊഴം എത്തിയപ്പോള്‍ ഒരു ചെറിയ പുഞ്ചിരിയോടെ എന്റെ പേര് ചോദിച്ചു. പിന്നീട് ശാര്‍ദൂലവിക്രീഡിതത്തിന്റെ ലക്ഷണം അറിയാമോ എന്ന് ചോദിച്ചു. ഭാഗ്യത്തിന് അതോര്‍മയുണ്ടായിരുന്നു! വളരെ ഭവ്യതയോടെ ഞാന്‍ 'പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്‍ദൂല വിക്രീഡിതം' എന്ന് പറഞ്ഞതോടെ മാഷ് കുലുങ്ങിച്ചിരിക്കാന്‍ തുടങ്ങി. ഞാന്‍ അന്ധാളിച്ചു നില്‍ക്കെയാണ്. തെറ്റിയിട്ടില്ലെന്നു ഉറപ്പാണ്. പിന്നെന്തുപറ്റി? ഉടനെ അദ്ദേഹം 'ചതഞ്ഞ ഗുരുവോ? ചതഞ്ഞ ഗുരു!' എന്ന് പറഞ്ഞു വീണ്ടും ചിരിക്കാന്‍ തുടങ്ങി. എനിക്കപ്പോഴാണ് സംഭവം മനസ്സിലായത്. സതംത എന്ന് ഞാന്‍ പറഞ്ഞതിനെ കളിയാക്കുകയാണ്. അത് വ്യക്തമായി ഉറക്കെ പറയാമായിരുന്നില്ലേ എന്ന സൂചന കൂടിയായിരുന്നു അത്. ഉച്ചാരണശുദ്ധി എത്രത്തോളം വേണമെന്ന ആദ്യപാഠം എനിക്ക് മനസ്സിലായി.

പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ ക്ലാസുകള്‍ക്കായി കാത്തിരിക്കാന്‍ തുടങ്ങി. 'നളിനി'യിലെ ഒരു ശ്ലോകം തന്നെ ഒരു നാല് ക്ലാസ് കൊണ്ടാണ് വിവരിച്ചിരുന്നത്. ഓരോ പദത്തിന്റെയും അര്‍ഥം, അത് പ്രയോഗിച്ചിരിക്കുന്നതിലെ ഔചിത്യം, ആശാന്റെ മറ്റു കാവ്യങ്ങള്‍, കാളിദാസന്‍ ആ സന്ദര്‍ഭത്തെ ഉപയോഗിച്ചത് എന്ന് തുടങ്ങി ഓരോ ദിവസവും ഞങ്ങളുടെ ബുദ്ധിമണ്ഡലത്തിലേക്ക് അറിവിന്റെ കിരണങ്ങള്‍ പായിക്കുന്ന ഒരു യഥാര്‍ത്ഥഗുരുവായിത്തന്നെ എനിക്ക് അനുഭവപ്പെട്ടു. ഹൈമവതഭൂവില്‍ എന്ന പ്രയോഗം അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടാവാം, വീരേന്ദ്രകുമാറിന്റെ ഒരു യാത്രാവിവരണത്തിനു അനുയോജ്യമായ വിധത്തില്‍ അദ്ദേഹം ആ പേര് നിര്‍ദ്ദേശിച്ചത്. കുമാരനാശാന്റെ ഓരോ കൃതികളും അദ്ദേഹത്തിന് മനഃപാഠമായിരുന്നെന്നു എനിക്ക് തോന്നി. ഓരോ ക്ലാസിലും അദ്ദേഹം പറഞ്ഞ വിശദീകരണങ്ങള്‍ ഞാന്‍ കുറിച്ചുവച്ചിരുന്നു. ക്ലാസ്സെടുക്കുന്നതിനു ഇടയില്‍ പറയുന്ന തമാശകളും ഞാന്‍ നോട്ടുബുക്കിന്റെ പിറകിലായി കുറിച്ചിട്ടു. ഒഴിവു നേരങ്ങളില്‍ അതൊക്കെ വായിച്ചു രസിച്ചു. ബുദ്ധിമാനാണെന്നു നടിച്ചിരുന്ന പല കുട്ടികളെയും അദ്ദേഹം കളിയാക്കി. താടിയും മുടിയും നീട്ടുന്നവരെ പരിഹസിച്ചു. എന്തോ ഭാഗ്യത്തിന് എനിക്ക് അത്തരം കൊട്ടുകളൊന്നും കിട്ടിയില്ല. ഞാനന്ന് തീവ്രമായി ഗുരുവിനെ ആരാധിച്ചു നടക്കയായിരുന്നല്ലോ.

