TopTop
Begin typing your search above and press return to search.

കെപിസിസിയോ തരൂരോ, ആരാണ് മോദിയോട് മൃദുവാകുന്നത്?

കെപിസിസിയോ തരൂരോ, ആരാണ് മോദിയോട് മൃദുവാകുന്നത്?

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനാവശ്യമായി വിമര്‍ശിക്കുന്നത് വിശ്വാസ്യത തകര്‍ക്കുമെന്ന തിരുവനന്തപുരം എംപി ശശി തരൂരിന്റെ പ്രസ്താവനയെ തുടര്‍ന്നുള്ള വിവാദം അവസാനിപ്പിക്കാന്‍ കെ പി സി സി തീരുമാനിച്ചു. കാരണം കാണിക്കല്‍ നോട്ടീസിനുള്ള തരൂരിന്റെ മറുപടി സ്വീകരിച്ചുകൊണ്ട് വിഷയം അവസാനിപ്പിക്കാനാണ് കെപിസിസി നേതൃത്വം തീരുമാനിച്ചത്. തന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടും വിശദീകരിച്ചുമാണ് തരൂര്‍ മറുപടി എഴുതിയത്. ഇതോടെ, വിഷയം കത്തിച്ചുനിര്‍ത്തിയ കെപിസിസി തരൂരിന്റെ വാദങ്ങള്‍ക്ക് മുന്നില്‍ ഫലത്തില്‍ കീഴടങ്ങിയിരിക്കയാണ്.

തനിക്കെതിരെ വിമര്‍ശനത്തിന് ആക്കം കൂട്ടിയ ലോക്‌സഭയിലെ സഹപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെയാണ് തരൂര്‍ കെപിസിസിക്കുളള മറുപടിയില്‍ വിമര്‍ശിച്ചത്. തന്നെ വിമര്‍ശിച്ചവരോട് പാര്‍ലമെന്റിലെ തന്റെ പ്രകടനം വിലയിരുത്താനാണ് തരൂര്‍ ആവശ്യപ്പെട്ടത്.

'എട്ടാഴ്ച നീണ്ടുനിന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ എന്നെ പോലെ കാര്യങ്ങള്‍ പഠിച്ചും ഗവേഷണം നടത്തിയും മോദി സര്‍ക്കാരിനെ എതിര്‍ത്തതിന്റെ 10 ശതമാനമെങ്കിലും പ്രവര്‍ത്തിച്ച നേതാവിനെ കണ്ടെത്തി തരൂ' എന്നാണ് തരൂര്‍ കെപിസിസി അധ്യക്ഷനോട് പറഞ്ഞത്. പാര്‍ലമെന്റില്‍ 50 ലധികം തവണ ഇടപെട്ട് സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. കേരളത്തില്‍നിന്നുള്ള ആരെങ്കിലും ഇങ്ങനെ ചെയ്‌തോ എന്നായിരുന്നു തരൂരിന്റെ ചോദ്യം. മുല്ലപ്പള്ളിക്ക് എളുപ്പത്തിൽ ഈ ചോദ്യങ്ങളോട് പ്രതികരിക്കാൻ കഴിയുമായിരുന്നില്ല. തരൂരും പ്രേമചന്ദ്രനും ഒഴികെ കാര്യമായ ഇടപെടലുകളൊന്നും യുഡിഎഫ് എംപി മാർ ലോക്സഭയിൽ നടത്തിയിരുന്നില്ല.

ജയറാം രമേശിന്റെയും മനു അഭിഷേഖ് സിംങ്വിയുടെയും പ്രസ്താവനകള്‍ക്ക് ചുവടുപിടിച്ചാണ് അമിതമായ മോദി വിമര്‍ശനം പ്രതിപക്ഷത്തിന് തിരിച്ചടിയാകുമെന്ന് തരൂർ പറഞ്ഞത്.

തരൂരിന്റെ കത്ത് യഥാര്‍ത്ഥത്തില്‍ കെപിസിസിക്കെതിരായ രാഷ്ട്രീയ വിമര്‍ശനമാണ്. പാര്‍ട്ടി ഫോറത്തിലൊന്നും അംഗമല്ലാത്തതിനാലാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മോദി അധികാരത്തിലെത്തിയതിന് ശേഷം നിരവധി വിവാദ തീരുമാനങ്ങള്‍ ഉണ്ടായെങ്കിലും അതിലൊന്നിനെതിരെയും കെപിസിസി നേതൃത്വം കാര്യമായി പ്രതികരിച്ചിരുന്നില്ല.

കാശ്മീരുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ട് തീരുമാനങ്ങള്‍ക്ക് അനുകൂലമായി ചില ദേശീയ നേതാക്കള്‍ രംഗത്തുവന്നെങ്കിലും, പാര്‍ട്ടി നേതൃത്വം ഇതിനെ എതിര്‍ക്കുകയായിരുന്നു. അവിടെ നേതാക്കളെ തടവിലിടുകയും മാധ്യമങ്ങളെ പൂര്‍ണമായും നിയന്ത്രിക്കുകയും ചെയ്തിട്ടും കെ പി സി സി നേതൃത്വം എന്തെങ്കിലും രീതിയിലുള്ള പരിപാടികള്‍ ഇതിനെതിരെ ആസുത്രണം ചെയ്തിരുന്നില്ല. രാഹൂല്‍ ഗാന്ധി ശ്രീനഗര്‍ സന്ദര്‍ശിക്കുന്നതില്‍നിന്ന് അധികൃതര്‍ തടയുകയും ചെയ്തു. എന്നിട്ട് പോലും ഒരു പ്രതിഷേധവും കെപിസിസിയുടെ ഭാഗത്തുനിന്നുണ്ടായില്ല. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി ചിദംബരത്തിന്റെ അറസ്റ്റിനെതിരെ ദേശീയ നേതൃത്വം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. എന്നാല്‍ കെപിസിസി നേതൃത്വം ഇതും മോദി ഭരണത്തിനെതിരെ പ്രതിഷേധിക്കേണ്ട വിഷയമായി കണക്കാക്കിയില്ല.

ഇങ്ങനെ മോദി ഭരണത്തോട് പ്രതികരിക്കുക പോലും ചെയ്യാത്ത നേതൃത്വമാണ് ശശി തരൂരിന്റെ മോദി പ്രസ്താവനയ്ക്ക് മേല്‍ ചാടിവീണത്. ശശി തരൂരിനെതിരെ പ്രസ്താവന നടത്തിയവരില്‍ പ്രമുഖരെല്ലാം ലോക്‌സഭയിലെ സഹപ്രവര്‍ത്തകരായിരുന്നു. കെ മുരളീധരൻ തരൂരിനെ വ്യക്തിപരമായി തന്നെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവരികയും ചെയ്തു. ജയറാം രമേഷിന്റെയും മനു അഭിഷേക് സിംങ്വിയുടെയും പ്രസ്താവനകളെ കാര്യമായി എടുക്കുക പോലും ചെയ്യാതെ എഐസിസി നേതൃത്വം അവഗണിച്ചപ്പോഴാണ് തരൂരിനെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ പലരും ചാടിയിറങ്ങിയത്. മറ്റ് നേതാക്കള്‍ക്കെതിരെ ഒരു നടപടിയുമെടുക്കാന്‍ ദേശീയ നേതൃത്വം തയ്യാറാകാതിരിക്കുമ്പോള്‍ തരുരിനെതിരെ മാത്രം എന്തെങ്കിലും ചെയ്യാന്‍ കെപിസിസിക്കും സാധിക്കുമായിരുന്നില്ല. മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്‌ലി മാത്രമാണ് വിവാദ പ്രസ്താവന നടത്തിയ നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്.

ഇപ്പോള്‍ വിശദീകരണത്തില്‍ തന്റെ നിലപാടിനെ പൂര്‍ണമായയും ന്യായികരിച്ച തരൂരിന്റെ നിലപാട് അംഗീകരിച്ചിരിക്കുകയാണ്. വിശദീകരണം സ്വീകരിച്ചുവെന്നല്ലാതെ, എന്തുകൊണ്ട് സ്വീകരിച്ചുവെന്നതിനെക്കുറിച്ച് കെപിസിസിക്ക് ഒന്നും പറയാനും കഴിഞ്ഞിട്ടില്ല.

2009 ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതു മുതല്‍ നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ച തരൂരിനോട് കേരളത്തിലെ കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് വലിയ താല്‍പര്യമില്ലെങ്കിലും അദ്ദേഹത്തിന്റെ ബൗദ്ധിക പരിവേഷവും കഴിവിനു മുന്നിലും അവര്‍ക്ക് കാര്യമായ ഇടപെടലുകള്‍ നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡിസിസി കാര്യമായി സഹകരിക്കുന്നില്ലെന്ന് പരാതി ഉന്നയിച്ചപ്പോള്‍ എഐസിസി നേതൃത്വം നേരിട്ട് ഇടപെട്ടാണ് പ്രശ്‌നപരിഹാരം ഉണ്ടാക്കിയത്. പുതിയ സംഭവത്തില്‍ കെപിസിസി പൂര്‍ണമായി പ്രതിരോധത്തിലായി, വിവാദം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമായതോടെ തരൂരിനെതിരെ പരസ്യ പ്രസ്താവനകള്‍ നടത്തിയ നേതാക്കളാണ് പ്രതിരോധത്തിലാകുന്നത്. പ്രത്യേകിച്ചും കെ മുരളീധരനെ പോലുള്ളവര്‍.


Next Story

Related Stories