TopTop
Begin typing your search above and press return to search.

കൃഷ്ണപിള്ള സ്മാരകം: എന്തുകൊണ്ടാണ് സഖാക്കളെ, ഇക്കാര്യത്തിലിത്ര മൗനം?

കൃഷ്ണപിള്ള സ്മാരകം: എന്തുകൊണ്ടാണ് സഖാക്കളെ, ഇക്കാര്യത്തിലിത്ര മൗനം?

കെ.പി.എസ് കല്ലേരി

കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ അത് ഇടത് കമ്യൂണിസ്റ്റായാലും വലത് കമ്യൂണിസ്റ്റായാലും എല്ലാവരും ഒരുപോലെ സഖാവ് എന്നു വിളിച്ചിട്ടുള്ളത് പി. കൃഷ്ണപിള്ളയെ മാത്രമാണ്. ഒരു പക്ഷെ അത്രമാത്രം വൈകാരികതയോടെ കമ്യൂണിസ്റ്റുകാര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന പേരും വീട്ടില്‍ ഒട്ടിച്ചിരിക്കുന്ന ചിത്രവും ഏതാണെന്ന് ചോദിച്ചാല്‍ അതും കൃഷ്ണപിള്ളയുടേത്. ഇടതു, വലത് കമ്യൂണിസ്റ്റുകാര്‍ ഒരുമിച്ചൊരു നേതാവിന്റെ ചരമദിനം ആചരിക്കുന്നുണ്ടെങ്കില്‍ അതും കൃഷ്ണപിള്ളയുടേതു മാത്രം. എന്നിട്ടും എന്തുകൊണ്ടാണ് സഖാവ് ഇങ്ങനെ അവഗണന പേറുന്നത്? മരണം മുതല്‍ ദുരൂഹത തുടരുന്ന സഖാവിന്റെ സ്മാരകം തല്ലിത്തകര്‍ത്ത് കത്തിച്ചിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിക്ക് അക്കാര്യത്തില്‍ ചൂടില്ലാതെ പോകുന്നത്?

നാട്ടിന്‍പുറത്ത് ഇലക്ട്രിക് പോസ്റ്റിലെഴുതിയ പാര്‍ട്ടി ചിഹ്നത്തില്‍ ആരെങ്കിലും കരി ഓയില്‍ ഒഴിച്ചാല്‍ പ്രദേശം മുഴുവന്‍ ഹര്‍ത്താലില്‍ മുക്കുന്ന പാര്‍ട്ടിക്ക് കൃഷ്ണപിള്ള ഒളിവില്‍ താമസിക്കുകയും പാമ്പുകടിയേറ്റ് മരിച്ചതായി പറയപ്പെടുകയും ചെയ്ത വീട് അത്ര പെട്ടന്നങ്ങ് തമസ്‌കരിക്കാനാവുന്നതാണോ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കണ്ണൂരില്‍ കല്ലേറു കിട്ടിയതിന്റെ കോലാഹലം കേരളമാകെ കത്തിനില്‍ക്കുമ്പോഴാണ് മൂന്നു ദിവസത്തിനുശേഷം ആലപ്പുഴയില്‍ കൃഷ്ണപിള്ള സ്മാരകം അഗ്നിക്കരിയാക്കുന്നതും പ്രതിമ തകര്‍ക്കപ്പെടുന്നതും. മുഖ്യമന്ത്രി അക്രമിക്കപ്പെട്ടപ്പോള്‍ ഉണ്ടായതിനു സമാനമായ പ്രതികരണവും പ്രതിഷേധവും രാഷ്ട്രീയം മറന്ന് കേരള ജനതയാകെ കൃഷ്ണപിള്ള സ്മാരകത്തിനും നല്‍കി. നെറികേടെന്ന് കോണ്‍ഗ്രസ് നേതാക്കളും ഒറ്റക്കെട്ടായി പറഞ്ഞു. സിപിഎം പാര്‍ട്ടി പത്രവും നാട്ടിലുള്ള സകലമാന കമ്മറ്റികളും ഒരുമാസത്തോളം പ്രതിഷേധ സ്വരം ഉയര്‍ത്തി. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ഐജിയും പിന്നീട് ക്രൈംബ്രാഞ്ചും എറ്റെടുത്തു.

എന്നാല്‍ സംഭവം കഴിഞ്ഞ ഒരു വര്‍ഷം തികയുമ്പോഴും കണ്ടവരും കേട്ടവരും വിളിച്ചുപറഞ്ഞവരുമടക്കം ചില പാര്‍ട്ടി പ്രവര്‍ത്തകരെ പ്രതിയാക്കി കേസെടുത്തതിനപ്പുറത്ത് കാര്യമായ ഒരു കാല്‍വെപ്പും കേസിലുണ്ടായിട്ടില്ല. ആരാണ് യഥാര്‍ഥ കുറ്റവാളികള്‍ എന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ചിനുപോലും ഇപ്പോഴും തീര്‍പ്പുണ്ടായിട്ടില്ല. അതറിയാനാണെങ്കില്‍ ആലപ്പുഴയിലെ പാര്‍ട്ടി നേതൃത്വത്തിനോ സംസ്ഥാന കമ്മറ്റിക്കോ ഇപ്പോള്‍ താല്‍പര്യമില്ലെന്നാണ് മനസിലാവുന്നത്. കഴിഞ്ഞ ആഗസ്റ്റ് 19ന് കൃഷ്ണപിള്ള ദിനം ഇവിടെ ആചരിച്ചപ്പോള്‍ സംസ്ഥാന നേതാക്കളടക്കം എത്തിയിട്ടും സ്മാരകം തീവച്ച് നശിപ്പിച്ചതിനെതിരായ ഒരു രോഷവും എവിടേയും അണപൊട്ടിയതായി കണ്ടിട്ടില്ല. ഇത്തവണ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം നടക്കുന്നതും ആലപ്പുഴയിലാണ്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നുവരുന്നു. അവിടെയൊന്നും തന്നെ സഖാവ് കൃഷ്ണപിള്ളയുടെ സ്മരകത്തിനെതിരായി നടന്ന അക്രമത്തിന്റെ യഥാര്‍ഥ ചിത്രം പുറത്തുവരുന്നതിനെക്കുറിച്ച് യാതൊരു ചര്‍ച്ചകളുമുണ്ടായിട്ടില്ലെന്നാണ് കേള്‍ക്കുന്നത്.ഇപ്പോള്‍ ഇത്രയും പറഞ്ഞുവരാനുള്ള കാരണം പ്രദേശത്തുകാരനും നേരത്തെ വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും 2006ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ഇപ്പൊഴും ഡിവൈഎഫ്‌ഐ അംഗമായി തുടരുകയും ചെയ്യുന്ന ലതീഷ് ബി.ചന്ദ്രന്‍ ഇക്കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി വായിച്ചപ്പോഴാണ്. സംഭവത്തെ തുടര്‍ന്ന് അന്നത്തെ ലോക്കല്‍ പൊലീസിന്റേയും ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റേയും സംശയമുനയിലുള്ള ലതീഷ് കേസില്‍ ദുരൂഹതകളുടെ കെട്ടഴിക്കണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ശരിയല്ലെന്നും അതിനാല്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നുമാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ല കേന്ദ്രീകരിച്ച് സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കാണ് അക്രമത്തിന് പിന്നിലെന്നു പറഞ്ഞാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുന്നേറുന്നതെന്നും അത് ശരിയല്ലെന്നും യാഥാര്‍ഥ കുറ്റവാളികള്‍ മറനീക്കി പുറത്തുവരണമെങ്കില്‍ സിബിഐ അന്വേഷണം കൂടിയേ തീരൂ എന്നുമാണ് ലതീഷ് ആവശ്യപ്പെടുന്നത്.

ഇങ്ങനെ ഒരു വാര്‍ത്തയറിഞ്ഞ ശേഷം ലതീഷിനെ ബന്ധപ്പെട്ടപ്പോള്‍ ആദ്യം ചോദിച്ചത് പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണോ ഇങ്ങനെ ഒരു ഹര്‍ജി കൊടുത്തത് എന്നായിരുന്നു. കാരണം ലതീഷിപ്പോള്‍ പാര്‍ട്ടി അംഗമല്ലെങ്കിലും യുവജന സംഘടനയുടെ പ്രദേശത്തെ ഏരിയാ ജോയിന്റ് സെക്രട്ടറിയാണ്. പക്ഷെ പാര്‍ട്ടി പറയുകയോ ആവശ്യപ്പെടുകയോ ചെയ്യാതെയാണ് ലതീഷ് കോടതിയില്‍ പോയിരിക്കുന്നത്. പാര്‍ട്ടിയുടെ പിന്തുണപോലുമില്ല. സംഭവം പത്രങ്ങളായ പത്രങ്ങളും ചാനലുകളുമെല്ലാം വലിയ വാര്‍ത്തയാക്കിയപ്പോള്‍ പാര്‍ട്ടി പത്രം അങ്ങനെ ഒരു പരാതിയുടെ കാര്യം പോലും തമസ്‌കരിച്ചുകളഞ്ഞു. അപ്പോള്‍ പിന്നെ മാധ്യമ സിന്‍ഡിക്കേറ്റുകള്‍ക്കൊപ്പം ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നതില്‍ എന്താണ് തെറ്റ്. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് കഴിഞ്ഞ ദിവസം സാക്ഷാല്‍ വിഎസ് തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഒരു സിബിഐ അന്വേഷണം ആയിക്കൂട. സത്യം പുറത്തുവരേണ്ടത് സംസ്ഥാനത്തെ പാര്‍ട്ടിയുടേയും കൃഷണപിള്ളയെ നെഞ്ചിലേറ്റുന്ന ലക്ഷക്കണക്കായ കമ്യൂണിസ്റ്റുകാരുടേയും ആവശ്യമല്ലേ. പിന്നെ എന്തുകൊണ്ടാണീ കുറ്റകരമായ മൗനം പാര്‍ട്ടി കാണിക്കുന്നത്. അതോ യുഡിഎഫുകാരും ക്രൈംബ്രാഞ്ചുമെക്കെ പറയുന്നതുപോലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണോ സഖാവിന്റെ സ്മാരകം കത്തിച്ചും തല്ലിയും തകര്‍ത്തത്?

2013 ഒക്‌റ്റോബര്‍ 31ന് പുലര്‍ച്ചെയാണ് ആലപ്പുഴ ജില്ലയിലെ മുഹമ്മ കണ്ണാര്‍കാട് ചെല്ലിക്കണ്ടത്തെ സ്മാരകം ആക്രമിക്കപ്പെട്ടത്. വീടിന്റെ മേല്‍ക്കൂരയ്ക്ക് തീവെച്ച അക്രമികള്‍ പി. കൃഷ്ണപിള്ളയുടെ പ്രതിമയും തകര്‍ത്തു. സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന എല്‍ഡിഎഫ് ആരോപണത്തെത്തുടര്‍ന്ന്, എറണാകുളം റെയ്ഞ്ച് ഐജിയായിരുന്ന പത്മകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചെങ്കിലും സിപിഎം നേതൃത്വം തൃപ്തരായില്ല. തുടര്‍ന്നു നടന്ന പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.

സംഭവ സമയത്തെ ഫോണ്‍ വിളികളും മറ്റും പരിശോധിച്ച സംഘം, അക്രമത്തിനു പിന്നില്‍ രാഷ്ട്രീയ വൈരമല്ലെന്നും ഗ്രൂപ്പ് പോരാണെന്നുമുള്ള നിഗമനത്തിലെത്തുകയായിരുന്നു. വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് ലതീഷ് ബി. ചന്ദ്രനെ നുണപരിശോധനയ്ക്ക് വിധേയനാക്കാനും അന്വേഷണ സംഘം ശ്രമിച്ചത് കൂടുതല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ലതീഷ് ആരോപിച്ചെങ്കിലും പ്രതികരിക്കാന്‍ ഔദ്യോഗിക പക്ഷം തയ്യാറായതുമില്ല. ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അന്വേഷണ പരിധിയില്‍ നാല് സിപിഎം പ്രവര്‍ത്തകരാണ്. സ്മാരകം കത്തുന്നത് കണ്ട് പാര്‍ട്ടിപ്രവര്‍ത്തകരെ വിളിച്ചറിയിച്ചവരും ഓടിക്കൂടിയവരുമടക്കമാണ് ഇവര്‍. സംശയനിഴലില്‍ നിന്നു മാറാതെ ലതീഷും. ഇത്തരമൊരു സാഹചര്യത്തിലാണ് നിലവില്‍ പിടിക്കപ്പെട്ടരല്ല പ്രതികളെന്നും നിരപരാധിയായ തന്നെ കഴിഞ്ഞ ഒരു വര്‍ഷമായി അന്വേഷമ സംഘം പീഡിപ്പിക്കുകയാണെന്നും പറഞ്ഞ് ലതീഷ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി കയറിയിരിക്കുന്നത്.കൃഷ്ണപിള്ള ഒളിവില്‍ കഴിയവെ പാമ്പുകടിയേറ്റ് മരിച്ച കണ്ണര്‍കാട്ടെ ചെല്ലിക്കണ്ടത്തില്‍വീട് സി.പി.എം. വാങ്ങിയത് 2003-ലാണ്. 25 സെന്റ് സ്ഥലവും അതിലൊരു കൂരയുമാണ് വാങ്ങിയത്. പഴമയുടെ തനിമ കൈവിടാതെ കൃഷ്ണപിള്ള അവസാന നാളില്‍ കഴിഞ്ഞ ഓലമേഞ്ഞവീട് അതേ അവസ്ഥയില്‍ സംരക്ഷിച്ച പാര്‍ട്ടി റോഡരികില്‍ ചെറിയമതിലും വീടിനുമുന്നില്‍ കൃഷ്ണപിള്ളയുടെ പ്രതിമയും സ്ഥാപിച്ചു. പക്ഷെ പിന്നീട്, മറ്റ് വികസന, സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല. ചെല്ലിക്കണ്ടത്തില്‍ വീട് കൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്തുന്ന പഠന, ഗവേഷണ കേന്ദ്രമായി മാറ്റുമെന്ന് പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചിരുന്നതാണ്. ഇതിന്റെ രൂപരേഖ തയ്യാറാക്കാന്‍ സമിതിയും ഉണ്ടാക്കി. എന്നാല്‍, തുടര്‍ നടപടിയൊന്നും ഉണ്ടായില്ല.

കൃഷ്ണപിള്ള ദിനമായ ആഗസ്ത് 19ന് മാത്രമാണ് സ്മാരകത്തില്‍ കമ്യൂണിസ്റ്റുകാരുടെ തിരക്ക്. പിന്നീട് സ്മാരകത്തിലേക്ക് ആരും തിരിഞ്ഞുനോക്കാറില്ലെന്നതാണ് വസ്തുത. സി.പി.എം. കണ്ണര്‍ക്കാട് ലോക്കല്‍ കമ്മിറ്റിയുടെ ആസ്ഥാനമായി കൃഷ്ണപിള്ള സ്മാരകം മാറ്റാന്‍ പലവട്ടം ആലോചന നടന്നിരുന്നു. എന്നാല്‍, ഒറ്റപ്പെട്ട് ആള്‍താമസം ഇല്ലാത്ത സ്ഥലത്ത് പാര്‍ട്ടി കേന്ദ്രമാക്കാനുള്ള തീരുമാനം പിന്നീട് മാറ്റി.

കൃഷ്ണപിള്ള സ്മാരകത്തിന് പ്രത്യേക സുരക്ഷ സംവിധാനമൊന്നും പാര്‍ട്ടി ഏര്‍പ്പെടുത്തിയിരുന്നില്ല. കാരണം കണ്ണര്‍കാട് പാര്‍ട്ടി കോട്ടയാണ്. അണികളുടെ കൈകളില്‍ കൃഷ്ണപിള്ള സ്മാരകം സുരക്ഷിതമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. രാത്രി സ്മാരകത്തില്‍ വൈദ്യുതി വിളക്കുകള്‍ തെളിയിക്കാനും രാവിലെ മുറ്റം അടിച്ച് വൃത്തിയാക്കാനും സി.പി.എം. പ്രവര്‍ത്തകര്‍ എത്തും. പിന്നീട്, ഇവിടെ ആരെല്ലാം വന്ന് പോകുന്നതായി ആര്‍ക്കും അറിയില്ല. അക്രമത്തിന് ശേഷം ഇക്കഴിഞ്ഞ ആഗസ്റ്റ് 19ന്റെ കൃഷ്ണപിള്ള ദിനം ആകുമ്പഴേക്കും കത്തിച്ചതും അടിച്ചു തകര്‍ക്കപ്പെട്ടതുമെല്ലാം പാര്‍ട്ടി പഴയപടി ആക്കിയാണ് സംയുക്തമായ അനുസ്മരണ പരിപാടികള്‍ നടത്തിയത്. എന്നാല്‍ നാട്ടിലുള്ള സ്തൂപങ്ങളും കൊടിമരങ്ങളും വെയിറ്റിംഗ് ഷെല്‍റ്ററുകളുമെല്ലാം തകര്‍ത്തവരെ പിടികൂടുകയും മറുപടി അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്ന പാര്‍ട്ടി കൃഷ്ണപിള്ള അവസാനനാളില്‍ ജീവിച്ച വീട് അഗ്നിക്കരിയാക്കിയവരോടുമാത്രം ഇങ്ങനെ ദീനദയാലുക്കളാവുന്നതെന്താണെന്ന് ആര്‍ക്കും മനസിലാവുന്നില്ല. ഇനി പിണറായി വിജയന്‍ പറയാറുള്ളതുപോലെ ഈ പാര്‍ട്ടിയെക്കുറിച്ച് പുറത്തുള്ളവര്‍ക്കൊന്നും ഒരു ചുക്കും അറിയാത്തതിനാലാണോ...!

ലതീഷിന് പറയാനുള്ളത്
കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെടുന്നതിന്റെ തലേദിവസം എന്റെ ഫോണിലേക്ക് യൂത്ത് കോണ്‍ഗ്രസ് നേതാവ് അനൂറിന്റെ ഫോണ്‍ വരുന്നു. സ്മാരകത്തില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ അകലെയുള്ള കായിപുറത്ത് കോണ്‍ഗ്രസിന്റെ കൊടിമരവും ഇന്ദിരാഗാന്ധി അനുസ്മരണത്തിന് തയ്യാറാക്കിയ ഫോട്ടോകളും തകര്‍ത്തതിലുള്ള പ്രതിഷേധം അറിയിക്കാനായിരുന്നു അനൂറിന്റെ വിളി. അക്രമികളെ അവന്‍ കണ്ടെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നുമായിരുന്നു അനൂര്‍ പറഞ്ഞത്. നാളെ രാവിലെ അന്വേഷിച്ച് പറയാമെന്നുപറഞ്ഞാണ് ഞാന്‍ ഫോണ്‍ വെച്ചത്. പിറ്റേന്ന് പുലര്‍ച്ചെയാണ് സ്മാരകം തകര്‍ത്ത വാര്‍ത്ത അറിയുന്നത്. പിന്നീട് അന്വേഷണങ്ങളും കോലാഹലങ്ങളുമെല്ലാം നടന്നപ്പോള്‍ ഞാനും അനൂറും ഗൂഢാലോചന നടത്തി സ്മാരകം തകര്‍ക്കുകയാണെന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞു. അതിന് കാരണമായി അവര്‍ കണ്ടെത്തിയത് അന്നത്തെ ഫോണ്‍ കോളായിരുന്നു. സംഭവം നടന്ന് പത്തുമിനിട്ടിനുള്ളിലായിരുന്നുപോലും അനൂറിന്റെ വിളി. ആ ഫോണ്‍ കോളാണ് പിന്നീട് എന്നെ നുണപരിശോധന നടത്തണം എന്ന ആവശ്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. പക്ഷെ ഞാനതിന് വഴങ്ങിയില്ല. കാരണം വിളിച്ചത് അനൂറാണ്. വേണമെങ്കില്‍ അനൂറിനെ നുണപരിശോധന നടത്താം, ഞാനെന്തിന് വഴങ്ങണമെന്നായിരുന്നു എന്റെ ന്യായം. പിന്നീട് ക്രൈംബ്രാഞ്ച് വന്നതോടെ അനൂര്‍ സംഭവത്തില്‍ നിന്നും കുറ്റവിമുക്തനായി. രണ്ട് പൊലീസുകാരുടെ സാന്നിദ്ധ്യത്തിലാണ് അനൂര്‍ വിളിച്ചതെന്നും അതില്‍ അസ്വാഭാവികമായിട്ട് ഒന്നുമില്ലെന്നും കണ്ടെത്തിയായിരുന്നു വെറുതെവിടല്‍. എന്നിട്ടും അനൂര്‍ ഫോണ്‍ വിളിച്ച ഞാന്‍ മാത്രം ഇപ്പഴും കുറ്റവാളിയുടെ നിഴലില്‍ സഞ്ചരിക്കുന്നു. അത്തരമൊരു കരിനിഴല്‍ എന്നില്‍ നിന്ന് നീങ്ങാനും യഥാര്‍ഥ കുറ്റവാളികളെ പുറംലോകം കാണട്ടെ എന്നും കരുതിയാണ് ഞാന്‍ കോടതിയെ സമീപിച്ചത്. അതില്‍ നിന്ന് പിന്‍മാറുന്ന പ്രശ്‌നമേ ഇല്ല.

*Views ar Personal


Next Story

Related Stories