ആയിടയ്ക്ക് ഞങ്ങളുടെ വീട്ടിലെ മാവില്‍ ധാരാളം മാങ്ങകളുണ്ടായി. കുറച്ചു മാങ്ങ അദ്ദേഹത്തിന് കൊടുത്താലോ എന്നൊരാഗ്രഹം തോന്നിയപ്പോള്‍ അച്ഛനോട് പറഞ്ഞു. അങ്ങനെ അടുത്ത ദിവസം ഞാന്‍ കുറെ പഴുത്ത മാങ്ങകളും അടങ്ങിയ സഞ്ചിയുമായി ബസ് കയറി.അദ്ദേഹത്തിന്റെ വീട്ടിലെത്തി. സോമന്‍ എന്ന സഹായി അകത്തു പോയി വിവരം പറഞ്ഞപ്പോള്‍ മാഷ് പുറത്തു വന്നു. ചിരിച്ചു കൊണ്ട് എന്തേ എന്ന് ചോദ്യം. ആ ചിരിയാണ് മനുഷ്യനെ കൊല്ലുക. ഞാന്‍ ഭക്തിയോടെ വീട്ടിലുണ്ടായ മാങ്ങയാണ് എന്ന് പറഞ്ഞു കൊടുത്തു. ശരിയെന്നു പറഞ്ഞപ്പോള്‍ അവിടെനിന്നു വേഗം ക്ലാസ്സിലേക്ക് നടന്നു. നടക്കുന്ന വഴിക്കു എനിക്ക് തോന്നി, എന്നോട് ഒന്ന് കയറിയിരിക്കാന്‍ കൂടി പറഞ്ഞില്ലല്ലോ, എത്ര സന്തോഷത്തോടെയാണ് കൊണ്ടുവന്നത്, ഒരു നിമിഷം കൊണ്ട് ശരിയെന്നു പറഞ്ഞു മടക്കി വിട്ടു. വല്ലാത്തൊരു മനുഷ്യന്‍ തന്നെ! ക്ലാസ്സിലേക്ക് അദ്ദേഹം വന്നു. കണ്ട ഭാവമില്ല. എനിക്ക് സങ്കടം കൂടി. അടുത്ത ദിവസവും ഒന്നും പറഞ്ഞില്ല. ഞാനൊരു വിഡ്ഢിയാണെന്നു എനിക്ക് തോന്നി. ഒരു നല്ല അഭിപ്രായം പറഞ്ഞാല്‍ ഭൂമി കുലുങ്ങുമോ?

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയ എന്നോട് ഒരു കത്തുണ്ടെന്ന് അമ്മ പറഞ്ഞു. മലയാളത്തിലാണ് വിലാസം എഴുതിയിരിക്കുന്നത്. തുറന്നു നോക്കിയപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കത്തിന്റെ ഒടുവില്‍ സ്വന്തം സുകുമാര്‍ അഴീക്കോട് എഴുതിയിരിക്കുന്നു! ഉള്ളടക്കം ഏകദേശം ഇപ്രകാരമായിരുന്നു.'നീ തന്ന മാങ്ങ കഴിച്ചു. ഇത്ര മോശം മാങ്ങ ഞാനെന്റെ ജീവിതത്തില്‍ കഴിച്ചിട്ടില്ല. അടുത്ത ദിവസം രാവിലെ നിന്റെ ആ കൂട്ടുകാരി മിനിയെയും കൂട്ടി വീട്ടിലേക്കു വരൂ..' കത്ത് എത്ര തവണ വായിച്ചു എന്നറിഞ്ഞു കൂടാ. അടുത്ത ദിവസം മിനിയെ കൂട്ടി ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി.ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു. പരിഭ്രമിച്ചു ഇരിക്കുമ്പോള്‍ ഒരു പ്ലേറ്റില്‍ മാങ്ങാപ്പൂളുകളുമായി സോമന്‍ വരുന്നു. ലോകത്തില്‍ ഇത്ര നല്ല മാങ്ങകള്‍ ഉണ്ടെന്നു ഇപ്പോള്‍ മനസ്സിലാകും. അത് മുഴുവന്‍ കഴിച്ചിട്ട് പോയാല്‍ മതിയെന്ന് അദ്ദേഹം. ഞങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങി. ക്ലാസ്സിലേക്ക് മടങ്ങി. ഞാന്‍ നല്‍കിയ മാമ്പഴങ്ങള്‍ മധുരിക്കുന്നവയായിരുന്നു. എങ്കിലും അദ്ദേഹം അതിനു പകരമായി എനിക്ക് സമ്മാനിച്ച ആ അനുഭവം ഒരിക്കലും മറക്കാനാകില്ല. പിന്നീട് അദ്ദേഹം സ്വന്തം കൃതികളുടെ ഓരോ കോപ്പിയും നല്‍കിയിരുന്നു. ഇത്ര വാത്സല്യത്തോടെ ഒരു ഗുരുനാഥനും എന്നോട് പെരുമാറിയിട്ടില്ല. ഇന്നും അക്കാലം മധുരിക്കുന്ന മാങ്ങാക്കാലം പോലെ മനസ്സില്‍ സുഗന്ധം വീശുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories